ഓൺലൈൻ കാലത്തെ ഓഫ്‌ലൈൻ കാഴ്ച്ചകൾ

 

മഴ

ആദ്യമായി പടികൾ കയറുമ്പോൾ വാവിട്ടു കരഞ്ഞതും എന്നെന്നേക്കുമായി പടികളിറങ്ങുമ്പോൾ മനസ്സ് തേങ്ങിയതുമായ ഇടത്ത് ശ്‌മശാന മൂകത. വർണ്ണ ശലഭങ്ങൾ പോൽ കുരുന്നുകൾ പാറി നടക്കേണ്ടിടത്ത് വീണ കരിയിലകൾക്ക് മുകളിൽ  മഴയുടെ കണ്ണീർ പെയ്ത്ത്. പുതുമഴ കൊണ്ട്  നനയ്ക്കാൻ പലവർണ്ണത്തിലുള്ള കുടകളും പുതിയ ബാഗും  യൂണിഫോമുമൊന്നും കിട്ടാത്ത വ്യസനത്തിലാണെത്രെ മഴ!

അമ്മ

കുസൃതിത്തരങ്ങളുടെ കോലാഹലങ്ങളുയർന്നപ്പോൾ ചൂരൽ കൊണ്ട് മേശയിലടിച്ച് ശബ്ദമുണ്ടാക്കിയ ടീച്ചറെ പോലെ അമ്മ പുതിയൊരു വേഷവുമണിഞ്ഞു. പഠനമുറിയിലെ ശബ്ദങ്ങൾ അടുക്കളയിലെത്തിയപ്പോൾ പാത്രങ്ങളിൽ തവിയടിച്ച് മുന്നറിയിപ്പ് കൊടുത്തു.  പണിയില്ലാതിരിക്കുന്ന അച്ഛൻ അടുത്ത ക്ലാസിലെ കുസൃതി നിറഞ്ഞ കൂട്ടുകാരനായി. യൂടൂബിലേക്ക് ഡിജിറ്റൽ പേജുകൾ തള്ളി നീക്കുമ്പോൾ മുത്തച്ഛൻ കണ്ണുരുട്ടി. ചോദിച്ചത് എത്തിച്ചു കൊടുത്തും നേരം നോക്കി ഇടവേള കൊടുത്തും പിയൂണിൻറെയും   ഉച്ചക്കഞ്ഞി വെച്ച് വിളമ്പുന്ന ചേച്ചിയുടെയും ജോലി ഒഴിവുകൾ വേറെയാർക്കും  വിടാതെ അമ്മ തന്നെ സ്വയം നികത്തി!

നെറ്റ്

റേഞ്ച് പൊഴിക്കാൻ ടവർ മരങ്ങളില്ലാത്ത നാട്ടിൽ ഡാറ്റാ ക്ഷാമം രൂക്ഷമായി. ടവറിലേക്കുള്ള ദൂരമേറും തോറും ശബ്ദവും ദൃശ്യവും മുറിഞ്ഞു. മറ്റുള്ളിടത്ത്  മണിമണി പോലെ ചൊല്ലിയും പറഞ്ഞും നടന്ന ടീച്ചർമാർ ആ നാട്ടിലെത്തിയപ്പോൾ അവശരായി. ടെറസിന് മുകളിലും കന്നിമൂലയിലും വടക്കേ തൊടിയിലുമൊക്കെയെത്തുമ്പോൾ അവരുടെ ചലന വേഗമുയർന്നു, ശബ്ദം കൂടി. “അയ്യോ അമ്മേ പോകല്ലേ” എന്ന പതിറ്റാണ്ടുകളായുള്ള ജൂണ്മാസത്തിലെ കുസൃതിക്കരച്ചിലുകൾ “അയ്യോ നെറ്റെ  പോകല്ലേ” എന്ന പക്വതയേറിയ ആവലാതിയിലേക്ക് വഴിമാറി!

ക്ലാസ്സ്‌ മുറി

ഓഫീസ് മുറിയിലെ ഡസ്റ്ററിൽ തലചായ്ച്ച് തള്ളപ്പല്ലിക്ക് സുഖനിദ്ര. ക്‌ളാസ്സ്‌  ബോർഡുകളിലെ നിറം മങ്ങിയ ബോർഡിൽ പല്ലിക്കുഞ്ഞുങ്ങൾ അക്ഷരങ്ങളെഴുതിക്കളിക്കുന്നു. ചുവരിലെ ലോകത്തിന്റെ ഭൂപടത്തിന് മുകളിലൊരു ചിലന്തിവല.  ഈ കാലത്തെ ഒഴിച്ച് കൂടാനാവാത്ത ഉടയാടയും ലോകമെമ്പാടും  ലിംഗ പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്നതുമായ മുഖക്കച്ചപോലെ ചിലന്തി വല ആ ക്ലാസ്സ് മുറിയിൽ  എത്ര കാലമുണ്ടാവും? കുരുന്നുകളുടെ കലപിലയവിടെ ഉയരും വരെയെന്നത് ശെരിയുത്തരം!

