വർത്തമാനപ്പത്രത്തിന്റെ
ആദ്യ താളിൽ
പുതിയൊരു പരസ്യം കണ്ടു.
ഊമയായൊരു നോക്കുകുത്തിയെ
ആവശ്യമുണ്ട്.
വിശാലമായൊരു വിളനിലം
കളകൾ കയറി
ഉണങ്ങി വരണ്ടു
കാറ്റെടുക്കുമ്പോൾ
സുസ്മേരവദനനായി
കാവൽ നിൽക്കാൻ
ഒരു നോക്കുകുത്തിയെ
ആവശ്യമുണ്ട്..
മുൾവേലികൾക്കപ്പുറത്തു നിന്നും
വലിഞ്ഞു കേറി
കുടിൽ കെട്ടി
പുതിയ അതിരുകൾ തീർക്കുമ്പോൾ
മൗനവ്രതം ആചരിച്ച്
നിർവ്വികാരനായി
നോക്കി നിൽക്കാൻ
ഒരു നോക്കുകുത്തിയെ
ആവശ്യമുണ്ട്.
വിത്തിറക്കുന്നത്
കർഷകരെങ്കിലും
നോക്കുകുത്തിയാണ്
നിലത്തിന്റെ അധിപൻ.
പരന്നൊഴുകിയ
നിണച്ചാലുകൾ കണ്ടിട്ടും
നിർവ്വികാരനായിരുന്നു
വീണ വായിച്ചിരിക്കാം.
വിളവെടുപ്പെല്ലാം കഴിഞ്ഞാൽ
മുതലക്കണ്ണീരിൽ
തൂലിക മുക്കി
ആത്മകഥകൾ
പുറത്തിറക്കാം..
അകലെ നിന്നു നോക്കുന്നവർക്കായി
പൊയ്ക്കാലിൽ പൊക്കി നിറുത്തിയ
നോക്കുകുത്തിയെ
ആവശ്യമുണ്ട്..
തലയായി വെച്ച
കറുത്ത മൺചട്ടിയിൽ
വെളുത്ത അക്ഷരങ്ങളാൽ
എഴുതിയിട്ടുണ്ടാവണം.
“കരിങ്കണ്ണാ നോക്കൂ “…
Click this button or press Ctrl+G to toggle between Malayalam and English