തൃശ്ശൂരിലെ ഓണവും കുമ്മാട്ടിയും

 

തൃശൂരിലെ ഓണത്തിന്റെ അവിഭാജ്യ ഘടകമാണ് കുമ്മാട്ടി. തെക്കുമുറി, വടക്കുമുറി, നെല്ലങ്കര, കിഴക്കുംപാട്ടുകര, ചേലക്കോട്ടുകര, ചെമ്പുക്കാവ്, തിരുവാണിക്കാവ്, മുക്കാട്ടുകര, കണിമംഗലം, ഊരകം എന്നിവടങ്ങളിലാണ് പ്രധാനമായും കുമ്മാട്ടി നടത്തി വരുന്നത്. ഈ പ്രദേശങ്ങളിലെല്ലാം തന്നെ ഓണത്തോടനുബന്ധിച്ചുള്ള പ്രധാന ആഘോഷമാണ് കുമ്മാട്ടി. അത്തം നാളിലാണ് തൃശ്ശൂരിലെ കുമ്മാട്ടി ഉത്സവത്തിന്റെ കൊടിയേറ്റ്. കുമ്മാട്ടി പുല്ല് എന്ന പേരിലറിയപ്പെടുന്ന പർപ്പടകപ്പുല്ല് ദേഹം മുഴുവൻ വച്ച് കെട്ടി പൊയ്മുഖങ്ങളണിഞ്ഞ് ഓണവില്ലിന്റെ അകമ്പടിയോടെയാണ് തൃശ്ശൂരിൽ ഓണ ദിവസങ്ങളിൽ കുമ്മാട്ടി നാട് ചുറ്റുന്നത്. കാലത്തിനൊത്ത് ചെണ്ട വാദ്യമേളം, ശിങ്കാരിമേളം, നാദസ്വരം, ടാബ്ലോ എന്നീ കൂട്ടിച്ചേർക്കലുകൾ ഇവിടെ കുമ്മാട്ടിക്കളിയിൽ ഉണ്ടായിട്ടുണ്ട്.

തൃശൂരിലെ കുമ്മാട്ടി ആർപ്പോ ഈർറോ ഈർറോ ആരവത്തോടെയാണ് തുടങ്ങുന്നത്. കരിമ്പനയിൽ നിർമ്മിക്കുന്ന ഓണവില്ലാണ് കുമ്മാട്ടിപ്പാട്ടിന്റെ പ്രധാന വാദ്യോപകരണം. പരമശിവന്റെ തികഞ്ഞ ഭക്തനായ മഹാബലി തൻ്റെ പ്രജകളെ സന്ദർശിക്കാനായി ഓണക്കാലത്തു എഴുന്നള്ളുമ്പോൾ പാർവതീ സമേതനായി പരമേശ്വരനും ഭൂതഗണങ്ങളും കിരാതരൂപം ധരിച്ചു ഉല്ലസിക്കുന്നതിന്റെ പ്രതിരൂപമായാണ് തൃശൂരിൽ കുമ്മാട്ടി ഓണക്കാലത്ത് ആഘോഷിച്ചു വരുന്നത്. പരമശിവനും ഭൂതഗണങ്ങളും കിരാതരൂപം ധരിച്ചും പാർവതീ ദേവി കരുണാമയായ തള്ളയുടെ (അമ്മയുടെ ) രൂപത്തിലും ആണ് കുമ്മാട്ടിയിൽ കണ്ടുവരുന്നത്. ഇവരുടെ ഉല്ലാസവും ആഘോഷവും കണ്ടു രസം പിടിച്ചു മറ്റു ദേവീദേവന്മാരും ആഘോഷത്തിൽ പങ്കു ചേർന്നു എന്നാണ് ഐതിഹ്യം. ആദ്യകാലങ്ങളിൽ മുഖം മൂടി ഇല്ലാതെയും പിൽക്കാലത്ത് പാളയിൽ ചുണ്ണാമ്പുപയോഗിച്ചും കരി ഉപയോഗിച്ചും എഴുതി മുഖത്ത് വച്ച് കെട്ടി കളിക്കുകയും പാള എളുപ്പം ഉപയോഗശൂന്യമാകുന്നതിനാൽ ഓരോ വർഷവും മുഖങ്ങൾ പുതുക്കേണ്ടി വരുന്നതിനാൽ പിന്നീട് ഘനം കുറഞ്ഞ തകരയിലും അതിനും ശേഷം മരത്തിലും മുഖങ്ങൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയുമാണുണ്ടായത്. വരിക്കപ്ലാവ്, കുമിഴ് എന്നീ മരങ്ങളിൽ ആണ് ഇന്ന് കാണുന്ന കുമ്മാട്ടി മുഖങ്ങൾ ഉണ്ടാക്കുന്നത്. കൊത്തിയെടുക്കുവാൻ ഉള്ള എളുപ്പവും ഉണങ്ങിയാൽ ഭാരം കുറയും എന്ന സൗകര്യവുമാണ് ഈ മരങ്ങൾ തിരഞ്ഞെടുക്കാനുള്ള കാരണം. എന്നിരുന്നാലും ഒരു കുമ്മാട്ടി മുഖത്തിന് വലുപ്പത്തിനനുസരിച്ച് പരമാവധി നാല് മുതൽ അഞ്ചു കിലോ വരെ ഭാരമുണ്ടായിരിക്കും.

