നിഴൽ മറയത്തെ പ്രണയം

 

 

nashtapranaya

എത്ര പെട്ടെന്നാണ് രാത്രിയാകുന്നത് എന്ന് മനസിലോർത്തുകൊണ്ടാണ് മഹേഷ് ബൈക്ക് ഓടിച്ചത്. എംജി റോഡിലെ തിരക്കിലേക്ക്‌കേറിയപ്പോൾ മൊബൈൽ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി. കാത്തു ആണെന്ന് അയാൾക്ക്‌ മനസിലായി.

എത്രനേരമായി പാവം തന്നെ കാത്തുനിൽക്കുവാണ്, ഇന്ന് നല്ല ദേഷ്യത്തിലാകും. എന്തുചെയ്യാനാ നേരത്തെ ഇറങ്ങാൻ പണിയെല്ലാം തീർത്തതാ, അപ്പോഴാ മൊട്ടമാനേജർക്കു മീറ്റിങ്ങ് വെക്കാൻ തോന്നിയത്.. അയാളുടെ ഒരു ആക്ടിവിറ്റി പ്ലാനിഗും കുന്തോം കൊടച്ചക്കറോം. ഇനി എന്തെല്ലാം പറഞ്ഞാലാണോ അവളൊന്നു തണുക്കുക?

തിരക്കുപിടിച്ചു ജയലക്ഷ്മി ടെക്സ്റ്റെയ്ൽസിന്റെ പാർക്കിംഗ് ഏരിയയിൽ ബൈക്ക് വച്ചിട്ട്, മഹേഷ് മൊബൈൽ എടുത്ത് കാർത്തികയുടെ മൊബൈലിലേക്ക് ഡയൽ ചെയ്തു.

നമ്പർ ബിസി. കൊള്ളാം ഇന്നത്തെ കാര്യം തീരുമാനമായി……….. എന്നോർത്തുകൊണ്ട് മഹേഷ് എൻട്രൻസിലേക്ക് നടന്നു.

അവിടെ മുഖം വീർപ്പിച്ചു നിൽക്കുന്ന കാർത്തികയെ കണ്ടപ്പോൾ അയാൾക്ക്‌ ചിരിവന്നു. ആ ചിരികണ്ടപ്പോൾ അവളുടെ കണ്ണിലെ ദേഷ്യം ഇരട്ടിയായി. ബാക് ബാഗ് കൗണ്ടറിൽ കൊടുത്തിട്ട് അവളുടെ അടുത്തെത്തുമ്പോളേക്കും അവൾ നടന്നു കഴിഞ്ഞിരുന്നു.

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവള്‍ ലിഫ്റ്റിൽ കയറി.

മഹേഷ് ലിഫ്റ്റിന്റെ അടുത്തെത്തിയപ്പോഴേക്കും ലിഫ്റ്റിന്റെ ഡോർ അടഞ്ഞു.

ഇവളിതെങ്ങോട്ടുപോകുന്നെ ഒന്ന് പറഞ്ഞിട്ടെങ്കിലും പൊയ്ക്കൂടേ? നാശം….

അവളുടെ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികത്തിനു ഗിഫ്റ്റ് വാങ്ങാൻ താനും വരണമെന്ന നിർബന്ധം അവൾക്കായിരുന്നു, എന്നിട്ടിപ്പോൾ വന്നപ്പോൾ? സത്യംപറഞ്ഞാൽ മഹേഷിനു ദേഷ്യം വന്നു. എത്രകഷ്ടപെട്ടിട്ടാ ഇപ്പോളെങ്കിലും വരാൻപറ്റിയത്. ഇതവൾക്കു പറഞ്ഞാൽ മനസ്സിലാകുമോ? ഞാൻ മനപ്പൂർവം താമസിച്ചതാണെന്നേ അവളുപറയൂ.

ഒരുതരത്തിൽ സാരി സെഷനിൽ അവളെ കണ്ടുപിടിച്ചു. താൻ കൂടെ വന്നതാണെന്ന് ഒരുഭാവവുമില്ലാതെ സാരി സെലക്ട് ചെയുന്ന അവൾ ഒളികണ്ണിട്ട് അയാളെ നോക്കുന്നുണ്ടായിരുന്നു. ഇതുകണ്ട മഹേഷിനു ചിരി വന്നെങ്കിലും കാണാത്ത ഭാവത്തിൽ അയാൾ ചുറ്റും നോക്കി. അപ്പോഴാണ് അയാളുടെ മൊബൈൽ റിങ് ചെയ്തത്.

