നിഴല്‍ ചിത്രങ്ങള്‍

പുതിയ ഒരു കഥ എഴുതണം എന്നുണ്ട്… പക്ഷേ ആശയദാരിദ്ര്യം എന്ന മഹാ വ്യാധി പിടികൂടിയിരിക്കുന്നു. ഞാന്‍ ചിന്തിക്കുന്നത്‌ വേറെ, മഹാന്മാരായ എഴുത്തുകാര്‍ എഴുതും.

ഇനി, രണ്ടക്ഷരം എഴുതിയാല്‍ പുതുതലമുറ അതിനെ ശോകം, ദുരന്തം എന്ന് പറഞ്ഞു ഒതുക്കും.

എന്നും പതിവുപോലെ പേനയും പേപ്പറുമായി ഉമ്മറത്തെ ചാരുകസേരയില്‍ ചുരുണ്ടുകൂടി കിടക്കും. മുറ്റത്ത് , അടുത്ത വീട്ടിലെ കോഴികള്‍ കൊത്തി പെറുക്കി നടക്കും. അപ്പുറത്തെ പറമ്പില്‍ ആടും പശുവും മേഞ്ഞു നടക്കും.

ആടും പശുവും കോഴിയും പാമ്പു, അണ്ണാനും എന്തിനേറെ ഓരോ പുല്‍നാമ്പ് പോലും വൈക്കം മുഹമ്മദ് ബഷീറിന് സ്വന്തം കഥയിലെ കഥാപാത്രങ്ങള്‍ ആകുമ്പോള്‍ എനിക്ക് ഇവയെല്ലാം വെറും ജീവജാലങ്ങള്‍ ആയി അവസാനിച്ചു.

സമയാസമയങ്ങളില്‍ ഭാര്യ ചായ, കാപ്പി, പലഹാരങ്ങള്‍ കപ്പ പുഴുങ്ങിയത്, ചോറ് തുടങ്ങിയവ തന്ന് സഹകരിച്ചു കൊണ്ടിരുന്നു. ഭാവന ഇന്നു വരും നാളെ വരും എന്ന് അവളും കരുതിക്കാണും.

പക്ഷേ ഭാവന വന്നില്ല.

വന്നില്ലെങ്കില്‍ വരുത്തണം. കൃത്രിമമായിട്ടു വരുത്തണം. ഞാന്‍ തീരുമാനിച്ചു. കൂട്ടുകാരെ വിളിച്ചിട്ട് ഒരുകെട്ട് നീലചടയന്‍ ഇറക്കി കെട്ടുകണക്കിനു ബീഡികളില്‍ നീലച്ചടയന്‍ പുകഞ്ഞു കയറി അന്തരീക്ഷം മൊത്തം മഞ്ഞുമൂടിയ പോലെയായി. പക്ഷേ എന്റെ ചിന്താധാരയില്‍ പ്രകമ്പനം കൊള്ളിക്കാന്‍ നീലച്ചടയനു കഴിഞ്ഞില്ല . മുണ്ടും മടക്കി കുത്തി കാര്‍ക്കിച്ചു തുപ്പി പുറകോട്ടു നോക്കാതെ നീല ചടയന്‍ പടി കടന്നു പോകുന്നത് ഞാന്‍ സങ്കടത്തോടെ നോക്കിയിരുന്നു.

സുര പാനം തുടങ്ങാം. ധീര ജവാന്‍ മുതല്‍ ഒറ്റ കണ്ണന്‍ അടങ്ങിയ കൃഷിക്കാരന്‍ വരെയുള്ള സ്വദേശികളും നെപ്പോളിയന്‍ മുതല്‍ വാറ്റ് വരെയുള്ള വിദേശികളും കുപ്പിയില്‍ കയറി ഉമ്മറത്ത് എത്തി. ഒഴിഞ്ഞ കുപ്പികള്‍ മുറിയുടെ മൂലയില്‍ കുന്നുകൂടി. പക്ഷേ ചിന്തകള്‍ മാറാല പിടിച്ചു കിടന്നു.

