ഓണയോര്‍മകളും ഓണക്കളികളും

onapottan_kaliകഴിഞ്ഞുപോയ ഒരു ജനപഥം ഈ ആഘോഷങ്ങളെ എങ്ങിനെയാണ് തങ്ങളുടെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടിരുന്നതെന്നത് ചരിത്രപരമായി കണ്ടെത്തേണ്ടതാണ്. ഓണാഘോഷം കേരളീയരെ സംബന്ധിച്ചിടത്തോളം വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങള്‍ കൊണ്ടാണ് വരവേറ്റിരുന്നത്. ഓണക്കാലത്ത് പണ്ടൊക്കെ ഓണക്കോടിയുടുത്ത് ഓണസദ്യയുമൊക്കെ ഉണ്ട്, കുട്ടികള്‍ തലപ്പന്തും കാരയുമൊക്കെ കളിക്കുന്നു. അതേസമയം മുതിര്‍ന്നവര്‍ പകിടകളിയിലും നാടന്‍ പന്തുകളിയിയും കിളിത്തട്ടുകളിയിലും ആനന്ദം കണ്ടെത്തുന്നു. മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ബീംബങ്ങള്‍ ഉണ്ടാക്കി തളിച്ചുമെഴുകി അരിമാവ്പൂശിയ നടുമുറ്റത്ത് തിരുവോണപ്പുലരിയില്‍ അഞ്ചുതിരിയിട്ട നിലവിളക്കുകൊളുത്തി പൂവട നിവേദിക്കുന്നു. പിന്നീട് മുറ്റത്ത് കൈകൊട്ടിക്കളിയുടെ ആരവങ്ങള്‍ പെണ്‍കുട്ടികള്‍ ഉയര്‍ത്തും. കുമ്മിയടിയും, കോല്‍കളിയും അരങ്ങുതകര്‍ക്കും.

കുട്ടനാടന്‍ കായല്‍പ്പരപ്പുകളില്‍ നിന്നും വള്ളംകളിയുടെ വഞ്ചിപ്പാട്ടുകാരും, വായ്ത്താരികളും ഉയര്‍ന്നുകേള്‍ക്കാം. ഗ്രാമാന്തരങ്ങളില്‍ നിന്ന് ഓണത്തല്ലിന്റെയും പോര്‍വിളിയും കൂട്ടത്തല്ലും ഉയര്‍ന്നു കേട്ടിരുന്ന മണ്‍മറഞ്ഞ ഒരു കാലത്തിന്റെ ശേഷിപ്പുകള്‍ ചിലേടങ്ങളിലെങ്കിലും ഇന്നും നിലനില്‍ക്കുന്നു.

കര്‍ക്കിടകമാസത്തില്‍ തിരുവോണത്തിന് കൊടിയേറി ചിങ്ങമാസത്തില്‍ തിരുവോണത്തിന് കൊടിയിറക്കിക്കൊണ്ടുള്ള ഇരുപത്തിയെട്ടു ദിവസത്തെ മഹോത്സവം പെരുമാക്കന്മാരുടെ കാലത്ത് പണ്ട് തൃക്കാക്കര നടന്നിരുന്നു. ഇവിടെ നടക്കുന്ന ഓണാഘോഷത്തിന് കേരളത്തിലെ എല്ലാ കുടുംബങ്ങളില്‍നിന്നും ഒരാളെങ്കിലും പങ്കെടുക്കണമെന്നാണ് വയ്പ്. തിരുവോണത്തിനായിരുന്നു ആറാട്ട്. ഉത്രാടത്തിന് പള്ളിനായാട്ടും. ആറാട്ടിന് 65 ഗജവീരന്മാരെ എഴുന്നെള്ളിച്ചിരുന്നു. പെരുമാളിന്റെ കല്‍പ്പനപ്രകാരം 28 കോലങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. ഓണാഘോഷം പ്രമാണിച്ച് നിത്യവും ക്ഷേത്രത്തില്‍ ഗംഭീര സദ്യയും നടത്തിപ്പോന്നിരുന്നു. അത്തം ഉത്സവം പെരുമ്പടപ്പും (കൊച്ചി) നെടിയിരിടം (സാമൂതിരി) കൂടി നടത്തണമെന്നായിരുന്നു ചട്ടം. ഓരോ രാജാവിനും തൃക്കാക്കര പ്രത്യേകം കോവിലകങ്ങള്‍ ഉണ്ടായിരുന്നു.

പെരുമാള്‍ ഭരണം അവസാനിച്ചതോടെ ഓണോത്സവം ചടങ്ങുകളുടെ ഓര്‍മ്മപുതുക്കുന്ന ഒന്നായി മാറി. അത്തച്ചമയ ദിനത്തില്‍ കൊച്ചിരാജാവ് പഞ്ഞം തീര്‍ക്കാന്‍ പ്രജകള്‍ക്ക് ഓരോ പുത്തന്‍ നാണയം സമ്മാനമായി കൊടുത്തിരുന്നു. പതിനഞ്ചാം നൂറ്റാണ്ടോടെ തൃക്കാക്കര ഇടപ്പള്ളിയില്‍പ്പെട്ട രാജ്യമായിത്തീര്‍ന്നു. ശത്രുരാജ്യമായ തൃക്കാക്കരയില്‍ ഓണാഘോഷത്തിന് പോകുന്നത് നിര്‍ത്തലാക്കിയെങ്കിലും 1947വരെ അതൊരു സങ്കല്പമായി കൊച്ചിരാജകുടുംബം നിലനിറുത്തി. ഇതാണ് പിന്നീട് പ്രസിദ്ധമായ അത്തച്ചമയാഘോഷമായി തീര്‍ന്നത്. ശക്തന്‍ തമ്പുരാനാണ് അത്തച്ചമയത്തിന് തുടക്കമേകിയത്. ഇതോടെ പ്രാചീന നാടോടിക്കലകളുടെയും കലാകാരന്മാരുടെയും ആഘോഷമായി ഓണാഘോഷം മാറി.

