അക്ഷരങ്ങളേ..
ഇനി മുതൽ നിങ്ങൾ
കൂട്ടം കൂടി നിൽക്കരുത്
വാക്കുകളും വാക്യങ്ങളുമായി
പ്രകടനം നടത്തരുത്.
അർത്ഥങ്ങളും
ആശയങ്ങളും പെറ്റു കൂട്ടരുത്.
ഖരവും അതിഖരവും
ഒരുമിച്ചുകൂടരുത്.
നിലവിളികളും
ആക്രോശങ്ങളുമുണ്ടാക്കരുത്.
തടി കൂട്ടരുത്
ചെരിഞ്ഞു നിൽക്കുകയുമരുത്.
നെറ്റി ചുളിക്കുകയോ
കൊഞ്ഞനം കുത്തുകയോ ചെയ്യരുത്.
അച്ചടക്കത്തോടെ
ഒറ്റയ്ക്കൊറ്റയ്ക്ക്
തല കുനിച്ച്
വിനീതവിധേയരായി നിൽക്കണം.
പാടിപ്പതിഞ്ഞ വൃത്തത്തിനപ്പുറം
പുതിയ മേച്ചിൽപ്പുറങ്ങൾ
തേടി നടക്കരുത്.
ചുവന്ന വസ്ത്രം ധരിക്കരുത്
വിലക്കു ലംഘിച്ചാൽ
വെടിയുണ്ടകൾ
വിരുന്നു വരും.
തിരോധാനങ്ങൾ വരും
ശിരഛേദങ്ങൾ വരും
കാരാഗൃഹങ്ങൾ കാത്തിരിക്കും.
ഇത് നൂറ്റിനാൽപ്പത്തിനാലാണ്.