മഷിപ്പച്ചയും തൊട്ടാവാടിയും

വഴിയരികിലെ മഷിപ്പച്ചകൾക്ക് നിരാശ. കുടിച്ച് വയറു വീർപ്പിച്ചത് വെറുതെയായെന്ന്. ആരും വന്നില്ല. അല്ലെങ്കിലും കുറച്ച് കാലങ്ങളായി ഇങ്ങനെ തന്നെയാണ്. മുടങ്ങാതെ വരുന്ന വേനൽ മഴയെ വെറുപ്പിക്കേണ്ടല്ലോ എന്ന് കരുതി വാങ്ങി കുടിക്കുന്നതാണ്. “നിനക്ക് നീരൊഴുക്കാനാവാത്തതിലാണോ സങ്കടം? ഞാനെൻറെ ഇലകളൊന്ന് കൂമ്പിയടച്ചിട്ട് എത്ര കാലമായെന്നോ? ആരെങ്കിലുമൊന്ന് പുറത്തിറങ്ങേണ്ടേ” തൊട്ടാവാടിയുടെ വലിയ ദുഃഖത്തിൽ മഷിപ്പച്ചയുടെ ചെറിയ സങ്കടം അലിഞ്ഞില്ലാതായി!

ഘടികാരം

ആറുമണിക്ക് വിളിക്കണം. അപ്പോഴേ ഏഴുമണി ആകുമ്പോഴേക്ക് എഴുന്നേൽക്കൂ. “അമ്മേ ഞാൻ വന്നിട്ട് കുളിച്ചാൽ പോരെ?” ചിണുങ്ങൽ തുടരും.”പറ്റില്ല, കുളിച്ച് ഫ്രഷ് ആയി പോയാലേ ഈ കുഞ്ഞു തലയിൽ എന്തേലും കയറൂ..” അപ്പോൾ പറഞ്ഞു തുടങ്ങിയാൽ എട്ടുമണി ആകുമ്പോഴേക്ക് കുളിക്കും. ഒരുങ്ങലും ചിണുങ്ങലും  മടിയുമൊക്കെയായി നേരം ഒമ്പതിലെത്തുമ്പോൾ ഈറൻ മുടിയോടെ  പ്രാതലിന് മുമ്പിലെത്തിയിട്ടുണ്ടാവും. ഒമ്പതരയ്ക്ക് വണ്ടി വന്ന് ഹോൺ മുഴക്കുമ്പോഴും പ്ളേറ്റിൽ സാമ്പാറിൽ മുങ്ങിയൊരു ഇഡ്ഡലി ബാക്കി കിടപ്പുണ്ടാവും. അതും ചേർത്താണ് അമ്മമാരുടെ പ്രാതൽ! ഇതിനിടയിൽ പലവട്ടം നോട്ടം ക്ളോക്കിലേക്ക് പതിഞ്ഞിട്ടുണ്ടാവും. ഇപ്പോൾ നോട്ടങ്ങളധികം  കിട്ടാതെ ക്ളോക്കുകൾ ചലിച്ചു കൊണ്ടിരിക്കുന്നു. “അമ്മേ ഞാൻ കുളിച്ചിട്ട് ക്ലാസ്സ് കണ്ടാൽ പോരെ?” ഉറക്കപ്പായയിൽ നിന്നും ചോദ്യമിറങ്ങി വന്നു. “വേണ്ട, ഇപ്പൊ പല്ല് തേച്ച് ചായ കുടിക്ക്.. ന്നിട്ട് നെറ്റ് ഓണാക്കി സമയത്തിന് ഹാജർ പറയ്.. ഇനി ഞാനെന്തെങ്കിലും വാട്ട്സാപ്പിൽ നോക്കുമ്പോഴാവും ൻറെ ക്ലാസ്സ് ഒന്ന് വെച്ച് തരോ ന്ന് പറഞ്ഞു വരാ..!”

