ഓണമിങ്ങെത്തിയെന്നാർക്കുന്നു പത്രങ്ങൾ
ചുമരിലെച്ചിത്രകലണ്ടറിൻ ചതുരമുൾവേലികൾ
വാണിഭത്തെരുവിലെയാദായവായ്ത്താരികൾ
പ്രവാസമുനമ്പിൽനിന്നേറെക്കിതച്ചെത്തുന്ന
ഗൃഹാതുരത്വമാർന്ന തീവണ്ടികൾ.
വർണ്ണക്കടലാസിൽ വീര്യം നുരയുന്ന
ശീമപ്പ്രതാപത്തിൻ മധുപാനശാലകൾ.
നിയോൺപ്രഭാപൂരിത നഗരവീഥിയി-
ലുത്സവത്തിമിരിലാണ്ട ജനാവലി.
വിരലുകൾക്കിടയിലെരിയുന്ന ഡോളറിൻ
പുകമഞ്ഞിൽത്തുഴയുന്ന ടൂറിസ്റ്റ് കോമാളികൾ
നാറ്റക്കസേരക്കളികളിൽ രമിക്കുന്ന-
യൂറ്റമൊടുങ്ങാത്ത നവ രാജാക്കവൃന്ദവും.
മൈതാനവിപണിയിലോണത്തിന്നാരവം:
ഒരോണമെടുക്കിലൊരോണമിനാമത്രെ!
ഏതോണമെടുക്കിലുമൊരേവിലമാത്രം.
ഉച്ചഭാഷിണികളിൽത്തൊണ്ട –
കാറിയൊടുങ്ങുതിതോണങ്ങൾ
പരസ്യമരക്കൊമ്പിൽത്തലകീഴായോണങ്ങൾ
ആസ്ഥാനക്കവികളുടെ ഗീർവാണപ്പെരുമഴയിൽ
മുങ്ങിവിറയ്ക്കുന്നോണപ്പതിപ്പുകൾ.
മതസൗഹാർദ്ദപ്പെരുംതിരശ്ശീലയിതു
മിന്നിത്തിളങ്ങുന്നിന്നോണപ്പെരുമയാൽ
ശ്വാസംമുടക്കുമീയോണപ്പ്രളയത്തിൽ
തിരയുന്നു ഞാനാപേലവസ്വപനത്തെ;
ശാദ്വലമാമോണത്തെ; യിവിടെങ്ങാൻ കണ്ടുവോ?
മുറ്റത്തെ മുക്കുറ്റിയോടാരാഞ്ഞു:
യിക്കുറിയെങ്ങാനുമോണത്തെക്കണ്ടുവോ?
മൊട്ടുകളൊഴിഞ്ഞശ്ശിരസ്സാട്ടിയോതിയാൾ :
അറിയില്ലെൻചില്ലയിൽപ്പൂക്കളില്ല; കാറ്റിൽ താരാട്ടുമില്ല.
തെക്കിനിത്തൊടിയിലെത്തേന്മാവിൽ നിശ്വാസമൗനമോ?
യില്ലെൻറെ ശാഖിയിലൊരൂയലില്ല.
പിച്ചവച്ചെത്തും പ്രഭാതത്തിൽക്കാതോർത്തു
കാറ്റിലൊരാർപ്പിന്നിരമ്പലുണ്ടോ ?
തൊടികളിൽ മൂളിപ്പറക്കുന്ന പന്തിന്റെ
ഗതിവേഗമിനിയൊന്നുമൊരോർമ്മ മാത്രം.
അത്തത്തിന്നാൾമുതൽ പൂവിറുക്കാനെത്തുവോർ
ച്ചുരമേറിയെത്തുമാപ്പുമഴയിൽക്കുതിരുന്നു
തിരയുന്നുണ്ടരികത്തുമകലത്തുമൊരു
നേർക്കാൽപ്പാടിനായ്; യോണത്തിൻ നിഴലിന്നായ് .
വ്യർത്ഥമാക്കർമ്മമെന്നോതുന്നോ പ്രകൃതീശ്വരി
നോക്കുകീച്ചുറ്റിനുമമ്പരപ്പിൻ മുഖാവരണങ്ങൾ മാത്രം.
കാഴ്ചകളനല്പമായ്മേയുമീ ജാലക
വാതിലിനിപ്പുറമിരിക്കെയോർത്തു പോയ് :
അല്ലെങ്കിലെന്തിനീയോണങ്ങളിപ്പോഴുമൊരു
നൂറുമാവേലിമാർവാഴുമീപുണ്യനാട്ടിൽ?
Click this button or press Ctrl+G to toggle between Malayalam and English