നന്ദു മഹാദേവ മരിച്ചിട്ടില്ല

 

 

 

 

 

ജീവനറ്റ ചിപ്പീലത്രേ നിത്യവിദ്രുമം ജനിപ്പൂ!
ജീവൻ മേനി വിടുമ്പോളേ സ്മൃതി വിടരൂ!
സ്മരണാംബുജമിറുക്കാൻ നിലയില്ലാക്കയം നീന്തും,
സ്മയപൂർവ്വം പൂതിരയും, പൈതലാണുഞാൻ.

ഓർക്കാനിഹയാശ്വസിക്കാൻ മണ്ണിൽ വിസ്മയം തീർത്തോനെ
ഓർത്തുപാടിടുന്നേനവൻ മൊഴിമുത്തുകൾ.
സ്വർഗ്ഗം പൂകുംമുൻപേയിഹം സ്വർഗ്ഗമാണെന്നോതിയവൻ,
സ്വർഗ്ഗിപോലെ ജീവിച്ചിടം സുവർണ്ണമാക്കി.

പതറാതെയെരിയണം, പുകയാതെ ജ്വലിക്കണം,
ഒരു മാത്ര മാത്രാണേലും പടർന്നീടണം.
എരിഞ്ഞമരും നേരത്തും വെളിച്ചമായ് തീർന്നീടേണം
ഇരവിന്റെ തോഴനായേ പുലർന്നീടണം.

ചെറുചിരി കൊണ്ടു ലോകം കീഴടക്കി വാണിടേണം,
പന്തമായനന്തമായേ വിടർന്നീടണം.
ചുറ്റുമിരുൾ പരന്നാലും ഭയം വേണ്ട! തളരേണ്ട!
ചെറ്റുചിരിയൊളിയാക്കൂ! ഭൂകീഴടക്കൂ!

“നദിപോലെയൊഴും ഞാൻ, നിലയ്ക്കാതെയൊഴുകും ഞാൻ,
വാക്കിലൂടെ,യൻപിലൂടെ, കർമ്മത്തിലൂടെ;
“അതിജീവനത്തിൻ കാമൻ” പലരേറ്റുപാടിയാർക്കും
അവളിലൂടനന്തനാൾ അതിജീവിക്കും.”

വീണിടത്തീന്നിഴയണം വീരമോടൊരടിയേലും,
കുഴയാതെ തുഴയണം മുന്നോട്ടു മാത്രം.
ജയിക്കാനായുറച്ചെന്നാൽ കനലുമേലും നടക്കും
അവസാനശ്വാസം വരെ പൊരുതി നില്ക്കും.

പതുങ്ങി കിതയ്ക്കുകെന്നാൽ പരുങ്ങാതെ പുലിപോലെ
കുതിയ്ക്കുവാൻ കഴിയേണം പ്രിയമുള്ളോരേ!
ചങ്കിൽ വീരമുണ്ടേലാർക്കും, ഹാ! തോൽവിയ്ക്കുപോലും നിന്നെ
തോല്പിക്കാനാവതില്ലതോ? മനസ്സത്ഭുതം!

തീവ്രരോഗമുലച്ചാലോ ആശ്വസിക്കേതേതുനോവു-
മേറെയാസ്വദിപ്പോർമറ്റോർക്കൗഷധമാകും.
ഉരുകിയുരുകിയുമിത്തീപോലെ നീ നീറിയെന്നാ-
ലോർക്കുകയുരുകാതങ്കം ഭൂഷമാവില്ല.

“സ്നേഹമസ്തമിക്കാത്തോളം, ദേഹം മാലാൽ നീറിയാലും
സ്നേഹിതനായ് ഞാനുണ്ടാകും പ്രേമപാത്രമേ!
വല്യമരമായിടും ഞാൻ ആയിരങ്ങൾ ചേക്കേറീടും
മരിച്ചാലും തളിർക്കും ഞാൻ. അതിജീവനം!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English