1
വെറുതെ മുട്ടിക്കൊണ്ട് മുഷിയണൊ
ഓടാമ്പലിട്ട് പൂട്ടാൻ അകത്ത് ആരെങ്കിലും കാണുമൊ
കാറ്റിൽ അടഞ്ഞുപോയതായിക്കൂടെ
മുട്ടാൻ മിനക്കെടാതെ ചുമ്മാ
ഒന്നുന്തി നോക്കൂ
തുറക്കപ്പെടില്ലെന്നാര് കണ്ടു
2
ചുമ്മാ തേടിയാലൊന്നും ശരിയാകില്ല
തേടാതിരുന്നാലും കണ്ടെത്തണമെന്നില്ല
കണ്ടെത്തുന്നവനെ മുന്നെ
കണ്ടെത്തിക്കഴിഞ്ഞാൽ
തടി കേടാക്കാതെ
ഉമ്മറപ്പടിയിൽ ചുമ്മാതിരിക്കാം
അയൽവക്കത്തെ കോഴി
കൂവുന്നത് കേൾക്കാം
ആരാന്റെ കാക്ക
കദളിവാഴക്കയ്യിലിരുന്ന്
കരയുന്നത് കേൾക്കാം
ഭൂമിയുടെയും ആകാശത്തിന്റെയും
പുതിയ നിയമങ്ങൾ
സഹജമായി അയവിറക്കാം
3
ചുമ്മാ ജീവിച്ചാൽ
ചുമ്മാ മരിക്കാം
ചുമ്മാ മരിച്ചാൽ
അപാരതയെ ചുംബിക്കാം
4
ചുമ്മാ കൂരിരുട്ടിൽ മിന്നിപ്പൊലിയുന്നു
മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടം
ചുമ്മാ തരുന്നിളങ്കാറ്റ്
കവിളിൽ നറുംചുംബനങ്ങൾ
ചുമ്മാ വിടരുന്നു മുൾശയ്യയിൽ
ചുവന്ന പൂക്കൾ
പമ്മിവരുന്നിതാ മൃത്യു ചുമ്മാ
ജീവന്റെ മൂല്യവർദ്ധിതമാം ഉപോല്പന്നമായി
5
ആരുമാകാൻ കൊതിക്കാതെ
ശൂന്യചാരുതയിൽ രമിക്ക നീ
ചാരമായിടും മുന്നെ പക്ഷം വിരുത്തി
ചുമ്മാ പറക്ക നീ വിശാലനീലവാനിൽ.
Click this button or press Ctrl+G to toggle between Malayalam and English