എന്റെ ചിന്താഭാരം താങ്ങാന്‍ കഴിയാതെ മുടി ഇഴകള്‍ കൊഴിഞ്ഞു. താടി രോമങ്ങള്‍ നീണ്ടു. ഈ രൂപമാറ്റം ഭാര്യയില്‍ ആശങ്ക ഉളവാക്കി.

ഒരു ദിവസം കപ്പയും കാന്താരിയും കട്ടന്‍ ചായയും കൊണ്ട്‌ എന്റെ അടുത്ത് വന്നിരുന്നു. കുറച്ചു നേരം എന്റെ മുഖത്ത് നോക്കി.

“ഇത്രയൊക്കെ… ചെയ്തിട്ടും.. ചിന്ത ഉണ്ടാക്കുന്ന യന്ത്രം ‍പ്രവര്‍ത്തിക്കില്ല എങ്കില്‍ വിട്ടേക്കു മാഷേ. ഇപ്രാവശ്യം എന്നെ കഥയാക്കു. വെറുതെ ചിന്തിച്ചു സമയം കളയണ്ട ആവശ്യവും ഇല്ല. എങ്ങനെ ഉണ്ട് എന്റെ ബുദ്ധി…” അവള്‍ എന്നെ നോക്കി ഒരു കണ്ണു ഇറുക്കി ചിരിച്ചു.

“അതു വേണോ? കഥയ്ക്ക്‌ എന്തെങ്കിലും ഒക്കെ വേണ്ടെ?” ഞാന്‍ പരിഹാസ രൂപേണ ചോദിച്ചു.

“ മാഷ് തുടങ്ങു എഴുത്തിന്റെ അവസാനം കഥ മാറി നോവല്‍ ആവാതിരുന്നാല്‍ മതി..” അവള്‍ ചിരിച്ചു കൊണ്ട് അകത്തേക്കു നടന്നു.

ആശയ ദാരിദ്ര്യം മറികടക്കാന്‍ അവളെ ആശ്രയിക്കാതെ വേറെ മാര്‍ഗ്ഗമില്ല.

“ ഇങ്കുലു ലാബിലും സിന്ദ ബാദിലും നമ്മുടെ കഞ്ഞി കുമ്പിളിലും.” എന്നു കുഞ്ഞുണ്ണി മാഷ് ആശയപരമായി പ്രസ്ഥാനത്തിന് ഒരു കൈ താങ്ങ് കൊടുത്ത സമയത്ത്..

“ആയിരം ആയിരം രക്ത പതാകകള്‍ വാനില്‍ ഉയര്‍ന്നു പറക്കട്ടെ…” പാലക്കാട് വിക്ടോറിയ കോളേജ് ഇടനാഴികളിലൂടെ തീ പൊരിയായി നടന്ന കാലം …. തീപ്പൊരി എന്നു സ്വയം ചാര്‍ത്തിയ പട്ടമല്ല, പ്രസ്ഥാനം ചാര്‍ത്തി തന്നത്…ക്ഷമിക്കണം… പൂരപറമ്പിലെ വെളിച്ചപ്പാടിന്റെ അവസ്ഥ പൊലെ ആയിരുന്നു എന്റെ കാര്യം.

ബസ് കാത്തു നില്‍ക്കുമ്പോള്‍ കൂട്ടുകാരില്‍ ഒരുത്തന്‍ പറഞ്ഞപ്പോള്‍ ആണ് ഞാനും അതു കാണുന്നത്… ഒരു കറുമ്പി പെണ്ണ്…

വെളുത്ത സുന്ദരികളുടെ നിഴലായി അവള്‍ ഒളിച്ചു നില്‍ക്കുന്നു. ആരും കാണാതെ എന്നെ നോക്കുന്നു. ഞങ്ങളുടെ കണ്ണുകള്‍ ഒരേ രേഖയില്‍ വരാന്‍ ആഴ്ചകള്‍ എടുത്തു. അവള്‍ക്ക് എതിര്‍ വശത്ത് ബസ് കാത്തു നില്ക്കാകാനുള്ള വ്യഗ്രത കൂടി കൂടി വന്നു.

