മകനേ നിൻ ശ്രാദ്ധമുണ്ണാൻ വന്ന കാക്കകൾ കരയുന്നു..
മൃത്യുബോധത്തിൻ നടുക്കത്തിലച്ഛന്റെ നെഞ്ചിൽ
നെരിപ്പോട് കത്തിയെരിയുമ്പൊഴും
നൊമ്പരം മീട്ടുന്ന തന്ത്രികളിലമ്മയുടെ
ജീവതാളങ്ങൾ തകർന്നു വീഴുമ്പൊഴും
പെയ്യാ വിഷാദമേഘങ്ങളായ് പെങ്ങളുടെ
ചൈതന്യ ധാരകൾ വറ്റി വരളുമ്പൊഴും
കനവുകൾ ഞെട്ടറ്റ തമസ്സിന്റെ വഴികളിൽ
ഗതി തേടിയാത്മാവ് നില വിളിക്കുമ്പോഴും
കണ്ണീരുണങ്ങാത്ത ജീവന്റെ മുറിവുകൾ
മൗനനിശ്വാസമായ് മണ്ണിലുറയുമ്പൊഴും
കരളിലൊരു നൊമ്പരക്കിളിയുടെ തേങ്ങലായ്
കരുണക്കവാടങ്ങളിവിടെയടയുമ്പൊഴും
മകനെ നിൻ ശ്രാദ്ധമുണ്ണാൻ വന്ന കാക്കകൾ കരയുന്നു..
ചിറകറ്റ വെള്ളരി പ്രാവിന്റെ തേങ്ങലിൽ
തീരാത്ത ഗദ്ഗദം ബാക്കിയാവുമ്പൊഴും
ചുടുനിണപ്പാടുകൾ മായാത്ത വാളുകൾ
വീണ്ടും ബലിക്കല്ലിൽ മൂർച്ച കൂട്ടുമ്പൊഴും
അവസാന യാത്രയും ചൊല്ലാൻ മന:സാക്ഷി
കനിവു കാണിക്കാതെ വഴിയടക്കുമ്പൊഴും
ഓർമ്മകൾ വാർഷികം തീർക്കുമീ വേളയിൽ
തെരുവിലെ ജാഥയായ് ജനമിരമ്പുമ്പൊഴും
ഛായാപടത്തിൽ കരിംകൊടികൾ ചാർത്തുവാൻ
തോഴരുടെ മൽസരം ബാക്കിയാകുമ്പൊഴും
ചോരയ്ക്കു പകരം ചോരയെന്നാവേശ
ശബ്ദങ്ങളാകാശമേറ്റു വാങ്ങുമ്പൊഴും
തിരികെയിനിയെത്താത്തയോർമ്മകൾ മാത്രമായ്
മറവിയിലെങ്ങോ മറഞ്ഞു പോകുമ്പൊഴും
രക്തസാക്ഷിത്വങ്ങൾ ചിതറുന്ന ചോരയാൽ
അനുബന്ധ ചിത്രങ്ങൾ എഴുതി വെക്കുമ്പൊഴും
കൽപ്പാന്തകാലം വിതുമ്പുന്ന നൊമ്പര
പ്പൂക്കളായുറ്റവർ നിന്നെയോർക്കുമ്പൊഴും
മകനേ നിൻ ശ്രാദ്ധമുണ്ണാൻ വന്ന കാക്കകൾ കരയുന്നു..
മകനെ നിൻ ശ്രാദ്ധമുണ്ണാൻ വന്ന കാക്കകൾ കരയുന്നു..
[സമർപ്പണം…എല്ലാ രക്തസാക്ഷികളുടെയും ഓർമ്മകൾക്കു മുന്നിൽ..അവരുടെ കുടുംബങ്ങളുടെ തീരാത്ത വേദനയ്ക്കും തോരാത്ത കണ്ണീരിനും മുന്നിൽ..]