എങ്കിലും എന്റെ ശോശാമ്മേ…

 

 

രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ ഓരോരുത്തർ വന്നു തുടങ്ങുന്ന സമയമേ ആയിട്ടുള്ളു. ഇന്ന് ട്രയിൻ നേരത്തെ വന്നതു കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ തന്നെ ഓഫീസുകളുടെ സമയം ക്രമീകരിച്ചു വെച്ചിരിക്കുന്നത് ട്രയിനുകളുടെ വരവും പോക്കും അനുസരിച്ചാണല്ലോ? അതറിയാതെ ഓഫീസുകളിൽ എന്തെങ്കിലും അത്യാവശ്യത്തിന് വന്നു പെടുന്ന സാധാരണക്കാരൻ പെട്ടതു തന്നെ. അതിനിടയിലാണ് ശോശാമ്മ മാഡം ഓടിക്കിതച്ചെത്തിയത്. ’’അയ്യോ സാറേ, സാററിഞ്ഞായിരുന്നോ സാറേ കാര്യം?’’
ഒരു സാറെ വിളിക്ക് പകരം വെപ്രാളത്തിനിടയ്ക്ക് എത്ര സാറേന്ന് വിളിച്ചെന്ന് ശോശാമ്മയ്ക്ക് പോലും ഓർമ്മ കാണില്ല. പാവം, ശോശാമ്മയ്ക്ക് സ്ഥലം മാറ്റം വല്ലതും ആയിക്കാണണം, അതാണിത്ര വെപ്രാളം..

’’അല്ല,ശോശാമ്മേ,എങ്ങോട്ടേയ്ക്കാ മാറ്റം,അടുത്തു തന്നെയാണോ?’’

ഞാൻ ചോദിച്ചു തീർന്നില്ല,ശോശാമ്മയുടെ ഭാവം മാറി.

’’സാറ് ആവശ്യമില്ലാത്തതൊന്നും പറയല്ലേ,അല്ലെങ്കിൽ തന്നെ സാറിന്റെ നാക്ക് കരിനാക്കാണെന്ന് ഒരഭിപ്രായമുണ്ട്.’’
‘’എന്തായാലും ഇങ്ങനെ മെഗാ സീരിയലു പോലെ വലിച്ചു നീട്ടിക്കൊണ്ടു പോകാതെ കാര്യം പറ..’’

‘’സാറല്ലേ,കഴിഞ്ഞ് വർഷം പറഞ്ഞത്..’’

അത് പറഞ്ഞ് ശോശാമ്മ വീണ്ടും നിർത്തി.

ശോശാമ്മ്യ്ക്ക് വല്ല മെഗാസീരിയലിന്റെയും തിരക്കഥ എഴുതാൻ പോയാൽ നല്ല ഡിമാൻഡായിരിക്കുമെന്ന് ഞാനോർത്തു.

“കഴിഞ്ഞ വർഷം എനിക്ക് മാത്രം ഡ്യൂട്ടി ഇല്ലേയെന്ന് സാറ് ചോദിച്ചതു കൊണ്ടാകണം ഇത്തവണ എനിക്ക് ഡ്യൂട്ടി വന്നിട്ടുണ്ട്.’’

ഇപ്പോൾ കരയുമെന്ന മട്ടിൽ ശോശാമ്മ പറഞ്ഞു.ഈശ്വരാ ഇതിനാായിരുന്നോ ഈ വലിച്ചു നീട്ടൽ…?

‘’.സാറു തന്നെ ഒരു വഴി പറഞ്ഞു താ ഇതൊന്ന് ഒഴിവാക്കിക്കിട്ടാൻ..’’
പ്രതീക്ഷയോടെ ശോശാമ്മ എന്നെയൊന്ന് നോക്കി .’’

എങ്കിലും എന്റെ ശോശാമ്മേ,ഒരു ഇലക്ഷൻ ഡ്യൂട്ടി കിട്ടിയതിനാണോ ഈ പുകിലൊക്കെ? ’അല്ലാത്ത എല്ലാത്തിനും സ്ത്രീകൾക്ക് അമ്പതു ശതമാനം സംവരണം വേണമെന്ന് പറഞ്ഞാണല്ലോ നിങ്ങൾ സമരം…ശബരിമലയിൽ കേറാനും കുഴപ്പമില്ല. ഇലക്ഷൻ ഡ്യൂട്ടിയെന്ന് കേട്ടാൽ ഇല്ലാത്ത അസുഖങ്ങളില്ല. യഥാർഥത്തിൽ ഡ്യൂട്ടി ഒഴിവാക്കപ്പെട്ട സ്ത്രീകളെല്ലാം കൂടി ഞങ്ങളോട് വിവേചനം കാണിക്കരുതെന്ന് പറഞ്ഞ് സമരം നടത്തുകയല്ലേ വേണ്ടത്..’’

ഞാൻ പറഞ്ഞതിന് മറുപടിയില്ലാത്തതു കൊണ്ടാണോ എന്തോ ശോശാമ്മ ഒന്നും മിണ്ടിയില്ല.മൗനം ശോശാമ്മയ്ക്കും ഭൂഷണം !

’’അല്ല ഞാൻ ശോശാമ്മയെ ഉദ്ദേശിച്ച് മാത്രം പറഞ്ഞതല്ല,പൊതുവേ പറഞ്ഞെന്നേയുള്ളൂ..’’

ശോശാമ്മയെ ഒന്നു സമാധാനിപ്പിച്ചേക്കാം എന്ന മട്ടിൽ ഞാൻ പറഞ്ഞു.അതെനിക്ക് നന്നായി മനസ്സിലായി സാറേ എന്ന മട്ടിലാവും ശോശാമ്മ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. എന്റെ ഡ്യൂട്ടിയെങ്ങാനും ഒഴിവാക്കിക്കിട്ടിയില്ലെങ്കിൽ സാറിന് ഞാൻ വെച്ചിട്ടുണ്ട് എന്നാണോ അതിനർഥം?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒറ്റപ്പെടുത്തേണ്ട ബിജെപിയെ കെട്ടിപിടിക്കുന്നവര്‍
Next articleദേശാഭിമാനി പുരസ്‌കാരം യേശുദാസിന്‌
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here