തിരിച്ചുവരാത്ത യാത്രക്കാർ

index

“പണ്ട് പണ്ട് ഒരിടത്ത് ഒരാണ്‍കിളിയും പെണ്‍കിളിയും ഉണ്ടായിര്ന്ന്‍.” കാര്‍ത്ത്യായനിയമ്മ ഇടറിയ ശബ്ദത്തില്‍ കഥ പറഞ്ഞുകൊണ്ടിരിക്കയാണ്. തൊട്ടടുത്തുതന്നെ കാതുംകൂര്‍പ്പിച്ച് ഇരിക്കയാണ് പേരക്കിടാവ്, അഞ്ചുവയസ്സുകാരി അനഘ.
“ആണ്‍കിളിയും പെണ്‍കിളിയും അങ്ങുമിങ്ങുയൊക്കെ പറന്നലഞ്ഞ് ചുള്ളിയും നാരുയൊക്കെ കൊത്തികൊണ്ട് വന്ന്‍ ഒര് മരചില്ലമേല്‍ കൊച്ച് കൂട്ണ്ടാക്കി അതില്‍ സന്തോഷത്തോടെ ജീവിക്കയായിര്ന്നേ. അങ്ങനെ ജീവിച്ചോണ്ടിരിക്കേ പെണ്‍കിളി കുറെ മുട്ടയിട്ടു. ആ മുട്ടകളൊക്കെ വിരിഞ്ഞൊത്തിരി കിളികുഞ്ഞുങ്ങള്ണ്ടായി. ആ കിളികുഞ്ഞ്ങ്ങള്ടെ കൊഞ്ചലും കുസൃതിയുമൊക്കെയായി ആ കൊച്ച്കൂടൊരു സ്വര്‍ഗ്ഗമായി മാറി”

“എന്നിട്ട്” അനഘയ്ക്ക് ആകാംക്ഷ ഒട്ടും അടക്കാനായില്ല.

“കുറച്ചുകാലം കഴിഞ്ഞപ്പോ കിളിക്കുഞ്ഞുങ്ങള്‍ക്കൊക്കെ ചിറക് മുളയ്ക്കാന്‍ തുടങ്ങി. തനിയേ പറക്കാമെന്നായപ്പോ അച്ഛന്‍കിളിയേയും അമ്മക്കിളിയേയും കൂട്ടില്‍ തനിച്ചാക്കീട്ട് അവ പലവഴിക്കങ്ങ് പറന്നുപോയി. കാലം കഴിയുന്തോറും അച്ഛന്‍കിളിയും അമ്മക്കിളിയും വയസ്സായി, അവര്‍ക്കൊന്നും വയ്യാണ്ടായി. അങ്ങനെ ഒര് ദിവസം അമ്മക്കിളിയെ തനിച്ചാക്കീട്ട് അച്ഛന്‍കിളിയങ്ങ് ചത്ത് പോയി.”

കഥ അത്രടമായപ്പോഴേക്കും അനഘ കോട്ടുവായിടാനും കണ്ണുതിരുമ്മാനുയൊക്കെ തുടങ്ങി.

“മുത്തശ്ശീ, ബാക്കി നാളെ പറയ്യാ. എനിക്ക് ഉറക്കം വര്ന്ന്‍”

“അമ്മക്കിളിക്ക്‌ എന്തുപറ്റീന്ന്‍ മോള്‍ക്കറിയേണ്ടേ. മോളുപോയി കണ്ണും മൊഖോം കഴികീട്ട് വാ. മുത്തശ്ശി ഇപ്പത്തന്നെ കഥ മുഴുവന്‍ പറഞ്ഞ് തരാ. നാളെ കഥ പറഞ്ഞ്തരാന്‍ മുത്തശ്ശി ഇവ്ടണ്ടാവില്ല്യ കുട്ട്യേ.”

“മുത്തശ്ശി എവ്ട പോവ്വാന്‍” അടഞ്ഞുപോകുന്ന കണ്ണുകള്‍ മുഴുക്കെ തുറന്നുകൊണ്ട് കുഞ്ഞ് ചോദിച്ചു.

