ഒളിക്യാമറകള്‍ കണ്ണടച്ചപ്പോള്‍

 

 

 

 

 

 

 



ക്ഷേത്രത്തില്‍ വെടിപൊട്ടുന്ന ശബ്ദം, മണിയടിയും മുഴങ്ങുന്നു. തേവരുടെ നട നിര്‍മ്മാല്യദര്‍ശനത്തിനായി തുറക്കയാണ്. വൃശ്ചികമാസത്തിലെ പൂനിലാവ് മറയാനായി വെമ്പിനില്‍ക്കുന്നു. പ്രകൃതി നിശ്ചലം, നീഹാരവുമായി അലിഞ്ഞു ചേര്‍ന്ന പൂനിലാവിന് പിരിയാന്‍ മടി പോലെ. പടി ഞ്ഞാറോട്ട് ചാഞ്ഞ നിലാവ് ജനാലയുടെ വിടവിലൂടെ ഭിത്തിയിലേക്ക് പതിക്കുന്നു. മുറിയിലാകെ ഒരു കുളിര്‍ പരതിനില്‍ക്കുന്നു.

പരമേശ്വരന്‍ മാനേജര്‍ കിടക്കയില്‍ നിന്നെഴുന്നേറ്റിരുന്നു. കാലിനു നല്ല മരവിപ്പ്, വാതത്തിന്റെ ശല്യം ഈയിടെയായി കൂടുതലാണ്, പോരാത്തതിന് വൃശ്ചികത്തിലെ തണുപ്പും. കാലുകള്‍ തറയില്‍ ചവിട്ടി സ്വയം ഉറപ്പുനോക്കി അയാള്‍ മെല്ലെ എഴുന്നേറ്റു. കഴിഞ്ഞയാഴ്ച ഒന്നു വീണതാണ് ഭാഗ്യത്തിന് ഒന്നും പറ്റിയില്ല, അതാണ് ഈ ഉറപ്പു നോക്കലിന് കാരണം. അല്ലേലും അയാള്‍ക്ക് ഇപ്പോള്‍ വീഴ്ചയുടെ കാലമാണ്.

ജനാലതുറന്ന് പതുക്കെ പുറത്തേക്ക് മിഴികള്‍ എറിഞ്ഞു.

പുറത്ത് ചെടികളിലാകെ വൃശ്ചികത്തിന്റെ പ്രസാദം തൂവിയിട്ടുണ്ട്, നിലാവില്‍ അവതിളങ്ങി നില്‍ക്കുന്നു. ലൈറ്റ് ഇട്ടയാള്‍ പുറത്തിറങ്ങി കുളത്തിലേക്ക് നീങ്ങി.

പോകും വഴി കിളിച്ചുണ്ടന്‍ മാവിന്റെ ചോട്ടില്‍നിന്നൊരു ഇലയെടുത്ത് പല്ല് തേപ്പ്. തൈതെങ്ങിന്റെ ചോട്ടിലെ ഈര്‍ക്കിലില്‍ നാക്കുവടി.

കുളക്കരയിലെത്തിയ മാനേജര്‍ക്ക് മടി. ജലത്തിന് മിതെ നിന്ന് മഞ്ഞ് നീരാവി പോലെ പറക്കുന്നു. ഇണയോട് സല്ലപിച്ചിരുന്ന കുളക്കോഴിക്ക് സല്ലാപഭംഗം വരുത്തിയാളോടുള്ള പരിഭവം കൂവലായി പുറത്തുവന്നു.

മടിയോടെ ആയാള്‍ വെള്ളത്തിലേക്ക് മുട്ടെപ്പം ഇറങ്ങി. കൈകളില്‍ തണുത്തവെള്ളം കോരി താഴേക്ക് വീഴ്ത്തി കുറച്ചുനേരം നിന്നു. അയാളോര്‍ത്തു മുന്ന് പതിറ്റാണ്ട് മുടങ്ങാതെ കുളിച്ചതാണ്, കോരിച്ചെരിയുന്ന മഴയത്തും, എല്ലു പൊട്ടിക്കുന്ന തണുപ്പത്തും. അന്നൊന്നും തണുത്തിട്ടില്ല. തേവരുടെ നടയില്‍ എത്തണമെന്ന വിചാരമേ ഉണ്ടായിരുന്നുള്ളു.

