“ടീച്ചറമ്മേ ദേ എന്റെ
കാലിൽ രണ്ട് കുത്ത്
ആ കുത്തീന് ചോരേം വരണുണ്ട്”
“ഓഹ്!! അത് വല്ല ആണീം
കൊണ്ടതാകും കൊച്ചേ ..”
“അല്ല ടീച്ചറമ്മേ പാമ്പാ…
ആ പൊത്തീന് കൊത്തീതാ..”
“നിന്നു പിറുപിറുക്കാതെ
ക്ലാസ്സില് പോണൊണ്ടോ നീയ്”
________________________________
അംമ്പോറ്റി,
ഞാൻ കൊറേ
തവണ പറഞ്ഞതാ..
ആരും എന്നെ കേക്കാൻ
കൂട്ടാക്കിയില്ല….
ന്റെ ചങ്ങായിമാരും
പറഞ്ഞതാ….
ന്റെ കാലെല്ലാം നീല
നെറമായാർന്ന്….
എന്നിട്ടും അവര് എന്നെ
നോക്കിയില്ല…..
അംമ്പോറ്റി,
നിന്നെ കാണിച്ചുതന്ന
ടീച്ചറമ്മേനെ വേണം
ആദ്യം തൊഴാൻ എന്നാണല്ലോ
അപ്പനും അമ്മേം പറഞ്ഞത്……
പിന്നെന്തിനാ
എന്തിനാ…
ടീച്ചറമ്മ എന്നെ
ആസ്പത്രിയിൽ കൊണ്ടോവാൻ
കൂട്ടാക്കാതെ നിന്റെ അടുത്തേക്ക്
എന്നെ പെട്ടെന്ന് പറഞ്ഞുവിട്ടെ….?
സ്നേഹം കൊണ്ടാവും അല്ലേ….
ആഹ്….സ്നേഹം കൊണ്ട് തന്നെയാ…..
അമ്പോറ്റിനെ കാണാൻ പറ്റണത്
ഭാഗ്യം ഉള്ളോണ്ടല്ലെ….
ആ ഭാഗ്യം എനിക്ക് കിട്ടട്ടെ
എന്ന് അവരെല്ലാം കരുതികാണും…
അപ്പൊ,
അവർക്ക് എന്നോട്
സ്നേഹം ഉള്ളോണ്ട് തന്നെയാ……….