അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം.

 

കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്‌ ജ്ഞാനപീഠ പുരസ്‌കാരം. ജ്ഞാനപീഠപുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ്‌ അക്കിത്തം. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ചാണ്‌ പുരസ്‌കാരം

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ , കളിക്കൊട്ടിലിൽ , അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ തുടങ്ങിയവ പ്രധാന കൃതികളാണ്‌.

ആക്കിത്തത്തിന്റെ കവിത വായിക്കാം:

വെണ്ണക്കല്ലിന്റെ കഥ

ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ

കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ

ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും

ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ

നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ

പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:

“നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ”

അന്നം വിളിച്ച വിളിക്കവ’നുത്തര’-
വെന്നേ മറുപടി ചൊല്ലിയുള്ളു

വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം

മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ

വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍

ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.

ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം

നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ

പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ

പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,

ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ

പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,

ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,

മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.

യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ

പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി

രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി

എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍

മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ

കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,

മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.

പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,

ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്‌

മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം

വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!

എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!

ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍

സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിഞ്ഞില്ലല്ലോ വിഗ്രഹവും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English