ഹാ! ഉറക്കം

 

 

ഉറക്കമിന്ന് കപ്പൽച്ഛേതത്തിൽപ്പെട്ട
പുരാതന നാവികനെപ്പോലെ
അലറുന്ന നാല്പതു‘ കൾ കടന്ന്
ഹിമനികടങ്ങളിൽ കുരുങ്ങിക്കിടക്കുന്നു
കണ്ണിനും പുരികത്തിനുമിടക്ക്
പ്രകാശവർഷങ്ങളായ് ചേക്കേറുന്നു.
വൃദ്ധരുടെ കിടക്കകളിൽ നിന്നെന്നപോൽ
ദാലിയുടെ ഘടികാരമിഴിവിൽ വഴുതിയിറങ്ങി
പിന്നിലേക്കൊഴുകിയപ്രത്യക്ഷമാവുന്നു.
അടയാനായ് പിന്നെയും വെമ്പുന്ന പോളകളെ
പിൻവിളികളുടെ നടുക്കം തടഞ്ഞ് വയ്ക്കുന്നു.
കടന്നു പോയ കാറ്റിന് കണ്ട ഭാവമേയില്ല.
നീ പണ്ടുണ്ടായിരുന്നെന്നും
നിന്റെ ചതുപ്പുനിലങ്ങളിൽ നിലയറ്റ് താണ
വേവിൻ നട്ടുച്ചകൾ വിഷാദസന്ധ്യകൾ
നാട്ടുവെളിച്ചമമ്പേപകർന്ന രാവുകൾ
നീലക്കരിമ്പടമുയർത്തുമന്ത്യതാരകം
കൺചിമ്മിയുണർന്നയുഷസ്സുകൾ
ഒക്കെയും മറവിതൻ പൊരിവെയിൽ ഭേദിച്ച്
മസ്തിഷ്കജ്വരഭ്രാന്തിയാൽ
കിനാവിൻ കരിമ്പു പാടത്തിറങ്ങുന്നെന്നും
നിഷ്കൃത നാവികൻ പേർത്തുമോർമ്മിപ്പിക്കുന്നു.
നിയെങ്ങിനിരിക്കുമാനിരാമയരൂപത്തിൻ
വിഹ്വലതയിൽ പിന്നെയും പിന്നെയും
മുങ്ങിനിവരണമയ്യോ ജഗത്തിൻ
വിസ്മയ തീരങ്ങളിൽ പറ്റിക്കിടക്കണം!
ഹാഎത്തുക നീവേദന വിളവിറക്കും പാടങ്ങളിൽ
മാത്രമെന്തിനൊക്കെയും വാരിവിതയ്ക്കുന്നു?
രൂപദരിദ്രയാം ശ്യാമേനീ നീലത്തിരശ്ശീലയോ
അന്തമെഴാത്തതാം മൃത്യുവിൻ
എന്നും പുതുക്കും ചെറുമിന്നൽത്തലോടലോ?
സിരകളിൽ വേപഥുവിൻ തിരകളാൽ
നിന്നെക്കാത്തുകാത്തെത്രയാൾ
ചിത്തരോഗത്തിനെത്താസ്ഥലികളിൽ
നിത്യ ദിനാന്തക്കുറിപ്പുകളയക്കുന്നു.
ആഗ്നേയമാം നിൻ ഭൂതഗണങ്ങളൊക്കയുമൊന്നാ
യ്ത്തെളിയ്ക്കുമാച്ചിത്രരഥത്തിലെന്നയുമേറ്റുക.
അന്തമറ്റുറങ്ങട്ടെ ഞാൻകിനാവള്ളി
പോലെന്നെച്ചുറ്റുകവരിയുക.
പ്രഭാതങ്ങളൊഴിഞ്ഞ ദേശഭൂപട
ങ്ങളിലെന്നെയും നടതള്ളുക
കണ്മഷിപോൽ പടർന്നൊരീരാത്രി
ചിരന്തനമാകട്ടെയങ്ങിനെ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here