ആറേഴുമാസമായി ഒരേ കിടപ്പിലയിരുന്ന അപ്പുണ്ണിയുടെ അമ്മ ഇന്ന് പുലര്‍ച്ചെ മരിച്ചു പത്രമിടാനെത്തിയ പയ്യനാണ് വിവരമറിയിച്ചത്.
“സാറെ, അപ്പുണ്ണിസാറിന്റെ അമ്മ പോയി.”
പയ്യന്‍ പടിപ്പുറത്തുനിന്നും പത്രത്തോടൊപ്പം മരണവാര്‍ത്തകൂടി വീശിയിട്ടു.
“ഇന്നായതു നന്നയി. അവധിയെടുക്കാതെ കഴിഞ്ഞല്ലോ.”
പത്രമെടുത്ത് നിവര്‍ത്തുന്നതിനിടയില്‍ ഭാര്യ അഭിപ്രായപ്പെട്ടു.
അതേ, ഞായറാഴ്കളിലെ മരണത്തിന് അങ്ങനെയൊരു സൗകര്യമുണ്ട്. അവധിയെടുക്കാതെ കഴിക്കാം.
മരണവീട്ടില്‍ ചെന്നപ്പോള്‍ മിക്കവരുടെയും മുഖത്ത് അവധിദിനത്തിന്റെ ആശ്വാസം കാണാന്‍ കഴിഞ്ഞു.
“ഇന്നായത് നന്നായി, അല്ലേ സര്‍.”
അയാളെ കണ്ടതും സഹപ്രവര്‍ത്തകനായ രവി അഭിപ്രായപ്പെട്ടു. ശേഖരനും ലക്ഷ്മണനുമൊക്കെ രവിയുടെ അഭിപ്രായം ആവര്‍ത്തിക്കുകയായിരുന്നു.
അപ്പുണ്ണിയുടെ അമ്മയെ ഹോസ്പിറ്റലില്‍ നിന്നും മടക്കുമ്പോള്‍ ഡോക്ടര്‍മാര്‍ വിധിച്ചത് കൂടിയാല്‍ രണ്ടുദിവമ് എന്നായിരുന്നു. പക്ഷെ എല്ലാവരെയും കോമാളിയാക്കി മരണം ആറേഴുമാസക്കാലം മാറിനിന്നും രസിച്ചു. ഇപ്പോഴിതാ ഒരു ഞായറാഴ്ച ദിവസം…..
അയാള്‍ മൃതശരീരത്തിനുമുന്നില്‍ ചെന്ന് ഒരു നിമിഷം മുഖം കുനിച്ചു നിന്നു. തുടര്‍ന്ന് അപ്പുണ്ണിയുടെ അടുത്തുചെന്ന് ആശ്വസിപ്പിച്ചു.
“അച്ഛന്‍ പോയതും ഇതുപോലെ ഒരു ഞായറാഴ്ചയഅയിരുന്നു.”
അപ്പുണ്ണി വിതുമ്പലോടെ പറഞ്ഞു.
അയാള്‍ ഒന്നു നെടുവീര്‍പ്പിട്ടുക്കൊണ്ട് മുറ്റത്തേയ്ക്കിരങ്ങി മാവിന്റെ തണലില്‍ ചെന്നു നിന്നു.
അച്ഛന്‍ മരിച്ചത് എന്നായിരുന്നു? അതേ അന്നൊരു തിങ്കളാഴ്ചയായിരുന്നു. അയാള്‍ ഓഫീസിലേയ്ക്കു പുറപ്പെടുമ്പോള്‍ അച്ഛന്‍ പതിവുപോലെ ഉമ്മറത്തെ ചാരുകസേരയില്‍ ഇരിപ്പായിരുന്നു. കഴിക്കേണ്ട മരുന്നുകളെക്കുറിച്ച് ഓര്‍മ്മിച്ചപ്പോള്‍ അച്ഛന്‍ പതിവില്ലാതെ ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരി ഇന്നും മനസ്സില്‍ കെടാതെ നില്‍ക്കുന്നു.
ഓഫീസില്‍ എത്തി പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ വീട്ടില്‍നിന്നും വിളിവന്നു.
