ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും, നവോത്ഥാനമൂല്യങ്ങളെ കാലത്തിനനുസൃതമായി മുമ്പോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കാനും ഇവിടെ സാംസ്‌കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവർക്കു വലിയ പങ്കുവഹിക്കാനുണ്ട്.
മൂല്യാധിഷ്ഠിത നിലപാടുകളുടെ അടിസ്ഥാനത്തില്‍ പ്രതികരണങ്ങൾ ഉയരേണ്ടതുണ്ട്. സമൂഹത്തിന്റെ തിരുത്തല്‍ ശക്തിയാകണം ഇവിടുത്തെ സാംസ്‌കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവർ. അവരുടെ ചിന്തകൾ ഏകപഥത്തിലൂടെ ആവണം. ചിലതു കണ്ടില്ലെന്നും,ചിലതു മാത്രമേ കാണുവെന്നുമുള്ള ഇടുങ്ങിയ മനസ്സല്ല ഇവർക്ക് വേണ്ടത്.
നിർഭാഗ്യവശാൽ ഇവരുടെ നവോത്ഥാന സങ്കൽപ്പങ്ങൾ ചിലതലങ്ങളിൽ എത്തുമ്പോൾ ദിശ മാറ്റപ്പെടുകയോ അതുമല്ലെങ്കിൽ കാഴ്ച മങ്ങപ്പെടുകയോ, മനപ്പൂർവ്വം മുഖംതിരിച്ചു നില്‍ക്കുകയോ ചെയുന്നുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ.
പൊതു സമൂഹത്തിനു പ്രത്യേകിച്ച് ഒരു ദോഷവും ചെയ്യാത്ത ദുർബല വിഷയങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞു നിൽക്കുകയാണ് വേണ്ടത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് ഹിന്ദു മതത്തിൽ അതിനു നിശ്ചയിക്കപ്പെട്ടിട്ടുള്ള തന്ത്രിമാർ നോക്കട്ടെ,മോസ്കുകളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ വേദിയിൽ ഇരിക്കാൻ ഉള്ള അവകാശങ്ങൾ വേണോ വേണ്ടയോ എന്ന് അവരുടെ മത മേലധ്യക്ഷന്മാർ തീരുമാനിക്കട്ടെ.പള്ളീലച്ചന്മാർ പെണ്ണുങ്ങളെ കുമ്പസാരിപ്പിക്കണോ വേണ്ടയോ എന്ന് അവരുടെ മത മേലധ്യക്ഷന്മാർ തീരുമാനിക്കട്ടെ അതൊന്നും നമ്മുടെ പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നവുമില്ല.
ആചാരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അതിനു അധികാരപ്പെട്ടവരാണ്. അവിടെ എന്തെങ്കിലും കാലാനുസൃതമായ മാറ്റം ആവശ്യമെങ്കിൽ അവർ ചെയ്തുകൊള്ളും.പൊതു സമൂഹത്തിനു ഒരു ഉപദ്രവവും ഇല്ലാത്ത മതാചാരങ്ങൾക്ക് എതിരെയല്ല ഇടപെടേണ്ടത് , സമൂഹത്തിനു ദോഷം ചെയുന്ന ദുരാചാരങ്ങൾ ക്കെതിരെയാണ്.
ദുരാചാരം ആയിരുന്ന സതി പോലെ തന്നെ മുത്തലാഖ് എന്നത് ഒഴിവാക്കപ്പെടേണ്ട അപരിഷ്‌കൃത കീഴ് വഴക്കമാണെന്ന് പറയാൻ സാംസ്‌കാരിക നായകർ എന്ന് പറയപ്പെടുന്നവർ തയാറാവണം. കുട്ടികളെ ശൂലം കുത്തുന്നതും ചേലാകർമ്മം ചെയ്യുന്നതുംഒരുപോലേ തെറ്റാണെന്നു പറയാൻ മടിക്കരുത്. പള്ളീലച്ചൻ കന്യാസ്ത്രീയെ പീഡിപ്പിച്ചാൽ അത് തെറ്റാണെന്നുതന്നേ പറയണം.
രാഷ്ട്രീയത്തിന്റെയും,മതത്തിന്റെയും ഒന്നും മതിലിൽ തട്ടി നിൽക്കുകയോ, മൗനമാക്കപ്പെടുകയോ ചെയേണ്ടതല്ല സാഹിത്യ, സാംസ്‌കാരിക രംഗത്ത് വിരാചിക്കുന്നവരുടെ ചിന്താഗതികൾ ..!!