എന്നിലെ നിഗൂഡ വികാര വിചാര
വിത്തുകൾ ഇന്നും ഒരു മഴ കാത്തുറങ്ങുകയാണ്…
വിണ്ണിലുയരുന്ന പീതവെളിച്ചവും , കൂടെ വരുന്നൊരാ ഭീമൻ മുഴക്കവും
എന്തിന് …ഒരു കുഞ്ഞു കാർമേഘക്കൂട്ടവും
ഇന്നതിൻ ഉള്ളത്തിൽ ഉദ്‌ഘോഷ
വിളംബരം നടത്താറുണ്ട്
അതിന്റെ ഉള്ളറകളെ കോരിത്തരിപ്പിക്കാറുണ്ട്…
അതെന്നെല്ലാം കാത്തിലെത്തുന്ന മാത്രയിൽ
ഞാനൊരു മോഹ സന്ദേശം വരച്ചു നൽകാറുണ്ട്
നിന്റെ നീണ്ടനിദ്രയിന്നിതാ അവസാന രാവിനെ കടന്ന പോലെ, നിന്റെ പുഞ്ചിരിയതാ
അടുത്ത പ്രഭാതത്തിൻ കാണിക്കാഴ്ചയാകുന്ന പോലെ…
നിലതെറ്റി വഴിതെറ്റി പരന്നുണരുന്നൊരു
അരൂപിയാം കാറ്റിന്റെ നീണ്ടകരങ്ങൾ, പിറന്നു വീണ, പൊഴിയാൻ മറന്ന
ഇരുൾ മേഘ മെത്തയെ ദൂരേക്കേറിയുമെന്നെന്നും
അറിഞ്ഞിട്ടും, മുറിവിനായ്
കാത്തിരിക്കുന്ന പോലെ,
അതെന്നേക്കും കാത്തരിപ്പിലായ പോലെ…
പുഴയുടെ ഇരുകരകളുടെ
വിരഹക്കഥ നീ കേട്ടിട്ടില്ലേ?
ഓളച്ചുരുളിൽ മോഹക്കഥകൾ എഴുതി കാറ്റിന്റെ തോളിൽ വച്ചു മറുകരയിലേക്കൂന്നി അയക്കുമ്പോഴും, ഒരു തോണിക്കാരൻ വരും, അവന്റെ തുഴ മുനകൊണ്ടു മരിക്കുന്നത് തെന്നി നടക്കുന്ന അലകൾ മാത്രമോ?
മറുകര കാത്തിരിക്കുന്ന വരികൾ കൂടിയല്ലേ…?
എന്നിട്ടും അടുത്തൊരോളത്തിൻ കാലൊച്ച പിന്നെയും നിശബ്ദം നോക്കിയിരിക്കുന്നതാര്, എഴുതി നല്കുന്നതാര്…
പുഴയുടെ മഴ വഴികളോ, മഴയുടെ
ദീർഘ ശ്വാസമോ ഇന്നു നിന്നെയുണർത്തുന്നതാര്…?
യാമനാടകത്തിൻ തിരശീല
ഉയരുമ്പോൾ നിന്നിലേക്കൂർന്നിറങ്ങുന്ന
കൺബാണമേത്, ഞെട്ടിയുണരാനായി, ഉണർന്നു ചിരിക്കാനായി, ചിരിച്ചു ജീവിക്കാനായി, ജീവിച്ചു മരിക്കാനായി നിന്നെയെന്നോ
ഉണർത്തുന്നതാര്, ഉലക്കുന്നതാര്…?