“അച്ഛന്‍ പോയി.”
അന്ന് സഹപ്രവര്‍ത്തര് പിറുപിറുത്തത് അയാള്‍ ഓര്‍ക്കുന്നു.
“കാരണോര്‍ക്ക് ഇന്നലെയാകാമായിരുന്നു. സെക്കന്റ് സാറ്റര്‍ഡേയും കഴിഞ്ഞ് ഇന്നുതന്നെ വേണമായിരുന്നോ?”
ഓഫീസിലെ പ്യൂണ്‍ കുമാരേട്ടന് പക്ഷേ മറിച്ചായിരുന്നു പഭിപ്രായം.
“സാറിന്റെ അച്ഛന്‍ നല്ലദിവസം നോക്കിയാണ് പോയിരിക്കുന്നത്. അമാവാസി തിഥിയില്‍….”
ഒരു ജോത്സ്യന്‍ കൂടിയായ കുമാരേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ മാത്രമല്ല, മനസ്സും നിറഞ്ഞു.
ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് അയാള്‍ മുഖമുയര്‍ത്തിയത്. അപ്പുണ്ണിയുടെ എറണാകുളത്തുള്ള പെങ്ങള്‍ എത്തിയിരിക്കുന്നു.
കരച്ചില്‍ അകത്തേയ്ക്കുകയറിപ്പോയപ്പോള്‍ ആളുകള്‍ മുറിഞ്ഞുപോയ സംഭാഷണം തുടര്‍ന്നു.
“സാറ് നേര്‍ത്തെ എത്തിയോ?”
പ്യൂണ്‍ കുമാരേട്ടന്‍ അയാളെ കണ്‍റ്റ് അടുത്തേക്ക് ചെന്നു.
“ഇല്ല, ഒരു പത്തുമിനിട്ടായി.” അയാള്‍ പറഞ്ഞു.
“ഞായറാഴ്ചയായതുക്കൊണ്ട് എണീക്കാന്‍ വൈകി. വിളിച്ചുണര്‍ത്തി മരണവിവരം അറിയിക്കേണ്ടെന്ന് മീനാക്ഷിയും കരുതിക്കാണും.”
കുമാരേട്ടന്‍ പറഞ്ഞു.
“അതു സാരമില്ല. എടുക്കുമ്പോള്‍ ഉച്ചയാവും. അപ്പുണ്ണിയുടെ ഇളയപെങ്ങള്‍ മംഗലാപുരത്തു നിന്നും എത്തണമല്ലോ.”
അയാള്‍ സമാധാനിപ്പിച്ചു.
“കാറിലാണ് പുറപ്പെട്ടിരിക്കുന്നത്. വേഗമെത്തും. ഞായറാചയായതുകൊണ്ട് റോഡില്‍ പതിവുള്ള തിരക്കൊന്നും കാണില്ല.”
അവരുടെ സംഭാഷണം ശ്രദ്ധിച്ച ഒരാള്‍ അഭിപ്രായപ്പെട്ടു.
“ശരിയാണ്. ഞായറാഴ്ചയായതുകൊണ്ട് രക്ഷപ്പെട്ടു.” മറ്റൊരാള്‍ അയാളുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് പറഞ്ഞു.
“ആര് രക്ഷപ്പെട്ടന്നാണ് പറഞ്ഞു വരുന്നത്.?
കുമാരേട്ടന്‍ നെറ്റിചുളിച്ചു.
“കൃത്യമായും വസുപഞ്ചകത്തിലാണ് മരണം. പരിഹാരക്രിയകള്‍ ഒരുപാട് വേണ്ടിവരും. നാളെയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.”
കുമാരേട്ടന്‍ പറഞ്ഞു.
അവര്‍ അതുകേട്ടതായി ഭാവിക്കാതെ അല്ലെങ്കില്‍ വസുപഞ്ചകം പോയിത്തുലയട്ടെയെന്നമട്ടില്‍ ഞായറാഴ്ചയിലെ മരണത്തെ വീണ്ടും പ്രകീര്‍ത്തിക്കാന്‍ തുടങ്ങി.