ശ്രീജിത്താണ് എന്താണാവോ ഇനി പുതിയ തുഗ്ലക്ക് പരീക്ഷണങ്ങൾ?

പുതിയ ബ്രാഞ്ച് മാനേജർ നോർത്തിന്ത്യക്കാരന് വന്നപ്പോൾ മുതൽ പരിഷ്‌ക്കാരങ്ങളാ. ഫോൺ വെച്ച് കഴിഞ്ഞു അയാൾ കാർത്തിക നിന്നിടത്തേക്കു നോക്കി അവിടെ കടുംചുവപ്പു സാരി ചുറ്റിയ ഒരു സ്ത്രീ സ്ഥാനം പിടിച്ചിരിക്കുന്നു.

ഇവളിതെവിടെ പോയി?

അയാൾ ചുറ്റും നോക്കി. കാർത്തികയുടെ നീല ദുപ്പട്ട അയാളുടെ കണ്ണിലുടക്കി. ആ ദുപ്പട്ട മൂന്നോ നാലോ കടകളിൽ കയറി ഇറങ്ങിട്ട് അവസാനം മേനകയിൽ ഒരു ചെറിയ കടയിൽനിന്ന് വാങ്ങിയതായിരുന്നു.

അവളെങ്ങനെയാണ് എന്തെങ്കിലും ഒന്ന് മനസ്സിൽ വിചാരിച്ചാൽ അതുകിട്ടുന്നതുവരെ സമാധാനമുണ്ടാകില്ല. ഒരിക്കൽ മാത്രം അവൾ തോറ്റുപോയി അവളുടെ പ്രണയത്തിനു മുന്നിൽ. അതുകൊണ്ടാണവൾ എന്റെ ഭാര്യ ആകേണ്ടിവന്നത്.

അപ്പോളാണ് അയാൾ ശ്രദ്ധിച്ചത് അവൾ സാരി സെലക്ട് ചെയുക ആയിരുന്നില്ല, അവിടെ മറ്റൊരു കൗണ്ടറിൽ സാരി സെലക്ട് ചെയ്യുന്ന ഒരു ഫാമിലിയെ നോക്കിനിൽക്കുകയായിരുന്നു. ഒരു ബ്ലാക്ക് ചുരിദാറിട്ട് കൊലുന്നനെ ഉള്ള പെൺകുട്ടി കയ്യിൽ രണ്ടു വയസു പ്രായം തോന്നിക്കുന്ന ഒരു ആണ്‍ കുഞ്ഞും. പെട്ടെന്നാണ് അവരുടെ അരികിൽനിന്ന ആൾ തിരിഞ്ഞത്. ആ മുഖം കണ്ട് മഹേഷ് ഒന്ന് ഞെട്ടി. ജോൺ, ജോൺ അലക്സ്. ഒരിക്കൽ മാത്രം കണ്ടിട്ടേയുള്ളെങ്കിലും ആ മുഖം മറക്കാൻ കഴിയില്ല. തനിക്കുമുന്പേ കാർത്തികയുടെ ഹൃദയത്തിൽ ഇടം പിടിച്ച ആൾ. ആ ഹൃദയത്തെ തകർത്തെറിഞ്ഞു ഉയരങ്ങൾ തേടി പോയവൻ.

അവൾ നോക്കിനിൽക്കുന്നത് അവരെ ആകരുതേ എന്നവൻ ആഗ്രഹിച്ചു. എന്നാൽ അവൾ നോക്കിനിന്നത് അയാളെ തന്നെയായിരുന്നു. അവളുടെ അരികിലെത്തി കാത്തു എന്ന് മെല്ലെ വിളിച്ചു, അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. അവളുടെ മുഖം വിളറി വെളുത്തിരുന്നു, നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന കണ്ണുകൾ.. മഹിഏട്ടാ എന്നവൾ വിളിക്കുമ്പോൾ ചുണ്ടുകൾ വിതുമ്പിയിരുന്നു. എത്രയുംവേഗം അവിടെനിന്നു രക്ഷപ്പെട്ടാൽമതി എന്നായിരുന്നു അവന്റെ മനസ്സിൽ. അവളുടെ നിറഞ്ഞകണ്ണുകൾ അവനോടു മന്ത്രിച്ചതും അതുതന്നെയായിരുന്നു.

