നിന്നിലെ എന്നെ നീ എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ?
എന്നിലെ നിന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഇതുവരെയും….
നീ എന്നിൽ നിന്നും അകന്നു പോയി എന്ന് ഞാൻ ആശ്വസിച്ചു. ആമോദിച്ചു. എന്നാൽ നീയെന്നുള്ളിൽ തന്നെയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എന്ത് കൊണ്ടാണ് നീ എന്നെ ഇങ്ങനെ അലട്ടുന്നത്?
എൻറെ ഹൃദയത്തിന് തീ കൊളുത്തുന്നത്?
നീയില്ലാതെ എനിക്ക് ജീവിതമില്ലേ?
അതോ നിന്നെ ഞാനും ഇതുപോലെ അലട്ടുന്നുണ്ടോ? ഓരോ നിമിഷവും മരിക്കുന്നത് നിന്നിലാണ്…ജനിക്കുന്നതും നിന്നിൽ നിന്നാണ്.
എന്തിന് നീയെന്റെ മനസ്സിന് വേദന പകരുന്നു?
ഇതൊരു ശാപമാണോ?
എന്തിനെന്നെ പിന്തുടരുന്നു ഇങ്ങനെ?
എത്ര നാൾ നീയെന്നെ പിന്തുടരും? നിന്നിൽ നിന്നും ഓടിയോടി ഞാൻ തളർന്നു.
ഞാൻ നിന്നെയും ഇത് പോലെ സങ്കടപ്പെടുത്തുന്നുവോ?
നിന്റെ മനസ്സിനെ മുറിപ്പെടുത്തുന്നുവോ?
നീയാരാണ്?
നീയാണോ പ്രണയം?
അതോ വെറുപ്പോ?
എന്താണ് നിനക്ക് വേണ്ടത്? എന്നിലിനി ബാക്കിയൊന്നുമില്ല….
എന്നിലെ നഷ്ടമാണോ നീ?
അതോ നിന്നിൽനിന്നും കടം കൊണ്ടതാണോ ഞാൻ?
നീയെനിക്കാരാണ്? അറിയുന്നില്ല…..
നിന്നെ ഞാനും തേടുന്നുണ്ടോ?
നിനക്ക് എന്തെങ്കിലും പറയാനുണ്ടോ? എന്നോട് പ്രത്യേകമായി, നിന്നോട് അത് ചോദിക്കണം എന്ന് എനിക്ക് അതിയായ ആശയുണ്ട്. അതിനേക്കാളേറെ അത് നീ എന്നോട് സ്വയമേവ പറയുന്നതാണിഷ്ടം. കൊട്ടിയടക്കപ്പെടാത്ത കാതുകൾ നിന്റെ സ്വരത്തിനായി സദാ സന്നദ്ധമാണ്. ഞാൻ കാത്തിരിക്കാം.. എത്ര നാൾ വേണമെങ്കിലും….സംവത്സരങ്ങൾക്കപ്പുറം നീളുമോ ഈ കാത്തിരിപ്പ്? അറിയില്ല..
അങ്ങനെയാണ് പിന്നെയും കാത്തിരിപ്പിന്റെ തുടക്കമായത്. അതെ നിഴലിന് വേണ്ടിയുള്ള കാത്തിരിപ്പ്. ഒരുപക്ഷെ നീയും, ഞാൻ പറയാനായി കാത്തിരിക്കുന്നുണ്ടാവും അല്ലെ. ഒരു പക്ഷെ നമ്മൾ ഇരുവരും പറയാനാഗ്രഹിക്കുന്നതും, കാത്തുവച്ചിരുന്നതും, ഒന്ന് തന്നെയാണെങ്കിലോ. പറഞ്ഞു നോക്കിയാലേ, മനസ്സൊഴിച്ചാലേ അതറിയാൻ പറ്റൂ. പറഞ്ഞില്ലെങ്കിൽ അറിയില്ല തന്നെ.
“രാവിലെ വരുമോ ഈ വഴിയിലൂടെ”,റൂമീൻ ചോദിച്ചു.
“എത്ര മണിക്ക് ആണ് ഇറങ്ങുക? ജോലിക്ക്?”