ലീവ് ലെറ്റർ

“പനിയും തലവേദനയുമായതിനാൽ ഇന്നലത്തെ ലീവ് അനുവദിക്കാൻ അപേക്ഷ” കീറിയ പേജിലോ ഡയറിയിലെ എഴുതിയച്ചിരുന്ന ലീവിനുള്ള അപേക്ഷകൾക്ക് താത്കാലിക വിട. ഒഴിവാക്കാൻ കഴിയാത്ത വിരുന്നും കല്യാണങ്ങളും കവർന്നിരുന്ന അധ്യായന ദിനങ്ങളെ ഓൺലൈനിലൂടെ കോവിഡ് തിരിച്ചു പിടിച്ചു. “അമ്മേ, ഞാൻ രണ്ടീസം വീട്ടിൽ നിന്നിട്ട് വന്നാലോ…” തലേന്ന് ഭർത്താവിൽ നിന്ന് കിട്ടിയ അനുമതിയുടെ ബലത്തിൽ അമ്മായിയമ്മയോട് മടിച്ചു മടിച്ചാണ് സമ്മതം ചോദിക്കുക. “ഇന്ന് പോയാലെങ്ങനാ.. നാളെ പിള്ളേർക്ക് ക്ളാസ്സുള്ളതല്ലേ? അത് മുടക്കണ്ട, നാളെ സ്‌കൂൾ വന്നിട്ട് പോയാൽ തിങ്കളാഴ്ച്ച സ്‌കൂൾ വണ്ടി വരുമ്പോഴേക്ക് ഇങ്ങട്ട് വരാല്ലോ..” എന്ന പതിവ് പല്ലവിക്ക് താത്കാലിക വിട. “ഉം പൊയ്ക്കോ.. ക്‌ളാസ്സ് നല്ലപോലെ കാണാൻ അവിടെ റേഞ്ച് ഒക്കെ ഉണ്ടല്ലോ അല്ലേ..!”

ഹോം വർക്ക്

“എന്ത് ചെയ്യാനാ ചേച്ചീ, മൂത്തവളെ സ്‌കൂളിലേക്കും താഴെയുള്ളവനെ അംഗൻ വാടിയിലും അയച്ചാൽ ഇഷ്ട്ടം പോലെ സമയം ണ്ടാർന്നു.. ഇപ്പൊ അവരുടെ ഹോം വർക്കും ന്റെ ഹോം വർക്കും കൂടി ആകെ കുഴഞ്ഞു. ന്നാ പിന്നെ വിളിക്കാം ട്ടാ..” കാൾ കട്ട് ചെയ്ത് ഫോൺ ചാർജർ ഘടിപ്പിച്ചു. കൈവെള്ളയിലിരിക്കേണ്ട ആ ക്‌ളാസ്സ്‌ മുറിക്ക് ഊർജ്ജം വേണം. ഇനിയുള്ള മണിക്കൂറുകൾ ടീച്ചറും മാഷുമൊക്കെ പാഠഭാഗങ്ങളുമായി അതിൽ വരും. പഠിപ്പിക്കാനുള്ള പാഠഭാഗങ്ങളും ശേഷം ഉത്തരം എഴുതി തിരിച്ചയക്കേണ്ട ചോദ്യങ്ങളും  വാട്ട്‌സ്ആപ്പിലെത്തും. ടീച്ചർ പറഞ്ഞത് ആവർത്തിച്ച് പറഞ്ഞ് മനസ്സിലാക്കിപ്പറഞ്ഞു കൊടുത്താൽ മാത്രം പോരാ, ചോദ്യങ്ങൾക്ക് ഉത്തരം പറയിപ്പിച്ച് തിരികെ അയച്ചു കൊടുക്കുകയും വേണം. “ഇനി എല്ലാവര്ക്കും ഇന്നത്തെ ഹോം വർക്ക് പറഞ്ഞു തരാം” ക്ലാസ്സിന് ശേഷം ടീച്ചറുടെ ശബ്ദം മുഴങ്ങി. എത്രയെത്ര ഹോമുകളിലാവും പല പല വർക്കുകൾക്കിടയിൽ ആ ശബ്ദം സമ്മർദ്ദമേറ്റിയിട്ടുണ്ടാവുക? സോപ്പിൽ പുതഞ്ഞിരിക്കുന്ന വസ്ത്രങ്ങളും കരിഞ്ഞ വിഭവങ്ങളും മാറ്റിവെച്ച പലപല ജോലികളും ഉത്തരം പറയട്ടെ. മാസ്കിനുള്ളിൽ മാത്രമല്ല വീടുകൾക്കുള്ളിലും ചിരികൾ ശ്വാസം മുട്ടി മരിച്ചെന്ന്!