പ്രഗത്ഭരായ തച്ചന്മാരാണ് കുമ്മാട്ടിമുഖങ്ങൾ ഉണ്ടാക്കുന്നത്. മുഖത്ത് ശരിയായ രീതിയിൽ ഉറപ്പിക്കാൻ കഴിയും വിധം പ്രത്യേക തരത്തിലുള്ള ഉളിയാൽ മുഖത്തിന്റെ പുറവശം കൊത്തിയെടുത്തതിന് ശേഷം അകവശം കൂടി കൊത്തുന്നു. അതിന് ശേഷം ചായംതേച്ചു മിനുക്കുന്നു. വടക്കുന്നാഥ സ്തുതികൾ, ശിവ സ്തുതികൾ, ഗണപതി സ്തുതികൾ, സരസ്വതി സ്തുതികൾ, ഓണത്തെക്കുറിച്ചുള്ള പാട്ടുകൾ, മഹാബലിയെ കുറിച്ചുള്ള ശീലുകൾ, രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദർഭങ്ങൾ എന്നിവ നാടൻ ശീലുകളാക്കിയത്; ഈവിധം നിരവധി പാട്ടുകൾ കുമ്മാട്ടിയിൽ ആടിക്കളിക്കാറുണ്ട്. തെക്കുംമുറി കിഴക്കുംമുറി ദേശക്കാർ, കൊച്ചി രാജാവായിരുന്ന ശ്രീ ശക്തൻ തമ്പുരാൻ പ്രശസ്ത അഷ്ടവൈദ്യ കുടുംബമായ തൈയ്ക്കാട്ട് വൈദ്യന്മാർക്ക് പണികഴിപ്പിച്ചു കൊടുത്ത തറവാട്ടിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ വില്ലടിച്ചു പാട്ടു നടത്തിയാണ് കുമ്മാട്ടിയുടെ പ്രാരംഭം കുറിക്കുന്നത്. കിഴക്കുംപാട്ടുകര ആണ് തൃശൂരിലെ ഈ കുമ്മാട്ടി തറവാട് സ്ഥിതി ചെയ്യുന്നത്. പൂർവ്വ ചരിത്രം ഇങ്ങനെ – 230 വർഷം മുൻപ് ശക്തൻ തമ്പുരാന്റെ ചികിത്സാർത്ഥം കോഴിക്കോട് പള്ളിപ്പുറം പ്രദേശത്തിൽ നിന്നും തയ്ക്കാട്ട് വൈദ്യൻ തൃശ്ശിവപേരൂർ എത്തുകയും ചികിത്സ കഴിഞ്ഞ് തിരിച്ചു കോഴിക്കോട് മടങ്ങുകയും ഉണ്ടായി. സാമൂതിരിയും ശക്തൻ തമ്പുരാനും തമ്മിൽ നല്ല രസത്തിലല്ലാത്തതിനാൽ സാമൂതിരി വൈദ്യനെ നാട് കടത്തി. ആ സമയം തയ്ക്കാട്ട് വൈദ്യൻ കൂടെ കൂട്ടിയത് കാരപ്പുറത്ത് എന്ന തറവാട്ടിലെ ഒരു പെൺകിടാവിനേയും വേട്ടക്കൊരുമകന്റെ ഒരു വിഗ്രഹവും ആണ്. വേട്ടക്കൊരുമകന്റെ ആ വിഗ്രഹം ഇപ്പോഴും കിഴക്കുംപാട്ടുകര(തെക്കുമുറി കുമ്മാട്ടി) സ്ഥിതി ചെയ്യുന്ന വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പ്രതിഷ്‌ഠയായി ഉണ്ട്. 150 വർഷത്തെ പഴക്കമുണ്ട് തൃശൂരിലെ കുമ്മാട്ടിക്ക്. അവിട്ടം ദിവസം ആണ് തെക്കുമുറി കുമ്മാട്ടി കളിക്കുന്നത്. പണ്ട് കാലത്ത് കുമ്മാട്ടി വേഷങ്ങൾ വീട് വീടാന്തരം കയറിയിറങ്ങിയാണ് കുമ്മാട്ടി കളിച്ചിരുന്നത്. എന്നാൽ, ഇക്കാലത്ത് കുമ്മാട്ടി നിരത്തിലൂടെ മാത്രമാണ് കളിച്ചു നീങ്ങുന്നത്. ഒരുകാലം വരെ ഉണങ്ങിയ വാഴയിലകൾ കെട്ടിയാണ് കുമ്മാട്ടി കളിച്ചിരുന്നത്. അതിനുശേഷം ആണ് പർപ്പടക പുല്ലു വച്ചുകെട്ടാൻ തുടങ്ങിയത്. ഔഷധഗുണങ്ങളുള്ള പർപ്പടക പുല്ല് ദേഹത്തു വച്ച് കെട്ടുമ്പോൾ പുല്ല് വച്ച് കെട്ടുന്നതിന്റേതായ യാതൊരു അസൗകര്യങ്ങളും വേഷക്കാരന് ഉണ്ടാകുന്നില്ല. കുമ്മാട്ടി ആവശ്യത്തിനായി തമിഴ് നാട്ടിൽനിന്നു പറഞ്ഞേൽപ്പിച്ചും കൃഷി ചെയ്തുമാണ് പർപ്പടക പുല്ല് കണ്ടെത്തുന്നത്.