“എട്ടു മണിക്ക്”
“ശെരി”
“വരാം”
“എവിടെ വരണം”
“ബസ് സ്റ്റോപ്പിൽ”
എട്ടു മണിക്ക് അക്ഷമയായി നിൽക്കുമ്പോൾ തവിട്ട് നിറത്തിലുള്ള യാരിസ് അടുത്ത് വന്നു ബ്രെയ്ക്കിട്ടു. കയറൂ..റൂമീൻ കയറിയതും, വണ്ടി നീങ്ങി.
ആദ്യ അഞ്ചു മിനിറ്റ് മൗനം തളം കെട്ടി നിന്നു.
ആര് ആദ്യം മിണ്ടുമെന്നുള്ള സംവാദം മനസ്സിനുള്ളിൽ നടക്കുന്നു.
അവസാനം അവൾ തോറ്റു കൊടുത്തു.
“ഇന്നലെ എന്തുപറ്റി.” ചോദ്യഭാവത്തിൽ മെജുൻ നോക്കി.
“ആപ്പീസ് കഴിഞ്ഞു കൂട്ടാതെ പോന്നത്.”
ചോദ്യം വണ്ടിയുടെ വേഗത കൂട്ടിയതറിഞ്ഞു.
“പതുക്കെ പോകൂ”
“വെറുതെ ചോദിച്ചു എന്നേയുള്ളൂ, പറയണം എന്നില്ല.”
“പറയാൻ മനസ്സുള്ളപ്പോൾ പറഞ്ഞാൽ മതി.”
“പറയാം”
മനസ്സ് തുറക്കാൻ തയ്യാറായിരിക്കുന്നു സുഹൃത്ത്.
“സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിന്റെ അഭിപ്രായങ്ങൾ ഇന്നലെ പങ്കുവച്ചപ്പോൾ പഴയ ഒരു സുഹൃത്തിനെ ഓർമ്മ വന്നു.”
“അതുകൊണ്ട്”
“അതുകൊണ്ട് ഒന്നുമില്ല, ആഗ്രഹങ്ങൾ; ആഗ്രഹിക്കാൻ മാത്രം അടുത്തുണ്ടായിരുന്ന സുഹൃത്ത്.”
അവൻ അങ്ങനെ പറഞ്ഞപ്പോൾ മനസ്സിലായി വെറും സുഹൃത്തായിരുന്നില്ല എന്ന്.
“അവൾ പറഞ്ഞ അതെ കാര്യങ്ങൾ, നിന്റെ നാവിൽനിന്നും വീണപ്പോൾ, ഓർമ്മകൾ… മനസ്സിനെ പോറുന്ന ഓർമ്മകൾ…”
“ഇനിയും ആഗ്രഹിക്കാൻ മാത്രമായി ആഗ്രഹിക്കാൻ വയ്യ.”
“ആഗ്രഹിക്കാതിരിക്കൂ; ഒരു സുഹൃത്തിന് എന്നും കൂടെയുണ്ടാകാൻ കഴിയും എന്തിനും, ഏതിനും, മറ്റു പല ബന്ധങ്ങളും സുഹൃത്ബന്ധത്തേക്കാൾ ശ്രേഷ്ഠമായിരിക്കുമെങ്കിലും സുഹൃത് ബന്ധം നൽകുന്ന സുതാര്യതയുണ്ടാവണം എന്നില്ല.”
“അതിൽ പലതിനും നിയന്ത്രണങ്ങളും, മേൽക്കോയ്മകളും ഉണ്ടാകാം; വിവിധ തരത്തിലുള്ളത്.” റൂമീൻ പറഞ്ഞു നിർത്തി.
കുറച്ചു നേരം വീണ്ടും മൗനം. മനസ്സിന്റെ ത്രാസിൽ അളവ് കോലിട്ട് തൂക്കുന്നതറിയുന്നുണ്ട്. ഏത് തട്ടാണ് കൂടുതൽ താഴുന്നത്. അതോ രണ്ടും ഒരു പോലെ നിൽക്കുന്നുണ്ടോ. അവൾ ക്ഷമയോടെ കാത്തിരുന്നു.