മഹേഷ് അവളുടെ കൈയിൽ മുറുകെ പിടിച്ചു. നടക്കുമ്പോൾ കാലുകൾ തളരുന്നതുപോലെ. നടപ്പിന് വേഗതയില്ലാത്തതുപോലെ. കൗണ്ടറിൽനിന്ന് ബാഗ് വാങ്ങുമ്പോളും അവനവളുടെ കയ്യിലെ പിടിവിട്ടിരുന്നില്ല. ബൈക്ക് എടുത്തു പുറത്തേക്കിറങ്ങിയപ്പോൾ അവൾ അവന്റെ ചുമലിലേക്ക് ചേർത്ത് കിടന്നു. അവർ പരസ്പരം ഒന്നും സംസാരിച്ചില്ല എങ്കിലും അവളുടെ വേദന അവനറിഞ്ഞു. അതിനായി വാക്കുകളുടെ അകമ്പടി അവനു വേണ്ടിയിരുന്നില്ല.

ബൈക്ക് ഓടിക്കുമ്പോളും അവന്റെ മനസ്സിൽ ആ മുഖമായിരുന്നു.

കോളേജിൽ കാർത്തികയുടെ സീനിയർ ആയി പഠിച്ച ജോൺ, രണ്ടു വർഷം പ്രണയിച്ച പെൺകുട്ടിയെ പണത്തിന്റെയും, കുടുംബ മഹിമയുടെയും പേരിൽ നിഷ്കരുണം ഉപേക്ഷിച്ചവൻ. ഇതിനുമുൻപ് അയാളെ കണ്ടത് കാർത്തികയോടൊപ്പം മറൈൻ ഡ്രൈവിൽ വച്ചാരുന്നു. അന്നയാൾ അവളുടെ ആത്മാർത്ഥ പ്രണയത്തെയും നിറഞ്ഞൊഴുകിയ കണ്ണുകൾ ഒളിപ്പിച്ച സ്നേഹത്തെയും ഒരു ഗുഡ് ബൈയിലൊതുക്കി നടന്നുപോയി, ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ. അവൾ അവനെ കണ്ണിൽനിന്നുമറയുന്നതുവരെ നോക്കിനിന്നു. അവളുടെ കൈയിൽ എന്നോ അവൻ സമ്മാനിച്ച കറുത്ത മുത്തുകൾ കൊണ്ടുള്ള ഒരു മാല ഉണ്ടായിരുന്നു…. അതുവരെ കാത്തു തനിക്ക് ബെസ്ററ്ഫ്രണ്ട് മാത്രമായിരുന്നു. പക്ഷെ, ആ നിമിഷം മുതൽ അവനവളെ പ്രണയിച്ചുതുടങ്ങിരുന്നു.

പ്രണയത്തിന്റെ ലോകത്തേയ്ക്ക് വളരെയെളുപ്പം ഇറങ്ങിപ്പോയിരുന്നവർ തന്നെയായിരുന്നു എന്നും സ്ത്രീകൾ.. എന്നാൽ പ്രണയത്തെ മറക്കാൻ അവർക്കത്ര എളുപ്പം സാധിച്ചിരുന്നില്ല.

അവസാനം മുന്ന് വർഷങ്ങൾക്കുശേഷം എല്ലാരുടെയും നിർബന്ധങ്ങൾക്കു വഴങ്ങി തനിക്കുമുന്‍പിൽ താലി കെട്ടാൻ തലകുനിച്ചു നിന്നു അവൾ.

വീടെത്തിയത് അവളറിഞ്ഞില്ല എന്നുതോന്നുന്നു. കാത്തു… ആ വിളിയിൽ അവൾ ഞെട്ടി. വേഗം ബൈക്കില്‍ നിന്നും ഇറങ്ങി, തനിക്കു മുഖം തരാതെ, പേഴ്സ്ൽ നിന്ന് ചാവിയെടുത്ത് വാതില്‍ തുറന്നു അകത്ത്‌കയറി. ലൈറ്റ് ഇടുക പോലും ചെയ്യാതെ കട്ടിലിൽ ചെന്ന് കിടന്നു.

ഡ്രസ്സ് മാറുന്നില്ലേ?

