പ്രണയശൂന്യൻ

 

“ഞാൻ നിങ്ങളെയാണ് പ്രണയിക്കുന്നത്. ”
“നീ… എന്തിനാണ് കുഞ്ഞേ.. എന്നെ പ്രണയിക്കുന്നത്? ”
അവർ വിദൂരത്തിലേക്ക് മിഴികൾപാകികൊണ്ട് ശാന്തമായ് ചോദിച്ചു. ഒരു നിർവികാരത അവരെ വന്നു പൊതിഞ്ഞു.

“ഞാൻ നിന്റെ ജേഷ്ഠത്തിയുടെ സതീർത്ഥ്യയല്ലേ?”

“പക്ഷേ.. ഞാൻ നിങ്ങളെ മാത്രമേ പ്രണയിക്കുന്നുള്ളൂ. ”

പുഴയോരത്തെ ആ ഒറ്റപ്പെട്ട തടിബെഞ്ചിൽ ഏകയായിരുന്ന അവരെത്തേടി അപ്പോൾ മാത്രമാണ് അവൻ എത്തിചേർന്നത്. പുഴയിലെ തെളിനീരിൽ മീനുകൾ വിശ്രമമില്ലാതെ നീന്തിതുടിച്ചുകൊണ്ടിരുന്നു.

“ഈ മീനുകൾ ഉറങ്ങാറുണ്ടാകുമോ? ”

“നിങ്ങൾ എന്തിനാണ് ഒഴിഞ്ഞു മാറുന്നത്. ഞാൻ നിങ്ങളെയാണ് പ്രണയിക്കുന്നത് ”

“ഞാൻ നിന്നെ എത്രമാത്രം താലോലിച്ചിരിക്കുന്നു കുഞ്ഞേ… അന്ന് നീ ഒരുപക്ഷി കുഞ്ഞിനെ പോലെ എന്നോട് ചേർന്ന് ഇരിക്കുമായിരുന്നു. എത്ര താരാട്ടാണ് ഞാൻ നിന്റെ കാതുകളിൽ പാടിത്തന്നത്. അത് കേട്ട് നീ എന്റെ മാറിലേക്ക് പറ്റിച്ചേർന്നുറങ്ങുമായിരുന്നു.”

മെല്ലെ അവന്റെ നേർക്ക് തിരിഞ്ഞ ശാന്തമായ അവരുടെ മുഖത്ത് വാത്സല്യം മാത്രമേ പ്രകടമായിരുന്നുള്ളൂ.

“എനിക്ക് ഈ മുഖം വെറുപ്പാണ്… നിങ്ങൾ ഒരു കുഞ്ഞായ് എന്നെ കാണുമ്പോൾ.. അത് എന്നിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. ”

“കുഞ്ഞേ.. ഇങ്ങനെ മാത്രമേ എനിക്ക് നിന്നെ കാണാൻ കഴിയൂ.. ”

ചെറുതായി വീശിയ കാറ്റിൽ അവരുടെ സാരിത്തുമ്പ് പുറകിലേക്ക് പറന്നുകൊണ്ടിരുന്നു. അവർ അപ്പോഴും വിദൂരത്തിലേക്കു മിഴികൾ പാകി എന്തോ ചിന്തിച്ചുകൊണ്ടിരിക്കുക യായിരുന്നു.

“നിങ്ങൾക്കെന്താ.. എന്നെ പ്രണയിച്ചാൽ.. ”

“നോക്കൂ.. അസ്തമനം ആയിരിക്കുന്നു. നീ മടങ്ങിപ്പോകൂ കുഞ്ഞേ.. ”

അവർ മെല്ലെ… വളരെ മെല്ലെ എഴുന്നേറ്റ് തന്റെ സാരിയുടെ മടക്കുകൾ നേരെയാക്കി.

