വാക്കറുതിയില്‍ നിന്നും വാക്കിലേക്ക് ഉഴറിയ പേനത്തുമ്പ് വെള്ളക്കടലാസ്സിനെ തൊട്ടു തൊട്ടില്ലാ എന്ന് മൂന്നാം അക്ഷത്തില്‍ ഇടംവലം കമ്പനം പൂണ്ടു. പിന്നെ കമ്പനങ്ങളൊക്കെ കെട്ടടങ്ങി ഹതാശമായി കടലാസ്സിന് കുറുകെ വീണ പേനയുടെ നിബ്ബിലെ കുഞ്ഞ് കണ്ണില്‍ മഷി പാടകെട്ടിയെങ്കിലും അകവഴികളിൽ നിലയ്ക്കാത്ത രാത്രിട്രാഫിക്കില്‍ പായുന്ന പ്രകാശബിന്ദുക്കളും വഴിയോരത്തെ അംബരചുംബികളില്‍ പതിഞ്ഞ ശബളമായ നിയോണ്‍ ലിപികളുമായിരുന്നു. ഒപ്പം ചിന്നിച്ചിതറിയ ഹോണുകളുടെ കാക്കഫോണിയും.
അച്ഛന്‍റെയും അമ്മയുടെയും ജീവിതത്തിലേക്ക് തലങ്ങും വിലങ്ങും വീണ് കിടന്നിരുന്ന കൂരിരുള്‍ ചീളുകള്‍ക്കിടയിലൂടെ ഒരു തണുത്ത കാറ്റ് നിതിനെയും തഴുകിപ്പോയി. കാറ്റ് വന്ന വഴിയേ വാട്ടര്‍ ടാങ്കിലേക്ക് വെള്ളം ഒഴുകിമറിയുന്ന ഈണവുമെത്തി. അച്ഛനും അമ്മയ്ക്കുമൊപ്പം നിഴല്‍പ്പടര്‍പ്പില്‍ പതുങ്ങികഴിയുന്നതിനെക്കുറിച്ച് നിതിന്‍ ഓര്‍ക്കവേ, പരമാവധി ഏഴുവര്‍ഷം പഴക്കമുള്ള ഒരു പണ്ടുപണ്ടെങ്ങോ തിമിര്‍ത്തുപെയ്ത പെരുമഴയില്‍ കൈത്തോട്ടിലൂടെ വെള്ളം ഒഴുകിപ്പാഞ്ഞു. പെരുമഴയും നിറഞ്ഞ് കവിഞ്ഞ് പായുന്ന കൈത്തോടും. ഇരുമ്പ് കുഴലിലൂടെ ചീറ്റി വീഴുന്ന വെള്ളം. വെള്ളത്തിന്‍റെ കളിമ്പവും ദൈന്യവും. വേനലില്‍ വീശുന്ന ഇളം കാറ്റിലും പേമാരിയിലെ കാറ്റിന്‍റെ മുരള്‍ച്ചകള്‍ ഉണ്ടെന്ന് നിതിന് അറിയാം. പെരുമഴയേയും മരത്തലപ്പുകളെയും പിടിച്ചുലച്ച് കാറ്റിന്‍റെ ഹാലുകള്‍ വമ്പ് കാട്ടുന്നത് കാണാന്‍ അന്ന് മേലോട്ട് നോക്കിയാല്‍ മതിയായിരുന്നു. ഇപ്പോ കീഴോട്ട് നോക്കണം. പതിനെട്ടുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് കീഴോട്ട് നോക്കിയാല്‍ അവിടെയും ഇവിടെയും കുറ്റിച്ചെടിപോലെ എന്തൊക്കെയോ കാണാം. പെരുമഴ പെയ്യുമ്പോള്‍ ബര്‍സാത്തിക്ക് പുറത്തേക്കിറങ്ങാന്‍ അമ്മ സമ്മതിക്കില്ല. എങ്ങാനും ഇടിത്തീ വീണു ചാമ്പലായാലോ? മഴയത്തിറങ്ങാന്‍ വെമ്പിയും ഇടിമിന്നലില്‍ ഭയന്ന് വിറച്ചും കട്ടിലില്‍ കൂനിക്കൂടിയ നിതിനെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച അമ്മയുടെ മുഖവും മനസ്സും മഴക്കോളിനെക്കാള്‍ ഇരുണ്ടതായിരുന്നു.
“മൂന്നെണ്ണത്തിനെപ്പെറ്റതാ…………. എന്നിട്ട്………….”
അമ്മയുടെ വാക്കുകള്‍ നനഞ്ഞ് വിറച്ചു.
“എന്‍റെ മക്കളേ…..”
അമ്മ എങ്ങോട്ടെന്നില്ലാതെ, ആരോടെന്നില്ലാതെ നീട്ടിവിളിച്ചു.
ആഞ്ഞ് വെട്ടിയ ഇടിയിലും മിന്നലിലും നിതിന്‍ അമ്മയെ കെട്ടിപ്പിടിച്ചു. അപ്പോള്‍ അത് അമ്മയായിരുന്നില്ല. പോയിളകിയാര്‍ക്കുന്ന കടലിലെ തുരുത്തായിരുന്നു. അമ്മയ്ക്ക് നിതിന്‍ മകന്‍ മാത്രമായിരുന്നില്ല. ഉള്ളിലെ അനേകം തുലാക്കോളുകള്‍ക്ക് രൗദ്രമായി പെയ്തൊടുങ്ങാനുള്ള ഇത്തിരി വട്ടമായിരുന്നു. ക്ഷോഭങ്ങള്‍ക്ക് എരിഞ്ഞമരാനുള്ള കൊള്ളിയായിരുന്നു.
