ഓണം പഴയകാലത്തെ പ്രാദേശിക ഉത്സവമെന്ന നില വിട്ട് ഇന്ന് മലയാളികളെവിടെയും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഒരു സാര്‍വദേശീയ ഉത്സവമായി മാറിയിരിക്കുന്നു. ഐതിഹ്യപ്രകാരം സമ്പദ് സമൃദ്ധമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കാനായി മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയപ്പോള്‍ ആണ്ടിലൊരിക്കല്‍ എന്റെ നാടിനേയും പ്രജകളേയും കാണാനുള്ള അനുഗ്രഹം വാങ്ങിയത് വഴിയാണ് മഹാബലി ചിങ്ങമാസത്തിലെ തിരുവോണനാളില്‍ നാട്ടിലെത്തുന്നുവെന്നാണ് സങ്കല്പ്പം.
ആ സമയം കേരളക്കരയാകെ മാവേലിയെ വരവേല്‍ക്കാനായി, സമൃദ്ധിയുടെ നാളുകളെ അനുസ്മരിപ്പിക്കുന്ന ആഘോഷങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ അത് കേരളക്കര വിട്ട് ലോകമൊട്ടെയാകെയുള്ള മലയാളികളുടെ ഒരാഘോഷമായി മാറിയിരിക്കുന്നു. കാര്‍ഷിക ശാസ്ത്രജ്ജരുടെ വിലയിരുത്തല്‍ പ്രകാരം ഏപ്രില്‍, മെയ് മാസങ്ങളിലെ വരള്‍ച്ചയും തുടര്‍ന്ന് ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ പേമാരിയും വെള്ളപ്പൊക്കവും സൃഷ്ടിച്ച പഞ്ഞം നാളുകള്‍ കഴിഞ്ഞ് സമൃദ്ധിയുടെ ഒരു വരവ് ആഘോഷിക്കുന്ന വേളയായിട്ടാണ് തിരുവോണത്തെ കാണുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഓണത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നുവോ എന്ന തോന്നല്‍ വന്നു ചേര്‍ന്നിരിക്കുന്നു. എവിടെയും എന്നും ഏതെങ്കിലും തരത്തിലുള്ള വിശേഷത്തോടനുബന്ധിച്ച് ഏറെക്കുറെ എന്നും എന്ന് പറയത്തക്കവിധമുള്ള സമൃദ്ധിയുടെ ആഘോഷങ്ങളും സദ്യയും പാട്ടു കച്ചേരികളും നൃത്തവും നടന്നു വരുന്നു. അത് ചിലപ്പോള്‍ വിവാഹത്തോടനുബന്ധിച്ചും ആരാധനാലയങ്ങളിലെ പെരുന്നാളും ഉത്സവവും അനുബന്ധിച്ചാകാം. ഓരോ വിധത്തിലാകുമ്പോള്‍ ആണ്ടിലൊരിക്കല്‍ എന്ന സമൃദ്ധിയുടെ ദിനം ഇപ്പോള്‍ എല്ലാ ദിവസങ്ങളിലേക്കുമായി പടര്‍ന്നു പിടിക്കുമ്പോള്‍ വിശുദ്ധമായ ഒരു സങ്കല്പ്പത്തിനു മങ്ങലാണ്. എങ്കിലും മലയാളികളുടെ മനസിലുള്ള സമൃദ്ധി ആണ്ടിലൊരിക്കല്‍ ചിങ്ങമാസത്തിലെ തിരുവോണ നാളിലെ ഉത്സവം തന്നെയാണ്.
പുഴ. കോമിന്റെ എല്ലാ വായനക്കാര്‍ക്കും സമ്പല്‍സമൃദ്ധമായ ഓണാശംസകള്‍ നേരുന്നു.