റെയിൽവേ സ്റ്റേഷനിൽ പതിവിലധികം തിരക്കുണ്ടായിരുന്നു.തിരക്കിനിടയിൽ ഒരു വിധം അകത്തു കയറിപ്പറ്റി സീറ്റിന്റെ അരികു ചേർന്നിരിക്കുമ്പോൾ അയാൾ ആലോചിക്കുകയായിരുന്നു കുറച്ചു നാൾ മുമ്പ് വരെ ഒരു തിരക്കുമില്ലാതെ ട്രെയിന്റെയും ബസ്സിന്റേയുമൊന്നും ഒച്ചയുമനക്കവുമില്ലാതെ ജീവിച്ചതും ഈ ഇടി കൂടുന്ന മനുഷ്യർ തന്നെയല്ലേ? ലോകവും കാലവും എത്ര വേഗമാണ് മാറുന്നത്. മറ്റുള്ളവരെ ശ്രദ്ധിക്കാൻ പോലും സമയമില്ലാതെ അങ്ങുമിങ്ങും പാഞ്ഞു നടന്ന ആളുകൾ എല്ലാ ജാഡയും മാറ്റി വെച്ച് കോവിഡിനു മുന്നിൽ എത്ര വേഗമാണ് അനുസരണശീലരായി മാറിയത്.
അതിനിടയിലാണ് പത്തെഴുപത് വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധൻ തിരക്കിനിടയിൽ സീറ്റു കിട്ടാതെ വല്ലാതെ വിഷമിക്കുന്നത് കണ്ടത്. കാലും നീട്ടിയിരിക്കുന്ന സ്വന്തം സീറ്റുറപ്പിച്ച യാത്രക്കാർ മൊബൈലിൽ സംസാരിക്കുന്നതിന്റെയും വാട്സ് ആപ്പും ഫെയിസ് ബുക്കും നോക്കുന്നതിന്റെയും തിരക്കിലാണ്. അടുത്തിരിക്കുന്നവർ പോലും അവരുടെ കണ്ണുകളിൽ പെടുന്നില്ല. കനിവിന്റെ ഒരു നോട്ടം ആരിൽ നിന്നെങ്കിലും പ്രതീക്ഷിച്ചെന്നതു പോലെ അയാൾ എല്ലാവരെയും നോക്കി. കയ്യിൽ മൊബൈലില്ലാത്ത ആ ട്രെയിനിലുള്ള ഏക വ്യക്തി അയാൾ മാത്രമായിരിക്കണം.
കഥകളും കവിതകളും പറഞ്ഞു തരാറുണ്ടായിരുന്ന തന്റെ അപ്പൂപ്പനെയാണ് ഓർമ്മ വന്നത്. അറിയാതെ എഴുന്നേറ്റു അയാളെ അങ്ങോട്ട് ക്ഷണിച്ചു. അപ്പോൾ അയാളുടെ കണ്ണുകളിലെ തിളക്കം വല്ലാത്തതായിരുന്നു.
ക്ഷീണവും തളർച്ചയും കൊണ്ട് വീണു പോകുമോ എന്ന് വിചാരിച്ച സമയത്താണ് ആശ്വാസമായി ഒരു കരം നീണ്ടതിന്റെ നന്ദി നിറഞ്ഞ മുഖത്തോടെ അയാൾ സീറ്റിലിരുന്നു. പിന്നെ ഒതുങ്ങിയിരുന്ന് അയാളെയും അരികിൽ പിടിച്ചിരുത്തി.
