ഉടൻ പ്രസിദ്ധീകരിക്കുന്ന സുഭാഷ് ചന്ദ്രന്റെ ” പാഠപുസ്തകം” എന്ന ഓർമപ്പുസ്തകത്തിൽ നിന്ന് ഒരു ഭാഗം
‘രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന്‍ എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്‌മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി.
ഓ, നമ്മള്‍ സാധാരണ മനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിയ്ക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വച്ച് കയറുംമുമ്പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ?
(ആറുവര്‍ഷം മുമ്പ് ഫാദർ ബോബി ജോസ് കപ്പൂച്ചിൻ എന്നെ കാണാൻ ഓഫീസിൽ വന്ന ദിവസം ഡയറിയില്‍ എഴുതിയത്)
ഞാനെങ്ങനെയാണ് മിഷണറി പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഈ കപ്പൂച്ചിന്‍ സന്ന്യാസിയില്‍ ഇത്ര മാത്രം ആബദ്ധനായത്?
ഞാനത് ക്രമത്തില്‍ ഓര്‍മിക്കാന്‍ ശ്രമിക്കട്ടെ: കൗമാരത്തിന്റെ ആരംഭത്തില്‍, സന്ന്യാസിയായിത്തീരാനുള്ള അദമ്യമായ ഒരാഗ്രഹത്തെ എതിര്‍ത്തുകൊണ്ട് ഗുരു നിത്യചൈതന്യയതി എന്നെ ഒരൊറ്റ മറുപടിക്കത്തിനാല്‍ ലൗകികത്തിലേക്കുതന്നെ തിരികെ തള്ളിയിട്ടതിനു ശേഷം, ആത്മീയജീവിതത്തിന്റെ ധാരകള്‍ എന്നിലൊരിക്കലും സജീവമായിരുന്നില്ല. കടുത്ത ആത്മീയത, കലാനിര്‍മാണത്തിന് തടസ്സമാണെന്നാണ് പിന്നീട് ജീവിതം എനിക്കു പറഞ്ഞുതന്നത്. ജീവിതത്തെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ ഒരാള്‍ക്ക് തീര്‍ത്തും സാധാരണമായ ജീവിതത്തില്‍ത്തന്നെ ആണ്ടുമുങ്ങേണ്ടതുണ്ട്. രണ്ടുദിവസം കഴിഞ്ഞാല്‍ ചീഞ്ഞുതുടങ്ങുന്ന ജീവിതത്തിന്റെ മുന്തിരിക്കനികളെ എത്രകാലത്തേയ്ക്കും എടുത്തുവയ്ക്കാവുന്ന, കാലം ചെല്ലുന്തോറും വീര്യം വര്‍ധിക്കുകമാത്രം ചെയ്യുന്ന വീഞ്ഞാക്കി മാറ്റുന്ന പ്രക്രിയയെയാണല്ലോ നാം കല എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്. അതു കൊണ്ട് കുറ്റബോധമോ ആത്മനിന്ദയോ ഇല്ലാതെ ഞാന്‍ ലൗകികജീവിതത്തിന്റെ പതഞ്ഞുതുളുമ്പുന്ന ആഹ്ലാദാരവങ്ങള്‍ക്ക് എന്നും കാതോര്‍ത്തു. ഗാര്‍ഹസ്ഥ്യത്തിന്റെ പതിവുചിട്ടകളും ഓഫീസുദ്യോഗത്തിന്റെ ഉത്തരവാദിത്തങ്ങളും മതിവിട്ട് ആസ്വദിക്കാന്‍ തുടങ്ങി. ഒരൊറ്റ ദിവസത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോകെപ്പോകെ മഷിമങ്ങി, അക്ഷരത്തെളിച്ചം വറ്റി, ആയിരക്കണക്കിന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
അങ്ങനെയിരിക്കേ ഒരു രാത്രിയിലാണ് ഞാന്‍ ടി വിയിൽ ബോബിയച്ചനെ കണ്ടത്. രാത്രിഭക്ഷണം കഴിഞ്ഞ് ഭാര്യ പാത്രങ്ങള്‍ കഴുകുന്ന നേരം, ഞാന്‍ ടിവി ചാനലുകള്‍ വെറുതെ മറിച്ചുമറിച്ചു മുന്നേറുകയായിരുന്നു. കന്നിമാസത്തിലെ പട്ടികള്‍ കണക്ക് ആണും പെണ്ണും അല്പവസ്ത്രരായി പാട്ടിന്റെ അകമ്പടിയോടെ പരക്കംമറിയുന്ന ദൃശ്യങ്ങള്‍ ഒരു രസവും തരുന്നില്ലെന്ന നിരാശയില്‍ ഞാന്‍ പല മതങ്ങളുടേയും ലേബലുകളില്‍ ആത്മീയതയെ കച്ചവടമാക്കുന്ന ചില ചാനലുകള്‍ കൂട്ടംകൂടി മേയുന്ന ഒരു ദിക്കിലെത്തി. അപ്പോഴാണ് കടുത്ത തവിട്ടുനിറത്തിലുള്ള ളോഹയും ജടകെട്ടിയ മുടിയും നനയുന്ന കണ്ണുകളുമുളള ഈ വൈദികന്റെ മുഖവും വാക്കും ആദ്യമായി എന്റെ ശ്രദ്ധയില്‍ പതിഞ്ഞത്. ദൈവത്തേയും മനുഷ്യനേയും കുറിച്ച് ആത്മാര്‍ഥമെന്നുറപ്പിക്കാവുന്ന ഇണ്ടലോടെ സംസാരിക്കുന്ന ഈ മനുഷ്യന്‍? അപ്പോള്‍ ദൈവം ആ അര്‍ധകായത്തിനു കീഴില്‍ പേരെഴുതിക്കാണിച്ചു: ഫാദര്‍ ബോബി ജോസ് കട്ടികാട്.
