ജോസ് മണല്‍ത്തൊഴിലാളിയാണ്. അയാള്‍ മണല്‍ വാരി കിട്ടുന്ന രൂപ എല്ലാം കൂട്ടു കൂടി ബ്രാണ്ടി കുടിച്ചു നശിപ്പിക്കും. വീട്ടില്‍ ഭാര്യക്കും മകള്‍ക്കും ഭക്ഷണത്തിനുള്ള പണം പോലും ആവശ്യത്തിനു കൊടുക്കുകയില്ല.
ഭാര്യ റോസി പരാതിയുമായി വേണ്ടപ്പെട്ടവരെ പലരേയും സമീപിച്ചു. പലരും ജോസിനെ വിളീച്ച് ഉപദേശിച്ചു. കുടി നിറുത്താമെന്ന് അയാള്‍ അവരോടു പറഞ്ഞു. വീണ്ടും പോയി കുടിക്കും. ഇങ്ങനെ തുടര്‍ന്നപ്പോള്‍ കുടി നിറുത്തുവാനുള്ള മരുന്നു കൊടുക്കാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു.
ആശുപത്രിയില്‍ കിടത്തി കുടി നിറുത്തുവാനുള്ള മരുന്നു കൊടുത്തു. പതിനഞ്ചു ദിവസം ആശുപത്രിയില്‍ കിടന്നു. ഇനി കുടിക്കരുതെന്നു ഡോക്ടര്‍ പറഞ്ഞത് ജോസ് സമ്മതിച്ച് ആശുപത്രിയില്‍ നിന്നു പോന്നു.
കുറച്ചു ദിവസം കുടിക്കാതെ നടന്നു. കൂട്ടുകാരോടെല്ലാം കുടിക്കുകയില്ലെന്നു പറഞ്ഞു. അങ്ങനെ ഇരിക്കെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിനു തലേ ദിവസം പോയി അവിടെ എല്ലാവരും മദ്യപിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ഒരു സുഹൃത്തു പറഞ്ഞു.
” ജോസ് കുടിയെല്ലാം നിറുത്തി നല്ല മര്യാദക്കാരനായി വേണമെങ്കില്‍ അല്പ്പം ബിയര്‍ കുടിച്ചോ ”
” വേണ്ട വേണ്ട ഞാന്‍ കുടിക്കുന്നില്ല” ജോസ് പറഞ്ഞു.
ജോസിനെ കൂട്ടുകാര്‍ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. പിന്നീടു പലപ്പോഴും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ജോസ് മദ്യപിച്ചു. താമസിയാതെ ജോസ് പഴയ രീതിയിലെ പോലെ മദ്യപാനിയായി മാറി.
മദ്യപാനി മദ്യപാനം നിറുത്തിയതിനു ശേഷം പഴയ മദ്യപാനികളുമായി കൂട്ടുകൂടിയാല്‍ വീണ്ടും മദ്യത്തിനടിമകളാകും. അവരെ നന്നാവാന്‍ മദ്യപാനികള്‍ അനുവദിക്കില്ല. ഞണ്ടിന്റെ സ്വഭാവമാണവര്‍ക്ക്.
ഞണ്ടുകളെ ഉയരമുള്ള ഒരു കൊട്ടയില് പിടിച്ചിട്ടാല്‍ കൊട്ട അടച്ചില്ലെങ്കിലും ഒരു ഞണ്ടു പോലും പുറത്തു പോകാന്‍ മറ്റു ഞണ്ടുകള്‍ അനുവദിക്കില്ല. ഒരു ഞണ്ട് പുറത്തു കടക്കാന്‍ വേണ്ടി മുകളില്‍ വരെ എത്തി പുറത്തേക്കു നോക്കുമ്പോള്‍ മറ്റൊരു ഞണ്ട് കയറി വന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്ന ഞണ്ടിന്റെ കാലില്‍ പിടിച്ച് കീഴോട്ടു വലിക്കും. രണ്ടു ഞണ്ടുകളും കൊട്ടയുടെ അടിയിലേക്കു വീഴും. ഇങ്ങനെയാണ് ഞണ്ടിന്റെ സ്വഭാവം. ഇതുപോലെ ഒരു മദ്യപാനി രക്ഷപ്പെടാന്‍ നോക്കിയാല്‍ മറ്റൊരു മദ്യപാനി അവനെ വലിച്ചിഴച്ച് മദ്യപാനിയാക്കും.
കൂട്ടുകെട്ടുകളാണ് മനുഷ്യരെ ദുര്‍മാര്‍ഗികളാക്കുന്നത് ‘ മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” എന്നല്ലേ പ്രമാണം അതുകൊണ്ടു നല്ലവരുമായി മാത്രമേ കൂട്ടുകൂടാവു”