പറന്നുനടന്ന സാരിത്തുമ്പ് പുറകിലൂടെ കൈയ്യിലേക്ക് പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു നീങ്ങി. അസ്തമന സൂര്യന്റെ ചുവപ്പ് രാശി അവരുടെ അഴിഞ്ഞു കിടന്ന ഭംഗിയാർന്ന ചുരുളൻ കേശഭാരത്തിലും, അതുല്യനായ ചിത്രകാരൻ വരച്ചുചേർത്ത പഴയകാല ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന അവരുടെ വദനത്തിലും പ്രതിഫലിച്ചുകൊണ്ടിരുന്നു.

“എന്റെ പ്രണയം നിങ്ങൾക്ക് മാത്രമുള്ളതാണ്… നിങ്ങൾക്ക് മാത്രം.. ”
അവൻ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

 

അവർ തന്റെ മുറ്റത്ത് ഉലാത്തുകയായിരുന്നു. വൃക്ഷദലങ്ങളെ മാത്രം പുൽകി വേനൽമഴ കടന്നുപോയിരിക്കുന്നു, മഴത്തുള്ളിയുടെ കരസ്പർശത്തിനായി പ്രതീക്ഷയോടെ കാത്തുകിടന്ന വരണ്ടമണ്ണിനെ നിരാശപ്പെടുത്തികൊണ്ട് തന്നെ. ഒപ്പം കടന്ന് വന്ന മഴക്കാറ്റ് വേനൽചൂടിനെ തന്റെ തണുത്ത കരങ്ങളാൽ ആശ്ലേഷം ചെയ്യാൻ അടുത്തു. മഴക്കാറ്റിന്റെ ആ ശ്രമങ്ങളെ വിഫലമാക്കികൊണ്ട് വേനൽചൂട് പിടികൊടുക്കാതെ അകന്ന് മാറിക്കൊണ്ടിരുന്നു. എന്നിരുന്നാലും ഏറെനാളത്തെ അവളുടെ വിരഹതാപത്തിന് അയവുവരുത്താൻ മഴക്കാറ്റിന്റെ സ്നേഹപ്രകടനത്തിന് കഴിഞ്ഞിരിക്കുന്നു. മടങ്ങുംവഴി മഴക്കാറ്റ് ചെറുതായി തുറന്ന ഇരുമ്പ് ഗേറ്റ് പതിയെ തുറന്നുകൊണ്ട് അവൻ അകത്തേക്ക് പ്രവേശിച്ചു.

“എനിക്ക് ബോംബെയിലേക്ക് പോകേണ്ടിവരും. ഉടനെ ഒരു മടക്കം ഉണ്ടാകില്ല. ”

“നീ.. നിന്റെ ജോലി ആവശ്യങ്ങൾക്കായി അല്ലെ കുഞ്ഞേ.. പോകുന്നത്? സന്തോഷമായി പോയ്‌വരൂ… ”

“പോകുമ്പോൾ നിങ്ങളും എനിക്കൊപ്പം വരണം.”

“എന്റെ ഭർത്താവ് മരിച്ചിട്ട് ഏറെ നാൾ കഴിഞ്ഞിട്ടില്ല.

അത് നിനക്കും അറിവുള്ളതല്ലേ?”

“ഞാൻ നിങ്ങളെ മാത്രമാണ് പ്രണയിക്കുന്നത്. അത് നിങ്ങൾക്കും അറിവുള്ളതല്ലേ?”

“നീ… ഒരുപാട് മാറിപ്പോയിരിക്കുന്നു കുഞ്ഞേ.. ”

അലസമായ് നടന്ന്‌ മുറ്റത്ത് നിറയെ പൂവിട്ടു നിൽക്കുന്ന ചെമ്പകത്തിന്റെ ചോട്ടിൽ അവർ മെല്ലെ ഇരുന്നു.

“എന്ന് മുതൽക്കാണ് കുഞ്ഞേ.. നിന്റെ നിഷ്കളങ്കസ്നേഹത്തിന് രൂപമാറ്റം വന്നത്.”

അവൻ അവരുടെ തൊട്ടടുത്ത് അവരുടെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു.

“ഒന്നും എനിക്കറിയില്ല. നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ”

തന്റെ മുഖത്തേക്ക് നീണ്ട അവന്റെ കരം അവർ ഗ്രഹിച്ചു.

