രാമകവി കുന്തിച്ചിരുന്ന് എഴുതിത്തുടങ്ങി.
പണ്ട് ണ്ടായ ഒരു കഥേണ്. പൊക്കണോം പൊക്കി, പൊടിക്ക് മാത്രം പൊക്കം ള്ള ഒരു ചെക്കൻ നാടുതെണ്ടി മലനാട്ടില് വന്നൂത്രേ!
കരുതിക്കൂട്ടിയാണ് വരവ്.
തക്കിടിമുണ്ടൻ, കുരുത്തംകെട്ട ചെക്കൻ തമ്പ്രാന്റെ നുമ്പില് ചെന്ന് തലപൊക്കി നോക്കി…
തമ്പ്രാൻ പൊക്കത്തിലാണ്!
പരമ്പരാഗതമായി അരചനായി വാഴണ മൂന്നാമ്പ്രാൻ താഴോട്ട് നോക്കി. ഒരു കൊശവൻ മുൻപിൽ കിടന്ന് നുളയുന്നു. അദ്ദേഹം മൊഴിഞ്ഞു
“എന്തൂട്ടാ ഗെഡ്യെ വേണ്ട്യെ?”
താഴേക്കു പതിച്ച അശരീരി കേട്ടു ചെക്കൻ കുരച്ചു, “അളക്കാൻ വന്നതാ… ഭൂരിപക്ഷം ണ്ടോന്ന് സംശ്യം ണ്ട്. കൊറേ നാളായില്ലേ നാട് മുടിക്കാൻ തൊടങ്ങീട്ട്. മാറ്റം വേണം.
തെരഞ്ഞെടുപ്പ് വേണം ന്ന് തൊള്ള തൊറക്കണ് ണ്ട്, പ്രതിപക്ഷം
ഞാനാ അവരടെ നേതാവ്…”
ചെക്കൻ ഞെളിഞ്ഞു. എന്നിട്ടും മണ്ണീന്ന് പൊങ്ങീല. ചെക്കന്റെ പടുതി കണ്ട് തമ്പ്രാന് മേലാകെ അലിഞ്ഞു കുതിർന്നു. ഉടുമുണ്ടുകൊണ്ട് അലിവ് കോരിയെടുത്ത് പിഴിഞ്ഞുതോർത്തി. പ്രളയം തടയാൻ ബാക്കീള്ളത് കിണ്ടീല് നെറച്ചിട്ട് എല്ലാടോം തളിച്ചു, മൂന്നുവട്ടം.
ശുക്രൻ പിറകീന്ന് അരുതെന്ന് കണ്ണിറുക്കി. തമ്പ്രാട്ടി അറപ്പുരവാതിലിന്റെ മറവിൽനിന്ന് കണ്ണും കലാശവും കാട്ടി.
തെല്ലും കുലുങ്ങീല തമ്പ്രാൻ. കേളന്റെ വകേലെ ഏട്ടനാണ്. മൂന്നാമ്പ്രാനല്ലേ. മൂന്നിലാണ് ബാധ കേറീത്. ബോധം പിന്നാലെ പതുക്കെ മാത്രേ വരുള്ളൂ. മുമ്പേ കേറിയ ശനി ഉച്ചത്തിൽ കാറി.
“എന്താ വേണ്ടത് ച്ചാൽ അളന്നെടുത്തോളൂ, എല്ലാം സമ്മതം”.
കേട്ടപാടെ ചെക്കൻ തനിഗുണം കാട്ടി. നിന്ന നിപ്പിന് കേറി അങ്ങു വലുതായി. പിന്നെ ചെക്കൻ മടിച്ചില്യ.
അളന്നു. കയ്യോണ്ടും കാലോണ്ടും വായോണ്ടും അളന്നുകൂട്ടി.
ഒന്നാം വട്ടം തെരഞ്ഞെടുപ്പിൽ വടക്കേപ്പുറം നേടി. ക്ഷ യായി നാടുഭരിച്ചു.
രണ്ടാം വട്ടം കെഴക്കും പടിഞ്ഞാറും കാൽക്കീഴിലായി. നാടും വീടും കാടും കക്ഷത്തിലാക്കി.
തല തിരിഞ്ഞ ചെക്കൻ മതി വരാണ്ട് പ്രതിഷ്ഠ തെക്കോട്ടാക്കി കാല് പൊക്കി. മൂന്നാം വട്ടം…?
അയ്യോ!
അപ്പോ, ബോധം ഉദിച്ച തമ്പ്രാൻ ബോധിക്കു താഴെ മുട്ടുമടക്കി പറഞ്ഞു,
“എല്ലാം ബോധ്യായി. അബടെ… ബേണ്ട. തെക്കോട്ടളക്കണ്ട. എടത്തും വലത്തുമായി ഓടിത്തൊട്ടും ഒളിച്ചും കളിക്കണ പിള്ളേർക്ക് ഇത്തിരി സ്ഥലമെങ്കിലും ബാക്കി വേണം. ഓണത്തല്ലു മൊടക്കാൻ പറ്റില്യ… അതോണ്ടാ”.
ചെക്കൻ സമ്മതിച്ചു.
വള്ളംകളീം തെയ്യംകളീം ഓണപ്പൊട്ടന്റെ ആറാട്ടും കാണാൻ അന്നുമൊതലാത്രേ മാവേലീം തക്കിടിമുണ്ടനും പരിവാരങ്ങളും കൂടി കാലാകാലം തെക്കോട്ടെഴുന്നള്ളത്ത് തൊടങ്ങീത്…
അതോണ്ടൊരു ഗുണം ണ്ടായി. കൊല്ലാകൊല്ലം തല്ലും കാണാം, പ്രഥമനും പപ്പടോം കൂട്ടി ഒരു പിടീം പിടിക്കാം, ന്നായി.
ഏത്!
എഴുത്തുനിർത്തി രാമകവി അടുക്കളയിലേക്ക് കഴുത്തുനീട്ടി കൂവി, “കഞ്ഞി കാലായോ? “