“മുത്തശ്ശി നാളെ വേറൊരു വീട്ടിലേക്ക് പോകും. മോള്ടെ അച്ഛനും അമ്മയും മുത്തശ്ശിയെ അവ്ട കൊണ്ട്പോയിയാക്കും.”

“അത് ഏത് വീടാ” ആ കുഞ്ഞുമനസ്സിന് കാര്യങ്ങളൊന്നും പിടികിട്ടിയില്ല.

“വൃദ്ധസദനംന്നാ ആ വീടിന്‍റെ പേര്.”

“മുത്തശ്ശി ഒരിടത്തേക്കും പോണ്ട. മുത്തശ്ശിയെ ഞാന്‍ എങ്ങട്ടും വിടില്ല.”

“പോയേ പറ്റൂ കുട്ട്യേ, മോള്ടെ അച്ഛനും അമ്മയും കൂടി തീര്മാനിച്ചതാ. മോള് സങ്കടപ്പെടരുത്. ആ വീട്ടില് മുത്തശ്ശിക്ക് ഒത്തിരി കൂട്ടുകാരൊക്കെണ്ടാകും. മുത്തശ്ശി അവരോടൊക്കെ കഥകള്‍ പറഞ്ഞ് അവരുടെ കഥകള്‍ കേട്ട് സന്തോഷായിരുന്നോളാം”

“ഒത്തിരി കൂട്ട്കാരൊക്കെയ്ണ്ടാവാ സ്ക്കൂളിലല്ലേ, മുത്തശ്ശിയും എന്നെപോലെ സ്ക്കൂളില്‍ പോകാന്‍ പോവ്വാണോ.”

“ങ്ഹാ, ഒര് കണക്കിന് സ്ക്കൂള്‍ തന്നെയാ, ഒരൊറ്റ വ്യത്യാസം മാത്രം അനഘമോള് സ്ക്കൂളില്‍ പോയി പഠിക്കാന്‍ തൊടങ്ങ്ന്നതേയുള്ളൂ. മുത്തശ്ശിയും കൂട്ട്കാരും ജീവിതം ശരിക്കും പഠിച്ച്കഴിഞ്ഞിട്ടാ ആ സ്ക്കൂളിലേക്ക് ചെല്ല്ന്നെ.”

“ഞാന്‍ സ്ക്കൂളില്‍ പോയാല്‍ വൈകുന്നേരം വീട്ടില് വര്ന്നില്ലേ. അത്പോലെ മുത്തശ്ശിക്കും വന്നൂടെ”

“മുത്തശ്ശിക്ക് പോയാപിന്നെ തിരിച്ച് വരാനൊക്കില്ല. അവര് വിടില്ല.”

“ഓഹോ, അതപ്പം ബോര്‍ഡിങ്ങ്സ്ക്കൂളാണല്ലേ”

“ഉം, ബോര്‍ഡിങ്ങ്സ്ക്കൂള്‍ തന്നെ. മുത്തശ്ശീടെ ബാക്കീള്ള ഇത്തിരി ആയുസ്സ് തളച്ചിടപ്പെടാന്‍ പോക്ന്ന ബോര്‍ഡിങ്ങ് സ്ക്കൂള്‍”

“നാളെ മുത്തശ്ശി ഒര് ബോര്‍ഡിങ്ങ് സ്ക്കൂളിലേക്കും പോണ്ട. നാളത്തെ വിശേഷം മുത്തശ്ശി മറന്നുയല്ലേ. നാളെ അനഘമോള്ടെ പിറന്നാളല്ലേ. വൈകുന്നേരം പാര്‍ട്ടിയുണ്ട്. അപ്പം മുത്തശ്ശി ഇവ്ടെ വേണ്ടേ. മുത്തശ്ശിയെ എന്റെ സ്ക്കൂളില് തന്നെ ചേര്‍ക്കാന്‍ ഞാനച്ഛനോട്‌ പറയാ. അപ്പം നമ്മുക്ക് ഒരുമിച്ച് പോയി ഒരുമിച്ച് വരാലോ. അതാ നല്ലെ”

അഞ്ചുവയസ്സിന്റെ ആ നിഷ്കളങ്കതയെ കാര്‍ത്ത്യായനിയമ്മ ഒന്നു നമിച്ചു. ഈ കുഞ്ഞിന്റച്ഛന്, അതായത് തന്റെ മോന്, ഇതുപോലെ അഞ്ചുവയസ്സ് ആയാമതിയായിരുന്നു. തന്റെ മോന്‍ ഒരിക്കലും വലുതാകണ്ടായിരുന്നു എന്ന്‍ ഒരു നിമിഷത്തേക്കെങ്കിലും ആ അമ്മ ഒന്നാശിച്ചുപോയി.