 

 

കുമ്മാട്ടിക്കളിയിലെ തനതു ശീലുകളിലെ ചില വരികൾ :

ഭൂതഗണങ്ങൾക്കധിപൻ ഗണപതി

കുമ്പ കുലുക്കി കുലുക്കി ചിരിച്ചൂ

…………………..

ശിവപുര ഗോപുര പാലന കാലന

ശിവകര സുന്ദര മന്ദിര നാമം

അപ്പാരിടമതിൽ മരുവും നമ്മുടെ

ഗുരുനാഥൻ തുണ പരദേവതയും

വിശ്വത്തിങ്കൽ വിളങ്ങീടുന്നൊരു

തൃശ്ശിവപേരൂർ വടക്കുന്നാഥൻ

…………………….

ആടീ ഹനുമാൻ രാവണന്റെ മുൻപിൽ

എന്തെടാ രാവണ എതെടാ രാവണാ സീതേ കക്കാൻ കാരണം

നിന്നോടാര് പറഞ്ഞിട്ടോ നിന്റെ മനസ്സിൽ തോന്നീട്ടോ

……………………..

തള്ളേ തള്ളെ എങ്ങ്ട് പോണൂ

ഭരണിക്കാവില് നെല്ലിന് പോണൂ

അവിടത്തെ തമ്പുരാൻ എന്ത് പറഞ്ഞു

തല്ലാൻ വരണൂ കുത്താൻ വരണൂ

………………………

എന്നംബികേ ദേവീ പൊന്നംബികേ ദേവീ പൊന്മണി മാരിനെ കൈ തൊഴുന്നേൻ

ഉത്തര കോസല എന്നുള്ളയോധ്യയിൽ ഉത്തമനായ ദശരഥന്റെ

എന്നംബികേ ദേവീ പൊന്നംബികേ ദേവീ പൊന്മണി മാരിനെ കൈ തൊഴുന്നേൻ

ഉത്തര കോസല എന്നുള്ളയോധ്യയിൽ ഉത്തമനായ ദശരഥന്റെ

എന്നംബികേ ദേവീ പൊന്നംബികേ ദേവീ പൊന്മണി മാരിനെ കൈ തൊഴുന്നേൻ

ശ്രീരാമ ദേവനും ഭാര്യയാം സീതയും സൗമിത്രി തനയനാം ലക്ഷ്മണനും

എന്നംബികേ ദേവീ പൊന്നംബികേ ദേവീ പൊന്മണി മാരിനെ കൈ തൊഴുന്നേൻ

 

 

കുമ്മാട്ടിയിലെ പ്രധാന വേഷങ്ങൾ

 

 

തള്ള, കിരാതമൂർത്തി, ഹനുമാൻ, പാർവ്വതി, ഗണപതി, ഭീമൻ, ശ്രീകൃഷ്ണൻ, ഗരുഡൻ, ശിവൻ, നാരദൻ, ദാരികൻ,അപ്പൂപ്പൻ,സന്യാസി, ദേവി കാളി ഇവയൊക്കെയാണ് കുമ്മാട്ടിയിലെ പ്രധാന വേഷങ്ങൾ. പുരുഷന്മാരാണ് ഇത്രയും നാൾ വേഷം കെട്ടിയിരുന്നതെങ്കിലും കഴിഞ്ഞവർഷം ആദ്യമായി കിഴക്കുംപാട്ടുകര വടക്കുംമുറിദേശം സ്ത്രീകളെയും അണിനിരത്തിയിരുന്നു.