മട്ടുപ്പാവിന്‍റെ ഉയര്‍ന്ന കൈവരിക്ക് മുകളിലേക്ക് കാല് വലിച്ച് വെയ്ക്കാന്‍ നിതിന്‍ ശ്രമിച്ചെങ്കിലും തോറ്റു. ഒരു തരത്തിലെത്തിവലിഞ്ഞ് താഴേക്ക് നോക്കിയപ്പോള്‍ കണ്ടതോ ചാകലിന്‍റെ സംഭീതമായ ആഴം. നിതിന്‍ പരവശപ്പെട്ട് മട്ടുപ്പാവിലിരുന്ന് പോയി. ചാകലെന്നാലെന്തെന്ന് നിതിന് അറിയായ്കയല്ല. ചാകല്‍ കലഹവും കണ്ണീരുമായും ബന്ധമുള്ള എന്തോ ഒന്നാണെന്നും അറിയാം. അച്ഛനും അമ്മയുമായുള്ള കലഹങ്ങളില്‍ പതിവായിക്കടന്ന് വരുന്ന ചാകലിന് ഈ കെട്ടിടവുമായെന്തോ തൊന്തരവുണ്ടെന്നുമറിയാം. ബര്‍സാത്തിയിലെ ഒറ്റമുറിക്കുള്ളില്‍ വഴക്ക് കരിങ്കടല്‍ പോലെ ഉരുണ്ട് മറിയുമ്പോള്‍ മുറിയുടെ മൂലയിലോ കട്ടിലിന്‍ കീഴിലോ ഒതുങ്ങുന്ന നിതിന്‍ “ഞാനിപ്പം ഈ കെട്ടിടത്തിന്‍റെ മോളീന്ന് ചാടിചാകും. പതിനെട്ടുനെലയുടെ മോളീന്ന് വീണ് ചതഞ്ഞൊടിഞ്ഞ് ചാകട്ടെ” എന്ന് അമ്മ ആക്രോശിക്കുന്നത് കേട്ട് കിടുങ്ങിയിട്ടുണ്ട്. ഒരു തവണ അമ്മ മട്ടുപ്പാവിന്‍റെ കൈവരിക്കടുത്തേക്ക് ഓടുകയും ചെയതു. പിറകെ ഓടിയ അച്ഛന്‍ തത്രപ്പെട്ട് പിടിച്ച് വലിച്ച് മുറിയില്‍ കൊണ്ടുവന്നപ്പോഴേക്കും എന്തിനെന്നറിയാതെ നിതിനും അമ്മയെ കെട്ടിപ്പിടിച്ചു. തളര്‍ന്ന് പോയ അമ്മ പിറ്റേന്ന് ഉച്ചയായിട്ടും എഴുന്നേറ്റില്ല. രാവിലത്തെ മാത്രമല്ല ഉച്ചയ്ക്കത്തെ ചപ്പാത്തിയും നിതിന് കിട്ടിയില്ല.
ഒന്നിനും ഒരു പോംവഴിയും കാണാതെ പുറത്തെ വെയില്‍ നോക്കി മയങ്ങിയും മയങ്ങാതെയും വാതില്‍പ്പടിയില്‍ ചാരിയിരുന്ന നിതിന്‍റെ കാഴ്ച ഒരു മഞ്ഞ പ്ലാസ്റ്റിക്ക് റോപില്‍ കുരുങ്ങി. കെട്ടിടത്തിന്‍റെ രണ്ട് ഭാഗങ്ങള്‍ക്കിടയിലെ ആഴത്തിന് മേല്‍ കെട്ടിയിരുന്ന മഞ്ഞ റോപ്പ് വിശപ്പിനുമേല്‍ വളരെ വളരെ നേരിയ പ്രതീക്ഷയായിരുന്നു. അയകെട്ടാനായി കൈവരിയിലെ ഹുക്കുകള്‍ക്കിടയില്‍ നാട്ടിയ ഇരുമ്പു പൈപ്പില്‍ നിന്ന് അപ്പുറത്തെ മട്ടുപ്പാവിലെ ഇരുമ്പ് പൈപ്പിലേക്ക് മഞ്ഞ റോപ്പ് വട്ടത്തില്‍ കെട്ടാന്‍ അച്ഛനും അപ്പുറത്തെ ബര്‍സാത്തിയില്‍ താമസിക്കാനെത്തിയ വീട്ടുകാരിലെ മാമനുമുണ്ടായിരുന്നു. സൗഹൃദങ്ങള്‍ സ്ഥാപിക്കാനുള്ള അമ്മയുടെ മിടുക്കായിരുന്നു എല്ലാത്തിനുമുപരി. അപ്പുറത്തെ ആന്‍റി പറഞ്ഞത് നിതിനോ അമ്മയ്ക്കോ മനസ്സിലാകാത്ത ഭാഷയായിരുന്നു. എന്നിട്ടും കൈക്രിയകൊണ്ടും ഗോഷ്ടികള്‍ക്കൊണ്ടും അമ്മ എന്തൊക്കെയോ പങ്കിട്ടു. അവിടുത്തെ രണ്ട് പെണ്‍കുട്ടികളിലൊരുവള്‍ പ്ലാസ്റ്റിക്ക് വിമാനവും ഉയര്‍ത്തിപ്പിടിച്ച് മട്ടുപ്പാവില്‍ വട്ടം ചുറ്റിയോടുന്നത് കണ്ടപ്പോള്‍ നിതിന്‍റെയുള്ളില്‍ കളികോപ്പുകള്‍ പലതുമുണര്‍ന്നു. അന്ന് ഒരു കാരണവുമില്ലാതെ വാശിപിടിച്ച് കരഞ്ഞ നിതിന് അമ്മ കടലാസ്സുപമ്പരമൊന്ന് ഉണ്ടാക്കികൊടുത്തു. പമ്പരം കോര്‍ക്കാന്‍ ഈര്‍ക്കിലില്ലാഞ്ഞ് പപ്പടംകുത്തിയും കൊടുത്തു. നിതിന്‍ അപ്പുറത്തെ പെണ്‍കുട്ടികള്‍ കാണെ പമ്പരം കറക്കി വട്ടം ചുറ്റിയോടുന്നത് കണ്ടു നിന്ന അമ്മ അപ്പുറത്തെ പെണ്‍കുട്ടികള്‍ക്കായി ഒരു പമ്പരം കൂടി ഉണ്ടാക്കി ഉയര്‍ത്തി കാട്ടി. അപ്പോഴാണ് അവര്‍ക്കിടയിലുള്ള ആഴം അളവറ്റതായത്.