പിറ്റേന്ന് കാലത്ത് എണീറ്റയുടന്‍ തന്നെ അനഘ അച്ഛന്റടുത്ത് ചെന്നു പറഞ്ഞു.
“അച്ഛാ, മുത്തശ്ശിയെ ഒര് ബോര്‍ഡിങ്ങ്സ്ക്കൂളിലും കൊണ്ട് ചെന്നാക്കണ്ട. മുത്തശ്ശിയെ എന്റെ സ്ക്കൂളില് തന്നെ ചേര്‍ത്താ മതി. മുത്തശ്ശി ഇവ്ടയില്ലേല് എനിക്കാരാ കഥകളൊക്കെ പറഞ്ഞ് തരാ. മുത്തശ്ശി ഇല്ലേല് ഞാനും വീട്ടിലേക്ക് വരില്ല”

അതുകേട്ട്കൊണ്ട് അവിടേക്കു വന്ന ഹേമ കലിതുള്ളികൊണ്ട് പറഞ്ഞു.
“അവളൂണ്ട്, അവള്ടൊരു മുത്തശ്ശീം. നിനക്ക് എത്ര കഥകള്‍ വേണേലും അമ്മ യൂട്യൂബില് വെച്ച് തരാലോ. നിന്ന്‍ ചിണ്ങ്ങാണ്ട് പോയി റെഡിയാവാന്‍ നോക്ക്. സ്ക്കൂള്‍ ബസ്സിപ്പം വരും.”

അനഘയെ സ്ക്കൂളില്‍ പറഞ്ഞയച്ചതിനു ശേഷം കാര്‍ത്ത്യായനിയമ്മ കിടക്കുന്ന കൊച്ചുമുറിയുടെ വാതില്‍ക്കല്‍ ചെന്നുനിന്നുകൊണ്ട് ഹരി പറഞ്ഞു.

“എന്നാ റെഡിയായിക്കോ, താമസിപ്പിക്കേണ്ട, ഉച്ചയ്ക്ക് മുമ്പേ പോയേക്കാം.
കാര്‍ത്ത്യായനിയമ്മ വേച്ചുവേച്ചു നടന്ന്‍ മകന്റെ അടുത്തെത്തി മടിച്ചുമടിച്ചു പറഞ്ഞു.
“ഹരീ, ഇന്ന്‍ അനഘമോള്ടെ പിറന്നാളല്ലേ. അവള് പുത്തനുടുപ്പൊക്കെയിട്ട് അണിഞ്ഞൊര്ങ്ങിയത് കാണണോന്ന്‍ എനിക്ക് നല്ല പൂതിയ്ണ്ടായിര്ന്ന്‍. നമ്മുക്ക് നാളെ പോയാ പോരേ മോനേ.”

“അനഘ ഒര്ങ്ങീട്ട് അമ്മ ഇത് വരെ കണ്ടിട്ടില്ലേ. അവള്ടെ കഴിഞ്ഞ നാല് പിറന്നാളിനും അമ്മ ഇവ്ടെ തന്നെയുണ്ടായിര്ന്നതല്ലേ. ഇനി ഓരോരോ സെന്റിമെന്റ്സ് പറഞ്ഞ് ഹരീടെ മനസ്സ് മാറ്റണ്ട” അവിടേക്കു കടന്നുവന്ന ഹേമയാണത് പറഞ്ഞത്.