അയാളുടെ പരവേശം കണ്ട് ബാഗിൽ നിന്നും വെള്ളമെടുത്തു നീട്ടി. സന്തോഷത്തോടെ അയാൾ കൈകൾ ചേർത്ത് അതു വാങ്ങി ആർത്തിയോടെ വെള്ളം കുടിക്കുന്നതു കണ്ടപ്പോഴാണ് കഴിക്കാൻ കൊടുക്കാൻ ഒരു ബിസ്ക്കറ്റ് പോലുമില്ലല്ലോ എന്നോർത്തത്. എന്നും ബാഗിൽ ബിസ്ക്കറ്റ് വാങ്ങി വെക്കുന്നതാണ്. ട്രെയിൻ വിടാനുള്ള സമയമായിപ്പോയതിനാൽ അതിനുള്ള സമയം കിട്ടിയില്ല. അപ്പോഴാണ് ബാഗിൽ വെച്ചിരുന്ന ഒരു ലെഡ്ഡുവിന്റെ കാര്യം ഓർത്തത്. ഇന്ന് ഓഫീസിൽ തന്റെ ജൻമദിനം ആഘോഷിച്ചതിന്റെ പങ്കാണ്.
പതുക്കെ അതെടുത്ത് അയൾക്ക് നീട്ടി.
’’ഇന്നെന്റെ ജന്മദിനമായിരുന്നു…അതിന്റെ പങ്കാണ്.’’
ലഡ്ഡു കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ അയാളുടെ കൈകൾ വിറക്കുന്നതു പോലെ തോന്നി. എവിടുന്നോ വെള്ളത്തുള്ളികൾ ലഡ്ഡുവിന് മേൽ വീണതു പോലെ..
’’എന്റെ മകന്റെയും ബർത്ത് ഡേ ഇന്നായിരുന്നു..’’ അയാളുടെ കണ്ഠമിടറി..
‘’അതു ശരി,അപ്പോൾ അമ്മാവൻ അങ്ങോട്ടു പോകുകയാണോ? അതിനെന്താ കരയുന്നത്, സന്തോഷിക്കേണ്ട ദിവസമല്ലേ?’’ ഞാൻ പറഞ്ഞതു കേട്ടിട്ടും ഒന്നും പറയാൻ കഴിയാതെ ആ മനുഷ്യൻ വിതുമ്പി. അടുത്ത സ്റ്റേഷനായപ്പോൾ അയാൾ എഴുന്നേറ്റു.
’’ഇവിടെ ഇറങ്ങുകയാണോ,ഒറ്റയ്ക്കേ ഉള്ളോ,സൂക്ഷിച്ച് പോകണം..’’
സ്വന്തം അപ്പൂപ്പന്റെ കാര്യത്തിലെന്ന പോലെ അയാൾ വേവലാതിപ്പെട്ടു.. പ്രായത്തിന്റെ അവശതകൾക്കിടയിലും പഴയ കാലം നൽകിയ ആരോഗ്യത്തിന്റേ ബാക്കി പത്രമെന്നോണം അയാൾ എഴുന്നേറ്റു.
’’മോൻ വിളിക്കാൻ വരുമോ?’’
‘’ഇല്ല,ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം. റെയിൽവെ ക്രോസ്സിന്റേ അപ്പുറത്തു തന്നെയാ താമസം, ഇന്ന് മോന്റെ പിറന്നാളിന് വഴിപാട് നടത്താൻ പോയിരുന്നതാ..’’
പതുക്കെ ഇറങ്ങി റെയിൽവേ സ്റ്റേഷൻ കടന്ന് റോഡിലൂടെ നടന്നു പോകുന്ന ആ മനുഷ്യനെ അയാൾ നോക്കിയിരുന്നു. അടുത്തു കണ്ട കെട്ടിടത്തിലേയ്ക്ക് കയറാൻ ഗെയിറ്റ് തുറന്നതും ട്രെയിൻ പുറപ്പെടാനുള്ള വിസിൽ മുഴങ്ങി..ട്രെയിൻ നീങ്ങിത്തുടങ്ങുന്നതിനിടയിൽ അയാൾ കയറിപ്പോയ കെട്ടിടത്തിനു മുന്നിലെ ബോർഡ് അയാൾ വായിച്ചു.
’’സർക്കാർ വൃദ്ധസദനം..’’
വേച്ച് വേച്ച് വൃദ്ധ സദനത്തിന്റെ പടി കയറി പോകുന്ന ആ മനുഷ്യൻ ഒരു നൊമ്പരമായി അയാളിൽ നിറഞ്ഞു..