ഉത്തരത്തിനായി.
“ശെരിയാണ് നീ പറഞ്ഞത്”, ആ “നീ” വിളിയിൽ ഒരു സുഖമുണ്ട്, എപ്പോഴും വിളിക്കുന്ന പേരിന്റെ അകൽച്ചയില്ല, അടുത്തേക്ക് ചേർത്തിരിക്കുന്നു, മനസ്സിൽ ആഹ്ളാദം.
“സുഹൃത്തായിരുന്നാൽ മതി, എന്നേക്കും….”
വണ്ടി സൈഡ് ഒതുക്കി നിർത്തി, കണ്ണിലേക്ക് നോക്കി, വലതു കൈ തന്നിലേക്ക് നീട്ടി…..
ഉറച്ച ഹസ്തദാനം, മനക്കരുത്തിന്റെ; കൂടെയുണ്ടാകും എന്ന മനസ്സിന്റെ ഉറപ്പ്.
ഉള്ളിന്റെയുള്ളിലെ ചെറുനോവാണ് നീ, എന്നേക്കും. ഇത് പോലെ ഞാൻ നിന്നെയും വേദനിപ്പിക്കുന്നുവോ? മരണമില്ലാത്ത വേദന…അറിയുന്നില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങൾ അലട്ടുന്ന മനസ്സ്.
ആരെയും വേദനിപ്പിക്കാതിരിക്കാനായി എടുത്ത തീരുമാനങ്ങൾ. ജീവിതത്തിൽ ഏറ്റവും അധികം ആഗ്രഹിച്ചത് സന്തോഷമാണ്. സ്വന്തം സന്തോഷമല്ല, അന്യരുടെ സന്തോഷം. ഒരു ചിരി ഒരു മുഖത്തു വിരിയുന്നത് കാണാൻ വേണ്ടിയുള്ള പ്രയത്നങ്ങളായിരുന്നു ജീവിതത്തിൽ അധികവും ചെയ്തിട്ടുള്ളത്. അതെ, സന്തോഷം എന്നാൽ മനസ്സ് നിറഞ്ഞു പുഞ്ചിരിക്കുന്ന ഒരു മുഖം മുന്നിൽ കാണുക എന്നത് മാത്രമായിരുന്നു. ജീവിതത്തിൽ ഉടനീളം അത് തന്നെയായിരുന്നു സന്തോഷം. ആരും അത് മനസ്സിലാക്കിയില്ല എന്ന് മാത്രം.
“എന്തിനാണ് ഒരു കാരണവുമില്ലാതെ എന്നെ വഴക്കു പറയുന്നത്.”
“ഞാൻ ഒന്നും ചെയ്തില്ലല്ലോ”
“എല്ലാത്തിനും കാരണം നീയാണ്.”
“നിന്റെ അഹംഭാവമാണ്.”
“ഏഹ് ”
തയ്ച്ചുകൊണ്ടിരിക്കുന്ന ചുരിദാറിന്റെ തുണി തയ്യൽ മെഷീനിനു മുകളിൽ നിന്നും ഊർന്നു വീണു താഴോട്ട്..
“എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്.”
“ഞാൻ എന്ത് ചെയ്തു.”
“നിങ്ങളല്ലേ ആ കൂട്ടുകാരനുമായി വർത്തമാനം പറഞ്ഞത്.”
“ഞാൻ ഇവിടെയിരുന്ന് തയ്ക്കുകയായിരുന്നില്ലേ.”
ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത നല്ല പാതിയുടെ ചില സമയങ്ങൾ; ക്ഷമയുടെ നെല്ലിപ്പലകയ്ക്ക് താഴെയായി ഇനിയേതെങ്കിലും പലക ഒളിച്ചിരിക്കുന്നുണ്ടോ ഒന്ന് കൂടി താഴോട്ടിറങ്ങാൻ, അവൾ തപ്പി നോക്കി.
ഏതോ ഓർമയിലെന്നവണ്ണം തരിച്ചിരിക്കുന്നു നല്ല പാതി.