“അല്ല ഹേമേ, അമ്മ പറയുന്നതില് ഒര് കാര്യണ്ട്. ഇന്ന്‍ അനഘേടെ പിറന്നാളിന് ബന്ധുക്കളൊക്കെ വരുമ്പോ അവര് അമ്മയെ അന്വേഷിക്കില്ലേ. അവരോടൊക്കെ നമ്മള് എന്ത് മറുപടിയാ പറയ്യാ”

അതൊന്നുമോര്‍ത്ത് ഹരി വേവലാതിപ്പെടേണ്ട. അമ്മ മദ്രാസിലുള്ള ചിറ്റേന്റട്ത്ത് പോയിരിക്ക്യാന്ന്‍ ഞാന്‍ കള്ളം പറഞ്ഞോളാം. ഹരീ, നമ്മളൊരു നല്ല തീരുമാനമെട്ത്താല്‍ അതെത്രയും പെട്ടെന്ന്‍ നടപ്പിലാക്കണം. വെറുതെ ഓരോരോ എക്സ്ക്യൂസസ് പറഞ്ഞ് നീട്ടികൊണ്ടോയാല് ചെലപ്പം അത് ഒരിക്കലും നടന്നില്ലാന്ന്‍ വരും. ഇത്രേം നാളും നമ്മള് രണ്ടുപേരും ജോലിക്ക് പോകുമ്പം അനഘയെ നോക്കാന്‍ ഒരാള് വേണമായിരുന്നു. ഇതിപ്പോ അനഘ സ്ക്കൂളില്‍ പോകാന്‍ തൊടങ്ങീട്ട് ആഴ്ചയൊന്ന്‍ കഴിഞ്ഞില്ലേ. ഇനി വെച്ച് താമസിപ്പിക്ക്ന്നതെന്തിനാ. മാത്രല്ല അവരോട് ഇന്ന്‍ വരാന്നല്ലേ പറഞ്ഞത്. വൃദ്ധസദനങ്ങളിലൊക്കെ ഇപ്പം അഡ്മിഷന്‍ കിട്ടാന് നഴ്സറിയില് അഡ്മിഷന്‍ കിട്ട്ന്നതിനെക്കാളും പാടാ. നാളത്തേക്ക്‌ മാറ്റിവെച്ചാല്‍ ഇപ്പോയുള്ള വേക്കന്‍സി പോയാലോ. അനഘ സ്ക്കൂളീന്ന്‍ വന്നാല്‍ അമ്മേടെ ഓരോരോ പായ്യാരങ്ങള് കാണുമ്പോ അവള്‍ക്ക് സങ്കടം വരും. അവളെ സങ്കടപ്പെട്ത്താന്‍ നിക്കണ്ട. നമ്മുക്കിപ്പം തന്നെ പോകാം.”

വീട്ടില്‍‍ നിന്ന്‍ ഇറങ്ങാന്‍ നേരത്ത് കാര്‍ത്ത്യായനിയമ്മ ഹേമയോട് പറഞ്ഞു. “ഹേമേ, നിന്റെ ആല്‍ബത്തില് അനഘമോള്ടെ കഴിഞ്ഞ പിറന്നാളിന് എട്ത്ത ഫോട്ടോകളില്ലേ. അതിലൊരെണ്ണം എനിക്ക് തരാമോ ന്റെ കുട്ടിയെ എനിക്കെന്നും കണ്ടോണ്ടിരിക്കാലോ.”

“അമ്മേടെ കാട്ടായം കണ്ടാല് തോന്നും അനഘയെ പ്രസവിച്ചത് അമ്മയാണെന്ന്. അവളോട് പെറ്റമ്മയായ എനിക്കുള്ളതിനെക്കാളും കൂടുതല്‍ സ്നേഹമൊന്നും അമ്മയ്ക്ക് വേണ്ട. പെണ്ണിനും അതേ മുത്തശ്ശീന്ന്‍ പറഞ്ഞാല് അങ്ങ് തേനൊലിക്കും. ഞാന്‍ പറയുന്നത് ഒര് വക അന്സരിക്ക്‌ന്നില്ല അവളിപ്പം. അമ്മ അവളെ ലാളിച്ച് വഷളാക്കിയിരിക്കയാ.”