“നോക്കൂ… നിന്റെ കൈയ്യിലെ ഈ പാട്. അന്ന് നിനക്ക് അഞ്ച് വയസ്സായിരുന്നു. ഓടിക്കളിക്കുന്നതിനിടയിൽ മുറ്റത്ത് വീണ്‌ ആഴത്തിലുണ്ടായ ഈ മുറിവിൽ ഞാൻ മരുന്ന് പുരട്ടിയത് നിനക്കോർമയുണ്ടോ? അന്ന് വേദനകൊണ്ട് നീ എത്രയാ കരഞ്ഞത്. നിന്നെക്കാൾ വേദന എനിക്കായിരുന്നു കുഞ്ഞേ… ”

അത്യധികം കോപത്തോടെ കൈ ശക്തിയായി പിൻവലിച്ച് വേഗത്തിൽ അവൻ ഗേറ്റ് കടന്ന് പോയി.

“കുഞ്ഞാണത്രേ.. കുഞ്ഞ്. ”

അവൻ പിറുപിറുക്കുണ്ടായിരുന്നു.
അവന്റെ ചേഷ്ടകളൊക്കെത്തന്നെയും നോക്കികൊണ്ട് അവർ ശാന്തമായ് ഇരിക്കുകയായിരുന്നു. അവരുടെ മിഴികളിൽ അപ്പോഴും വാത്സല്യം പ്രകടമായിരുന്നു.

“നാളെ പുലർച്ചെ ഞാൻ പോകുകയാണ്. നിങ്ങളെ കൂടി വിളിക്കാനാണ് ഞാൻ വന്നത്. ”

“നീ ഈ പലഹാരങ്ങൾ കഴിക്കൂ കുഞ്ഞേ.. നീ എന്താണ് ചായ കുടിക്കാത്തത്. എന്റെ ഭർത്താവ് അവസാനമായ് വാങ്ങിക്കൊണ്ട് വന്ന ചായപ്പൊടിയാണ് ഞാൻ ചായ ഉണ്ടാക്കാൻ ഉപയോഗിച്ചത്. ”

മേശപ്പുറത്ത് നിരന്നിരുന്ന പലഹാരങ്ങളിൽ ഒന്നുപോലും അവൻ കഴിക്കുന്നുണ്ടായിരുന്നില്ല.

“നീ വന്നിട്ട് ഏറെ നേരമായിരിക്കുന്നു. മടങ്ങിപ്പോകൂ കുഞ്ഞേ.. ”

കപ്പിലിരുന്ന ചായ തണുത്തുകഴിഞ്ഞിരുന്നു. പലഹാരങ്ങളെല്ലാം തന്നെ അതേപടി ഇരിപ്പുണ്ട്. അവർ ഇരുവരും ഏറെ സമയമായി ഒരേ കാര്യം തന്നെ ആവർത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്ന് വ്യക്തം.

“അപ്പോൾ നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞു, നിങ്ങൾ എനിക്കൊപ്പം വരില്ല എന്ന് അല്ലേ?”

“നീ പോയ്‌വരൂ കുഞ്ഞേ.. ആ കാലയളവ് നിന്നിൽ വീണ്ടും മാറ്റങ്ങൾ സൃഷ്ടിക്കും. നിനക്ക് നിന്റെ യഥാർത്ഥ പ്രണയം അവിടെ നിന്ന് ലഭിക്കട്ടെ..”

പെട്ടെന്നാണ് അവന്റെ കണ്ണുകൾ ചുവന്ന് തുടുത്തത്. അവന്റെ മുഖം വലിഞ്ഞുമുറുകി, കൈയ്യിൽ എവിടെ നിന്നോ ഒരു കഠാര പ്രത്യക്ഷമായി. അത്യധികം കോപത്തോടെ അവൻ അവരുടെ നേരെ തിരിഞ്ഞു.
പുറത്ത് കോപതാപങ്ങളുടെ അതിതീവ്രതയോടെ സൂര്യകിരണങ്ങൾ താണ്ഡവമാടുന്നു. കൂടെ ഉഷ്ണക്കാറ്റിന്റെ പ്രചണ്ഡതാളവും.