അയാളുടെ വാക്കുകളില്‍ ബൈബിളും യേശുവും മാത്രമല്ല, താന്‍ പ്രതിനിധാനം ചെയ്യുന്ന സഭയുടെ കേന്ദ്രപ്രാണനായ അസീസിയിലെ ഫ്രാന്‍സിസിന്റെ തിരുജീവിതം മാത്രമല്ല, ദസ്തയേവ്‌സ്‌കിയും കസന്ത്‌സാക്കീസും മാര്‍ക്കേസും കോവിലനും ബഷീറും വിജയനും ആനന്ദുമെല്ലാം നിറയുന്നു. അയാള്‍ മലയാള കവിതകളെക്കുറിച്ചു പറയുന്നു. ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെ പോലും ആനന്ദത്തോടെ പരാമര്‍ശിക്കുന്നു. രാമായണവും ഖുര്‍ ആനും ബൈബിളും മനസ്സിലിട്ട് ഒപ്പം മറിച്ചുമറിച്ചു വായിക്കുന്നു. എല്ലാത്തിലും, അതെ എല്ലാത്തിലും, ഒരീശ്വരീയത ദര്‍ശിക്കുന്നു!
സത്യം പറയട്ടെ, അതുവരെ പല പള്ളീലച്ചന്‍മാരുടെയും സംഭാഷണരീതിയും അവര്‍ മനസ്സിലാക്കിവച്ചിട്ടുള്ള സവിശേഷമായ ആത്മീയതയും ഒരുപോലെ എന്നില്‍ ചിരിമാത്രമേ ഉണര്‍ത്തിയിരുന്നുള്ളൂ. നമ്മുടെ സിനിമയിലും മിമിക്രികളിലുമെല്ലാം കാണിക്കുന്ന ക്രിസ്തീയപുരോഹിതന്മാരുടെ പരിഹാസ്യമായ രൂപമാതൃകകളെ പിന്നെപ്പിന്നെ അതിലും നാലിരട്ടിയായി അച്ചന്‍മാര്‍തന്നെ അനുകരിക്കുന്നുണ്ടോ എന്നൊരു സന്ദേഹവും അക്കാലത്ത് എന്നെ പിടികൂടിയിരുന്നു. എന്നാല്‍ ഇവിടെയിതാ, മിഷണറിപ്രവര്‍ത്തനത്തില്‍ത്തന്നെയുള്ള ഒരച്ചന്‍ ദൈവമെന്തെന്ന് മനുഷ്യര്‍ക്ക് മനസ്സിലാകുന്ന മട്ടില്‍ പറഞ്ഞുകൊടുക്കുന്നു. നിങ്ങള്‍ അത്യുന്നതങ്ങളില്‍ തപ്പുന്ന ആ മഹിതതേജസ്സ് നിങ്ങളുടെ ഇടയില്‍ തികച്ചും ഓര്‍ഡിനറിയായി ഒപ്പമുണ്ടെന്ന് മനുഷ്യന്റെ മക്കള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍, (മതപരിവര്‍ത്തനമല്ല മനപരിവര്‍ത്തനമാണ് ഒരു യഥാര്‍ഥ മിഷണറിയുടെ ദൗത്യം എന്നും) വിളിച്ചുപറയുന്നു.
പിന്നീടൊരു ദിവസം വൈകുന്നേരം എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം മാതൃഭൂമി ഓഫീസിലെത്തി എന്നെ കണ്ടു! “വര്‍ഷങ്ങളായി കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരാള്‍” എന്ന് ഞാന്‍ അങ്ങോട്ടു പറയാന്‍ വച്ചിരുന്ന ഒരു വാചകം അതിനുംമുമ്പ് ഇങ്ങോട്ട് ഉച്ചരിക്കാനുള്ള ത്രാണി കാണിച്ചു! ഓ, നല്ല വാക്കോതുവാനുള്ള ത്രാണിയാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയെന്ന് കുട്ടിക്കാലത്തെ ആ പ്രാർത്ഥന നമ്മളെ പഠിപ്പിച്ചിട്ടുണ്ടല്ലോ.
അതെ, പറഞ്ഞുതരാന്‍ അറിയാവുന്ന – അതിന് തീര്‍ത്തും അര്‍ഹരുമായ- ആളുകള്‍ നമ്മുടെ സമൂഹത്തില്‍ നന്നേ കുറഞ്ഞിരിക്കുന്നു. ‘ജാതി മതഭേദമെന്യേ സംസാരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും നമുക്ക് ചായക്കടകളാവാം, ബാര്‍ബര്‍ ഷോപ്പുകളാകാം, വായനശാലകളാകാം, മദ്യശാലകളാകാം. എന്നാല്‍ എന്തു കൊണ്ട് എല്ലാ മതങ്ങളിലും പെട്ടവര്‍ക്ക് ഒരു പോലെ ദൈവത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും സംസാരിക്കാന്‍ ഒരു ആരാധനാലയം ഇവിടെ ഉണ്ടാകുന്നില്ല?’, അദ്ദേഹം നിശ്ശബ്ദമായി കരഞ്ഞു. അസീസിയിലെ തെരുവുകളില്‍ ‘ദൈവമേ, ഇവിടെ സ്‌നേഹം സ്‌നേഹിക്കപ്പെടുന്നില്ല!’ എന്ന് നിലവിളിച്ചുകൊണ്ട് ഓടിയ പുണ്യപുരുഷന്‍ ഫ്രാന്‍സിസ് ആ കണ്ണീരില്‍ ഒരു മിന്നായം പോലെ തെളിഞ്ഞു.‘