ബസുകള്‍ പലതും വന്നു പോയി . ആളുകള്‍ ഒഴിഞ്ഞ ആ ബസ് സ്റ്റോപ്പില്‍ ഞങ്ങള്‍ കണ്ണു കൊണ്ടു കഥ പറഞ്ഞ സായാഹ്നങ്ങള്‍.

ഒരു ദിവസം കോളേജ് ഇടനാഴികളിലെ ഒരു വളവില്‍ അവള്‍ പ്രത്യക്ഷപ്പെട്ടു.

“എനിക്ക് കുറച്ച് സംസാരിക്കണം…” അവള്‍ പറഞ്ഞു.

“പറഞ്ഞോളൂ….”

“ഇവിടുന്നു പറ്റില്ല…. ഗ്രൗണ്ടില്‍ മരത്തിനു താഴെ ഉണ്ടാവും….” മറുപടി കാക്കാതെ അവള്‍ തിരിഞ്ഞു നടന്നു.

ആ വലിയ ഗ്രൗണ്ടിന്റെ നടുക്ക് നില്‍ക്കുന്ന മരമുത്തശ്ശി ഞങ്ങള്‍ക്ക് തണല്‍ ഒരുക്കി. ആയിരമായിരം കമിതാക്കളുടെ മര്‍മരങ്ങള്‍ കേട്ട് തഴമ്പിച്ച മുത്തശ്ശി പുതിയത് കേള്‍ക്കാന്‍ ഉത്സാഹത്തോടെ ചെവി കൂര്‍പ്പിച്ചു.

രണ്ടാളും ഒന്നും മിണ്ടാതെ മരത്തില്‍ ചാരി ദൂരേക്ക് നോക്കി നിന്നു.

“എനിക്ക് ഇയാളെ ഇഷ്ടമാണ്…..” നിശബ്ദത തിന്നു തീര്‍ക്കുന്ന നിമിഷങ്ങള്‍ക്ക് അവസാനം അവള്‍ തന്നെ ഉണ്ടാക്കി.

“അറിയാം..”

“എന്നെ ഇഷ്ടമാണ് എന്നു കരുതട്ടെ…..?”

“അറിയില്ല…..”

“ഉം.. എന്നെ ഇഷ്ടപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടാവും.., എന്റെ സൗന്ദര്യത്തിനും സ്വഭാവത്തിനും പരിമിതികള്‍ ഉണ്ട്. എങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നു. ആലോചിച്ചു പറഞ്ഞാല്‍ മതി.” അവള്‍ റോഡ് ലക്ഷ്യമാക്കി നടന്നകന്നു. ഒരു തിരിഞ്ഞ്‌ നോട്ടം……? ഇല്ല.

ദൈവങ്ങളെ പിടിച്ചിരുത്തി പൂജ നടത്തി കാര്യങ്ങള്‍ നടത്തുന്നവര്‍ ഒരു ജ്യോതിഷ പണ്ഡിതനെ മാസ ശമ്പളത്തിന് ജോലിക്ക് വച്ച് ഭൂതം, ഭാവി , വര്‍ത്തമാനം എന്നിവ കണ്ടുപിടിച്ചു അതിന്‍ പ്രകാരം ദൈനംദിന കാര്യങ്ങള്‍ ചാര്‍ട്ട് ചെയ്യുന്ന കുടുംബം ഒട്ടേറെ കഥകള്‍ ആ കുടുംബത്തെ പറ്റി പാണന്മാര്‍ പാടി നടക്കുന്നു എന്നാണ് ചാരന്‍മാര്‍ നല്‍കുന്ന വിവരം.

ഞാന്‍ വിപ്ലവ തീപ്പൊരി ആയ സ്ഥിതിക്ക് ഈ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും ഒരു പെണ്ണ്
അതും കൂടാതെ എന്റെ സൗന്ദര്യ സങ്കല്‍പം..