കൈകൊട്ടിക്കളി, വള്ളംകളിയും വഞ്ചിപ്പാട്ടും, ഓണപ്പൊട്ടന്‍, കോല്‍കളി, ഓണത്തല്ല്, ഓണത്തുള്ളല്‍, കുമ്മാട്ടി, ആടുകളി, ചവിട്ടുകളി, ആട്ടക്കളം, പുലയരടി, പോത്തോട്ടം, തുടങ്ങി ഒട്ടേറെ കലാരൂപങ്ങള്‍ ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലങ്ങോളം കൊണ്ടാടി പോന്നിരുന്നു. കേരളീയ നടനകലയുടെ പ്രാഗ്‌രൂപമായിരുന്നു കൈകൊട്ടിക്കളി. കീഴാള ജനവിഭാഗങ്ങളാണ് കൈകൊട്ടിക്കളി നടത്തുന്നത്. അത്തംനാളില്‍ പൂക്കളത്തിനു ചുറ്റും കൂടിനിന്നാണ് കൈകൊട്ടിക്കളി നടത്തുന്നത്. നാലം ഓണം വരെ ഈ കളി നടത്തിയിരുന്നു. കുട്ടനാടന്‍പ്രദേശങ്ങളില്‍ ഓണക്കാലത്ത് അരങ്ങേറിയിരുന്ന ഒരാഘോഷമാണ് വള്ളംകളികള്‍. ഇത് ചേരിതിരിഞ്ഞ് വാശിയോടെ നടത്തിപ്പോന്നു. മത്സരാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആറന്‍മുള ഉത്രട്ടാതി വള്ളംകളി, പായിപ്പാട്ടു ചതയം വള്ളംകളി, ചമ്പക്കുളത്തെ മൂലംവള്ളംകളി എന്നിവ കേരളത്തിലെ പ്രസിദ്ധങ്ങളായ ജലോത്സവങ്ങളായി ഇന്നും നടത്തപ്പെടുന്നവയാണ്. തിരുവിതാംകൂറിലെ ചെമ്പകശേരിയിലെ വടക്കുംകൂര്‍ തെക്കുംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്ക് സമര്‍ത്ഥരായ നാവികപ്പടയുണ്ടായിരുന്നു. വള്ളപ്പട എന്നപേരിലാണ് ഇവ അറിയപ്പെട്ടിരുന്നത്. വള്ളപ്പടകള്‍ വിനോദത്തിനായി നടത്തിയിരുന്ന വള്ളംകളികളായിരുന്നു പില്‍ക്കാലത്തെ പ്രസിദ്ധമായ വള്ളംകളികളായി പരിണമിച്ചതെന്ന് ചരിത്രരേഖകള്‍ പറയുന്നു. വള്ളംകളിക്കുവേണ്ടി രൂപപ്പെടുത്തിയ നാടോടിപ്പാട്ടുകള്‍ പിന്നെ വഞ്ചിപ്പാട്ടുകളായി മാറി. പാട്ടുകള്‍ ആവേശവും ഉദ്വേഗവും ഇരട്ടിക്കാന്‍ പര്യാപ്തമായിരുന്നു.

ഓണപ്പൊട്ടന്‍കളി ഏറെ സവിശേഷമായ ഒന്നായിട്ടാണ് വടക്കന്‍കേരളക്കാര്‍ നടത്തുന്നത്. തിരുവോണദിവസം തലയില്‍ തെച്ചിപ്പൂനിറച്ച കിരീടം ധരിച്ച്, മുഖത്ത് ചായം തേച്ച്, വാഴപ്പോളകീറി മഞ്ഞളില്‍മുക്കി മുഖത്ത് കൊമ്പന്‍ മീശയും കുരുത്തോലകൊണ്ടുള്ള മേലാടയും ഓലക്കുടയും. മുണ്ടു പ്രത്യേകരീതിയിലുടുത്തു അരയില്‍ ചുവന്ന ഓണപ്പട്ടുചുറ്റുന്നു. ഓണപ്പൊട്ടന്‍ തന്റെ കൈയിലെ മണികിലുക്കി വീടുവീടാന്തരം കയറിയിറങ്ങി തന്റെ സാന്നിധ്യം അറിയിക്കുന്നു. ഓണക്കാലത്ത് പ്രജകളുടെ ക്ഷേമംതിരക്കി മാവേലിത്തമ്പുരാന്‍ ഓണപ്പൊട്ടന്റെ രൂപത്തില്‍ വരുന്നുവെന്നതാണ് സങ്കല്‍പ്പം. മറ്റൊരുകളി ‘കോലടി’യാണ് തിരുവിതാംകൂറില്‍ ഇതിനെ ‘കമ്പടി’യെന്നും അറിയപ്പെടുന്നു. പുരാണകഥാഗാനങ്ങളുടെ താളത്തിനൊത്ത് ഇരുന്നും കുമ്പിട്ടും ഓടിയും ചാടിയും കോലുകള്‍ തമ്മില്‍ മുട്ടിച്ചുള്ള കളി ഏറെ ശ്രദ്ധേയമാണ്.

ചിങ്ങത്തിലെ തിരുവോണനാളില്‍ നടത്തുന്ന ഒരുകളിയാണ് ഓണത്തല്ല്. എഡി രണ്ടാം നൂറ്റാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച മഥുരൈകാഞ്ചി എന്ന സംഘകൃതിയില്‍ ഓണത്തെക്കുറിച്ച് ഓണത്തല്ലിനെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here