ഒരേ കെട്ടിടത്തിന്‍റെ ഭാഗമായിരുന്നുവെങ്കിലും അപ്പുറത്തെത്താന്‍ ഒരു വഴിയും ഇല്ലായിരുന്നു. പിറ്റേന്ന് അച്ഛന്‍ ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോള്‍ കൈയിലെ സഞ്ചയില്‍ നീളമുള്ള മഞ്ഞ പ്ലാസ്റ്റിക്ക് കയറുമുണ്ടായിരുന്നു. അടുത്ത ഒഴിവ് ദിവസം അച്ഛനുമമ്മയും ചേര്‍ന്ന് നിന്ന് അപ്പുറത്തെ മാമ്മനോടും ആന്‍റിയോടും കൈയാംഗ്യം കൊണ്ട് പലതും പറഞ്ഞു ചിരിച്ചു. പിന്നെ അച്ഛന്‍ രണ്ടായി മടക്കി അറ്റം കൂട്ടികെട്ടിയ മഞ്ഞ റോപ്പ് ഉയര്‍ത്തിക്കാട്ടിയും ചിലത് പറഞ്ഞു. തുണിയില്‍ മുറുക്കി കെട്ടി കരുതി വച്ചിരുന്ന കല്ല് റോപ്പിന്‍റെ അറ്റത്ത് കെട്ടി ചുഴറ്റി ഒരേറ് കൊടുത്തു. അപ്പുറത്തെ മട്ടുപ്പാവിലെത്തിയ റോപ്പ് ചാടിപ്പിടിച്ച മാമന്‍ ഇപ്പുറത്തെ മട്ടുപ്പാവില്‍ അയകെട്ടാന്‍ നാട്ടിയിരുന്ന പൈപ്പില്‍ കടത്തിയിട്ടിരുന്നത് പോലെ അപ്പുറത്തെ അറ്റം അവിടുത്തെ പൈപ്പിലും കയറ്റിയിട്ടു. റോപ്പ് വളയത്തിന്‍റെ രണ്ട് ഇഴകളിലും പിടിച്ച് അച്ഛനും മാമ്മനും ചുറ്റിച്ചപ്പോള്‍ അതിലൊന്നില്‍ അമ്മ കെട്ടിതൂക്കിയ തൂക്ക് പാത്രത്തിലിരുന്ന ശര്‍ക്കരത്തുണ്ടുകള്‍ അപ്പുറത്തെ മട്ടുപ്പാവിലേക്ക് നീങ്ങി. തിരികെ വന്ന പാത്രത്തില്‍ കല്‍ക്കണ്ടമുണ്ടായിരുന്നു. അങ്ങനെ അച്ചാറും തേങ്ങാച്ചമ്മന്തിയും ദോശയും അങ്ങോട്ട് പോയി. സവാളയും, പച്ചമുളകും, തൈരും, പരിപ്പുകറിയും ഇങ്ങോട്ടും വന്നു. കാല്‍ഭാഗം നിറഞ്ഞ പൈന്‍റ് കുപ്പി അങ്ങോട്ട് പോയപ്പോള്‍ അങ്ങനെയൊന്ന് ഇടയ്ക്കെപ്പൊഴോ തിരിച്ചുവന്നു.
അമ്മയുടെ മുഖത്ത് നിന്ന് കരിങ്കാറൊഴിഞ്ഞ് പോയി. ചിരിയും മൂളിപ്പാട്ടുമൊക്കെ അവിടവിടെ പൊടിച്ചു.
ഒരു ദിവസം താഴത്തെ മാളിന്‍റെ ചില്ല് വാതിലിനരികിലെ പാലക ഡ്യൂട്ടിക്ക് പോയിട്ട് പെട്ടെന്ന് തിരികെ വന്നതെന്തിനെന്ന് തിരക്കിയ അമ്മയോട് അച്ഛന്‍ പറഞ്ഞു.
“ചിരിയെടുക്കാന്‍ മറന്നു”
പക്ഷേ അയഞ്ഞു തുടങ്ങിയ സമ്മര്‍ദ്ദങ്ങള്‍ വീണ്ടും പിണഞ്ഞ് മുറുകാന്‍ അധികകാലം വേണ്ടി വന്നില്ല. സ്ലേറ്റില്‍ അമ്മ അക്ഷരം എഴുതിപ്പിച്ചിരുന്ന രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്ന അച്ഛനെ കണ്ടപാടെ പിടഞ്ഞെഴുന്നേറ്റ നിതിന്‍ അടുക്കളയില്‍ നിന്നും സീല് പൊട്ടിക്കാത്ത ഒരു ക്വാട്ടര്‍ കുപ്പി കൊണ്ടു വന്ന് അച്ഛന്‍റെ കൈയ്യില്‍ വച്ചുകൊടുത്തു.
“അപ്പുറത്തുനിന്നും വന്നതാ” അച്ഛന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അമ്മ പറഞ്ഞു.
“അപ്പുറത്തെ പെണ്ണ് എന്തൊക്കയോ ആംഗ്യം കാണിച്ചു. എനിക്കൊന്നും മനസ്സിലായില്ല. അവരെവിടെയോ പോകുകയാണെന്നാ തോന്നുന്നത്”.
പിറ്റേന്ന് അതിരാവിലെ ഉറക്കമുണര്‍ന്ന് പുറത്ത് വന്ന നിതിന്‍ കണ്ടത് അപ്പുറത്ത് കെട്ടും ഭാണ്ഡവുമൊക്കെയായി ഇങ്ങോട്ടും നോക്കി നില്‍ക്കുന്നവരെയാണ്. നിതിന്‍ ഓടിച്ചെന്ന് അമ്മയേയും അച്ഛനെയും വിളിച്ചുകൊണ്ടു വന്നു. അപ്പുറവും ഇപ്പുറവും നിന്നവര്‍ പരസ്പരം എന്തൊക്കയോ ആംഗ്യം കാണിച്ചു. കൃത്യമായി ഇരുകൂട്ടര്‍ക്കും ഒന്നും മനസ്സിലായില്ല. അവര്‍ കൈവീശി നടക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞു. അവസാനമായി ഒന്നുകൂടി തിരിഞ്ഞുനോക്കിയ ആന്‍റിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. വിലപ്പെട്ട കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നഷ്ടബോധം ഘനമാര്‍ന്നു നിന്നു.
” അവര്‍ ഗ്രാമത്തിലെന്തെങ്കിലും വിശേഷത്തിന് പോയതാവും. താമസിയാതെ തിരികെ വരുമായിരിക്കും”.
അമ്മയെ സമാധാനിപ്പിക്കാനെന്നോണം അച്ഛന്‍ പറഞ്ഞതുകേട്ട് അമ്മ കുനിച്ചു പിടിച്ചിരുന്ന മുഖം മറുവശത്തേക്ക് വെട്ടിച്ച് മിണ്ടാതിരുന്നതേയുള്ളൂ. എങ്കിലും മനസ്സില്‍ പുതഞ്ഞ് കിടന്നിരുന്ന കുഴിബോംബുകള്‍ക്ക് മേല്‍ എന്തോ അമര്‍ന്നു.