എന്റെ മന:സാക്ഷിയെ എങ്കിലും തൃപ്തി പെടുത്തുന്ന സൗന്ദര്യവതി ആവണം എന്റെ ഭാര്യ.

ആ മരത്തിന്റെ മുകളില്‍ നിന്നും കൈയില്‍ ഒരു കണ്ണാടിയുമായി എന്റെ മന:സാക്ഷി ചാടി വന്നു.

“മിസ്റ്റര്‍ താന്‍ കണ്ണാടിയില്‍ തന്റെ രൂപം ഒന്ന് കണ്ടു നോക്കൂ. എന്നിട്ട് ആകാം തന്റെ സൗന്ദര്യ സങ്കല്‍പത്തിന്റെ അവസാന തീരുമാനം.”

എന്റെ മുന്നില്‍ മന:സാക്ഷി കണ്ണാടിയും പിടിച്ചു നിന്നു.

മെലിഞ്ഞു നീണ്ട ശരീരം കറുത്ത നിറം ദീര്‍ഘചതുര മുഖം ചുരുണ്ട മുടി മൊത്തത്തില്‍ ഒരു കാപ്പിരി. അതിനു പുറമേ ഒരു പഴുതാര മീശയും.

“ അവളെ ഇഷ്ടമാണ് എന്നു പറയാം..ല്ലേ” മന:സ്സാക്ഷിയുടെ അനുവാദം കാത്തു നില്‍ക്കാതെ ഞാന്‍ റോഡ് ലക്ഷ്യമാക്കി നടന്നു.

കണ്ണാടി തല്ലി തകര്‍ത്തു മന:സാക്ഷി മരത്തിന്റെ മുകളില്‍ വിശ്രമിച്ചു.

കോളേജ് ചായക്കടയുടെ മൂലയിലെ ഒരു ഇരിപ്പിടം നടത്തിപ്പുകാരന്‍ ഞങ്ങള്‍ക്കായി മാറ്റി വച്ചു. എല്ലാ ദിവസവും കട്ടന്‍ ചായയും കുടിച്ചു പരിപ്പ് വടയും തിന്ന് ഗ്ലാസ്സ് കഴുകി കമഴ്ത്തി വച്ചു.

പരിമിതമായ സംസാരം.

ഗ്രൗണ്ടിലെ മര മുത്തശ്ശി ഞങ്ങള്‍ക്ക് എല്ലാ ദിവസങ്ങളിലും കുറച്ചു നേരമെങ്കിലും തണല്‍ ഒരുക്കും. പക്ഷെ സീല്‍ക്കാരങളും മര്‍മരങ്ങളും ഒഴിഞ്ഞു നിന്നു.

അവസാന വര്‍ഷ വിദ്യാര്‍ഥികളെ ഇന്നത്തോടെ ഈ കോളേജില്‍ നിന്നും പടി അടച്ചു പിണ്ഡം വക്കുമെന്നും അല്ലാത്തവര്‍ രണ്ടു മാസത്തെ വേനല്‍ അവധി കഴിഞ്ഞു തിരിച്ചു വരണമെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്ന് വിനയപൂര്‍വ്വം പ്രിന്‍സിപ്പാള്‍ എന്ന അറിയിപ്പുമായി ശിപായി കറങ്ങി നടന്നു.

കോളേജ് ചായക്കടയുടെ മൂലയില്‍ അവസാന പരിപ്പുവടയും കട്ടനും കുടിച്ചു ഞങ്ങള്‍ ഇരുന്നു.

“ഞാന്‍ കാത്തിരിക്കണോ” കട്ടന്‍ ചായയുടെ ആവിയുടെ ഇടയിലൂടെ അവള്‍ എന്നെ നോക്കി.

“വേണ്ട….” ഞാന്‍ പറഞ്ഞു.

അവള്‍ ഒരു കുഞ്ഞു ഡയറി എന്റെ നേര്‍ക്കു നീക്കി വച്ചു.