തിരുവാണിക്കാവ് കുമ്മാട്ടിയും, ഊരകം കുമ്മാട്ടിയും കിഴക്കുംപാട്ടുകര കുമ്മാട്ടിയിൽ നിന്നും വ്യത്യസ്തമായി കുമ്മാട്ടി മുഖങ്ങൾക്ക് കുറച്ചു കൂടി ആധുനിക രീതിയിലുള്ള നിർമ്മിതിയാണ് അവലംബിക്കുന്നത്. ഊരകം കുമ്മാട്ടി ഊരകത്തമ്മയുടെ തട്ടകത്തിലും തിരുവാണിക്കാവ് കുമ്മാട്ടി തിരുവാണിക്കാവ് തട്ടകത്തിലും ആണ് ആഘോഷിക്കുന്നത്. ഇവിടെ കുമ്മാട്ടി – വേഷങ്ങൾ, ടാബ്ലോ, ശിങ്കാരി മേളം, ബാൻഡ് മേളം, പീലിക്കാവടി, കാവടി, എന്നിവയുടെ സമഞ്ജസ സമ്മേളനമാണ്. തനതു രീതിയിൽ ഉണങ്ങിയ വാഴയിലയും പച്ചിലയും പുല്ലും ആര്യവേപ്പും എല്ലാം കുമ്മാട്ടി കെട്ടാൻ ഉപയോഗിക്കുന്നു.

നാലോണത്തുന്നാളാണ് കുമ്മാട്ടിക്കളി അവസാനിക്കുന്നത്. വർണ്ണശബളമായ കുമ്മാട്ടി നഗരംചുറ്റാതെ തൃശ്ശിവപ്പേരൂരുകാരുടെ ഓണം പൂർണമാകുന്നില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article‘പല നിറങ്ങൾ ഒരു പൂക്കളം’ പ്രകാശനം ചെയ്തു
Next articleമഞ്ഞവെയിൽ നാളങ്ങൾ പ്രകാശനം
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ","സൈക്കിൾ റാലി പോലൊരു ലോറി റാലി " എന്ന കവിതാസമാഹാരങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു. കഥയോളം, അക്കഥയിക്കഥ എന്ന കഥാസമാഹാരങ്ങളിൽ കഥ പ്രസിദ്ധീകരിച്ചു "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English