“അവര് ഭാഗ്യമുള്ളവരാ” അച്ഛന്‍ തുടര്‍ന്നു. “ജനിച്ച നാട്ടീച്ചെല്ലാം. ഉറ്റവരേം ഉടയവരേം കാണാം. ശാപം തീണ്ടാത്തവര്”
നേരത്തെ പറഞ്ഞില്ലേ, പോരിന്‍റെ അയഞ്ഞ് കിടന്ന തന്തുക്കളെല്ലാം പിരിഞ്ഞ് മുറുകി കമ്പിക്കയര്‍ പോലെ വലിഞ്ഞു. അന്നാളുകളില്‍ ആ മഞ്ഞക്കയര്‍ നഷ്ടമായ വിലപ്പെട്ട സൗഹൃദത്തിന്‍റെയും തിരിച്ച് വരും എന്ന പ്രതീക്ഷയുടെയും ഒപ്പം മറ്റെന്തല്ലാമോ കൂടിക്കുഴഞ്ഞതിന്‍റെ പ്രതിരൂപമായി. പിന്നെപ്പിന്നെ വെറുമൊരു മഞ്ഞക്കയര്‍ മാത്രമായി. വാതില്‍പ്പടിയില്‍ വിശപ്പിന്‍റെ തീച്ചൂള ജ്വലിച്ച് വരുന്നതിനിടെ ഒരിക്കല്‍ക്കൂടി അന്നത്തെ ഭാവത്തില്‍ മഞ്ഞക്കയര്‍ മിന്നായം പോലെ നിതിന്‍റെ മനസ്സില്‍ വന്ന് പോയി.
ആ വിശപ്പിനിടയില്‍ അച്ഛന്‍റെ മുഖം നിതിന്‍റെ മനസ്സില്‍ അത് വരെയില്ലാത്തത് പോലെ വികൃതസുന്ദരമായ കാരിക്കേച്ചര്‍ ഡയമെന്‍ഷന്‍സ് കൈവരിച്ചു. പിന്നീട് പലപ്പോഴും നിതിന്‍ സ്ലേറ്റില്‍ വരച്ച് കൂട്ടിയതൊക്കെ അച്ഛന്‍റെ മുഖമായിരുന്നെന്ന് അമ്മയ്ക്കോ അച്ഛനോ മനസ്സിലായില്ല. അമ്മയുടെ മുഖമൊന്ന് കോറാന്‍ ശ്രമിച്ചെങ്കിലും ഏതോ ഭയം വന്ന് കൈവലിച്ചു.
വരച്ചുകൂട്ടിയ വരകളോരോന്നും നിതിനെയും അച്ഛനെയും കൂടുതല്‍ കൂടുതല്‍ കെട്ടു പിണച്ചു. അമ്മയുടെ ശാപക്കുരുക്കകള്‍ അച്ഛനുമേല്‍ വരച്ചു വയ്ക്കകയല്ലാതെ അഴിച്ചു മാറ്റാന്‍ നിതിന് അറിയില്ലായിരുന്നു. ഒത്ത ഉയരവും കറുത്ത് തടിച്ച ശരീരവും കുടവയറുമുള്ള അച്ഛന്‍. താഴത്തെ മാളില്‍ ജോലിയില്ലാത്തപ്പോള്‍ ഷര്‍ട്ടിടാതെ ലുങ്കിയോ പൈജാമയോ മാത്രം ധരിച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന അച്ഛന്‍റെ ദേഹത്ത് ചാരിയിരിക്കാന്‍ നിതിന് വലിയ ഇഷ്ടമായിരുന്നു. അപൂര്‍വ്വം ചില പകലുറക്കങ്ങളില്‍ അച്ഛന്‍റെ വയറില്‍ ചേര്‍ന്ന് കിടക്കാനും നിതിന്‍ കൊതിച്ചിരുന്നു. പക്ഷേ നിതിന്‍ ഏറ്റവും കൗതുകത്തോടെ കണ്ടിരുന്നത് അച്ഛന്‍റെ ചമയങ്ങളാണ്. ശ്രദ്ധയോടെ ഷൂ പോളീഷ് ചെയ്ത്കൊണ്ടാണ് തുടക്കം. ഓരോ ഷൂവും എത്ര മിനുക്കിയാലും അച്ഛന് തൃപ്തി വരില്ലെന്ന് തോന്നും. ഷൂ തിരിച്ചും മറിച്ചും നോക്കിയിട്ട് പിന്നെയും മിനുക്കും. ഇങ്ങനെ മിനുക്കുന്നതിനിടയ്ക്ക് കാപ്പികുടി കഴിയും. അടുത്തത് ടോയ്ലറ്റാണ്. പിന്നെ ഷേവിങ്ങും മീശകത്രിക്കലും. അതാണ് പ്രധാനം. ഒരു കുറ്റി രോമം പോലും ശേഷിക്കാതെയുള്ള ഷേവിങ്ങിന് ശേഷമാണ് മീശയുടെ പരിപാലനം. കറുത്ത് തടിച്ച മുഖത്തെ നീണ്ട മൂക്കിന് താഴെ രണ്ട് വിരല്‍ വണ്ണത്തില്‍ ഇരു വശത്തേക്കും നീളുന്ന മീശ കവിളുകളില്‍ ഏറെക്കുറെ പൂര്‍ണ്ണമായി പടര്‍ന്ന് പന്തലിച്ച് ഗംഭീരമായിരുന്നു. ഈ ഗാംഭീര്യത്തിന് പോറലേല്‍ക്കാതെ വളരെ കരുതലോടെ ഏറെ നേരമെടുത്ത് മീശ ശരിയാക്കിയ ശേഷം കണ്ണാടിക്ക് മുന്നില്‍ നിന്ന് തല തിരിച്ചും പിരിച്ചും നോക്കി തൃപ്തി വന്നാല്‍ കുളിയിലേക്ക് കടക്കും. കുളികഴിഞ്ഞ് ഇസ്തിരി ഉടയാത്ത കറുത്ത പാന്‍റും ചന്ദനക്കളറിലെ കുപ്പായവും നേരത്തേ മിനുക്കി വച്ചിരിക്കുന്ന ഷൂസുമിട്ട് പിന്നെയും കണ്ണാടിക്കു മുന്നില്‍ വരും. അച്ഛന്‍റെ കുപ്പായങ്ങളില്‍ മനോഹരങ്ങളായ തുന്നല്‍പ്പണികള്‍ ഉണ്ടായിരുന്നു. ഇരു തോളിലും നീളന്‍ കൈകളുടെ അറ്റത്തും കടുംനീലയും സ്വര്‍ണ്ണനിറവുമുള്ള വരകള്‍ ഇടകലര്‍ന്ന പട്ടകള്‍. സ്വര്‍ണ്ണ ബട്ടണുകള്‍. കണ്ണാടിക്ക് മുന്നില്‍ നിന്ന് പൗഡറിട്ട് ചാഞ്ഞും ചരിഞ്ഞും നോക്കി തൃപ്തനായാല്‍പ്പിന്നെ കിരീടധാരണം. മനോഹരമായ തലപ്പാവ് തലയില്‍ വയ്ക്കുകയായി. തലപ്പാവിന്‍റെ വശത്ത് മുന്നില്‍ നിന്ന് പിന്നിലെ കെട്ടോളം വിശറിപോലെ വിരിഞ്ഞ് നില്‍ക്കുന്ന ചുവന്ന പൂവുണ്ട്. കഴുത്തിന് പിന്നിലേക്ക് നീണ്ടിറങ്ങുന്ന വീതിയുള്ള വാലുണ്ട്. ഈ വാലിലും തലപ്പാവിന്‍റെ ഞൊറികളിലും മിതത്വമാര്‍ന്ന ഗൗരവം സ്ഫുരിക്കുന്ന നിറങ്ങളുണ്ട്. തലപ്പാവ് വച്ച് കഴിയുമ്പോള്‍ അച്ഛന്‍റെ മുഖത്ത് തെല്ലിട നേരത്തേക്ക് ഉൻമേഷമെല്ലാം കെട്ട്പോകും. പ്രാതല്‍ കഴിഞ്ഞ് ക്രീം പുരട്ടി മിനുക്കിയ മീശ ഒന്നുകൂടി വിരലുകള്‍കൊണ്ട് തലോടി ആരോടും ഒന്നും പറയാതെ താഴത്തെ മാളിലേക്ക് പോകും.
