കണക്കിലെ കളി
അറിയാമോ?
ജീവിച്ചിരിക്കുമ്പോൾ നേരിട്ട്
തീർക്കാൻ പറ്റണ
കളികളേ കണക്കിലുള്ളു.
ജീവനോടെയിരുന്നാൽ
ഉത്തരിപ്പ് കണക്ക് കൂട്ടി നോക്കാം
കണക്കുകൾ
പരസ്പരം കൊടുത്തു തീർക്കാം
പിടിച്ചു വാങ്ങാം
അല്ലെങ്കിൽ വലിച്ചെറിയാം.
ഉത്തരം ശരിയല്ലെങ്കിൽ
പറഞ്ഞു തീർക്കാം
പറ്റിയില്ലെങ്കില്‍
എങ്കിൽ മാത്രം
അരിഞ്ഞും കരഞ്ഞും തീർക്കാം
കണക്ക് കൂട്ടാതെയും തീരാം!
മരിച്ചുകഴിഞ്ഞാൽ അവരിറങ്ങും.
ഭൂതത്തെ കാക്കുന്ന കോമരങ്ങൾ
ആത്മാക്കളുടെ ദല്ലാളന്മാർ,
അവർ കണക്കുമായി വരും
വട്ടംകൂടാത്ത ചതുരപ്പലകയിൽ
വരച്ച കളങ്ങളിൽ
വെളുത്ത കണക്കുകൾ നിരത്തും
കൊടുക്കാതെ നിവർത്തിയില്ല
പരേതാത്മാക്കളുടെ കണക്കാണ്
ശാസ്ത്രമാണ്
തീരണം, കണക്ക് തീർക്കണം!
എല്ലാം കണക്കാണ്
കണക്കിലാണ് കാര്യം
കൂട്ടലും കിഴിക്കലുമാണ്
പ്രാഥമിക പാഠം.
ബന്ധങ്ങൾ അങ്ങിനെ
കണക്കുശാസ്ത്രമായി
ഒതുങ്ങിപ്പോകുന്നു…