എന്റെ ഒച്ചയെ
ഞാനൊരു കുടത്തിലടച്ചിട്ടു
കുടമെടുത്ത് തലയില്‍ വച്ചു
തലയെടുത്ത് കയ്യില്‍ വച്ചു
കയ്യെടുത്ത് കാലില്‍ വച്ച്
ധൃതി പിടിക്കാതെ നടക്കുകയാണ്
പോകും വഴി
ഒരു കൂട്ടം വിശന്ന
പശുക്കളുടെ ബേ….ബേ
ഒരാടിന്റെ ശാന്തതയുള്ള മേ…..മേ
ഒരു കാളയുടെ മുക്ര
ഒരു നായയുടെ ബൗ…ബൗ
സൂര്യനെ കളിയാക്കിയ
കോഴിയുടെ കൊക്കരക്കോ
കാലന്‍കോഴിയുടെ പൂവ്വാ….പൂവ്വാ
തത്തയുടെ പൂച്ച….പൂച്ച
വിഷുക്കിളിയുടെ
വിത്തും കൈക്കോട്ടും
കാക്കയുടെ ചരിഞ്ഞ കാ…. കാ
താറാവിന്റെ ക്വാ… ക്വാ
കുയിലിന്റെ കൂ…കൂ
പാമ്പിന്റെ ഊത്ത്
കൂമന്റെ മൂളല്‍
ആനയുടെ ചിന്നം വിളി
കുതിരച്ചിനപ്പ്
കഴുതക്കഴപ്പ്
പന്നി മുരളല്‍
പൂച്ചയുടെ മ്യാവൂ….മ്യാവൂ
പുള്ളിന്റെ ചിലപ്പ്
വെരുകിന്റെ ചീറല്‍
പൂത്താംകീരിയുടെ കീ… കീ
പ്രാവിന്റെ ചങ്കിലെ
സമാധാനം കുറുകല്‍
അണ്ണാറക്കണ്ണന്റെ
തന്നലായതും അല്ലാത്തതുമായ
ചില്ലക്ഷരങ്ങള്‍
ഇലയനക്കം
പൂവനക്കം
വേരനക്കം
വിത്തനക്കം
മുളയനക്കം
ഇടി, മഴ,
കാറ്റ്, വെയിലുണക്കം
നിഴല്‍ സീല്‍ക്കാരങ്ങള്‍
പത്രക്കാരന്റെ ബെല്ലടി
മോല്യാരുടെ വാങ്ക്
പിതാവിന്റെ മണിയടി
ദേവന്റെ ശംഖ്
വേശ്യയുടെ കുലുങ്ങിച്ചിരി
കുട്ടികളുടെ കരച്ചില്‍
മുനിസിപ്പാലിറ്റിയുടെ സൈറണ്‍
തി കെടുത്താനോടുന്ന കൂട്ടമണി
ആംബുലന്‍സിന്റെ നിലവിളി
എണ്ണമറ്റ ഹോണുകള്‍
പീപ്പി, കൊമ്പുകുഴലുകള്‍
ചെണ്ട മദ്ദളങ്ങള്‍
പുളിച്ച തെറി
പിരാക്കുകള്‍
ഭ്രാന്തന്റെ പാട്ട്
തോറ്റതും ജയിച്ചതും
അലറുന്ന ഉച്ചഭാഷിണി
ആമയുടെ വിജയാഹ്ലാദം
മുയലിന്റെ കൂര്‍ക്കം
ഇരയുടെ കിതപ്പ്
വേട്ടയുടെ ഇരപ്പ്
അരമന രഹസ്യം
അങ്ങാടിപ്പാട്ട്
വെടി,
ഏമ്പക്കം, ക്ഷയച്ചുമ
ഊര്‍ധ്വന്‍, ചാക്കാല
വണ്ടിക്കാളയുടെ
ചക്രശ്വാസം
ചാട്ടവാറടി
മുദ്രാവാക്യങ്ങള്‍
ചിതയാളല്‍
ചിതലരിപ്പ്
ഓരോന്നും എടുത്തു
കുടത്തിലിട്ടു
കുടത്തില്‍ നിന്ന്
തലയെടുത്തു
തലയെടുത്ത് കയ്യില്‍ വച്ചു
കയ്യെടുത്ത് കാലില്‍
വച്ചപ്പോളല്ലേ
ഒച്ചപോയ എല്ലാത്തുങ്ങളും വന്ന്
എന്റെ ഒച്ച തായോ
ഞങ്ങടെ ഒച്ചതായോ
എന്ന് ഉറുമ്പടക്കം
കെട്ടിപ്പിടിച്ചത്
അങ്ങനല്ലേ
കൊടുത്ത് കൊടുത്ത്
എനിക്ക് ഒച്ചയില്ലാണ്ടായത്
എന്നാലും സമാധാനമുണ്ട്
രാജാവിപ്പോളും
തുണിയിടാതെ നടക്കുന്നുണ്ട്
ഒച്ചയില്ലാത്തതു കൊണ്ട്
എനിക്കതു പറയണ്ടല്ലോ
നിനക്കതു കേള്‍ക്കണ്ടല്ലോ…
ശിവപ്രസാദ് പാലോട്