ഓർമകളോളം തിളക്കമി-
ല്ലോണത്തിനിത്തവണ…
ഓരിതൾ തുമ്പപ്പൂ പൂക്കളമില്ലാതെ
ഓണതുമ്പികൾ പാറിപറക്കാതെ
ഓമൽ മുഖങ്ങളെൻ കൂടെയില്ലാതെ
ഓണമെ,ന്തോണമെന്നുള്ളിലാരോ….
പൂവട നേദിച്ച് പൂവിളിച്ച്
പുത്തൻ പുടവയുടുത്ത പുലരി തൻ
പത്തര മാറ്റുള്ള പൊന്നോണം
ഉപ്പേരി പപ്പടം പാലട പായസം
തൂശനിലയിൽ സദ്യവട്ടം
എത്ര ചമച്ചാലും മതി വരാ വീട്ടിലോ
ഉറ്റവർക്കൊക്കെ സ്നേഹമോണം
ആയത്തിലാടി ആകാശം തൊട്ടന്റെ
ഊഞ്ഞാൽ പാട്ടുകളേറ്റു പാടാൻ
കൂട്ടുകാരേ നിങ്ങൾ കൂടെയുള്ളോണം
കൂട്ടികിഴിക്കാത്ത കോടി പുണ്യം
തുള്ളി കളിച്ചുകൊണ്ടെൻ വരവ്
കാത്തു,മ്മറത്തെ ചാരുകസേരയിൽ
മുത്തച്ഛന,ക്ഷമയോടെയിരിക്കുമോണം
കണ്ണാലളന്ന് മുത്തശ്ശി തുന്നിയ
പൂക്കൾ ചിരിക്കുന്ന പാവാട
പാകം കിറുകൃത്യം! പദസ്വരം ചൊല്ലും
കണ്ണാടി നോക്കി കൊതിക്കുമോണം
ആരും വിളിക്കാതെ
ആരോടും ചൊല്ലാതെ
കേറി വരുന്നൊരു നല്ലോണം
വാളും ചിലമ്പും
കുരുത്തോല ഞൊറികളും
കൊട്ടും പാട്ടും പൊട്ടനും
കണ്ടോടിയൊളിക്കുമ്പോൾ
മാടി വിളിച്ച്
നെറുകയിൽ കൈവെച്ചനുഗ്രഹി-
ച്ചാടി തിമർക്കുമോണം
കൂട്ടത്തിൽ
ഒളികണ്ണിട്ടു നോക്കും ഒരാളിന്റെ
ചിരിയിൽ മയങ്ങുന്ന കനവോണം
ഓട്ടു വിളക്കിൻ തിരി കെടും മുൻപേ
ഓടിയെത്തും നിലാവ,ൻപോടെയൂട്ടി
മടിയിൽ കിടത്തി
ഓർത്തു ചൊല്ലുന്ന കഥകളോണം
ഓരോ നാളും ഓടിമറയവേ
കാത്തിരിക്കാൻ ദൂരെ വീണ്ടുമോണം
കണ്ടു, കണ്ടുള്ളിൽ കൊതി തീരാ സ്വപ്നങ്ങൾ
ഒന്നൊഴിയാതെ നിറക്കുമോണം
ഇന്നെ,ന്തെന്നറിയില്ല, എന്തു ചെയ്തിട്ടും
ഉള്ളിൽ വരാതെ മടങ്ങുന്നോണം….