എനിക്ക് പൊള്ളുന്നു,
തൊണ്ട വരളുന്നു,
ഉടലുരുകുന്നു…
ദേഹത്തു തട്ടുന്ന കാറ്റിന്റെ ഓരോ ഇതളുംഎന്നിൽ
ചോരക്കീറുണ്ടാക്കുന്നു.
ഇനിയൊരു വർഷക്കാലം എനിക്ക് കാണണ്ട,
ഇക്കാണുന്ന പുഴയും മണ്ണും മഴയും പുൽക്കൊടിയും വെയിലും നനവും മരങ്ങളും കിളികളും കൂടുമെല്ലാം ഇനിയെന്റെ കണ്ണിലുടക്കേണ്ട.
വേദനകൾ വേണ്ട, എനിക്ക് സന്തോഷിക്കണ്ട
ശൂന്യതകൾ വേണ്ട,
ആരവങ്ങൾ വേണ്ട
വികാരത്തള്ളിച്ചകളിൽ
എന്റെ ഹൃദയം തകരേണ്ട
(ഹൃദയം തന്നെ എനിക്ക് വേണ്ട – ആത്മഗതം )
എനിക്കായുള്ള എന്റെ പ്രണയങ്ങളെ ഇനിയെനിക്കു വേണ്ട
എനിക്ക് വേണ്ടി
നിങ്ങൾ തിരിച്ചു വരേണ്ട
(നിങ്ങൾ എന്ന സങ്കല്പം തന്നെ തകർന്നടിയട്ടെ – ആത്മരോഷം )
(ഇണയുടെ കരങ്ങൾ എന്റെ ചാരം അണിയട്ടെ – മനോവിചാരം )
സ്നേഹവായ്പുകളിൽ എനിക്ക് പുളകം കൊള്ളേണ്ട…
എനിക്കു ഞാനാകേണ്ട,
എനിക്കാരും ആകേണ്ട
രാത്രികളിൽ എനിക്കുറങ്ങേണ്ട,
പകലുകളിൽ എനിക്കുണരേണ്ട
പ്രതീക്ഷകൾ, നിനവുകൾ, നോവുകൾ, കണ്ണീർത്തുള്ളികൾ , പൊട്ടിച്ചിരികൾ, ഗൂഢസ്മിതങ്ങൾ ഇവയൊന്നും എന്റെ കണ്ണുകൾ വഴി ഈ ലോകം കാണേണ്ട…
ഈ ലോകം തന്നെ എനിക്ക് വേണ്ട
എനിക്കൊന്നും വേണ്ട
ഉപേക്ഷിച്ചു പോകാൻ പറ്റാത്ത വണ്ണം എനിക്കൊന്നും വേണ്ട
എനിക്ക് ഞാനാകേണ്ട
എനിക്കാരും ആകേേണ്ട…