അച്ഛന്‍ പോയതില്‍ പിന്നേ നിതിന് ചപ്പാത്തി കിട്ടൂ. അച്ഛന്‍ തിന്നുന്നത് പോലെ തിന്നാനാ നിതിനിഷ്ടം. ചപ്പാത്തിയും സവാളയും പച്ചമുളകും ചേര്‍ത്ത് കറുമുറെ ചവച്ചങ്ങനെ. പക്ഷേ അല്പം തൈരോ പരിപ്പ് കറിയോ കൂട്ടാന്‍ അമ്മ പരുഷമായി നിര്‍ബന്ധിക്കും.
” രാജാ സാബ്”
വെറുതെയിരിക്കുമ്പോള്‍ അമ്മ അപൂര്‍വ്വമായി ഇങ്ങനെ വിളിച്ച് പറയും. പുച്ഛവും അമര്‍ഷവും ആ രണ്ട് വാക്കുകളില്‍ നിറയ്ക്കാവുന്നിടത്തോളം നിറച്ചിരിക്കും. അച്ഛനെ അമ്മ മാത്രമല്ല ഇങ്ങനെ വിളിക്കാറുള്ളത്. ഗല്ലിയിലെ ധോബിയും ഇടയ്ക്ക് അച്ഛനോടൊപ്പം കമ്പനികൂടാന്‍ മട്ടുപ്പാവിലെത്തുന്ന ലിഫ്റ്റ് ഓപ്പറേറ്ററും അച്ഛനെ അങ്ങനെ വിളിക്കാറുണ്ട്.
” ആയിയേ രാജാ സാബ്…………. ആയിയേ ആയിയേ” എന്ന് ഇസ്തിരിയിട്ട കുപ്പായം വാങ്ങാന്‍ ചെല്ലുമ്പോള്‍ ഉത്സാഹത്തോടെ ധോബി വിളിക്കുന്നത് കേട്ടാല്‍ അയാള്‍ ശരിക്കും അത് ആസ്വദിക്കുന്നതായി തോന്നും. അച്ഛനോടൊപ്പം ഇടയ്ക്ക് നിതിനും ചെല്ലുമ്പോള്‍ “ആജ് ഛോട്ടാ സാബ് ഭി ആയാ?” എന്ന കുശലത്തോടെ കോട്ടും പാന്‍റും തേച്ച് മടക്കിയത് അച്ഛന്‍റെ കൈയിലേക്ക് വയ്ക്കുമ്പോഴും അച്ഛനില്‍ നിന്ന് കൂലി വാങ്ങുമ്പോഴും ധോബി വിനയപൂര്‍വ്വം അല്പമൊന്ന് മുന്നിലേക്ക് വളയുകയും കൈകള്‍ ഉപചാരപൂര്‍വ്വം അല്പം ചേര്‍ത്ത് പിടിക്കുകയും ചെയ്യും. ഇത് ജീവിതത്തില്‍ അപൂര്‍വ്വം സംഭവിക്കുന്ന അസംബന്ധ ഹാസ്യനുകരണമായിരുന്നെങ്കിലും തനിക്കോ പൂര്‍വ്വികര്‍ക്കോ വിദൂരമായിപ്പോലും അപ്രാപ്യമായിരുന്ന അധികാരത്തിന്‍റെ പരമോന്നത സാമീപ്യത്തില്‍, രാജസന്നിധിയില്‍, എത്തിയതിന്‍റെ ഗാഢനിര്‍വൃതി ധോബി അനുഭവിച്ചിരിക്കണം.
