ഈ രാത്രി കഴിഞ്ഞാൽ നമ്മൾ വേർപിരിയും. നീ കണ്ണൂരിനും ഞാൻ റാന്നിയിലേക്കും , അല്ലേടാ
ഞാൻ വേദനയോട് ചോദിച്ചു.
“അതെ , നമ്മുടെ മുന്ന് വർഷത്തെ ഈ സൗഹൃദം ഇനിയും എങ്ങനെ …
അവന് വാചകം പൂർണ്ണമാക്കാൻ കഴിഞ്ഞില്ല .
ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്നും തുടങ്ങിയ ഞങ്ങളുടെ ബന്ധം
ഒരേ ഹോസ്റ്റൽമുറിയിലൂടെ, ഒരേ ക്ലാസ്സ്മുറിയിലൂടെ, ഒരേ കുക്കിംഗ് ലാബിലുടെ, ഒരേ പാത്രത്തിലെ ഭക്ഷണത്തിലൂടെ ,ഒരേ കോളേജ് ബസ്സിലുടെ, ഞങ്ങളെ പിന്തുടർന്ന് അവസാന ദിനത്തിൽ എത്തിയിരിക്കുന്നു.
നാളെ രാവിലത്തെ ട്രെയിനിൽ യാത്ര തിരിക്കും . ഒരേ ട്രെയിനിൽ , ഒരേ ബോഗിയിൽ ഞങ്ങളുടെ യാത്ര. തെന്നലിയും ഈറോഡും കോയമ്പത്തുരും പാലക്കാടും പിന്നിലാക്കി ട്രെയിൻ ഗർവ് കാണിക്കാം .
മുന്ന് വർഷം കടന്നു പോയവഴിയിൽ , എത്ര പിണക്കങ്ങളുടെ ശവശരീരം
കാണാം, കുട്ടുകാർ സയാമീസ് ഇരട്ടകൾ എന്ന് വിളിക്കുമ്പോൾ ഞങ്ങൾ ചിരിച്ചു. ഞങ്ങൾ അഭിമാനിച്ചു,
“നമ്മുടെ കോഴ്സ് കഴിഞ്ഞു നമ്മൾ സ്റ്റാർ ഹോട്ടലിൽ ജോലിക്കു കയറാം. അത് ഒരേ ഹോട്ടലിൽ ആകണമെന്ന് ഇല്ലാലോ , നാളെ ട്രെയിൻ ഷൊർണുർ എത്തിയാൽ പിന്നെ നമ്മൾ പിരിയും. പിന്നെ എന്ന് കാണും
ആകാശം മുഴുവൻ നക്ഷത്രങ്ങൾ ആയിരുന്നു. നടുവിൽ നായകനെ പോലെ ചന്ദ്രനും.
അവൻ എന്റെ അടുത്ത് വന്നു കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു
“എനിക്ക് അച്ഛനില്ല, അമ്മയാണ് വളർത്തിയത് , അതും കൂലിപ്പണിക്ക് പോയി. നീ എനിക്ക് വേണ്ടി ഫീസ് അടച്ചു , എനിക്ക് ഭക്ഷണം വാങ്ങിത്തന്നു , അങ്ങനെ എന്തെല്ലാം കാര്യങ്ങൾ .ഞാൻ എങ്ങനെ നിന്റെ ഈ കടങ്ങൾ വീട്ടും. ”
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അതിലെ വഴിതെറ്റി വന്ന കാറ്റ് ആ കണ്ണുനീരുമായി എവിടേക്കോ യാത്രയായി.ഈ ഹോസ്റ്റലിന്റെ ടെറസിൽ നിന്നും ഹൈദരാബാദിനെ കൂടുതൽ സുന്ദരിയായി തോന്നി .
“ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നോ പറയുമോ ”
“പറയൂ, എന്താണ് കാര്യം “അവന്റെ കണ്ണുകൾ തിളങ്ങി .
“നിന്റെ അമ്മയോട് സംസാരിച്ചു നിന്റെ പെങ്ങളെ എനിക്ക് കെട്ടിച്ചു തരുമോ ” ഞാൻ ചോദിച്ചു.
എന്റെ കൈയിൽ പിടിച്ചുകൊണ്ടു ഒന്നും വിശ്വസിക്കാനാവാതെ അവൻ നിന്നു.
വാനിലെ വിളക്ക് അണച്ച്, നക്ഷത്രക്കൂട്ടത്തെ കൈപിടിച്ച് ചന്ദ്രൻ മടങ്ങി. കണ്ണീരുമായി പോയ കാറ്റ് വഴിതെറ്റി ഞങ്ങളുടെ ഹോസ്റ്റലിന്റെ മുകളിലൂടെ അലഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English