പുരാ-നവം

 

 

 

കഥാകൃത്തിനെത്തേടി കഥാപാത്രങ്ങൾ വരുന്ന ടെക്നിക്കിന് എന്തുമാത്രം പഴക്കമുണ്ട്. നമ്മുടെ പഴയ പല കഥാകാരന്മാരും അതുപയോഗിച്ചിട്ടുണ്ട്. എന്നിട്ടും അവർ പറയുന്നു അത് പടിഞ്ഞാറ് നിന്നു ഇറക്കുമതി ചെയ്ത ആധുനികോത്തരതയാണെന്ന്.

തലേന്നത്തെ സാഹിത്യ ചർച്ചയോടുള്ള അമർഷം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലെ അവന്റെ ചുണ്ടിന് ചുറ്റും പറ്റിപ്പിടിച്ചു നിന്നു.

എന്നാൽ , നീ എന്റെ കഥയിലേക്ക് വരിക. ഞാൻ ക്ഷണിച്ചു.

കഥാകൃത്ത് കഥാപാത്രങ്ങളെ തേടി വരാറുണ്ടോ? , അത് എന്ത് അധുനികതയാണ് ?
അതും പണ്ടേക്കു പണ്ടേ ഉള്ളത്.

കഥയ്ക്കുള്ളിലെ കഥയ്‌ക്കുളിലെ കഥയിൽ നിന്നെ ഞാൻ കുരുക്കി ഇട്ടലോ.

നിനക്കെന്തറിയാം ? അവൻ ചൊടിച്ചു , ഈ എംബഡഡ് നരേറ്റീവ് എന്നൊക്കെ അവർ ഇറക്കുമതി ചെയ്ത് പാടി വാഴ്ത്തുന്നത് വ്യാസനും വാല്മീകിയുമൊക്കെ വിദഗ്ധമായി ഉപയോഗിച്ച ടെക്നിക്കുകളാണ്. നീ അദ്ധ്യാത്മ രാമായണം വായിച്ചിട്ടില്ലേ ? , നമ്മുടെ എഴുത്തച്ഛന്റെ ? കാനനവാസത്തിന് കൊണ്ടുപോകാൻ ശ്രീരാമൻ വിസമ്മതിച്ചപ്പോൾ സീത പറയുന്നത് ഓർമയുണ്ടോ ?

“രാമായണങ്ങൾ പലതും കവിവര-
രമോദമോടു പറഞ്ഞു കേൾപ്പുണ്ടു ഞാൻ
ജാനാകിയോടു കൂടാതെ രഘുവരൻ
കാനന വാസത്തിനെന്നു പോയിട്ടുള്ളൂ ?”

എന്നാണ് സീത ചോദിക്കുന്നത്. ഇതിലും വലിയ എന്തോന്ന് സെല്ഫ് റിഫ്‌ളക്സിറ്റിയാണ് അവർ പൊക്കിക്കൊണ്ടു നടക്കുന്ന കൃതികളിൽ ഉള്ളത് .

ഇത് ഒരുപക്ഷേ അവർ വായിച്ചു കാണില്ലെന്ന് വരുമോ ?

ഇതൊക്കെ അവർ വായിക്കണമെങ്കിൽ വാല്മീകിയും വ്യാസനും എഴുത്തച്ഛനും ഒക്കെ ലാറ്റിനമേരിക്കയിലോ മറ്റോ ജനിച്ച്‌ ഇംഗ്ലീഷിൽ എഴുതണം .

ചൂടാവരുതേ , ഞാൻ യാചിച്ചു

അടക്കി കുറ്റം പറയുന്നതിന് മുൻപ് ഒന്ന് ഓർത്തുനോക്കൂ , ഈ അബ്സർഡ് ഫിലോസഫി.

മണ്ണാങ്കട്ട , അവന്റെ മുഖം ചുവന്നു,
ബൃഹദ്യോഗവാസിഷ്ഠമെന്നു കേട്ടിട്ടുണ്ടോ ?

വിഷാദരോഗം പിടിപെട്ട ശ്രീരാമന് വസിഷ്ഠൻ നൽകുന്ന ജ്ഞാനോപദേശങ്ങളാണ്. അതിലെ കഥകൾ വായിച്ചു നോക്ക്. പ്രത്യക്ഷത്തിൽ അസംബന്ധവും എന്നാൽ താത്വിക വ്യാഖ്യാനങ്ങൾ ഉൾക്കൊള്ളുന്നതുമായ പല കഥകൾ ഉണ്ടതിൽ. എക്‌സിസ്റ്റേഷ്യലിസവും മാജിക് റിയലിസവും സർറിയലിസവും ഒക്കെയുണ്ട്. അതിൽ കവിഞ്ഞ എന്ത് അസംബന്ധകഥകളാണ് ലോകത്തൊരുത്തനെങ്കിലും പറഞ്ഞിട്ടുള്ളത്.

ഇങ്ങനെ എല്ലാം എല്ലാവരും പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ എന്തെഴുതാനാണ്?

എന്റെ ചോദ്യത്തിന് അവൻ ഉത്തരം തന്നില്ല..

 

 

സമാഹാരം : റെയ്ൻഡിയർ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here