അത് കേട്ടപ്പോള്‍ കാര്‍ത്ത്യായനിയമ്മയുടെ സിരകളില്‍ തണുത്തുറഞ്ഞു കിടന്നിരുന്ന ചോര ഒന്ന്‍ തിളച്ചു. ഹേമയോട് എന്തൊക്കെയോ പറയണമെന്ന്‍ കാര്‍ത്ത്യായനിയമ്മയ്ക്ക് ഉണ്ടായിരുന്നെങ്കിലും ഒരു സ്ക്കൂള്‍ടീച്ചറായിരുന്ന അവരുടെ സംസ്കാരം അവരെ അതിനനുവദിച്ചില്ല. കാര്‍ത്ത്യായനിയമ്മ ഹേമയെ ഒന്നു നോക്കുക മാത്രമേ ചെയ്തുള്ളൂ. ആ തീക്ഷ്ണമായ നോട്ടത്തില്‍ അവര്‍ക്ക് പറയ്യാനുള്ളതെല്ലാം ഉണ്ടായിരുന്നു.

കാര്‍ത്ത്യായനിയമ്മ മെല്ലെ പടികളിറങ്ങി ഒരു കൊച്ചുകുട്ടിയെപ്പോല്‍ പിച്ച വെച്ച് നടക്കുകയാണ്, അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളുമായി, ബന്ധങ്ങളും ബന്ധനങ്ങളും ബാദ്ധ്യതകളുമില്ലാത്ത ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേക്ക്, ഒറ്റപ്പെടലിന്റെ തീവ്രമായ ദുഃഖങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മനസ്സിനെ പാകപ്പെടുത്തികൊണ്ട്.

അവിടെച്ചെന്ന്‍ ഹരി വിശദാംശങ്ങള്‍ പൂരിപ്പിച്ചുകൊണ്ടിരിക്കേ മാനേജരുടെ ചുമതല വഹിക്കുന്ന വിമലാമാഡം പറഞ്ഞു.
“നിങ്ങളിന്ന്‍ വന്നത് എന്തായാലും നന്നായി. ഈയൊരൊറ്റ മുറിയേ ആകെ വേക്കന്റായിണ്ടായിരുന്നുള്ളൂ. ഈ മുറിക്കു തന്നെ നാലുപേരാ വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. ഇന്ന്‍ നിങ്ങള്‍ വന്നില്ലേല്‍ ഞാനവരിലാര്‍ക്കെങ്കിലും കൊടുത്തേനെ”

“അപ്പോ നിങ്ങള്‍ക്ക് മുറികളും സൗകര്യങ്ങളും ഒക്കെ ഒന്ന്‍ വര്‍ദ്ധിപ്പിച്ചൂടെ.” ഹരി ചോദിച്ചു.

“ങ്ഹാ, അങ്ങനെ ഒര് പദ്ധതിയുണ്ട് സാറേ. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഒരു പുതിയ ബ്ലോക്ക് എട്ക്കാനാ പ്ലാന്‍. സാറ് നോക്കിക്കോ പത്തിരുപത്തഞ്ച് വര്‍ഷം കഴിഞ്ഞു സാറിന്റെ മക്കള്‍ സാറിനെ ഇവ്ടെ കൊണ്ടുവന്നാക്കുമ്പോള്‍ 5 ബ്ലോക്കുകള്‍ ഇവ്ടെ കൂടുതലുണ്ടാകും. അന്ന്‍ മുറിക്കൊന്നും ഒരു പഞ്ഞവുമുണ്ടാകില്ല.”

ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് അവരത് പറഞ്ഞതെങ്കിലും അതു കേട്ടപ്പോള്‍ ഹരി വല്ലാതെയൊന്ന്‍ നടുങ്ങി. ആ നടുക്കത്തോടെ തന്നെ അവന്‍ ഹേമയെ നോക്കി. അവള്‍ക്കും നടുക്കമുണ്ടായിരുന്നെങ്കിലും ഹരി നോക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ പാടുപ്പെട്ട് മുഖത്തു നിന്ന് ആ നടുക്കം അവള്‍ മായ്ചുകളഞ്ഞു. ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോഴെങ്കിലും “ഹരീ, നമ്മുക്കമ്മയെ തിരിച്ച് വീട്ടീലേക്ക്‌ കൊണ്ടുപോകാം” എന്നവളൊന്ന്‍ പറഞ്ഞിരുന്നെങ്കിലെന്ന്‍ അവന്‍ ആശിച്ചു. നടപടിക്രമങ്ങളൊക്കെ കഴിഞ്ഞ് അവിടത്തെ ജോലിക്കാരിയോടൊപ്പം കാര്‍ത്ത്യായനിയമ്മ നടന്നകലുന്നത് നിസ്സഹായനായി നോക്കിനില്ക്കയാണ് ഹരി.

