( ഓണക്കാലത്ത് പൂത്തു നിൽക്കുന്ന കണിക്കൊന്നയെ കണ്ടപ്പോൾ …..)
നാണമില്ലേ കണിക്കൊന്നേ
ആവണി മാസത്തിലിങ്ങനെ
പൊന്നണിഞ്ഞൊരുങ്ങുവാൻ
മറവിയോ ,ധിക്കാരമോ?
കാലത്തിൻ കല്പനയല്ലയോ
കർണികാരമേ തെറ്റിച്ചു നീ
കലികാലവൈഭവമെന്നു
വിലപിക്കുന്നു കാരണോർ
നിന്നെക്കണ്ടു പിണങ്ങിയോ
പൊന്നോണപ്പൂവുകൾ?
കാൺമതില്ലെവിടെയും
വെൺ തുമ്പകൾ , മുക്കുറ്റിയും
കണ്ണിനാനന്ദമെങ്കിലും
കർണികാരത്തിനാകുമോ
തിരുമുറ്റത്തൊരുക്കുവാൻ
തിരുവോണപ്പൂക്കളം ?
ആഴിയോളമാശിച്ചുവോ നീ
ആവണിപ്പൂവാകുവാൻ!
അതിമോഹമെങ്കിലും കേൾ
അപരാധമതിലില്ല
സ്വാഗതം, സ്വാഗതം പൂവേ
സ്വർഗീയ സൗന്ദര്യമേ
തിരുവോണപ്പൂക്കളം തീർക്കാൻ
തിരുമുറ്റത്തണഞ്ഞാലും
മാബലിത്തിരുമേനിക്കു
പൊൻ കണിയൊരുക്കിടാൻ
പോരുനീ കണിക്കൊന്നേ
പൊറുത്തിടാമവിവേകം.
Click this button or press Ctrl+G to toggle between Malayalam and English