ഈ വഴികൾക്കിടയിലെവിടെയോ
സഞ്ചരിക്കുകയാണ് ഞാനിപ്പോഴും ..
മഞ്ഞുപുതപ്പിനുള്ളിൽ ശയിക്കുന്ന
ഭഗവാനെത്തേടി ഭക്തർ സഞ്ചരിക്കുന്ന
വഴിയിടങ്ങളാണിവ ..
താഴ്വരയാകെ പീതകമ്പളം
പുതച്ചിരിക്കയാണിന്ന് ..
സൂര്യാംശുവിൽ നിർന്നിമേഷനായി
നോക്കിയിരിക്കുന്ന ഈ പകലുകളിൽ ..
ഓരോ സൂര്യകാന്തിപ്പൂക്കളിലും
പ്രണയം നിറഞ്ഞിരിക്കുന്നു ..
അലസമായൊഴുകിയെത്തുന്ന
തെക്കൻ കാറ്റാകട്ടെ
ഈ പ്രണയത്തിനു
പശ്ചാത്തല സംഗീതമൊരുക്കുന്നു ..
ഈ വഴികൾക്കിടയിലെവിടെയോ
ചലിക്കുകയാണ് ഞാനിപ്പോഴും ..
വഴികൾ നീളുമ്പോൾ ..
ചുവന്നപരവതാനി വിരിച്ച
ചെണ്ടുമല്ലിപ്പാടങ്ങൾ..
മലയാളിക്കു പൂക്കളമൊരുക്കാനായി
വിരിഞ്ഞു നിൽക്കുന്നയിടങ്ങൾ ..
കൃഷിയിടങ്ങളിൽ കെട്ടിയ
മാടപ്പുരകളിലും
അവയ്ക്കിടയിലെ
ഒറ്റമരത്തണലുകളിലും
വിശ്രമിക്കുന്ന ..
മനുഷ്യരും മൃഗങ്ങളും ..
ഇനിയുമേറെ താണ്ടാനുണ്ട് ..
ഞാനിരിക്കുന്ന വഴിയിറമ്പിലേക്ക്…
അലസഗമനം ചെയ്യുന്ന
മനുഷ്യമൃഗാദികൾ നിറഞ്ഞ
ഈയിടത്തിൽ ..
വേഗമാർന്ന ഇന്നിന്റെ
ലോകത്തു ചലിക്കുന്നവർക്ക്
ഈ സഞ്ചാരം ..
തികച്ചും ദുഷ്കരമായേക്കാം …
ഈ വഴികൾക്കിടയിൽ നിന്നും
എന്നെ കണ്ടുമുട്ടുകയാണെങ്കിൽ ..
ഈയിടമാകെ തണൽവിരിച്ചുനിൽക്കുന്ന
എന്റെ മടിത്തട്ടിൽ നീ തെല്ലുനേരം ഇരിക്കണം
തെക്കൻ കാറ്റു വിരുന്നെത്തുമ്പോൾ
നിനക്കു നിദ്രയെ പുണരാനാവും
ഇനി …
മണ്ണിലേക്കാഴ്ന്നുപോയ
എന്റെ വേരുകളെ നീ കണ്ടെത്തണം ..
അവിടങ്ങളിലാകെ പടർന്നിരിക്കുന്ന
അവയോരോന്നും ..
ആഴങ്ങളിലേക്കിറങ്ങുമ്പോൾ
നിനക്കു ലഭിക്കുകതന്നെ ചെയ്യും ..
ഈ വഴികൾക്കിടയിലെവിടെയോ …
ശയിക്കുകയാണ് ഞാനിപ്പോഴും ..