ഇരുട്ട് വീണു തുടങ്ങിയിരുന്നു. നെടും കുത്തായ വഴിയിലൂടെ കഷ്ടിച്ച് ഒരാൾക്ക് മാത്രം മുന്നോട്ട് നീങ്ങാം. എതിരെ ആരെങ്കിലും വന്നാൽ അള്ളിപ്പിടിച്ച് ശ്വാസമടക്കി നിൽക്കണം എതിരാളിക്ക് വഴിയൊരുക്കാൻ. ഇരു വശങ്ങളിലെയും മതിലുകൾക്ക് പന്ത്രണ്ടടിയോളം ഉയരം. അരികിലൂടെ ഊർന്നിറങ്ങിയ കുറ്റിക്കാടുകൾ നടപ്പന്തൽ പോലുണ്ട് . നരച്ച കുട മടക്കി. കുത്തൊഴുക്കിൽ ഒലിച്ചു വന്ന കരിയിലകളിൽ ചവിട്ടി തെന്നി വീഴാതെ ആയാസപ്പെട്ട് മുന്നോട്ട് നടന്നു. നെറുകയിൽ കൊട്ടവെള്ളം വീണ് ചിന്നിച്ചിതറി. വലിയ വീട്ടിലെ കൊച്ചമ്മ കുറച്ചു നാൾ മുമ്പ് സമ്മാനിച്ച പാദസരത്തിന്റെ ഒതുക്കമില്ലാത്ത ഒച്ച വിജനതയെ ഭീതിദമാക്കി. മഴ മൂലമായിരിക്കണം സാധാരണ കാണാറുള്ള ജീവികൾ എല്ലാം ഇന്ന് പൊത്തിൽ പോയൊളിച്ചിരിക്കുന്നു. അതല്ലെങ്കിൽ, ഒരു മലയണ്ണാൻ, പെരുച്ചാഴി, ഓന്ത്, അരണ, ചിലപ്പോൾ മാളത്തിൽ നിന്നും തല പുറത്തേക്ക് നീട്ടി ഓടി മറയാൻ വെമ്പുന്ന വിഷമുള്ളതോ ഇല്ലാത്തതോ ആയ പാമ്പ്, പഴുതാര, തേൾ, പച്ചക്കുതിര, തവള, ചോണനുറുമ്പുകൾ, കാട്ടുകോഴി, കുത്തിച്ചൂടൻ, വല്ലപ്പോഴും ഒറ്റയാനായി ഒരു മിന്നലാട്ടം പോലെ കാണുന്ന കാട്ടു പന്നി അവരെല്ലാം തന്റെ നല്ല കൂട്ടുകാർ. അവറ്റകൾ അവരവരുടെ മാളങ്ങളിൽ കുത്തിയിരുന്ന് നല്ലോണം മഴ ആസ്വദിക്കട്ടെ.
ചുറ്റും ഇരുട്ട് അടയിരിക്കാൻ തുടങ്ങിയിട്ടും സീതയ്ക്ക് ഭയം ഒട്ടും തോന്നിയില്ല. മുമ്പാണെങ്കിൽ കണ്ണടച്ച് ഒറ്റ ഓട്ടം വെച്ചു കൊടുക്കാറാണ് പതിവ്. നല്ല നീളമുണ്ട് ഒറ്റയടി പാതക്ക്.
