മരണം സംഭവിക്കുന്നില്ല
പഴയതുപേക്ഷിച്ചു പുതുവസ്ത്രം
ധരിക്കുന്നേയുള്ളൂ.
ദ്വാപരയുഗത്തിൽ
ഗുരുസാന്ദീപനി
സുദാമന് പറഞ്ഞുകൊടുത്ത
ജീവന മന്ത്രമാണ്,
“കരുതൽ വേണം,
പുതുവസ്ത്രങ്ങൾ
യാചിച്ചാൽ കിട്ടുന്നതല്ല”…
പാണരെ, നമുക്കിനിയും പാടിനടക്കാം
വഞ്ചിപ്പാട്ടിന്റെയീണത്തിൽ,
ഒടുക്കമെങ്ങാനും
പുതുവസ്ത്രം ദാനമായ് കിട്ടിയാലോ…
കവി നടന്നുപാടും
യാചകൻ ഇരുന്നും പാടും
പട്ടുടുപ്പ് കിട്ടിയിലായി!
മുഷിഞ്ഞതും ജീർണ്ണിച്ചതും മാറ്റി
പട്ടുവസ്ത്രം ധരിച്ച
സുമുഖരെ നിങ്ങൾ കണ്ടിട്ടുണ്ടോ…
കോടിയുടുത്തു കിടക്കുമ്പോൾ
എന്തുചന്തമാണീ യുവാക്കളെ കാണാൻ!
അതുകൊണ്ടു തന്നെ
ജീർണ്ണവസ്ത്രങ്ങൾ ഉപേക്ഷിക്കാൻ
എനിക്ക് സാധ്യമായിരുന്നില്ല
സാന്ദീപനിയുടെ ശാപം…!
കോടി മണക്കണ തുണി
ഒരാവരണമാണ്
ജീർണ വസ്ത്രങ്ങൾ
അഴിച്ചുമാറ്റാനുള്ള ത്വരയുടെ,
ഇരയുടെ
ആവരണം…
അതിന് അതിജീവനത്തിന്റെ
രൂക്ഷഗന്ധമുണ്ട്
ചിലർ അലറിവിളിച്ചു കരഞ്ഞു.
പുതിയ വസ്ത്രങ്ങൾക്ക്
പുതിയ ബ്രാൻഡുകൾ
അവതരിച്ച നിമിഷം
സുന്ദരന്മാർ അതുടുത്തു
ചമഞ്ഞുകിടന്നു
ആലസ്യത്തോടെ കണ്ണടച്ചു.
ദേഹംവിട്ട ദേഹികൾ
വസ്ത്രം വേണ്ടാപക്ഷികളുടെ
ചിറകുകളായ്…
പഴയതും പുതിയതും പിച്ചിച്ചീന്തി
സുന്ദരികൾ പക്ഷെ, നഗ്നതയെ വരിച്ചു.
അവർക്ക് ഒരു വസ്ത്രത്തിലും
വിശ്വാസമില്ലാതായല്ലോ…
ദേഹിയെ കഴുക്കോലിൽ തൂക്കിയിട്ട്
അവരും കിടന്നു
തെളിയാതെ, വിരിയാതെ
വാടിക്കരിഞ്ഞ മൊട്ടുകളായി
അമ്മയുടെ ചതഞ്ഞ മാറിൽ
തലചായ്ച്ചു കിടന്നു.
അമ്മ ചുരന്നു
രക്തനിറമുള്ള പാല്…
എവിടെയാണ് ശാസ്ത്രം പിഴച്ചത്,
എന്തിനാണ് നിർവ്വചനങ്ങൾ
പുനരാവിഷ്‌ക്കരിക്കപ്പെട്ടത്,
എങ്ങനെയാണെനിക്ക്
കുചേലനെന്ന പേരുവീണത്?
സുദാമന്റെ ഉത്തരമില്ലാചോദ്യങ്ങളാൽ
പൊറുതിമുട്ടി
നനഞ്ഞവസ്ത്രം പോലെ
വേതാളം സമസ്യയുടെ മരക്കമ്പിൽ
ഞാന്നു കിടന്നു…
എന്റെ പാഴ്‌വസ്‌ത്രത്തിലാണ്
ഞാനിപ്പോഴും കിടക്കുന്നതും ഉറങ്ങുന്നതും
തൂങ്ങിയാടുന്നതും.
എനിക്കുള്ള കോടിമുണ്ടുമായ്
വരുന്നൊരു തോഴനെ
പ്രിയ മാനസചോരനെ
എന്റെ (മാത്രം) കണ്ണനെ
ഞാനിന്നും കാത്തിരിക്കുന്നു,
സാന്ദീപനിയെ ശപിച്ചു കൊണ്ട്…!
(കുറിപ്പ് : എന്നെ എന്നും സ്വാധീനിച്ച ഒരു പുരാണകഥാപാത്രമാണ് ശ്രീകൃഷ്ണൻ, എല്ലാവരുടെയും കണ്ണൻ! ഗീത ചൊല്ലിയോൻ, യാദവ നായകൻ. ഓർത്താൽ, ഗുരു സന്ദീപനിയുടെ സ്വാധീനം കൃഷ്ണനിൽ കാണില്ലേ?
ഈയൊരു ചിന്തയിൽ നിന്നും ഒരു satire രീതിയിൽ കഥയെഴുതി, പിന്നെ കവിതയും. എന്റെ സമസ്യ ഇതാണ്, കുചേലൻ പഠിച്ചതും ഇതേ ഗുരുവിന്റെ കീഴിൽ, കണ്ണന്റെ കൂടെ… എന്നിട്ടും… ഉച്ചനീചത്വങ്ങളുടെ ഒരു നേർക്കാഴ്ച എന്നെ വിമ്മിഷ്ടനാക്കുന്നു.
നമ്മുടെ കുട്ടികൾ ഇതിന്റെയെല്ലാം ഇരകളാണോ… ?
ഞാൻ അസ്വസ്ഥനാണ്.)