ഭക്തിയും വിഭക്തിയും

മകൻ വിദേശത്ത് നിന്ന് വന്നിട്ടുണ്ട്.അവധിക്കാലമാകുമ്പോൾ ഇടയ്ക്ക് അങ്ങനെ വരാറുള്ളതാണ്. മകനും മകളുമൊക്കെ വല്ലപ്പോഴും ഇങ്ങനെ എത്തുമ്പോഴല്ലാത്താപ്പോൾ താൻ വല്ലാതെ ഒറ്റപ്പെട്ടു പോകുകയാണ്. ഭാനു കൂടെയുണ്ടായിരുന്നപ്പോൾ ഒരാശ്വാസമായിരുന്നു. ചെറിയ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെയായിരുന്നെങ്കിലും അവൾ പോയപ്പോഴാണ് അവളുടെ വില അറിയുന്നത്. ഒരാൾ കൂട്ടിനുള്ളപ്പോൾ അതിന്റെ വില നാം അറിയാതെ പോകുന്നു. വിരസതയുടെ തുരുത്തിൽ ഒറ്റപ്പെട്ടു പോകുമ്പോഴാണ് ഒരു കൈത്താങ്ങിന് ആഗ്രഹിച്ചു പോകുന്നത്.സാന്ത്വനത്തിന്റെ ഒച്ചയനക്കത്തിന് കാതോർത്തു പോകുന്നത്.
കുറെ നാൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയി നോക്കി. കുറെയായപ്പോൾ അത് മടുത്തു. ജോലിക്കായി പോയതല്ല,വിരസതയ്ക്ക് ആശ്വാസമാകുമല്ലോ എന്നു കരുതി. സർക്കാർ ജോലിക്ക് പോകുമ്പോഴും എങ്ങനെയെങ്കിലും വിരമിച്ചാൽ മതിയെന്ന ചിന്തയായിരുന്നു എപ്പോഴും..അപ്പോൾ കൂട്ടിന് ഭാനുവും മക്കളുമുണ്ടായിരുന്നു.പിന്നെ മക്കൾ ഓരോ വഴിക്ക് പോയി. ഭാനുവും അധികം വൈകാതെ യാത്ര പറഞ്ഞു.
പണ്ടൊക്കെ മക്കളും ചെറുമക്കളുമൊക്കെ വരുമ്പോൾ ചിരിയും കളിയുമായി ആകെ ബഹളമായിരുന്നു.കുറെ നാളായി അതും ഇല്ലാതായി.എല്ലാവരും ചാറ്റിന്റെയും ഫെയിസ് ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയുമൊക്കെ ലോകത്തായതു കൊണ്ട് എത്ര പേരു വന്നാലും ഒരു ബഹളവുമില്ല. അച്ഛൻ ലാപ് ടോപ്പുമയി ഒരു മുറിയിൽ. അമ്മ മൊബൈലുമായി വേറൊരു മുറിയിൽ. മക്കൾ ടാബും മൊബൈലുമായി അവരവരുടെ ലോകത്ത്..
‘’അച്ഛാ,ഞാനൊരു കാര്യം അച്ഛനോട് പറയണമെന്ന് വിചാരിക്കുകയായിരുന്നു.’’ ആലോചനകൾക്ക് വിരാമമിട്ട് മകന്റെ ചോദ്യം.  ഔപചാരികത കണ്ടപ്പോൾ അയാൾക്ക് സംശയമായി.,സ്വത്ത് ഭാഗം വെക്കുന്ന കാര്യം വല്ലതും പറയാനാണോ?
‘’നമുക്ക് എല്ലാവർക്കും കൂടി ഒരു തീർഥയാത്രയ്ക്ക് പോയാലോ?’’ മകന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമാണ് തോന്നേണ്ടിയിരുന്നത്.പക്ഷേ..
അച്ഛൻ മറുപടി പറയാതിരുന്നത് കൊണ്ടാകാം മകൻ ചോദിച്ചു..’’അച്ഛന്റെ അഭിപ്രായമെന്താണ്?നമുക്ക് ഗുരുവായൂർ,പഴനി ഒക്കെ ഒന്ന് പോയിട്ട് വന്നാലോ..അച്ഛന്റെ ഈ മടുപ്പൊക്കെ ഒന്ന് മാറിക്കിട്ടും,നീതുവിനും കുട്ടികൾക്കും പോയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്.’’
തെല്ല് നിശബ്തതയ്ക്ക് ശേഷം അച്ഛൻ പറഞ്ഞു.’’ഇപ്പോൾ വേണ്ട മോനെ,അടുത്ത അവധിയ്ക്ക് വരുമ്പോഴാകാം.നിങ്ങൾ പോയിട്ട് വരൂ..ഭാര്യയുടെയും മക്കളുടെയും ആഗ്രഹം മുടക്കണ്ട.’’
അച്ഛന്റെ മറുപടി കേട്ടപ്പോൾ മകന് സന്ദേഹം,എന്തേ അച്ഛൻ ഇങ്ങനെ പറയാൻ..പക്ഷേ അച്ഛന് യാതൊരു സന്ദേഹവുമില്ലായിരുന്നു,’നടതള്ള’ലിനെക്കുറിച്ച് വന്ന റിപ്പോർട്ട് വായിച്ചിട്ട് പത്രം മടക്കി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളു അയാൾ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎച്ച്ആൻ‍ഡ് സി പുസ്തകമേള പാറമേക്കാവിൽ
Next articleമലയാളമോ തമിഴോ: മനോജ് കുറൂർ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here