ഞാൻ മരിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു. പോലീസിന്റെ അന്വേഷണം ഗംഭീരമായി നടന്നുകൊണ്ടിരുന്നു. നാലു ദിവസം മുൻപ് എന്റെ നെഞ്ചിൽ കത്തികുത്തിയിറക്കിയവനെയും കാത്ത് ഞാൻ വെള്ളപ്പുതച്ചു കിടന്നു.
ആളുകൾ വരുകയും പോകുകയും ചെയ്തു കൊണ്ടിരുന്നു.. ഇന്ന് ഫെബ്രുവരി ഒന്ന് 2036…കോവിഡിന്റെ പതിമൂന്നാം വകഭേദമല്ലേ… ലോകത്തിൽ നിന്നും ഏകദേശം 242 കോടി ജനങ്ങൾ ആ മഹാമാരി മൂലം മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു. ആരും അധികം നിന്നില്ല… അതു മാത്രമല്ല… കൂടുതൽ നിന്നാൽ പോലീസിന്റെ അനാവശ്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതായി വരും.
രണ്ടു പോലീസുകാരുടെ കാവലിൽ ഞാനും ആദ്യമായാണ്. എന്തിനാണാവോ ഈ പോലീസും ഇവരുമായൊന്നും പണ്ടേ എനിക്ക് ഒരു ബന്ധവുമില്ല…അന്ത്യചുംബനത്തിനുള്ള സമയമായി… ഓരോരുത്തരും ടിഷ്യൂ പേപ്പറിൽ മുഖം ചേർക്കാതെ മുത്തി നടന്നുപോയി… അവസാനം അവനും വന്നു. ടിഷ്യൂ പേപ്പർ കൊടുത്തപ്പോൾ വേണ്ടന്നവൻ പറഞ്ഞു… അവൻ നല്ലതുപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു… മുഖം ചേർത്ത് ഉമ്മ തന്നപ്പോൾ അവൻ ചോദിച്ചു.
“എടാ, എന്റെ അപ്പന്റെ ബോഡി നീ എവിടാ കുഴിച്ചിട്ടിരിക്കുന്നത്?” അവന്റെ കണ്ണിൽ നിന്നും ഒരു തുണ്ട് കണ്ണീർ എന്റെ നെറ്റിയിൽ ഊക്കോടെ വന്നു പതിച്ചു.
“നിന്റെ വീടിന്റെ കിഴക്കെ പറമ്പിൽ നിൽക്കുന്ന 52 വർഷം പഴക്കമുള്ള തേക്കിന്റെ ചുവട്ടിൽ..” ഞാൻ പറഞ്ഞു.
“എന്തിനാടാ പാപി നീ അത് ചെയ്തത്..” അവൻ പൊട്ടികരഞ്ഞു.
“അത് ഞാൻ പറഞ്ഞാൽ നിന്റപ്പനോട് നീ പൊറുക്കില്ല.” ഞാൻ പറഞ്ഞു.
അവൻ പോകുമ്പോൾ എന്റെ നെഞ്ചിലെ കത്തി വലിച്ചൂരി.. അവസാനമായി എന്നെ ഒന്ന് നോക്കി. “എന്നോട് ക്ഷമിക്കെടാ നീ.” അവൻ ഉറക്കെ കരഞ്ഞുകൊണ്ട് നടക്കുന്നത് ഞാൻ നോക്കി നിൽക്കുമ്പോൾ…. ഞാൻ 62 വർഷം പിറകോട്ടു പോയി.
അപ്പനെ മൂക്കറ്റം കുടിപ്പിച്ച് ഒരു ജീപ്പിൽ കയറ്റി പോകുന്ന അവന്റപ്പൻ എസ്തപ്പാനെ… സ്കൂളിൽ നിന്നും മഴ നനഞ്ഞു വന്ന ഞാൻ ജീപ്പിന് വഴി തടഞ്ഞു നിന്നു….. അയാളെന്നെ കാലുകൊണ്ട് ചവിട്ടി പിന്നെ വെള്ളം പാഞ്ഞു കുത്തിയോഴുകുന്ന തോട്ടിലേക്ക് വലിച്ചെറിഞ്ഞു… കുത്തൊഴുക്കിൽ പെട്ട ഞാൻ എങ്ങനെയോ എവിടെയോ ചെന്നെത്തി, കുറെദിവസം കഴിഞ്ഞ് തിരികെ വന്നു… അപ്പോൾ എസ്തപ്പാനെ പേടിച്ചു അമ്മ നാടുവിട്ടിരുന്നു…. ഞാനും…. ഒരിക്കല്‍ ഞാൻ തിരിച്ചു വന്നു…എസ്തപ്പാൻ അറിഞ്ഞില്ല അത് ഞാൻ ആയിരുന്നുവെന്ന്.
അപ്പോഴേക്കും എന്റെ വീടും അപ്പനുണ്ടാക്കിയ വസ്തു വകകളും ബിസിനസ്സും എല്ലാം അയാളുടേതായി…. ഞാൻ അയാളുടെ കൂടെ നിന്നു.
“ബോഡിയെടുക്കാൻ സമയമായി,” ആരോ വിളിച്ചു പറഞ്ഞു.
അപ്പനെ കൊണ്ടുപോയ അതേ ജീപ്പ് എന്നെ കാത്ത് വെളിയിൽ കിടന്നിരുന്നു.. മഴ ഇരച്ചു പെയ്യാൻ തുടങ്ങി… അപ്പനെ എസ്തപ്പാൻ കൊണ്ടുപോയ അതെ ദിവസത്തെ ഓർമ്മപ്പെടുത്തും പോലെ…