“അരേ രാജാസാബ്” അച്ഛനോടൊപ്പം ഇടയ്ക്ക് മദ്യപിക്കാനെത്തുന്ന ലിഫ്റ്റ് ഓപ്പറേറ്റര്‍ അതിയായ സ്നേഹത്തോടെയും ചങ്ങാത്തത്തോടെയുമാണ് അങ്ങനെ വിളിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തി രാജാവിന്‍റെ തൊപ്പിയും വേഷവും അഴിച്ച് വെച്ച് അച്ഛന്‍ ധൃതിയില്‍ പുറത്തേക്ക് പോയാല്‍ നിതിന് സന്തോഷമാവും. എട്ട് മണിക്ക് മാള്‍ അടച്ചതിനു ശേഷമുള്ള തൂപ്പ് ജോലിക്കാരുടെ കൂട്ടത്തിലേക്ക് അമ്മയും പോയിക്കഴിയുന്നതിനാല്‍ സന്തോഷത്തിന് അതിരുകളേ ഉണ്ടാവില്ല. അച്ഛന്‍ തിരിച്ചു വന്ന് കൈയ്യിലെ പ്ലാസ്റ്റിക്ക് കൂട് ഒരു ഭാഗത്ത് വച്ചിട്ട് കുളിയ്ക്കാന്‍ കയറും. എല്‍. ഇ. ഡി. വിളക്കിന്‍റെ വെട്ടം മുറിയില്‍ വീഴ്ത്തിയ നിഴലുകള്‍ക്കിടയിലിരുന്ന് നിതിന്‍ കൂടിലുള്ളതിനെയൊക്കെ മണം കൊണ്ടറിയും. കുളി കഴിഞ്ഞ് വന്ന് നെറ്റി നിറയെ ഭസ്മക്കുറി വരച്ച് ജപിച്ച് പൈജാമയിലേക്കും ബനിയനിലേക്കും മാറിക്കഴിയുമ്പോഴേക്കും ലിഫ്റ്റ് ഓപ്പറേറ്റര്‍ അന്വേഷിച്ച് വന്ന് മട്ടുപ്പാവില്‍ കാത്ത് നില്‍ക്കുന്നുണ്ടാകും. മട്ടുപ്പാവിലെ അരണ്ട വെളിച്ചത്തിലേക്കിറങ്ങുന്നതിന് മുമ്പേ അച്ഛന്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിന്നും രണ്ട് പൊതിയെടുത്ത് കൊതിച്ച് നില്‍ക്കുന്ന നിതിന് നല്‍കും. ഗ്ലാസ്സും വെള്ളവുമായി അച്ഛന്‍ പോയിക്കഴിയുമ്പോള്‍ നിതിന്‍ മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തിലിരിക്കും. വറുത്ത ഇറച്ചിയോ കോഴിക്കാലോ ആകും. വറുത്തതും അതിനുമെലെ വട്ടത്തില്‍ മുറിച്ചിട്ടിരിക്കുന്ന സവാളയും അരപ്പ് പൊടിയും തിന്നുമ്പോള്‍ നിതിന്‍ ഒന്നുമേ ആലോചിക്കാറില്ല. തനിക്ക് വേണ്ടി കരുതിയ അച്ഛനോട് സ്നേഹം തോന്നല്‍ പോലുമില്ല. ആദ്യത്തെപ്പൊതി കഴിയുമ്പോള്‍ രണ്ടാമത്തെ പൊതിയെടുക്കും. അത് അമ്മയ്ക്കുള്ളതാണെന്നറിയാം. പക്ഷേ അമ്മ ഒരിക്കലും തിന്നാറില്ല. ആദ്യമൊക്കെ വച്ച് നീട്ടിയപ്പോള്‍ ചൊറിയുന്ന വര്‍ത്തമാനം പറയുകേം ചെയ്തു.
” കൊറച്ച് വെഷം കൂടെ ചേര്‍ത്ത് തരാന്‍ പറ. അന്നേരം തിന്നാം”. തീറ്റ കിട്ടുമ്പോള്‍ ഇതൊന്നു ആലോചിക്കേണ്ട കാര്യം ഇല്ലാത്തതിനാല്‍ നിതിന്‍ രണ്ടാമത്തെ പൊതിയുമഴിക്കും.
” അരേ രാജാസാബ്, സിര്‍ഫ് ഏക്കീ ബേട്ടാ സേ ഹുവാ കാം?”
അന്ന് കൂട്ടം ചേരല്‍ പെട്ടെന്നവസാനിച്ചു. ബാക്കി വന്ന പൈന്‍റും കൊടുത്ത് ലിഫ്റ്റ് ഓപ്പറേറ്ററെ യാത്രയാക്കിയ അച്ഛന്‍ പലപ്പോഴും അയാളുടെ തോളില്‍ സങ്കടങ്ങള്‍ ഇറക്കി വെക്കാനെന്നപോലെ പരവശപ്പെട്ട് താങ്ങുന്നുണ്ടായിരുന്നു.
മുറിയിലേക്ക് കയറിയ അച്ഛന്‍ ഇടയ്ക്കെപ്പോഴോ ജോലി കഴിഞ്ഞെത്തി കൈകള്‍ കൊണ്ട് വട്ടം പിടിച്ച കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി നിലത്ത് കുത്തിയിരിക്കുന്ന അമ്മയെ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ കണ്ടൊന്ന് നിന്നു.
ഇരച്ച് കയറിയ രോഷം കണ്ണില്‍ തീയും പേശികളില്‍ മുറുക്കവുമായി. കാലില്‍ തരിച്ച തൊഴി തഴഞ്ഞ് കട്ടിലിലേക്ക് നടന്ന അച്ഛന്‍റെ കാലിനടിയില്‍പ്പെടാതിരിക്കാന്‍ നിതിന്‍ ഉരുണ്ട് മാറിക്കിടന്നു.
ഇരുമ്പിന്‍റെ മടക്കി വയ്ക്കാവുന്ന കട്ടില്‍ അച്ഛന്‍റെ ഭാരത്തില്‍ ഞെരുങ്ങി. കട്ടിലിന്‍റെ ബൈല്‍റ്റുകള്‍ വലിഞ്ഞു താഴ്ന്നു.
‘ഭ, പട്ടിക്കഴുവര്‍ട മോളേ’
ഉള്ള് പൊള്ളുന്ന ചൂളയെ പൊതിഞ്ഞ് പിടിക്കാന്‍ മൗനത്തിന് അധികനേരമായില്ല. ദേഹത്ത് വന്നമര്‍ന്ന അസ്പൃശ്യമായ ഭാരത്തില്‍ ഒതുങ്ങിയ നിതിന്‍ ഒന്നുകൂടി ചുരുണ്ട് കൂടിയിട്ട് ഒരു കണ്ണ് അല്പം തുറന്ന് അമ്മയെ നോക്കി. ഒന്നുമേ കേള്‍ക്കാത്ത ഭാവത്തില്‍ മുട്ടുകള്‍ക്കിടയില്‍ മുഖമമര്‍ത്തിയിരിക്കുന്ന അമ്മയെ പലവുരു നോക്കിയപ്പോള്‍ അമ്മൂമ്മക്കഥയിലെങ്ങോ ഇഴയോടിയിരുന്ന ഭയം അരണ്ട വെളിച്ചത്തില്‍ നിറഞ്ഞു. ശക്തമായ ഹൃദയമിടിപ്പോടെ നിതിന്‍ കണ്ണുകളടച്ച് കിടന്നു. അമ്മയങ്ങനാ. അച്ഛന്‍റെ ആക്രോശവും തെറി ചേര്‍ന്ന പയ്യാരവും കേട്ട് അനങ്ങാതിരിക്കും. പിന്നെപ്പിന്നെ അലമുറയും ആക്രോശവുമായി ഒരുമ്പെടും. കാഞ്ഞിരമരത്തിലെ ചങ്ങലക്കെട്ടഴിഞ്ഞിറങ്ങിയ ഭയം കനത്ത കാല്‍വെയ്പുകളോടെ നിതിന് ചുറ്റും പതുങ്ങിത്തിരിഞ്ഞു. പക്ഷേ അച്ഛനന്ന് നേരത്തെയടങ്ങി. ഇരുന്ന ഇരിപ്പില്‍ അനങ്ങാതെയിരിക്കുന്ന അമ്മയെ ഇടയ്ക്ക് നോക്കിയും അച്ഛന്‍റെ കൂര്‍ക്കംവലിക്ക് കാതോര്‍ത്തും കിടന്ന നിതിനും ഉറക്കത്തിലേക്ക് തുഴഞ്ഞടുത്തു.