തെറ്റിയെന്ന് മനസ്സിലായി, നിഴലാണെന്ന് ധരിച്ചു ഇത്ര നേരം വാക്യുദ്ധം നടത്തിയത് തന്നോട്, നിഴൽ ഇവിടെയല്ലല്ലോ ഉള്ളത്, അങ്ങ് ദൂരെയല്ലേ അവൻറെ ഇരുപ്പ്, നേരിട്ട് പറയൂ, നടത്തൂ വാക്യുദ്ധങ്ങൾ എന്തിന് ഈ പാവത്തിനെ വലിച്ചിഴയ്ക്കുന്നു അതിലേക്ക്.
മൗനത്തിലൂടെ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ അറിഞ്ഞിട്ടുണ്ട്, കാരണം ഉത്തരം മൗനമായിരുന്നു.
പലപ്പോഴും പലരുടെയും മനസ്സ് വേദനിക്കാതിരിക്കാനായി മാത്രം തീരുമാനങ്ങൾ മാറ്റി, ജീവിതത്തിലുടനീളം അത് തുടർന്ന് കൊണ്ടേയിരുന്നു, എന്നാലെങ്കിലും ഒരു നിറഞ്ഞ ചിരി കാണാനായി, തൃപ്തിയായി ഇനി സ്വന്തം ഇഷ്ടപ്രകാരം ആയിക്കോ എന്ന് പറയുമെന്ന് പ്രതീക്ഷിച്ചു… പലരുടെയും ചിരി പൊള്ളച്ചിരികളായിരുന്നു. സ്നേഹമില്ലാത്ത ചിരികൾ. തൃപ്തി പിന്നെ ആർക്കും ഇല്ല തന്നെ. എന്ത് കിട്ടിയാലും എത്ര കിട്ടിയാലും മതി വരാത്ത മനസ്സ്. അവർക്കൊരു താങ്ങാവണമെന്ന് അവർ മനസ്സിൽ ആഗ്രഹിക്കുമ്പോൾ തന്നെ അറിഞ്ഞു ചെയ്തു കൊടുത്തു. അവരറിയാതെ. ആരുമറിയാതെ. അറിഞ്ഞു കൊണ്ട് ചെയ്യുന്നതിഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവർ ചെയ്യുന്നതായി ഭാവിച്ചു. നിഴലുകൾക്കെല്ലാം ഒരേ മുഖമാണെന്ന് തോന്നി, പലപ്പോഴും. എന്ത് പറയണം എന്ന് പോലും അറിയാൻ വയ്യാത്ത ദിവസങ്ങൾ.
വേദനകൾക്ക് ചിറകുകൾ ഉണ്ടോ? ഉണ്ടെങ്കിൽ എൻറെ വേദനകൾ ചിറകുകൾ വിരിച്ചു പറന്നു വരും. ആ കൊച്ചു ചിറകുകളിൽ ഒരു തുടം അമൃത് പുരട്ടൂ ഒരു സ്നേഹസ്പർശം, ഒരു തലോടൽ, മുറിവുകൾ വേഗം കരിയട്ടെ. നിഴലുകൾ തീർക്കുന്ന മുറിവുകൾ ഏറെയായി. എങ്കിലും പതറാതെ നില്ക്കാൻ പരിശ്രമിച്ചു ഓരോ മുറിവുകളിലും പകരുന്ന ശക്തി.