“ആവശ്യമെങ്കില്‍ തുറന്നാല്‍ മതി എന്റെ വിലാസം ഉണ്ട് ഞാന്‍ പി ജി ക്കു ചേരും രണ്ടു വര്‍ഷം” അവള്‍ എഴുന്നേറ്റു നടന്നു.

ഡയറിയും ഒഴിഞ്ഞ ചായ ഗ്ലാസുകളും ഞാനും.

ഡയറി എടുത്തു ഞാനും പുറത്തേക്കു നടന്നു.

അവളെ തിരഞ്ഞു പക്ഷേ കണ്ടില്ല.

ഇനി എന്തു ചെയ്യണം എന്നറിയാത്ത ദിവസങ്ങള്‍. ഞാനും എന്റെ ചിന്തകളും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍.

പലപ്പോഴും എന്റെ ചിന്തകള്‍ ഇടഞ്ഞു നിന്നു.

കുറച്ചു കാലത്തേക്ക് ഈ നാടു വിടാം.

ബ്രിട്ടീഷ് നിര്‍മ്മിത നഗരങ്ങളായ ബോംബേ, കല്‍ക്കട്ട, ഡല്‍ഹി ഇവിടങ്ങളിലേക്കു ഒരു ദേശാടനം.

തോളില്‍ ഒരു തുണി സഞ്ചിയുമായി ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കരിവണ്ടി കയറി. ദ്രാവിഡനില്‍ നിന്നും ഗോസായിയിലേക്ക് ഉള്ള പരിണാമം.

ബിരുദാനന്തര ബിരുദം സഞ്ചിക്കു ഉള്ളില്‍ വിശ്രമിക്കുന്നു. കൂടെ അവള്‍ തന്ന ആ കുഞ്ഞു ഡയറിയും.

കൊല്‍ക്കത്ത, ചുണ്ടില്‍ ചാക്കു കണക്കിനു ചുവന്ന ചായം പൂശി ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന സുന്ദരികളുടെ നഗരം. എങ്ങും വിപ്ലവ വീര്യം ഉയര്‍ത്തി ചെങ്കൊടികള്‍ പാറികളിക്കുന്നു. ആ മഹാ നഗരത്തില്‍ ജോലി അന്വേഷിച്ച് കുറേ അലഞ്ഞു. ആഴ്ചകള്‍ക്കു ശേഷം ഒരു ദിനപത്രത്തില്‍ പ്രൂഫ് റീഡര്‍ ആയീ ജോലി കിട്ടി. വിരസമായ ജോലി… വിരസമായ ദിനങ്ങള്‍….

ആറ് മാസം കഴിഞ്ഞു. ഒരു കൂടുമാറ്റം തീരുമാനിച്ചിരുന്നതാണ് പിന്നിട് അതു വേണ്ടന്ന് വച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു സ്ഥിരം വരുമാനം ഉണ്ടാക്കണം.

ആഗോള താപനം ഇന്നത്തെ അത്ര പ്രശ്നക്കാരനല്ല അതു കൊണ്ട് തന്നെ വസന്തം, മകരന്തം, ഹേമന്തം, മഴ, കാറ്റ്, വെയില്‍, മഞ്ഞ്, കറുത്ത വാവ്, വെളുത്ത വാവ്, തുടങ്ങിയവ സമയാസമയങ്ങളില്‍ വന്നും പോയും ഇരുന്നു. ചില ദിവസങ്ങളില്‍ മഴയും വെയിലും ഒന്നിച്ചു വന്നു . അന്നു ചില കുട്ടികള്‍ കുറുക്കന്റെ കല്യാണം കൂടാന്‍ ഓടുന്നതും കണ്ടു.

രണ്ടു വര്‍ഷം അതിന്റെ വഴിക്ക് അങ്ങു പോയി.

ഡയറി തുറക്കണം ഇവിടുന്നല്ല അങ്ങു നാട്ടില്‍ പോയിട്ട്. ലീവ് അപേക്ഷ വച്ചു.

