ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം കരുണാകരന്

 

 

ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം കരുണാകരന്. ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്‌കാരിക കലാകേന്ദ്രം ഒ.വി വിജയന്റെ സ്മരണക്കായി നല്‍കുന്ന ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരമാണ് കരുണാകരന് ലഭിച്ചത്.  കരുണാകരന്റെ യുവാവായിരുന്ന ഒന്‍പതു വര്‍ഷം എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,001 രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

സമീപകാല മലയാള നോവലുകളില്‍ ഏറ്റവും സവിശേഷമായ ആഖ്യാനമാണ് കരുണാകരന്റെ രചനയെന്ന് പുരസ്‌കാരനിര്‍ണ്ണയ സമിതി അംഗം അജയ് പി.മങ്ങാട്ടും മുഖ്യ ഉപദേശകന്‍ സി.ആര്‍.നീലകണ്ഠനും പറഞ്ഞു. 2015 ജനുവരിയിലും 2018 ഡിസംബറിനുമിടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിച്ചത്. നവംബര്‍ മൂന്നിന് ഹൈദരാബാദിലെ എന്‍.എസ്.കെ.കെ. സ്‌കൂള്‍ അങ്കണത്തില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.

 

പുരസ്കാരത്തോടുള്ള കരുണാകരന്റെ പ്രതികരണം:

എഴുത്തുകാരുടെ രാജ്യം അവരുടെ ഭാഷയാണ് എന്ന് ഞാന്‍ ആദ്യം അറിയുന്നത് ഒ. വി. വിജയന്റെ രചനകളിലൂടെയാണ്. പിന്നെ രാജ്യം വിട്ട്‌ പാര്‍ക്കുമ്പോഴും ഞാന്‍ രാജ്യം വിട്ടില്ല. തൊണ്ണൂറുകളുടെ ആദ്യം ഞാന്‍ കഥകളും കവിതകളും എഴുതാന്‍ തുടങ്ങിയ കാലത്ത്, പിന്നെ എന്റെ ആദ്യത്തെ കഥാസമാഹാരം വന്ന സമയത്ത്‌, എനിക്ക് ആദ്യം കിട്ടിയ ഒരു കത്തും വിജയനില്‍ നിന്നായിരുന്നു. എഴുത്തില്‍ ഈ ജേഷ്ഠസഹോദരന്റെ എല്ലാ ആശംസകളും നേരുന്നു എന്ന് പറഞ്ഞുകൊണ്ട്. കാലം കടന്നുപോയി. വിജയന്‍ പോയി. കാണാന്‍ ആഗ്രഹിച്ച സന്ദര്ഭങ്ങള്‍ക്കും ഒപ്പം. പക്ഷെ വിജയനും വിജയന്‍റെ എഴുത്തും വിജയന്‍റെ പ്രമേയങ്ങളും ഞാന്‍ ഓര്‍ത്തുകൊണ്ടേ ഇരുന്നു. ചിലപ്പോള്‍ അതിനെപ്പറ്റിയും എഴുതി. ഇപ്പോള്‍ വിജയന്റെ പേരില്‍ ഈ പുരസ്ക്കാരം. യുവാവായിരുന്ന വര്‍ഷങ്ങളുടെ ഓര്‍മ്മ സന്ദര്‍ശിച്ചുകൊണ്ട്. എന്നെ വിളിച്ചും സന്ദേശമയച്ചും ഇവിടെ എഴുതിയും സ്നേഹമറിയിച്ച എല്ലാ ചെങ്ങാതിമാര്‍ക്കും നന്ദി. അവരും, എന്നെപ്പോലെ, അല്ലെങ്കില്‍ നമ്മുടെ എഴുത്തുജീവിതത്തില്‍ ആന്റിനപോലെ നിന്ന ഒ. വി. വിജയനെ ഓര്‍ക്കുന്നു എന്നുമറിയാം. എല്ലാവര്‍ക്കും നന്ദി പറയുന്നു.

– കരുണാകരൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here