അഞ്ച് മണിക്ക് മുന്‍പേ ഭക്തര്‍ വഴിപാടെഴുതാന്‍ വരും അയാള്‍ക്കതിനുമുന്‍പേ എത്തണമായിരുന്നു. അന്നോന്നും തണുത്തിട്ടില്ല, പക്ഷേ ഇന്ന് തണുത്തവെള്ളം കാണുമ്പോഴേക്കെ ഒരു തണുപ്പാണ്. ക്ഷേത്രത്തില്‍ നിന്നും പോന്ന ശേഷം എല്ലാത്തിനും ഒരിഴച്ചിലാണ്. വൈകി എഴുന്നേല്‍ക്കല്‍, വൈകി കുളി, വൈകി ഭക്ഷണം, വൈകി ഉറക്കം അങ്ങനെ എല്ലാം ഒരു വൈകി മയം. കൈക്കുടന്നയില്‍ വഴുതി വീഴുന്ന വെള്ളം തന്റെ കണ്ണീരാണോ എന്നയാള്‍ സംശയിച്ചു.

എത്രയെത്ര ഉത്സവങ്ങള്‍ ഒറ്റയ്ക്കു നടത്തിയ അയാള്‍ ഒറ്റക്കായി.


ഭണ്ഡാരത്തില്‍ നിന്ന് കാണിക്ക മോഷണം പോകുന്നു. തേവരുടെ പണം. നാണയങ്ങള്‍ ഇടുമ്പോള്‍ എന്നും അടിപ്പലകയില്‍ തട്ടുന്ന ശബ്ദം കേള്‍ക്കാമെന്ന് ഭക്തര്‍ പറയാന്‍ തുടങ്ങിയിട്ട് നാളേറയായി. ഭക്തര്‍ ഭണ്ഡാരത്തില്‍ നാണയകിലുക്കം കേട്ടിട്ടും നാളേറയായി. കള്ളനേ മാത്രം കണ്ടെത്താനായില്ല. എടുത്തൊരുക്കുകാരന്‍ ശങ്കരന്‍ പറയണത് കിഴക്കേ കൂവളത്തേ കൊച്ചുകുട്ടന്‍ രാത്രി രണ്ടരയുടെ വണ്ടിക്ക് ചെന്നെയില്‍ പഠിക്കുന്ന മകളെ ട്രെയിന്‍ കയറ്റാന്‍ പോയപ്പോള്‍ നീളമുള്ള ഒരാളെ കാണിക്കവഞ്ചിക്കടുത്ത് കണ്ടെന്നു. കറണ്ടില്ലായിരുന്നതിനാല്‍ തെളിഞ്ഞു കാണാന്‍ കഴിഞ്ഞില്ലപോലും. ഈര്‍ക്കിലിയില്‍ തുണിചുറ്റി പശതേച്ച് ഭണ്ടാരത്തില്‍ നിന്ന് നോട്ടുകള്‍ അയാളുടെ നാട്ടിലെ ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരന്‍ മോഷ്ടിച്ച കാര്യം വരത്തന്‍ കണാരനും പറഞ്ഞു.

മീനത്തിലെ പൂരത്തിന് അടുത്ത ദേവീക്ഷേത്രത്തിലെ ഉല്‍സവം ആണ്. ഉല്‍സവത്തിന് മുന്‍പേ എന്നും ധാരാളം നാട്ടുതാലപ്പൊലികള്‍ പോവാറുണ്ട്, വൈകി പത്തുമണികഴിഞ്ഞും. അവരൊക്കെ തേവര്‍ക്ക് വഴിപാടിട്ടെ പോവാറുള്ളു.

ഒരു ദിവസം പരമേശ്വരന്‍ മാനേജര്‍ രാത്രി താലപ്പൊലി വരവു കഴിഞ്ഞ് പെട്ടി എടുക്കാന്‍ മറന്നു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കാര്യം ഓര്‍ത്തത്. നേരെ വരമ്പ് വഴി ക്ഷേത്രത്തിലേക്ക് ധൃതിയില്‍ നടന്നു. ഭാഗ്യം കാണി വച്ചിടത്ത് ഉണ്ട്. നിറഞ്ഞിരിക്കുന്നു. നോട്ടുകള്‍ പുറത്തേക്ക് എത്തി നോക്കുന്നു. കത്താതിരുന്ന ഒരു ചന്ദനത്തിരി എടുത്ത് നോട്ടുകള്‍ പുറത്തെടുത്ത് അടുക്കിവച്ചു. പെട്ടിയുമായി കമ്മറ്റിയാപ്പീസില്‍ കയറാന്‍ മടി തപ്പിനോക്കിയപ്പോഴാണ്, ധൃതിയില്‍ മുറിയുടെ താക്കോല്‍ മറന്നത് അറിഞ്ഞതു. പിന്നൊന്നു നോക്കിയില്ല തിടപ്പള്ളിയുടെ തുറന്ന വാതിലിലുടെ കാണിപ്പെട്ടി ഉള്ളില്‍ വച്ച് കയ്യില്‍ കിട്ടിയ ഒരു ചാക്കിട്ട് മൂടി നോട്ടുകള്‍ മടിയില്‍ തിരുകി അയാള്‍ വീട്ടിലേക്ക് മടങ്ങി.

