എനിക്കറിയാം
നീ ഇവിടെ എവിടെയോ ഉണ്ട്
എന്റെ കണ്ണുകൾക്ക് എത്താനാവാത്ത ഏതോ കോണിൽ ഇരുന്ന് നീ എന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്
എനിക്ക് വേണ്ടതെല്ലാം ഒരുക്കി..
ചന്ദനത്തിൽ പൊതിഞ്ഞ നീലതുളസിയുടെ നേർത്ത മണം
ഏത് പുകമറക്കുള്ളിലും തിളങ്ങുന്ന നിന്റെ സ്വർണ വെളിച്ചം
നീ ചിരിക്കുമ്പോൾ വിടരുന്ന പനിനീർ പൂക്കൾ
നിന്റെ ശബ്ദം കേട്ടു രസിക്കുന്ന പുള്ളിക്കുയിൽ
നീ വരക്കുമ്പോൾ വിരിയുന്ന മഴവില്ല്
നിന്നെ പിരിയാത്ത മഴമുകിൽ
നിന്നെയുറക്കുന്ന നറുനിലാവ്
സങ്കടങ്ങളുടെ ഓലക്കീറു നീക്കി
ഇന്നെന്റെ കുടിലിൽ…
എന്നത്തേയും പോലെ പകൽസ്വപ്നമാണോ
എവിടുന്നോ ഒരു കാറ്റ് പറന്ന് വന്ന്
തണുത്ത കൈയ്യാൽ ചുറ്റി പിടിച്ചു
എന്നെ മറ്റേതോ ലോകത്തേക്ക്
കൊണ്ടു പോയതാകുമോ?
അതോ നിന്റെ ഓർമയിൽ
സ്വപ്നത്തിൽ
ഞാൻ ചിരിച്ചു പൂവിട്ട് നിന്നതാകുമോ?
അനന്തകോടി ചുഴികളിലും
എന്റെ കടൽ ശാന്തമാകുന്നു
സ്നേഹമേ
ആരുടെ കണ്ണിലൂടെയാണ് നീ എന്നെ നോക്കുന്നത്?!