പത്തിരുപത്തഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഈ വരാന്തയില്‍ ഇത്പോലെ താനും. ഹരിക്കത് ആലോചിക്കാനേ കഴിയുമായിരുന്നില്ല. അവന് പിന്നെ അധികനേരം അവിടെ നില്ക്കാന്‍ കഴിഞ്ഞില്ല. എങ്ങനെയല്ലോ വിമലാമാഡത്തോട് യാത്രയും പറഞ്ഞ് ഓടിച്ചെന്ന് കാറില്‍ കയറിയിരുന്നു.

കാറ് ഓടിക്കുമ്പോഴും ഹരി ആകെ അസ്വസ്ഥനായിരുന്നു. അകാരണമായ എന്തോ ഒരു ഭയം അവനെ അലട്ടിയിരുന്നു. എങ്ങനെയെങ്കിലും വീട്ടിലെത്തി ഒന്ന്‍ കിടന്നാല്‍ മതിയെന്നായി അവന്. അതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് അവന്‍ വണ്ടിയോടിച്ചിരുന്നത്. അപ്പോഴാണ്‌ മൊബൈല്‍ റിംഗടിച്ചത്.

“ഹേമേ, ആ ഫോണൊന്നെട്ത്തേ, ഞാന്‍ ഡ്രൈവ് ചെയ്യേല്ലേ.”

“എപ്പോഴാണ് സംഭവം” വെപ്രാളത്തോടെ ഹേമ ചോദിക്കുന്നത് കേട്ടപ്പോള്‍ ഹരി വണ്ടിയുടെ വേഗം കുറച്ചു.

“ഏത് ഹോസ്പിറ്റലിലേക്കാ കൊണ്ടുപോയത്. ഞങ്ങള്‍ അവിടെയെത്താം.” ഹേമയുടെ കരഞ്ഞുകൊണ്ടുള്ള സംസാരവും നടുക്കവും വെപ്രാളവുമൊക്കെ കണ്ടപ്പോള്‍   ഹരിയുടെ  ടെന്‍ഷന്‍ ഇരട്ടിച്ചു. ആര്‍ക്കോയെന്തോ അപകടം പറ്റീട്ട്ണ്ട്. ഈശ്വരാ അമ്മയ്ക്കെന്തെങ്കിലും.

“എന്താ, എന്തുപറ്റി, ആരാ വിളിച്ചെ” ഒറ്റശ്വാസത്തില്‍  ഹരി  ചോദിച്ചു.

“മോള്ടെ സ്ക്കൂള്ന്നാ വിളിച്ചെ. ഇന്റര്‍വെല്ലിന്റെ സമയത്ത് ഓടികളിക്കുന്നതിനിടെ അവള് സ്ക്കൂളിലെ സ്റ്റെയര്‍കേസിന്റെ മേലേന്ന്‍ വീണെന്ന്. തലയടിച്ചാ വീണത്. ഹരീ ഒന്ന്‍ വേഗം പോ. സിറ്റി ഹോസ്പിറ്റലിലേക്കാ കൊണ്ട് പോയിരിക്ക്ന്നെ. എനിക്ക് പേടിയാവുന്നു, ഹരീ ഒന്ന്‍ വേഗം” ഹേമ കരയുകയായിരുന്നു. അതുകേട്ടപ്പോള്‍ ഹരിക്കാകെ ടെന്‍ഷനായി. വെപ്രാളത്തോടെ വണ്ടി ഓടിക്കുമ്പോഴും അവന്റെയുള്ളില്‍ അനഘ രാവിലെ പറഞ്ഞ വാചകമായിരുന്നു. “മുത്തശ്ശി ഇവ്ടെയില്ലേല്‍ ഞാനും ഇങ്ങോട്ട് വരില്ല

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English