പെണ്ണാണ്. അടക്കവും ഒതുക്കവും വേണം. അമ്മ എന്നും പറയും. എന്നിട്ട് ഏതൊക്കെയോ വിചാരങ്ങളിലേക്ക് ഊർന്നു വീണ് കണ്ണുകൾ ചുമ്മാ നനക്കും. വളരുന്ന പെണ്മക്കൾ എന്നും പെറ്റമ്മമാരുടെ അടങ്ങാത്ത ആധിയാണ്. അമ്മയുടെ പനിയും ശരീര വേദനയും ഇപ്പം
ശമിച്ചു കാണുമോ? ഇന്ന് കൊച്ചമ്മ ഭാരിച്ച പണികൾ ഏറെ ഏൽപ്പിച്ചിരുന്നു. എല്ലാറ്റിനും നല്ല കരുതൽ വേണമെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. അമ്മക്ക് ഇങ്ങനെ അസുഖം കൂടുമ്പോഴാണ് ഒരു പകരക്കാരിയുടെ റോൾ തനിക്ക് തരപ്പെടാറുള്ളത്. അമ്മക്കായി തന്നയച്ച ചൂടുള്ള പലഹാരപ്പൊതി ഇടതു കയ്യിൽ മുറുക്കിപ്പിടിച്ചു. അതും കൂട്ടി കുടിലിൽ എത്തിയാലുടൻ ഒരു കാപ്പി അനത്തി അമ്മക്ക് നൽകണം. വല്യ വീട്ടിലെ മാനസിക വിഭ്രാന്തിയുള്ള കുട്ടി പിറകിൽ ഒരു നിഴൽ പോലെ പറ്റിക്കൂടി നിന്നു. അവന്റെ നോട്ടത്തിന് ഈയിടെയായി വല്ലാത്ത പന്തികേടുണ്ട്. ഏക ആൺതരി. ഭാരിച്ച സ്വത്ത്. ഒരു പെണ്ണു കെട്ടിക്കാൻ ഏറെക്കാലമായി ശ്രമിക്കുന്നു. ആർക്കും ഇഷ്ടപ്പെടുന്നില്ലത്രേ. കൊച്ചമ്മ ആവലാതികളുടെ വിഴുപ്പ് ഇടക്കിടെ അഴിച്ചിട്ട് ജോലിയുടെ വേഗതയും കഠിനതയും കുറച്ചു തന്നു.
ഇരുട്ടിന്റെ കട്ടി പെട്ടെന്ന് കൂടി. തുള്ളിക്കൊരു കുടം മഴ ചുരത്താൻ കാർമേഘക്കീറുകൾ ആകാശത്ത് പരക്കം പാഞ്ഞു. കുടികിടപ്പ് അവകാശം കിട്ടിയ
വീട്ടു വളപ്പിലേക്കുള്ള ഇടുങ്ങിയ കവാടത്തിൽ എത്തിയപ്പോഴാണ് ഒരു നിഴലനക്കം. അതൊരു മിന്നായം പോലെ കണ്ണിലുടക്കി. ടിവിയിൽ കണ്ട മോഹൻലാലിന്റെ ഒടിയൻ സിനിമയെക്കുറിച്ച് ഓർത്തു. ഒപ്പം ഒരു വെള്ളിടി കണ്ണിൽ മിന്നി. ഭൂമി കാൽക്കീഴിൽ അടരുന്നത് മാതിരി തോന്നി. പേടിമൂലം ദേഹം കിടു കിടെ വിറച്ചു. ചുടു നിശ്വാസം പോലെ മൂടൽമഞ്ഞ് പെട്ടെന്ന് അന്തരീക്ഷത്തെ ചൂഴ്ന്നു. കുന്നു കയറി പായുന്ന വിഷസർപ്പം കണക്കെ ഇടിമിന്നലുകൾ കരിയിലകളിൽ പുളഞ്ഞു കളിച്ചു. അപശകുനം മാതിരി കുറുക്കന്റെ അസമയത്തെ ഓരിയിടൽ അടുത്തെവിടെയോ മുഴങ്ങി. എങ്ങനെയെങ്കിലും ഇഴഞ്ഞിഴഞ്ഞ് അമ്മയുടെ അരികിലെത്താനുള്ള കൊതി ഉള്ളിൽ കലശലായി. കാൽക്കീഴിലെ കുതിർന്ന മണ്ണിൽ ഉഗ്രസർപ്പത്തിന്റേത് പോലൊരു ചീറ്റൽ പിന്തുടർന്നു. പേടി ദേഹമാസകലം പടർന്നേറി. ക്രമേണ അത് പത്തിയടക്കി ഇരുട്ടിലൂടെ എങ്ങോട്ടോ പാഞ്ഞു പോയി.
പിന്നീട്, നനഞ്ഞു വിറങ്ങലിച്ച കരിയിലയിൽ ഈറൻ കാറ്റും കൂരിരുട്ടും പുലരുവോളം അവൾക്ക് കൂട്ട് കിടന്നു.
കുറെ കാലത്തിനുശേഷമാണ് മുയ്യത്തിന്റെ രചന നമ്മുടെ
പുഴയിൽത്തന്നെ വായിക്കാൻ കിട്ടുന്നത്. “കരിയിലകൾ” അടക്കവും ഒതുക്കവും ഉള്ള നല്ല കഥ. അഭിനന്ദനങ്ങളുടെ നൂറു പൂവുകൾ
മൊട്ടമ്മലിൽനിന്നു കോൾമൊട്ടയിലേക്കു എറിയട്ടെ!
നന്ദി