മുതലാളി ലീവ് തരില്ല എന്നു പറയുന്നത് കേള്‍ക്കാന്‍ നിന്നില്ല. നേരെ ചെന്നു ട്രെയിന്‍ പിടിച്ചു നിറുത്തി അതില്‍ കയറി ഒലവക്കോട് ഇറങ്ങി.

ശുനകന്‍മാര്‍ ഭരണം ഏറ്റെടുത്ത ആ പ്ലാറ്റ് ഫോമിലുള്ള ഒരു ഒഴിഞ്ഞ ബഞ്ചില്‍ അവരുടെ അനുവാദത്തോടെ കുറച്ചു നേരം ഇരിക്കാന്‍ തിരുമാനിച്ചു. ഡയറി തുറക്കണോ? അതോ കുടുംബത്തില്‍ കയറണോ? മനസ്സിനുള്ളില്‍ ഇരുപക്ഷവും ഏറ്റുമുട്ടി. കുടുംബക്കാര്‍ തോറ്റു തുന്നം പാടി എങ്ങോട്ടോ പോകുന്ന ട്രെയില്‍ കയറി പോയി. ആദ്യമായി ഞാന്‍ അവളുടെ വിലാസം കണ്ടു.

ഈ കുണ്ടനിടവഴി കഴിഞ്ഞു പാടവരമ്പിലൂടെ നടന്നു ചെന്നു കയറുന്നത് അവളുടെ വീട്ടില്‍ ആണ്. പാടവരമ്പിലൂടെ നടക്കുമ്പോള്‍ ഞാന്‍ മന:സാക്ഷിയോട് ചോദിച്ചു.

“എന്റെ വീട്ടില്‍ അറിഞ്ഞാല്‍….”

“താനൊരു കമ്മ്യുണിസ്റ്റ് അല്ലേ…. മിസ്റ്റര്‍”

“അതേ പക്ഷേ അച്ഛന്‍ കമ്യുണിസ്റ്റ് അല്ല…”

“അതിന്‌…..?”

“കുടുംബത്തില്‍ ഭ്രഷ്ട് വരും….”

“വിളിച്ചു ഇറക്കി കൊണ്ടു പോണം മിസ്റ്റര്‍ കൊല്‍ക്കത്തയിലേക്ക്……” മന:സാക്ഷി നെഞ്ചും വിരിച്ച് മുന്നില്‍ നടന്നു.

“ ആരുമില്ലേ…. “മുറ്റത്ത്‌ നിന്ന് ഞാന്‍ വിളിച്ചു ചോദിച്ചു. അവള്‍ തന്നെ വാതില്‍ തുറന്നു. എന്നെ പ്രതീക്ഷിച്ചതു പോലെ അവളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല.

ഞാന്‍ വരുമെന്ന് അവള്‍ക്ക് ഉറപ്പുണ്ട്.

“ കേറി ഇരിക്കൂ… ഞാന്‍ അച്ഛനെ വിളിക്കാം….” അവള്‍ അകത്തേക്കു പോയി.
മുറ്റത്ത് ഒരു തറയില്‍ മുത്തപ്പന്‍, കുട്ടിച്ചാത്തന്‍,മാടന്‍, മറുത, തുടങ്ങിയ മഹാദേവന്‍മാര്‍ ഉത്തരവിനായി കാത്തിരിക്കുന്നു.

അകത്തു നിന്നും അറുപതു വയസ്സു തോന്നിക്കുന്ന ഒരു ഭീകരന്‍ വന്നു കസേരയില്‍ ഇരുന്നു. അവള്‍ വാതില്‍ പടിയില്‍ ഒതുങ്ങി.

“ ആരാണ്….” അയാള്‍ ചോദിച്ചു.

“ഒന്നിച്ചു പഠിച്ചതാണ് . ഇവളെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്“

അയാള്‍ കുറച്ചു നേരം നിശബ്ദനായി.

