ഒലിവർ

 

അനാഥനാണവൻ എവിടെയും .
വിശന്നും കരഞ്ഞും ചുമടായിരിക്കുന്ന
ആശയുടെ ആമാശയമാണ്
അവൻറെ ജീവന് പ്രേരണ.
റൊട്ടിയും വേവിച്ചു പഴകിയ   മാംസവും ഭക്ഷിക്കെ
കല്ലുറപ്പും ഉപ്പും പുളിപ്പും വേർതിരിക്കാതെയാണവ
രുചിച്ചത്.
മോഹിപ്പിക്കുന്ന ഗന്ധങ്ങളൊന്നും അവൻ തിരിച്ചറിഞ്ഞില്ല
രുചിയില്ലാതെയെന്തും രുചിച്ചവന് ശീലം.

മുഷിഞ്ഞദിനങ്ങളിൽ വിധിയുടെ വിഘ്‌നങ്ങൾ
പാറകളായി കിടപ്പാണ് മുന്നിൽ,
നിറങ്ങൾകെട്ട ഓർമകളായി പിന്നിലെ ഇടങ്ങൾ.
കളങ്കമില്ലാത്ത മനസിൻറെ വജ്ര ചെപ്പുള്ളതുകൊണ്ട്
അപരിചിതമായ വഴികളിലേക്ക്
കൊള്ളക്കാരാൽ കവർന്നെടുക്കപ്പെടുമോ എന്ന്
പിന്നിലേക്ക് മുഖം തിരിക്കാതെ കണ്ണാടിനോക്കി
ദിവസവും സ്വയം ചോദിക്കുമവൻ.

അലിവിൻറെ വേദവാക്യങ്ങൾ വിരുന്നാകുന്നത് വരെ
എവിടെയുമവൻ അലയും
തെരുവിലും വിജനമായ വഴികളിലും
ഒടുവിൽ ഹോട്ടലിലെ വേവുന്ന അടുക്കളയിലോ
നരവീണ ചുമരിനു മുകളിലോ അവൻ പ്രത്യക്ഷപ്പെടും

പുസ്തകങ്ങളിൽ നിറമുള്ള ജീവിതമുണ്ടെന്ന്
തിരിച്ചറിയപ്പെടുമ്പോളവസ്വന്തം ജീവനാക്കി
നാളെയവൻ അതിലൊളിഞ്ഞിരിക്കുന്ന പുതുലോകത്തിന്റെ തൊഴിലാളിയായേക്കാം…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here