പിറന്ന മണ്ണിനെ പിരിയേണ്ടി വന്നവർ,
പലായനങ്ങൾ തൻ മുറിവിൽ പിടഞ്ഞവർ,
കറുത്ത രാത്രിയൊന്നിരുട്ടി മാറവേ,
കൊരുത്ത ജീവിതം നിരത്തിലായവർ.
ദുരന്തഭൂമിയിൽ തളർന്നു വീഴ്കിലും
ദുരിതവീഥികൾ നടന്നു താണ്ടിയോർ,
ഇവർക്കു പേരാണഭയാർത്ഥികൾ, ഇവർ
വിധിയ്ക്കു മുന്നിലായ് വിറച്ചു നിന്നവർ .
കടന്നുകേറലിൻ, ചെറുത്തുനിക്കലിൻ
ചരിത്രമിവിടെയിരു കരകളെ പോലെ .
അവക്കിടയിലൂടൊഴുകുന്നു പുഴ പോൽ
നിറഞ്ഞ കണ്ണിലെ ഇവർ തന്റെ ദൈന്യം.
കവർന്നെടുത്തതാരിവരുടെ സ്വപ്നം ?
കളഞ്ഞുപോയതല്ലിവരിലെ മോഹം …
നടന്ന വഴികളെ നരകൊണ്ട മിഴികൾ ,
മറക്കുവാനായ് ശ്രമിക്കയാണിന്നും .
വിതച്ച പാടങ്ങൾ കനൽ കൊണ്ടു പൊള്ളി,
ജ്വലിച്ചു നിൽക്കുന്ന കാഴ്ചയാണെങ്ങും.
ജനിച്ച വീടിൻ ജനാലകൾക്കുള്ളിൽ,
തകർന്നു തൂങ്ങുന്നു ജീവിതച്ചിത്രം .
പറക്കമുറ്റാത്ത പൈതലേ തോളിൽ
ഉറക്കിയഭയം തിരയുന്നൊരമ്മ.
ഇടയ്ക്കു വഴിയിൽ തളർന്നങ്ങിരിക്കും
കിതപ്പു മാറാത്ത വൃദ്ധദമ്പതിമാർ .
ഇടയ്ക്കിടയ്ക്കെ കരഞ്ഞും ശപിച്ചും
നിലത്തിരിക്കുന്നു ഭ്രാന്തിയാം ഒരുവൾ .
കളഞ്ഞു പോയ മാണിക്യമതു തേടി
തിരഞ്ഞിറങ്ങുന്നു ആരെയോ ഒരുവൻ .
പിരിഞ്ഞു പോകുമെന്നുൾ ഭയത്താലെ
പിണഞ്ഞു നീങ്ങുന്ന ഏതോ കുടുംബം .
മരിച്ചവർ വീണുറങ്ങുന്ന മണ്ണിൽ
ലയിച്ചു ചേരാൻ കൊതിച്ചവർ ഇവരും .
ഇറക്കിവിട്ടതാർ , ഇവരെയീ വഴിയിൽ ?
വലിച്ചെറിഞ്ഞതാരിവരുടെ ചിരികൾ ?
ഇവർക്കു പേരാണഭയാർത്ഥികൾ ഇവർ
മൃതിയ്ക്കു മുന്നിലായ് പകച്ചു നിന്നവർ .
തുറന്നിടാം ഇവർക്കായൊരു വാതിൽ,
വിളമ്പി വയ്ക്കാം ഒരു കുമ്പിളന്നം .
ഒരൊറ്റ വാനമേ ചിറകൊന്നു നീർത്താൻ,
ഒരൊറ്റ ഭൂമിയേ ചിറകൊതുക്കാനും .
ഒരിറ്റു സ്നേഹമതു തണലൊരുക്കീടാൻ ,
ഒരിറ്റു കണ്ണുനീർ കരുതലാകാനും .
ഒഴിഞ്ഞു പോകേണ്ട വീടാണു ഭൂമി,
കൊഴിഞ്ഞു വീഴേണ്ട ഇലകളേ നമ്മൾ .
പൊളിഞ്ഞു വീഴുമീ വഴിയമ്പലത്തിൽ
പിടിച്ചടക്കുവാൻ എന്തുണ്ട് വ്യർത്ഥം?
മിനുക്കുവാൻ പണിയുള്ളതീ ഭവനം,
ശ്രമിക്ക വേണം നിമിഷമോരോന്നും.
അതിന്നിടയിലിന്നെന്തിനായ് കലഹം?
അറുത്തുമാറ്റുവതിരിക്കുന്ന കൊമ്പേ …