അവൾ മറുപടി ഒന്നും കൊടുത്തുമില്ല. മഹേഷ് കുറച്ചുസമയം അവിടനിന്നു മറുപടിയൊന്നുമില്ല എന്നു മനസിലായപ്പോൾ രാത്രി ഇടാനുള്ള ഡ്രസ്സ്മായി കുളിക്കാൻ കയറി.

അവൻ കുളി കഴിഞ്ഞു വന്നിട്ടും കാർത്തികക്ക് എണീക്കുവാനുള്ള ഭാവമൊന്നുമില്ല എന്ന് മനസിലായതുകൊണ്ടു പതുക്കെ അടുക്കളയിലേക്കു നടന്നു. അവിടെ അടച്ചു വച്ചിരിക്കുന്ന പത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി. തിരിച്ചു വന്നിട്ട് ഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടില്ല എന്നറിയാമായിരുന്നതുകൊണ്ട് എല്ലാം റെഡിയാക്കിട്ടാണവൾ പോന്നത്.

തനിക്കേറ്റവും ഇഷ്ടപെട്ട ചെമ്മീൻ മസാലയും, ചെറുപയറുകറിയും പിന്നെ മോരു കൂട്ടാനും. അവൻ രണ്ടു പാത്രത്തിൽ ചോറുവിളമ്പി കറികളുമെടുത്ത ഡൈനിങ്ങ് ടേബിളിൽ വെച്ചു.

കാത്തു …. മഹേഷ് നീട്ടി വിളിച്ചു.

ബെഡ്റൂമിൽനിന്നും മറുപടിയൊന്നും കിട്ടാതായപ്പോൾ അവൻ പതുക്കെ എണിറ്റു ചെന്നു. അപ്പോഴും അവൾ അതെ കിടപ്പു കിടക്കുകയാണ്. അവൻ എത്ര വിളിച്ചിട്ടും അവൾ എണിറ്റു വരാൻ കൂട്ടാക്കിയില്ല. അവസാനം അവൻ തനിച്ചു അത്താഴം കഴിക്കാനിരുന്നു. ഇഷ്ടപെട്ട കറികളുണ്ടെങ്കിലും ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങുന്നില്ല. അവസാനം എല്ലാം അടുക്കളയിൽ കൊണ്ടുപോയി അടച്ചു വച്ചിട്ട് അവളുടെ അരികിൽ വന്നു കിടന്നു.

പക്ഷെ, അപ്പോൾ അവനവളോട് ദേഷ്യം തോന്നിയില്ല എന്ന് മാത്രമല്ല എന്തെന്നില്ലത്ത സ്നേഹം തോന്നുകയും ചെയ്തു. അവൻ അവൾക്കു നേരെ തിരിഞ്ഞു കിടന്നു. കാത്തു എന്ന് പതുക്കെ വിളിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു. കാർത്തിക ഒരു പൊട്ടി കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു.

അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് തറവാട്ടിലെ ഇരുണ്ട മുറിയിലിരുന്ന് ആരും കാണാതെ അവൾ എത്ര നേരം നിർത്താതെ കരഞ്ഞിട്ടുണ്ടാകും… അയാൾ മനസ്സിലോർത്തു.

അവളുടെ കരച്ചിൽ അവസാനം നിശബ്ദതയിൽ ഒതുങ്ങി. അവളുറങ്ങി എന്നുറപ്പായപ്പോൾ അവൻ എഴുന്നേറ്റ് അവളെ പുതപ്പിച്ചു. വാതിലടച്ചു എന്ന് ഒരിക്കൽകൂടി ഉറപ്പാക്കി അവൻവന്ന് അവളോട്ചേർന്ന് കിടന്നു.

രാത്രിയിൽ എപ്പോഴോ ഞെട്ടി ഉണർന്നപ്പോൾ അവൾ അരികിലില്ല.

മഹേഷ് ചാടി എഴുന്നേറ്റു.

ബാത്റൂമിലും കിച്ച്നിലും അവളില്ല. അവൻ ഭയത്തോടെ ഹാളിലെത്തി. വാതിൽ തുറന്നുകിടക്കുന്ന കണ്ടപ്പോൾ ഭയം കൊണ്ട് അവന്റെ ഹൃദയമിടിപ്പ് കൂടി.

അയാൾ പതുക്കെ പാതി തുറന്ന വാതിലുടെ പുറത്തേക്കു നോക്കി, അതാ അവൾ തനിക്ക് ഏറ്റം പ്രിയപ്പെട്ട ചെമ്പക മരച്ചുവട്ടിൽ…. ഇവൾക്ക് ഇതെന്തുപറ്റി മരം കോച്ചുന്ന ഡിസംബർ മാസതണുപ്പിൽ…..