“കുഞ്ഞേ… ഇതാണോ നിന്റെ പ്രണയം. ”

തറയിലേക്ക് ഒഴുകിപ്പടർന്ന നിണത്തിൽ കിടന്നുകൊണ്ട് അവർ ചോദിച്ചു. തീവ്രവേദനയാൽ അവരുടെ ശബ്ദം വിറകൊള്ളുന്നുണ്ടായിരുന്നു. അപ്പോഴും അവർ വളരെ ശാന്തമായ് കാണപ്പെട്ടു.

“ഇതാണോ കുഞ്ഞേ പ്രണയം ”
“ഒരിക്കലും ഒന്നിക്കില്ലെന്നറിഞ്ഞുകൊണ്ടുള്ള കാത്തിരുപ്പായിരുന്നില്ലേ.. പ്രണയം ”

“തന്റെ പ്രണയിനിയുടെ സന്തോഷത്തിൽ തന്റെ സന്തോഷത്തെ കണ്ടെത്തുന്ന വേദനയായിരുന്നില്ലേ.. പ്രണയം ”

“കുടുംബത്തിന്റെ സന്തോഷത്തിന് മുന്നിൽ തന്റെ സ്നേഹം ത്യജിക്കാൻ കഴിയുന്ന ത്യാഗമായിരുന്നില്ലേ.. പ്രണയം ”

“എന്നോ നഷ്ടപ്പെട്ട് ഇടയ്ക്ക് വേദനിക്കുന്ന സുഖമുള്ള ഓർമയായിരുന്നില്ലേ… പ്രണയം ”

“പിന്നെ എന്നാണ് പ്രണയത്തിന് ക്രൂരതയുടെ ഭാഷ കൈവന്നത്? ”
“എപ്പോൾ മുതൽക്കാണ് പ്രണയം ക്രൂരത സംസാരിച്ചു തുടങ്ങിയത് ”
“ഇങ്ങനെ അല്ല പ്രണയിക്കേണ്ടത്.. നിനക്ക് പ്രണയം അറിയില്ല കുഞ്ഞേ… പക്ഷേ.. ഞാനിനിയും വാത്സല്യം മറന്നുപോയിട്ടില്ല. ആ കഠാര എന്നെ ഏൽപ്പിച്ച് നീ പെട്ടെന്ന് രക്ഷപ്പെട്ടോളൂ.. ആളുകൾ അറിഞ്ഞെത്തും മുൻപേ… വേഗം… ഓടി പൊയ്ക്കൊള്ളൂ.. വേഗം…
പുറത്തെ വേനൽച്ചൂടിലേക്ക് പരിഭ്രമത്തോടെ ഓടി ഇറങ്ങുന്ന അവനെ അവർ ആയാസപ്പെട്ട് മിഴികളുയർത്തി നോക്കുന്നുണ്ടായിരുന്നു. അവരുടെ മിഴികളിൽ ആ നിമിഷത്തിലും വാത്സല്യം മാത്രമേ പ്രകടമായിരുന്നുള്ളൂ.
അവൻ ഉപേക്ഷിച്ചു പോയ കഠാര അവർ ബദ്ധപ്പെട്ട് കൈപ്പിടിയിലൊതുക്കി. അവരുടെ മിഴികൾ അടഞ്ഞുപോകുന്നുണ്ടായിരുന്നു. അപ്പോഴും അവരുടെ ചുണ്ടുകൾ അസ്‌പഷ്‌ടമായി പിറുപിറുത്തുകൊണ്ടേയിരുന്നു.

” പിന്നെ എപ്പോഴാണ് പ്രണയത്തിന് ക്രൂരതയുടെ ഭാഷ കൈവന്നത് ”

” എന്ന് മുതൽക്കാണ് പ്രണയം ക്രൂരത സംസാരിച്ചുതുടങ്ങിയത് ”

“എപ്പോൾ മുതൽക്കാണ് പ്രണയം വികൃതമാക്കപ്പെട്ടത്.. ”

“എന്ന്… മുതൽക്കാണ്… പ്ര………..”

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here