പിറ്റേന്ന് നിര്‍മ്മാല്യത്തിന് മുന്‍പേ പരമേശ്വരന്‍ മാനേജര്‍ അമ്പലത്തില്‍ എത്തിയപ്പോള്‍ പതിവില്‍ക്കുടുതല്‍ ആളുകള്‍ ക്ഷേത്രത്തില്‍ ഉണ്ട്. അവര്‍ എന്തോ കണ്ട് ഉറക്കെ അഭിപ്രായം പറയുന്നുണ്ട്. അവര്‍ക്ക് മാനേജരേക്കണ്ടപ്പോള്‍ പതിവ് ബഹുമാനത്തില്‍ എന്തോ കുറവുവന്നപോലെ. അവര്‍ മൊബൈല്‍ ഫോണില്‍ എന്തോ കാണുകയാണ്. ഒരാളുടെ ഫോണിലേക്ക് ഒന്നേ നോക്കിയുള്ളു മാനേജര്‍ക്ക് കാര്യം പിടികിട്ടി. അയാള്‍ നിലത്തിരുന്നുപോയി. നേരം വെളുക്കുംമുന്‍പേ മാനേജര്‍ ഭണ്ഡാരത്തില്‍ കവരുന്ന ചിത്രങ്ങള്‍ കരക്കാര്‍ മുഴുവന്‍ കണ്ടു. പരമേശ്വരന്‍ മാനേജരെയാണ് അന്നും കണ്ടതെന്ന് കൊച്ചുകുട്ടന്‍ കമ്മറ്റി മുന്‍പാകെ മൊഴികൊടുത്തു. വൈകിട്ട് കൂടിയ കമ്മറ്റി മാനേജരെ പിരിച്ചുവിട്ടതായി അറിയിച്ചു. മാനേജരുടെ വാക്കുകള്‍ക്കപ്പുറമായിരുന്നു കണ്‍കണ്ട തെളിവുകള്‍. ബഹുമാനിച്ചവര്‍ ഒന്നായി പഴിക്കാന്‍ തുടങ്ങി. കുനിഞ്ഞ ശിരസ്സും, നീറുന്ന ഹൃദയവുമായി അന്ന് പടിയിറങ്ങിയതാണ്. ഭക്തര്‍ മൂക്കത്തുവിരല്‍ വച്ചു, മുപ്പതുവര്‍ഷം കട്ടുമുടിച്ചവന്‍.

കള്ളനെ പിടിച്ചെങ്കിലും ഒരു ഉറപ്പ് വേണമെന്ന സെക്രട്ടറി ഉത്തമന്‍നായരുടെ അഭിപ്രായം മാനിച്ച് ഒരു ഒളി കാമറ വയ്ക്കുന്നതിന് ക്ഷേത്രകമ്മറ്റി ഫണ്ട് അനുവദിച്ചു. ഉത്തമന്‍നായരുടെ മരുമോന്റെ കടയില്‍ നിന്ന് ഒളികാമറയെത്തി. അന്നുമുതല്‍ കാണിക്കവഞ്ചി ക്യാമറയുടെ കണ്ണിലായി. ജനം പരമേശ്വരന്‍ നായരെ മറക്കാനും തുടങ്ങി.

കുറച്ചുനാള്‍ കഴിഞ്ഞ് ജനം വീണ്ടും പറയാന്‍ തുടങ്ങി നാണയകിലുക്കം കേള്‍ക്കുന്നില്ലായെന്ന്. അടിപ്പലകയുടെ മുഴക്കമാണ് കേള്‍ക്കുന്നതെന്ന്. നാണയക്കിലുക്കം നേര്‍ച്ചപ്പെട്ടിക്ക് വിണ്ടും അന്യമായി. ഭരണസമിതി കൂടി ക്യാമറക്കാഴ്ചകള്‍ തലനാരിഴ കീറി പരിശോധിച്ചു. കള്ളന്‍ ക്യാമറക്ക് പുറത്ത്. ക്യാമറ കള്ളനെ കാട്ടിക്കൊടുത്തില്ല. ഒളി ക്യാമറയ്ക്ക് പിടികൊടുക്കാതെ ഭണ്ടാരം കവര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.

പരമേശ്വരന്‍ മാനേജര്‍ തണുത്തവെള്ളത്തിലേക്ക് നടന്നിറങ്ങി.

തീണ്ടാപ്പാടകലെ നിന്ന് എന്നത്തേതും പോലെ അന്നും അയാള്‍‍ തേവരെ തൊഴുതു മടങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English