1
ഡിസ്കോ പാർട്ടികളിൽ മയക്കുമരുന്നടിച്ചു
പൂസാകാറുള്ള നടനെ കാണാറില്ലേ മരുന്നുപരസ്യത്തിൽ ;
തല്ക്കാലം അയാളുടെ കുചേഷ്ടകളിൽ മയങ്ങാതിരിക്കാം.
ഒരു ഗൗളിയെ കണ്ടാൽപ്പോലും പേടിച്ചുതൂറുന്ന
മോഡൽപ്പെൺകൊടിയുടെ ധൈര്യമതാ
ആഡംബരക്കാർപ്പരസ്യത്തിലെ ഗ്രാഫിക് പുലിപ്പുറത്ത് !
സാത്താന്മാർ വേല ചെയ്യുന്നത് ദൈവകല്പനക്കനുസൃതമാകയാൽ
ഇവരോട് പൊറുക്കുക. എന്നാൽ ഇവരുടെ വലയിൽ കുടുങ്ങാതെ നോക്കുക. ഒരു കണക്കിന് വേട്ടക്കാരും ഇരകളാ,ഏതോ ബോർഡ്‌റൂമിൽ ഇരിക്കുന്ന അദൃശ്യനായ മറ്റൊരു മെഗാവേട്ടക്കാരന്റെ!
മെച്ചം തുച്ഛം
വിലയോ ഉച്ചം
ഭോഗിക്ക വലിച്ചെറിക
ഭോഗിക്ക വലിച്ചെറിക
അർത്ഥശൂന്യം ഈ അങ്ങാടിക്കാളജീവിതം
ഒരു മന്ദബുദ്ധിയുടെ തിരക്കഥയ്ക്ക്
ഉന്മാദം പിന്നണി കൊടുത്തിരിക്കുന്നു.
പിണങ്ങി നിൽക്കുന്ന ഷോട്ടുകൾ ജ്വരാത്മകം.
ഞാനറിയാതെ നീ എന്റെ
ഉള്ളിൽ കയറിപ്പറ്റി എന്റെ വികാരങ്ങളെയും
നിറസങ്കൽപ്പങ്ങളേയും അവിഹിതമായി വശീകരിക്കുന്നുണ്ട്;
ആകയാൽ വർണപ്പരസ്യമേ,
നിന്നോടെനിക്കുണ്ട് ഒരു ആയിരം ജി ബി പുച്ഛം!
സ്‌ക്രീനിൽ കുഞ്ഞുങ്ങളെയും പൂച്ചകളെയും പട്ടികളെയും വദനസുരതം ഓർമിപ്പിക്കുന്ന ചോക്ലേറ്റ് തീറ്റയും മറ്റും കാണിച്ച് നീ എന്റെ തന്മയീഭാവശക്‌തിയെ ഉദ്ദീപിപ്പിക്കുകയല്ലേ?
സൗജന്യം, പുതുമ, ലാഭം, അഭിമാനം എന്നീ വചനമാതൃകകൾ ചര്‍വ്വിതചര്‍വണമാക്കിയിട്ട് ആദാമിന്റെ തോട്ടത്തിലെ ആ സാത്താനെപ്പോലെ നീയും എന്നെ പ്രലോഭിപ്പിക്കുകയല്ലേ?
നിമ്നോന്നതങ്ങളിലൂടെ അതിവേഗത്തിലോടും
വിനോദത്തീവണ്ടിയായി എന്റെ ഹൃദയത്തിനുള്ളിൽ അധമ വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്നത്
നീയല്ലെങ്കിൽ പിന്നെ ആരാ?
ഈ ജീവിതം ഒരു സന്തോഷപ്പണിശാലയാണുപോലും; അത്തരം വ്യാജ വൈറലിറക്കി എത്ര കാലമായി നീ എന്നെ കബളിപ്പിക്കുന്നു! രാപ്പകൽ എന്റെ ഏകാന്തതകളെയും ഓർമ്മകളെയും നീ ഉറുഞ്ചുകയല്ലേ?
അടിവസ്ത്രത്തിന്റെ ബ്രായുടെ ഗര്ഭനിരോധന ഉറയുടെ
പരസ്യത്തിൽ, കാണാറുള്ള മോഡലിന്റെ മാംസളത കോർത്ത ചൂണ്ടക്കൊളുത്തുകൾ എന്റെ ഉപബോധക്കുളം കലക്കാനുള്ള ദുഷ്ടലാക്കോടെയുള്ളതാണെന്നു ആർക്കാണറിയാത്തത് !
2
കൊതിയില്ലാത്തവനെ കൊതിച്ചിക്കോന്തനാക്കും
ആവശ്യമില്ലാത്ത അനാവശ്യത്തെ അത്യാവശ്യമാക്കിത്തീർക്കും
ആര്? പരസ്യത്തമ്പ്രാൻ!
ദി ഗോഡ് ഓഫ് സ്പോട് അഡ്വെർടൈസിങ് !
സ്രഷ്ടാവ് എണ്ണമറ്റ ജീവജാലങ്ങളെ പരസ്യപ്പെടുത്തിയത് ഓരോ സൃഷ്ടിയും സ്വന്തം വെളിച്ചത്തിൽ പ്രപഞ്ചത്തിന്റെ വിസ്മയരഹസ്യം കണ്ടെത്തട്ടെ എന്ന് കരുതിയിട്ടാകാം.
എന്നാൽ ഹൃദയം തുറന്നു നോക്കാനുള്ള ഹൃദയവിശാലത മാത്രം ആർക്കുമുണ്ടായില്ല.
അങ്ങനെയാണിവിടെ സ്രഷ്ടാവ് തോറ്റതും
സൃഷ്ടി ജയിച്ചതും.
രഹസ്യമായി പരാജിതനെ സ്തുതിക്കാം
പരസ്യമായി വേണ്ട
പരസ്യത്തിൽ ഒരു കുരിശിന്റെ രക്തവും കൊലച്ചതിയുമുണ്ട്!
കവിതയെ ആഴത്തിലും മനോഹരമായും വിലയിരുത്തിയതിനു
ശ്രീ മനോജ് കുമാറിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നതിൽ
അതിയായ സന്തോഷമുണ്ട്.