ചുട്ടുപൊള്ളുന്ന വേനലിൽ ഇന്നു വരും നാളെ വരും വേനൽ മഴയെന്നോർത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.
വേനൽ മഴ കൂടാതെ ന്യൂനമർദ്ദം വഴിയും മഴ വരുമെന്ന് കാലാവസ്ഥാ പ്രവചനം ഇന്നു രാവിലെയും വായിച്ചതേയുള്ളു.
എന്നിട്ടും മഴ മാത്രം വന്നില്ല.
ചൂടിൽ നിന്നശ്വാസമേകാൻ ഫാനിനും കഴിയുന്നില്ല.ഫാനിൽ നിന്നും ഉഷ്ണമാണ് പെയ്തിറങ്ങുന്നതെന്ന് തോന്നി.. ചൂടിന്റെ തളർച്ചയിൽ എപ്പോഴോ കണ്ണുകൾ മെല്ലെ മെല്ലെ അടഞ്ഞു പോയി.
കുറെ കഴിഞ്ഞപ്പോൾ പുറത്ത് അടക്കിപ്പിടിച്ച സംസാരം കേട്ടു.
ചെവിയോർത്തെങ്കിലും എന്താണെന്ന് മനസിലായില്ല..
ഭാര്യയുടെ ശബ്ദത്തോടൊപ്പം ഏതോ അപരിചിതരുടെ ശബ്ദവും അയാൾ കേട്ടു..
അധികം കഴിഞ്ഞില്ല ആരുടെയോ കാൽ പെരുമാറ്റങ്ങൾ കേട്ടു. ആരോ ബലമായി കൈകൾ ചേർത്തു കെട്ടും പോലെ തോന്നിയപ്പോൾ അയാൾ പ്രതിരോധിക്കാൻ നോക്കി.അനങ്ങാൻ കഴിയുന്നില്ല. പേശികളെല്ലാം ദുർബലമായത് പോലെ.
സഹായത്തിനായി അയാൾ ഉച്ചത്തിൽ ഭാര്യയെ വിളിച്ചു.ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട വരണ്ടതു പോലെ..അതിനിടയിൽ അയാൾ കണ്ടു, അവർക്കിടയിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ഭാര്യയെ.
“എന്നെ രക്ഷിക്കൂ”എന്ന അയാളുടെ കണ്ണുകളിലെ ഭാവം അറിഞ്ഞിട്ടാകണം അവൾ പറഞ്ഞു.
’പേടിക്കണ്ട,അവരോടൊപ്പം പോയാൽ മതി.ഇവിടെ ഞാൻ നോക്കിയതു പോലെ തന്നെ അവർ നോക്കിക്കോളും എല്ലാം ഞങ്ങൾ സംസാരിച്ച് എഗ്രിമെന്റും ഒപ്പു വെച്ചിട്ടുണ്ട്. പ്രായമായവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ആൾക്കാരാണ്..ചേട്ടന് പ്രായമായി വരികയല്ലേ,റിട്ടയർമെന്റും കഴിഞ്ഞു..ഇനി അവരോടൊപ്പം പോകുന്നതാണ് നല്ലത് ’’
പഴയ സാധനങ്ങൾ എടുക്കുന്നതു പോലെ പഴയ ആളുകളെ എടുക്കാൻ നടക്കുന്നവരാണവരെന്ന് മനസ്സിലായി.
എല്ലാം ഉറപ്പിച്ചാണ് അവർ വന്നിരിക്കുന്നത്.ഇനി ചെറുത്തു നിന്നിട്ട് കാര്യമില്ല. എങ്കിലും അവസാന ശ്രമമെന്ന നിലയ്ക്ക് അയാൾ കുതറി രക്ഷപെടാൻ നോക്കി.
വിയർത്തു കുളിച്ച് ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേൽക്കുമ്പോൾ ഭാര്യ ഒന്നുമറിയാതെ അടുത്തു കിടന്നുറങ്ങുന്നുണ്ടായിരുന്നു.
അപ്പോഴേയ്ക്കും അകലെനിന്ന് ഇടിമുഴക്കങ്ങൾ കേട്ടു, വേനൽ മഴയ്ക്ക് ആശ്വാസമെന്നോണം ആകാശത്തുനിന്നും മഴത്തുള്ളികൾ പെയ്തിറങ്ങാൻ തുടങ്ങി.