“പ്രേമമാണ്‌… ല്ലേ…”

“അതേ… നടത്തി തരണം….”

“നടക്കില്ല….” അയാള്‍ക്ക് മുഴുവനും പറയാന്‍ കഴിഞ്ഞില്ല.

“നടക്കും… ഈ വെള്ളിയാഴ്ച അവസാന പരീക്ഷ. പിറ്റേന്നു ശനിയാഴ്ച. അന്നു നടക്കും….” അതും പറഞ്ഞു അവള്‍ അകത്തേക്ക് പോയി.

കുറച്ച്‌ നേരം രംഗം നിശബ്ദമായി. ഞാന്‍ പുറത്തേക്ക്‌ ഇറങ്ങി.

“എങ്കില്‍ എനിക്ക് അതൊന്ന് കാണണമല്ലോ. എന്റെ മാടനും മറുതക്കും ശക്തി ഉണ്ടെങ്കില്‍ ഇത് ഞാന്‍ നടത്തില്ല…” അയാള്‍ പിന്നില്‍ നിന്നും പറയുന്നത്‌ ഞാന്‍ കേട്ടു .

ഉച്ചക്ക് പന്ത്രണ്ട് മണിക്ക് പരീക്ഷ അവസാനിക്കും. പത്തു മണിക്കു തന്നെ ആ ബസ്സ് സ്റ്റോപ്പില്‍ എത്തി. വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ എതിര്‍വശത്തെ ബസ്സ് സ്റ്റോപ്പില്‍ വെളുത്ത നിറമുള്ള സുന്ദരികളുടെ നിഴലായി അവള്‍ നില്‍ക്കുന്ന ഒരു തോന്നല്‍. അധിക നേരം ഇവിടെ നില്‍ക്കാന്‍ വയ്യാ…. മനസ്സില്‍ എന്തൊ ഒരു വിങ്ങല്‍.

അടുത്തു തന്നെ ആണു പാര്‍ട്ടി ഓഫീസ്. എന്റെ മനസ്സില്‍ വിപ്ലവം സൃഷ്ടിച്ച സ്ഥലം. പന്ത്രണ്ട് മണിവരെ അവിടെ ഇരിക്കാം. പഴയ ബന്ധങ്ങള്‍ പുതുക്കുകയും ചെയ്യാം. കാര്യങ്ങള്‍ സുഗമമായി നടത്താന്‍ അവരുടെ സഹായം ആവശ്യമാണ്. അകത്തേക്ക് ചെന്നു കുറച്ചു പരിചയ മുഖങ്ങള്‍. അവരുമായി കുറച്ചു നേരം സംസാരിച്ചു. പിന്നീട് മുകളില്‍ ചെന്ന് പുസ്തകങ്ങള്‍ വായിച്ച് ഇരുന്നു. ചുവരിലെ ഘടികാരം ചലിക്കുന്നത് പോരാ എന്നൊരു തോന്നല്‍. സമയം പോകുന്നില്ല. ചുമരില്‍ ഇരുന്നു മാര്‍ക്സും ലെനിനും ചെഗുവേരയും എനിക്കു വിപ്ലവ അഭിവാദ്യങ്ങള്‍ തന്നു.

പുറത്തെ ബഹളം കേട്ടാണ് വായന നിര്‍ത്തിയത്.

ആംബുലന്‍സ് വരുന്നതും ആരൊക്കെയോ കയറ്റിക്കൊണ്ടു പോകുന്നതും കണ്ടാണ് ഞാന്‍ താഴേക്കു ഓടി വന്നത്. ബസ്സ് കാത്തു നില്‍ക്കുന്ന ആളുകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ബസ്സ് പാഞ്ഞു കയറിയതാണ്.

ആരൊക്കെ അപകടത്തില്‍ പെട്ടുവെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ വാച്ച് നോക്കി സമയം പന്ത്രണ്ട്. അവളെ തിരഞ്ഞ് കോളേജ് ലക്ഷ്യമാക്കി ഓടി.