പാതിരാത്രി, വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ എന്ന് മനസിലോര്‍ത്തുകൊണ്ടു അയാൾ അവൾക്കരികിലെത്തി. താൻ അരികിലെത്തിയത് പോലും അവൾ അറിഞ്ഞില്ലല്ലോ എന്നയാൾ തെല്ലൊരു ഭയത്തോടെ തിരിച്ചറിഞ്ഞു. അയാൾ വിറയാർന്ന കരങ്ങൾകൊണ്ട് അവളുടെ തോളിൽ ചേർത്ത് പിടിച്ചു. ഉള്ളുലക്കുന്ന വേദനയിൽ നിൽക്കുന്ന തൻറെ പ്രിയപെട്ടവൾക്ക് ചോദ്യങ്ങളേക്കാൾ ആവശ്യം ചേർത്തുപിടിക്കലാണെന്ന് അയാൾക്ക് അറിയാമായിരുന്നു.

അപ്പോൾ അവർക്കു മുകളിൽ പെയ്തിറങ്ങിയ മഞ്ഞിനേക്കാളും തണുപ്പായിരുന്നു അവൾക്ക്.

തൻറെ തോളിൽ ചാഞ്ഞുകിടന്ന അവളുടെ കണ്ണുകളിൽനിന്ന് ഒഴുകി ഇറങ്ങിയ കണ്ണുനീർതുള്ളികൾ ആ മനസിന്റെ വേദന അയാളോട് പങ്കുവെച്ചു. ചില മൗനങ്ങൾ അത്രമേൽ വാചാലമായിരിക്കുന്നതു പോലെ മനുഷ്യന്റെ മനസ്സുകൾക്ക് മേൽ അത് പെരുമഴ പെയ്യിക്കും.

ഇത്രയും കാലം തന്റെ സ്വന്തമായിരുന്നവൾ തനിക്കാരുമല്ലായിരുന്നു എന്ന തിരിച്ചറിവ് അയാളുടെ ഹൃദയത്തെ ചവിട്ടി മെതിച്ചു. ഒരുപാടു ചോദ്യങ്ങൾ അയ്യാൾക്കുള്ളിൽ നിലവിളിച്ചു, എങ്കിലും നിശബ്ദം സഹിക്കാൻ അയാൾക്കാകുമായിരുന്നു. കാരണം അവനവളെ അയാളുടെ ജീവനേക്കാളേറെ സ്നേഹിച്ചിരുന്നു എന്നതുമാത്രമല്ല; അവള്‍ തന്നെ ആയിരുന്നു അയാളുടെ ലോകം.

അവളെ ചേർത്ത് പിടിച്ചുകട്ടിലിൽ കൊണ്ടിരുത്തുമ്പോളും അവൾ കരയുകയായിരുന്നു. പിന്നെ ആ രാത്രി അയാൾ ഉറങ്ങിയില്ല; അവളെ നെഞ്ചിൽ ചേർത്തുപിടിച്ചു കിടക്കുമ്പോഴും അയാളുടെ ചിന്തയിൽ അവളുടെ കൈയിലിരുന്ന ആ കറുത്തമുത്തുകള്‍ കോർത്ത മാലയെ കുറിച്ചായിരുന്നു.

അയാൾ തകർന്നു പോകുന്നുണ്ട് ചില സത്യങ്ങൾക്കു മുന്നിൽ. അല്ലെങ്കിലും ജീവിതം അങ്ങനെയാണ്. … ഏതു വടവൃക്ഷത്തിനെയും അടിയോടെ പിഴുതൊടുക്കാൻ ശേഷിയുള്ള ചില സത്യങ്ങളുണ്ടാകും……ഉള്ളിൽ ഒരു കടൽ ഉറക്കെ അലറുന്നു, ഒരു പെരുമഴ പെയ്യുന്നു.. അവൾ കാണാതെ അവനത് ഉള്ളിലൊളിപ്പിച്ചു…………