ചങ്ക്

ഏത് കുരുത്തക്കേടിലും കൂടെ നിൽക്കുന്ന ഒരു ചങ്കുണ്ടാവും എല്ലാവര്ക്കും സ്‌കൂളിൽ. മറ്റുള്ളവരിൽ നിന്നൊക്കെ സംരക്ഷിക്കാനും ഉച്ചയൂണിനും ഇടവേള സമയത്തെ കാലികൾക്കുമൊക്കെ കൂട്ട് ആ ചങ്കായിരിയ്ക്കും. വിഷമം നിറഞ്ഞ മുഖം തന്റെ മുഖത്തിന് നേരെ തിരിച്ചു പിടിച്ച് ‘പോയി പണി നോക്കാൻ പറയ്’ എന്ന് ചൊല്ലിയ ആ ചങ്കിന് പകരക്കാരി ഇപ്പോൾ മുത്തശ്ശിയാണ്. “എന്തിനാ ആ കുഞ്ഞിനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്..” എന്ന് പറഞ്ഞു അമ്മയുടെ പല ദേഷ്യപ്രകടനങ്ങളെയും അടിച്ചൊതുക്കിക്കളഞ്ഞ ചങ്ക്. കുഞ്ഞു നുള്ളി നോവിക്കലിലും ചീത്ത പറയലിലും തല ചായ്ച്ച് കണ്ണീർ വർക്കാനുള്ളയിടം. “അമ്മയിത് എന്തറിഞ്ഞിട്ടാ.. എത്ര പഠിക്കാനുണ്ട് ന്ന് അറിയോ..” ഇടയ്ക്ക് മുത്തശ്ശിയുടെ നേരെയും ചോദ്യം വരും. “ഇവൾടെ പ്രായത്തിലേ നീ സ്‌കൂളിൽ പോവൂല്ലാ ന്ന് പറഞ്ഞ്  ചീറി പൊളിച്ചിട്ടുണ്ട്, ഈ ഇടവഴി മുതൽ അരകിലോമീറ്റർ അപ്പുറമുള്ള സ്‌കൂള് വരെ.. അത്രയൊന്നും ഇല്ലാല്ലോ…” മുത്തശ്ശിയുടെ ചുണ്ടനക്കം നോക്കിയിരുന്നു പോയി കരഞ്ഞു കലങ്ങിയ കുഞ്ഞു കണ്ണുകൾ.. “പോയി പണി നോക്കാൻ പറയ്..” ന്നു ആശ്വസിപ്പിച്ച  ചങ്കിനെ നോക്കിയ അതേ സ്നേഹത്തോടെ!

കാത്തിരിപ്പ്

പുതുമഴ നനഞ്ഞ മണ്ണിന്റെ ഗന്ധം പോലെ സ്‌കൂൾ തുറക്കുന്നതും മുൻകൂട്ടി കണ്ടിറക്കിയ  പുതിയ പുസ്തകങ്ങളുടെ ഗന്ധത്തെ പുറം തള്ളിയാണ് ജൂണിലെ പ്രഭാതങ്ങളിൽ അയാളുടെ കടയുടെ ഷട്ടർ മുകളിലോട്ട് ഉയരാറുള്ളത്. വര്ഷാവര്ഷങ്ങളായി തുടരാറുള്ള പതിവുകൾ പലതും മാറിയപ്പോൾ പല നഷ്ടങ്ങളുടെ ഗണത്തിൽ ആ പുതുമണവുമുൾപ്പെട്ടു. ലോക് ഡൗൺ ഇളവിൽ തുറക്കാൻ അനുമതി ലഭിച്ച ആഴ്ചയിലെ ചില ദിവസങ്ങളിൽ കടതുറന്നപ്പോൾ ഷട്ടറിന് പതിവില്ലാത്ത ശബ്ദം. തന്റെയുള്ളിൽ അടക്കിപ്പിടിച്ച തേങ്ങലാണോ ഷട്ടർ ഉറക്കെ വിളിച്ചു കൂവുന്നതെന്ന് അയാൾ സന്ദേഹിച്ചു. നാമ മാത്രമായ കച്ചവടം കഴിഞ്ഞ് ഷട്ടറിനെ തിരിച്ചു താഴേക്ക് ഇറക്കുമ്പോഴും ആ കൂവൽ തുടർന്നു. കുറേ ദിവസം തുടർച്ചയായി അടച്ചിട്ടപ്പോൾ തുരുമ്പ് കയറിയതാവും . ഇനി തുടർച്ചയായി തുറക്കാൻ കഴിഞ്ഞാൽ ആ കൂവൽ നിൽക്കും; തന്റെ ഉള്ളിലെ തേങ്ങലും!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here