തുഴഞ്ഞ് തുഴഞ്ഞടുത്തതൊരു കളികളത്തില്‍. കിട്ടന്‍ ചേട്ടനും അമ്മുച്ചേച്ചിയും ചേര്‍ന്നൊരു കളിമേളം. പൊരിവെയിലത്ത് ഓട്ടവും ചാട്ടവും പാത്ത്പതുങ്ങലും മഴയത്ത് വെള്ളത്തിലോട്ടവും കളിവള്ളവും ഉറുമ്പിന്‍റെ കപ്പലോട്ടവും. ചെറിയച്ഛന്‍റെയും അമ്മായിയുടെയും മക്കള്‍. അയല്‍പക്കക്കാരായ ഷിബുച്ചേട്ടനും കുട്ടനും ചന്തുവും ശര്‍മ്മിയും ചിക്കിയും. മാമ്പഴമധുരവും വെയിലില്‍ പരക്കുന്ന ചക്കമണവും വയലോരത്തെ തോട്ടിലെ മുങ്ങിക്കുളിയും നീന്തിത്തുടിപ്പും. അവിയലും ചമ്മന്തിയും സാമ്പാറും കുത്തരിച്ചോറും കടുമാങ്ങയും മോരും. മത്തി കറിവെച്ചതും വറുത്തതും കൂട്ടി വയറ് നിറയെ ഉണ്ട് വന്നപ്പോള്‍ അടവെടുത്ത അമ്മുച്ചേച്ചിയും കിട്ടന്‍ ചേട്ടനും നിതിന്‍റെ കളിക്കമ്പത്തെ കൂസാതെ കണ്ണുമടച്ച് ഇറയത്ത് കിടന്നു. കാല്‍വെള്ളയില്‍ ഇക്കിളികൂട്ടിയിട്ടും രണ്ടാളും ശ്വാസം പിടിച്ച് കണ്ണുമടച്ച് കിടപ്പാണ്. രണ്ട് പേരുടെയും മൂക്ക് പൊത്തിപ്പിടിച്ചു. രക്ഷയില്ല. മുഖത്ത് വെള്ളം തളിക്കുക തന്നെ. വെള്ളമെടുക്കാന്‍ തോട്ടിലേക്ക് ഓടിയ നിതിന്‍ ഒരു കുമ്പിള്‍ വെള്ളത്തിനായി മുങ്ങിത്താണു. ശ്വാസം കിട്ടാതെ പിടഞ്ഞ് പൊങ്ങി ഇറയം കാണുമ്പോള്‍ കിട്ടന്‍ ചേട്ടന്‍റെയും അമ്മുച്ചേച്ചിയുടെയും മുഖത്തിനു ചുറ്റും വെള്ളത്തുണികൊണ്ടൊരു കെട്ട്. വെള്ളമുണ്ട് കൊണ്ട് പുതപ്പ്. പുതപ്പിനു മീതെ ചുവന്ന പൂവിതളുകള്‍. പിന്നെയും വെള്ളത്തില്‍ മുങ്ങിയെഴുന്നപ്പോള്‍ അലമുറയും ആള്‍ക്കൂട്ടവും സാമ്പ്രാണിമണവും. വഴിയിലൊരു പോലീസ് ജീപ്പ്. അമ്മയ്ക്കിരുപുറവും നിന്ന പോലീസുകാരിമാരികളിലൊരുവളുടെ കണ്ണില്‍ നിതിനായൊരനുകമ്പ തുടിച്ചു. ശ്വാസത്തിനായി പിടഞ്ഞ് മറിയുകയായിരുന്ന നിതിനെ ഒരലര്‍ച്ച വന്ന് വലിച്ചെറിഞ്ഞു.
ഉറക്കപ്പായയില്‍ ഞെട്ടിയുണര്‍ന്നിരുന്ന നിതിനെ ഗൗനിക്കാതെ അമ്മ കട്ടിലില്‍ പിടഞ്ഞുണര്‍ന്ന് അന്തംവിട്ടിരുന്ന അച്ഛനെ നോക്കി ഉറഞ്ഞു.
“കൊന്നു. എന്‍റെ രണ്ട് മക്കളെക്കൊന്നു. ദൈവം ചതിച്ചില്ലായിരുന്നെ ഇവനേം കൊന്ന് ഞാനും ചത്തേനേ……. നിങ്ങളൊരുത്തനാ എന്നെക്കൊണ്ടിത് ചെയ്യിച്ചത്. നിങ്ങടെ തള്ളേ ജയിപ്പിച്ചല്ലോ…. ജയിച്ചിപ്പം നരകത്തീയിക്കിടന്ന് നീറുകാരിക്കും. തള്ള ജയിച്ചപ്പം കോന്തന്‍റെ മക്കള് ചത്തു”
അമ്മ ഉന്മാദത്തിലെന്നോണ്ണം ഉറക്കെ കൈകൊട്ടി പൊട്ടിച്ചിരിച്ചു.
അച്ഛന് പിന്നൊന്നും ചെയ്യാനില്ലായിരുന്നു. അമ്മയുടെ മുടിക്ക് പിടിച്ച് കുനിച്ച് നിര്‍ത്തി ഇടിക്കുകയല്ലാതെ.
ഇടിയുടെയും നിലവിളിയുടേയും തെറുവിളിയുടെയും ശബ്ദങ്ങള്‍ നിതിന്‍റെ ചെവിയിലലമുറയിട്ടു.