ആദ്യമായി അവൾ തൻറെ ജീവിതത്തിലേക്ക് കടന്നുവന്ന ആ ദിവസം അയാളുടെ ഓർമ്മയിലേക്ക് കടന്നുവന്നു. അന്നവൾ തനിക്കു ഒരു സ്നേഹിത മാത്രമായിരുന്നു, എന്നാൽ ഇന്നോ തനിക്കവൾ എല്ലാമെല്ലാമാണ്. അവളെപിരിഞ്ഞു ജീവിക്കാൻ ആകില്ല ഇനി ഒരിക്കലും. എല്ലാം മറന്നു എന്നോരായിരം വട്ടം അവൾ പറയുമ്പോഴും ആദ്യപ്രണയത്തിന്റെ പൊട്ടിയ ചില്ലുകൾ അവൾ മനസിന്റെ മറവിൽ സൂക്ഷിച്ചിരിക്കുന്നു എന്ന തിരിച്ചറിവിൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ കണ്ണുനീരിന്റെ ചൂടേറ്റ് അവളുണർന്നു അഞ്ചു വര്‍ഷം മുൻപത്തെ ഓർമ്മയില്‍ നിന്ന്, ആദ്യപ്രണയത്തിന്റെ വേദനയിൽനിന്ന്.

അയാളുടെ നെഞ്ചോടു കുറച്ചുകൂടി ചേർന്ന്കിടന്നു അവൾ. അവളുടെ നിശ്വാസം അവനെ ഓർമകളുടെ തടവറയിൽ നിന്നും പുറത്തുകൊണ്ടുവന്നു. തനിക്കൊരിക്കലും അവളെ കുറ്റപ്പെടുത്താനോ വെറുക്കാനോ കഴിയില്ല. താൻ സ്നേഹിക്കുന്നത് അവളുടെ ശരീരത്തെ മാത്രമല്ലല്ലോ, അവളുടെ മനസിനെ, ആത്മാവിനെ, കാർത്തിക എന്ന സ്ത്രീയെ ആണല്ലോ. സ്ത്രീകൾക്ക് സ്നേഹിക്കുന്നവരെ മാത്രമല്ല അവരെ വേദനിപ്പിക്കുന്നവരെയും സ്നേഹിക്കാൻ കഴിയും എന്ന് K R മീര ആരാച്ചാർ എന്ന നോവലിൽ പറഞ്ഞത് വെറുതെയല്ല. അവളുടെ ജീവിതം മാത്രമല്ല അവളുടെ നഷ്ടപ്രണയത്തിന്റെ വേദനയും, നൊമ്പരവും, ഓർമ്മകളും ഇനി തന്റേതുകൂടിയാണ്. കാത്തുവിന്റെ ഭൂതകാലത്തിലെ രണ്ടു വർഷം മാത്രമാണ് അയാൾക്ക്‌ സ്വന്തം. അവിടുന്നിങ്ങോട്ട് മരണംവരെ എന്റെ മാത്രം സ്വന്തമാണവൾ. ആ ഉറപ്പിൽ അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചു.

ഒടുവിൽ പുലരാൻ തുടങ്ങുന്ന രാവിനെ നോക്കി ഏറ്റവുമൊടുവിൽ അവൾ കരഞ്ഞു. എത്രവട്ടം പറിച്ചെറിഞ്ഞിട്ടും മറക്കാത്ത മനസ്സിനോട് അവൾ കയർത്തിരുന്നു… … അയാളുടെ മുഖത്തേയ്ക്കു പോലും നോക്കാനാകാതെ, തീരുമാനങ്ങളെടുക്കാനാകാതെ മിടിപ്പ് കൂട്ടി സ്വയം എരിഞ്ഞിരുന്നു. ഒടുവിൽ ഭാര്യയുടെ നിഷ്കളങ്കതയിലേയ്ക്ക് ഹൃദയം ചേർത്തു വച്ച് അവൾ അയാളുടേതായി….

പക്ഷെ അതുവരെ അവൾ അനുഭവിച്ച സങ്കടം… കരച്ചിലുകൾ….

എന്തെന്തു വിഹ്വലതകളാണ്…

ആദ്യ പ്രണയം കഴുത്തിൽ ചാർത്തികൊടുത്ത മാലയിലെ കറുത്ത മുത്തുകൾ തറയിൽ വീണു പൊട്ടിച്ചിരിച്ചു.

അവളുടെ ജീവിതത്തിൽ നിഴലായ് നിന്ന പ്രണയത്തിനുമേൽ വെളിച്ചം വീശിക്കൊണ്ട് പുലരി ഉണർന്നു…..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English