ശ്മശാനത്തിന്റെ കമ്പിവേലിയില്‍ പിടിച്ചു ഞാന്‍ മാറിനിന്നു. ആളുകള്‍ ഒഴിഞ്ഞു. ചിത കത്തി തീര്‍ന്നു….

കത്തി തീര്‍ന്ന ചിതക്ക് അരികില്‍ ഞാന്‍ മുട്ടുകുത്തി ഇരുന്നു.

“ഞാന്‍ അറിഞ്ഞില്ല….. ആ ആംബുലന്‍സില്‍ ഇയാള്‍ ആണന്ന്…. അവസാനമായി ഒന്നു കാണണം എന്ന് ഉണ്ടായിരുന്നു…. അതു നടന്നില്ല….”വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി. തുണി സഞ്ചിയില്‍ നിന്നും ഡയറി എടുത്തു ചിതയിലേക്ക് ഇട്ടു……

“പോട്ടെ….” അവളോട്‌ യാത്ര പറഞ്ഞു തിരിച്ചു നടന്നു.

“ നില്‍ക്കു…. ഞാനും വരുന്നു… “പുറകില്‍ നിന്നും അവള്‍ വിളിക്കുന്ന പോലെ ഒരു തോന്നല്‍. തിരിഞ്ഞു നോക്കിയില്ല…

മാടനും മറുതയും ജയിച്ചു വിപ്ലവം തോറ്റു…..

ഈ സംഭവത്തിനു ശേഷം എന്റെ തലച്ചോറില്‍ എന്തോ മാറ്റം… അതു എനിക്കു തന്നെ അനുഭവ പെടാന്‍ തുടങ്ങി…. മറ്റാരും കാണാത്തത് കാണുക ആരും കേള്‍ക്കാത്തതു കേള്‍ക്കുക…… മെഡിക്കല്‍ സയന്‍സ്സില്‍ ഇതിനെ ഇല്ലൂഷന്‍ എന്നോ മറ്റോ പറയും. കുടുംബക്കാര്‍ പറഞ്ഞു ചികിത്സിക്കാമെന്ന്
വേണ്ട…. ഞാന്‍ അവളോട്‌ സംസാരിക്കുന്നത്… ഞാന്‍ അവളെയാണ് കാണുന്നത്‌….

അപ്പൊ എനിക്കു ചായയും കൊണ്ടു വരുന്ന ഇവള്‍ ആരാണ്‌ എന്നല്ലേ….? ഇതു അവള്‍ തന്നെയാണ്.

എന്റെ രചനകളുടെ നിരൂപക…

ആശയ ദാരിദ്ര്യം വന്നാല്‍ സഹായിക്കാന്‍, എന്റെ ഏകാന്തതയില്‍, എന്റെ മനസ്സാക്ഷിക്കും എനിക്കും കൂട്ടായി….എന്റെ നിഴലായി….. ഞാന്‍ മാത്രം കാണുന്ന… ഞാന്‍ മാത്രം സംസാരിക്കുന്ന……
എന്റെ ഭാര്യയായി.

അടുത്ത ചായയും കൊണ്ടു അവള്‍ വീണ്ടും വന്നു.

“എന്തായി മാഷേ… കഥ മാറി നോവല്‍ ആയോ…? “ അവള്‍ ചോദിച്ചു.

“ഇല്ല….”

“എന്താ മുഖത്ത് ഒരു വിഷാദ ഭാവം… സങ്കടം വന്നോ…? സാരല്യാ… പോട്ടെ… ഞാന്‍ ഇല്ലേ കൂടെ? പിന്നെന്താ…? ഇന്നു ഇത്ര മതി….” അവള്‍ എന്നെ മാറോട് ചേര്‍ത്തു. ഞാന്‍ പേപ്പറും പേനയും താഴെ വച്ചു……….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

  1. നിഴൽ ചിത്രങ്ങൾ ??? മുരളീദാസിന്റെ രചനകൾ വീണ്ടും പ്രതീക്ഷിക്കുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here