“പട്ടിത്തേവിടിശ്ശീ….. ചെലയ്ക്കുന്നോ…. നീയൊരുത്തിയാ എന്‍റെ ജീവിതമിങ്ങനെ തൊലച്ചത്. എന്‍റെ കുഞ്ഞുങ്ങളെ കൊന്നവളായിട്ടും ജയിലിലിടരുതെന്ന് കരഞ്ഞു വിളിച്ച് നീ കാല് പിടിച്ചപ്പം അലിഞ്ഞതാ എന്‍റെ ചങ്ക്. അതാ എന്‍റെ കുഞ്ഞിനെ പള്ളിക്കൂടത്തില്‍ പോലും വിടാതെ ഈ കുടുസ്സില്‍ പുറംലോകമറിയാതെ രാജാക്കോലം കെട്ടിക്കഴിയുന്നത്. നീയീ കുഞ്ഞിനേം കൊന്ന് എന്നേം കൊല്ല്. നിന്‍റെ ചോരക്കൊതിയടങ്ങട്ടെ”
കട്ടിലിനടിയില്‍ നിതിന്‍ മയക്കം തെളിഞ്ഞപ്പോള്‍ അമ്മ ലഹളക്കളത്തില്‍ അലങ്കോലപ്പെട്ട് കിടന്നുറങ്ങുന്നുണ്ട്. കട്ടിലില്‍ നിന്ന് അച്ഛന്‍റെ കൂര്‍ക്കംവലി തേങ്ങല്‍ പോലെ. നിതിന്‍ കട്ടിലിനടിയില്‍ നിന്ന് നിരങ്ങി പുറത്ത് വന്ന് വാതിലിനടുത്തെത്തി. വാതില്‍ ചാരിയിട്ടേയുള്ളൂ.
മട്ടുപ്പാവിലേക്കിറങ്ങിയ നിതിന്‍ വാതില്‍ ചേര്‍ത്തടച്ചു. അകത്ത് വമിക്കുന്നതൊന്നും പടര്‍ന്നിട്ടില്ലാത്ത മട്ടുപ്പാവില്‍ തണുത്ത കാറ്റും നിലാവുമുണ്ടായിരുന്നു.
നിതിന്‍റെ മനസ്സില്‍ പതുങ്ങിക്കിടന്ന ഒരു കറുത്ത പട്ടം തണുത്ത കാറ്റേറ്റപ്പോള്‍ അരണ്ട വെളിച്ചത്തില്‍ മെല്ലെ പറക്കാന്‍ തുടങ്ങി. പൊടുന്നനെ പ്രകാശ പൂര്‍ണ്ണമായ അപരാഹ്നവും പാറിക്കളിക്കുന്ന ആയിരക്കണക്കിന് പട്ടങ്ങളും ഒരു കടലാസ്സുകുടന്ന വിടര്‍ന്നിറങ്ങി. ആകാശമാകെ പാറിക്കളിക്കുന്ന നിറപ്പൊട്ടുകള്‍. പട്ടങ്ങളുടെ ഉത്സവം. ഈ മട്ടുപ്പാവില്‍ ചേക്കേറിയ നാളുകളിലൊന്നില്‍ കണ്ടറിഞ്ഞ ഉത്സവത്തിനിടയില്‍ ഒരു പട്ടത്തിനായി കൊതിച്ചു വാശിപിടിച്ച് കരഞ്ഞതാണ്. പക്ഷെ നിസ്സഹായത മറയ്ക്കാന്‍ നിതിന്‍റെ തുടയ്ക്കിട്ട് തല്ലുകയേ അച്ഛന് വഴിയുണ്ടായിരുന്നുള്ളൂ. അന്ന് അടികൊണ്ട് തിണര്‍ത്തയിടം ചെറുതായി നീറിയപ്പോള്‍ അരണ്ട വെളിച്ചവും തണുത്ത കാറ്റും പാതിരാത്രിയും തിരിച്ചെത്തി. അപ്പുറത്തെ മട്ടുപ്പാവില്‍ ആളൊഴിഞ്ഞ ബര്‍സാത്തി വല്ലാതെ കുമിഞ്ഞുകൂടി നിന്നു. അതില്‍ നിന്നും പെട്ടിയും ചുമടുമായി തിരിഞ്ഞുനോക്കിയും കണ്ണീര്‍തുടച്ചും യാത്രപോയവര്‍ ഇപ്പോള്‍ ഗ്രാമവഴികളിലാകാം.
ആ ബര്‍സാത്തിയുടെ അടഞ്ഞുകിടന്ന വാതില്‍ നിതിന്‍റെ കാഴ്ചയിലേക്ക് സൗഷ്ഠവത്തോടെ എഴുന്നു വന്നു.
ആ വാതിലിന് മുന്നില്‍ത്തുടങ്ങി വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന വഴിക്കുരുക്കും സ്നേഹപൂര്‍ണ്ണമൊരു ചോദ്യവും:
“പാച്ചന്‍ മുയലിന് മാളത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കാമോ കൂട്ടൂകാരേ?”
മാളത്തിലേക്കുള്ള വഴി.
ഗ്രാമത്തിലേക്കുള്ള വഴി. വീട്ടിലേക്കുള്ള വഴി.
മാമ്പഴമധുരവും വെയിലില്‍ പരക്കുന്ന ചക്കമണവും.
കളിക്കൂട്ടം.
ചിരിക്കൂട്ടം.
നിലവിളക്കിലെ എണ്ണമണവും നാമജപവും.
നിതിന്‍ മട്ടുപ്പാവിന്‍റെ കൈവരിയില്‍ കൈമുട്ടുകുത്തി തൂങ്ങിക്കിടന്ന് താഴെക്ക് എത്തിവലിഞ്ഞുനോക്കി.
നൂറോളം കിണറുകളുടെ ആഴമുണ്ട്.
ഏകാഗ്രതയുടെ ആണിയില്‍ച്ചുറ്റി നിതിന്‍ മട്ടുപ്പാവില്‍ വലംവച്ചു.
അപ്പോഴാണ് മട്ടുപ്പാവുകള്‍ക്കിടയില്‍ അമ്മമാര്‍ വലിച്ച് കെട്ടിയ സൗഹൃദത്തിന്‍റെ പ്ലാസ്റ്റിക്ക് കയര്‍ ശ്രദ്ധയില്‍പ്പെട്ടത്.
വര്‍ണ്ണപ്പകിട്ടുകളുടെ വഴിയിലേക്കുള്ള നൂലേണി.
ഈ മട്ടുപ്പാവിനപ്പുറം ഒരു പക്ഷേ……. ഒരു പക്ഷെ…….
നിതിന്‍ എത്തിപ്പിടിച്ച് കൈവരിയില്‍ കയറി പ്ലാസ്റ്റിക്ക് കയറില്‍ പൊത്തിപ്പിടിച്ച് ഇഴയാനാഞ്ഞു.
ഹും. ഈ കുരുന്ന് ജീവിതത്തിന്‍റെ ഭാരമുണ്ടോ ഒരു പ്ലാസ്റ്റിക്ക് കയറിന് താങ്ങാനാകുന്നു.
രണ്ട് മട്ടുപ്പാവുകള്‍ക്കുമിടയില്‍ നൂറില്‍പരം കിണറുകളുടെ ആഴമുണ്ടായിരുന്നു.
???
നന്നായിട്ടുണ്ട്..
ആശംസകൾ