നൂതന മർത്ത്യർ

 

 

 

 

 

 

സൃഷ്ടികൾ ജീവൻ വെച്ച് ചിരിച്ച്
വാക്കുരയിട്ടു ചിത്തം വാങ്ങിച്ച –
ങ്ങാടിയുടെ ഓരത്തെത്തീ
ലേലം ചൊല്ലി ധനവും നേടി
ജീവിത വൃക്ഷ ചോട്ടിലിരുന്നു
അങ്ങേ പിള്ളയെ കുറ്റം ചൊല്ലി
ഭൂമിയെ മൊത്തം കാൽകളിലാക്കാൻ
കടലിൻ തീരത്തെത്തീ മർത്ത്യർ …

കുടിലത കാട്ടി ചോരചോപ്പ്
പുറത്തു തെളിച്ച് കുലദൈവത്തിൻ
കാൽകളിലെത്തി അഭയം ചൊല്ലി
ആശകളോരോന്നായ് പറഞ്ഞു
ഹൃദയത്തിൻ നാദമെടുത്തു
പുലരിപ്പെണ്ണിൻ പുഞ്ചിരിയിട്ട്‌
മസ്തിഷ്‌ക്കത്തിൻ പാത്രമെടുത്ത്
തെണ്ടി തിന്ന് ലോകം കണ്ട്
പകലിൻ വെള്ള പാനീയത്തിൽ
മുഖവും കഴുകി
കാലുകൾ കാലം പോകും വഴിയേ
പോകില്ലെന്ന് ശാഠ്യം ചൊല്ലി
എതിരുകളെല്ലാം അതിരും കെട്ടി
ദൂരെ നിർത്തി
വാക്കാലേറ് നടത്തി
പോണൂ നൂതന മർത്ത്യർ …

ഇവിടെ കാറ്റിൻ നാമം കേട്ട്
ഹൃദയത്തിൻ സ്പന്ദനമേറ്റ്
പകലുകൾ ഇരവുകൾ
ഒന്നൊന്നായി വിഴുങ്ങിയിരിപ്പൂ
കാർന്നോർ …
ഇളമുറ ചൊല്ലും വാക്കുകൾ കേട്ട്
കാതും പൊത്തി കീഴെ നിൽക്കും
കാലം തിന്നൊരു കാർന്നോർ
കാലം കാക്കും കാർന്നോർ .

എന്തേ ഹൃത്തിന്നറകളടഞോ ?
എന്തേ ചിത്തം ഉണരാതെ
കാലിൻ സ്പർശന നാഡീവ്യൂഹം
കാലം കൈകളിലാക്കി പോയോ ?
ഹൃദയം ചൊല്ലും മന്ത്രം കേൾക്കാൻ
ചിരുത പെണ്ണിൻ ശ്രവണം പോയോ ?

പുലരികൾ പൂവിൻ ഗന്ധം ഉണ്ടു
പൂക്കാലങ്ങൾ പൂമഴ തൂകി
ഉണ്ണികളൊരു പാടങ്ങു വളർന്നു
ഉൾക്കണ്ണുകൾ കാണാതായത് കണ്ടോ ?

ഹൃദയത്തിൻ കുപ്പിയിലോരോ
വർദ്ധക്യത്തിൻ ഓർമ്മനിറച്ച്
കാലത്തിൻ വാക്കുര കേൾക്കാൻ
കാതുകൾ നേരെ വെച്ച്
ഒടുവിൽ ചൊല്ലും വാക്കുകളൊക്കെ
ഒരു പിടി ഓർമ്മകളാക്കാം
ഹൃദയം കത്തി ചാരമെടുത്തീ
നിളയുടെ പോക്കിലൊഴുക്കാം.

പട്ടട തിന്നും പ്രേതത്തിൻ കറ
ചുറ്റിലും നാറ്റം തൂകി നടപ്പൂ
പുകയുന്നഗ്നി പെണ്ണിൻ ചേല
ചെംചോപ്പായി
കവലകൾ തോറും കാൽകളുമെത്തി
നാക്കുകൾ ദംശിക്കാതെ നിശബ്‌ദം
പ്രേതത്തിന്നെ മൗനം ഊട്ടി
കണ്ണുകൾ ഇവിടെ ശാസ്ത്രത്തിന്റെ
കൈകളിലെത്തി കാഴ്ചയുമായി
ഒരുപിടിയോർമ്മകൾ ചെപ്പിലുമാക്കി
അകലെ പോകുന്നാത്മാവ്
അരികെ ചിരുത തള്ളയിരുന്ന്
അലമുറയിട്ടു കരഞ്ഞു
കൈയും തട്ടി കാലും കഴുകീ
പോണൂ നൂതന മർത്ത്യർ …

ഇരവിൻ കുമിളകൾ കണ്ണിൽ പറ്റി
പകലുകൾ ദൂരെ പോയി
പകലുകൾ കാട്ടാത്തോരോ ചിത്രം
ഇരവിൻ കൈകൾ കാട്ടി
ചിരുത തള്ളക്കിത്തിരി കൂട്ടായ്
രജനി പെണ്ണ ങ്ങെത്തി
ഉണ്ണികളില്ലാ ഉടയോരില്ലാ
ഉണ്മയിതോന്നീ ഭുംമീം
കണ്ണുകൾ ചിമ്മി ദൂരെ നിൽക്കും
നക്ഷത്രങ്ങൾ മാത്രം
ഒരു പിടി യോർമ്മകൾ മുത്തം നൽകീ
ചിരുത തള്ള ക്കേകീ
ഇതുവരെ അന്തി കൂട്ടായുള്ളൊരു
കാർന്നോരെങ്ങോ പോയി
ആകാശത്തെ അക്ഷയ പാത്രം
നേരിൻ തുള്ളികൾ തൂകി
ചോര തണുത്തൊരു മാറിൻ താപം
ചാര കമ്പിളി സൂക്ഷിപ്പൂ
കാലം ഗോഷ്ഠികൾ കാട്ടി പോകും
കാലൻ വേഗം വന്നേക്കും
ദൂരെ പുഞ്ചിരി തൂകി കൊണ്ട്
കാർന്നോർ വാനിൽ നിൽക്കുന്നൂ .

ചൂളം തുള്ളി പോകും കാറ്റിൻ
ചന്ദന ഗന്ധവുമുണ്ട്
കറുക പുല്ലിൻ കൈയിനുള്ളിൽ
മഞ്ഞിൻ തുള്ളികളുണ്ട്
ചില്ലകൾ വാനിൽ നൃത്തം വെക്കും
ബോധീവൃക്ഷ ചോട്ടിൽ
തമ്മിലടക്കം പറയുന്നുണ്ട്
കാവിൻ പ്രേത കൂട്ടം.


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English