ബന്ധങ്ങൾ ബന്ധനങ്ങളാവരുത്. അങ്ങനെയായാൽ അതിൻറെ പരിശുദ്ധി നഷ്ടപ്പെടും. പിന്നെ അതൊരു കടമ കഴിക്കൽ പോലെയാകും, ആത്മാർഥത ഇല്ലാതെയാകും, ബന്ധങ്ങൾ സുതാര്യമായിരിക്കണം. നേർമ്മയുള്ളതായിരിക്കണം. അങ്ങനെയായാൽ ബോധിപ്പിക്കലില്ലാതെയാവും, നിഴലുകളിൽ വേദന കലരാതെയാവും. ഈ ലോകത്തിന്റെ പ്രശ്നം തന്നെ ബന്ധങ്ങളിൽ സുതാര്യത ഇല്ലാത്തതാണ്. ഒരു വാക്ക് പറയുമ്പോൾ ഒരു ചെവികൊടുത്തു അത് കേട്ടിരിക്കാനുള്ള സമയമില്ലായ്മയാണ്. സമയശുഷ്കത എല്ലാവർക്കും ഉണ്ട്. എല്ലാരും ഓട്ടത്തിലാണ്. പിന്നെ അഹം; അതില്ലാത്തവരായി ആരുമില്ല തന്നെ. എന്ത് പറയുമ്പോളും ചെയ്യുമ്പോളും ദേഹത്തിന്റെ ചിന്തയാണ് കൂടുതൽ. ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിക്കുന്നതും അത് തന്നെയല്ലേ. നീ ഇങ്ങനെ പറഞ്ഞാൽ കേൾക്കുന്നവർ എന്ത് വിചാരിക്കും?
ഇങ്ങനെ ചെയ്താൽ കാണുന്നവർ എന്ത് വിചാരിക്കും? അപ്പോൾ മുതലാണ് ഞാൻ ഇങ്ങനെ ചെയ്തത് കൊണ്ടാണോ അയാൾ, അവർ, അവൾ ഇങ്ങനെ പെരുമാറുന്നത് എന്ന തോന്നൽ ഉണ്ടാകുന്നത്. അങ്ങനെയാണ് ചെറുപ്പം മുതലേ ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്നത്. നിഴലുകൾ യുദ്ധത്തിനിറങ്ങുന്നതും ഇതേ കാരണത്താൽ തന്നെ. അപ്പോളവർ ഓർക്കുന്നില്ല അവർ വേദനിച്ചാൽ നാം വേദനിക്കും, നാം വേദനിച്ചാൽ അവർ വേദനിക്കും. അങ്ങനെയെങ്കിൽ എന്നിൽ സന്തോഷം മാത്രം അലയടിച്ചാൽ തീരുമോ വേദനകൾ? ചോദ്യം സ്വയമാണ്. ആർക്കും ഏറ്റെടുക്കാം ഈ ചോദ്യം.
“എനിക്ക് പോകണം”
“എങ്ങോട്ട്”
“പുതിയ ജോലി”
“എവിടെ”
“രാത്രിയെ പകലുകളാക്കുന്ന നാട്ടിൽ”
“അത്ര ദൂരത്തോ”
“അതെ”
“ദൂരത്തുതന്നെ”
പിന്നെ കാണണമെങ്കിൽ കാത്തിരിപ്പേറെ വേണ്ടി വരുമല്ലോ”
“അതെ,വേണ്ടി വരും.”
“ഒന്നരദിവസത്തെ വിമാനയാത്രയും വേണ്ടി വരും”
“ഈശ്വര! ഒന്നര ദിവസം ആകാശത്തോ”
“അതെ ഒന്നരദിവസം ആകാശത്ത്”
“ഗന്ധർവനോ യക്ഷനോ ദൈവമോ ഒക്കെ ആയിപ്പോകുമോ നിങ്ങൾ”
“പറയാനാവില്ല,ചിലപ്പോൾ ആയെന്നുമിരിക്കും”
“ഞാനല്ലാതെ മറ്റൊരു സ്ത്രീ”
ചിരി
“ഉണ്ടല്ലേ”
“എന്ത് തോന്നുന്നു?”
“അവർക്കൊക്കെ എന്തും ആവാമല്ലോ”
“ആർക്ക്?”
“ഗന്ധർവനും, യക്ഷനും, കിന്നരനും, ദൈവത്തിനുമൊക്കെ.”
“ഇല്ല”
“ആരുമില്ല”
“ആരുമില്ല?”
“കുറെ പെൺസുഹൃത്തുക്കൾ ഉണ്ട്.”
“പക്ഷെ നിഴലായി,നീ മാത്രം.”
“എപ്പോൾ വരും ഇനി?”
“വർഷങ്ങൾക്കപ്പുറം…..”
“അതുവരെ”
“കാത്തിരിപ്പ്”
“കാണാൻ തോന്നിയാൽ?”
“മനക്കണ്ണ് അതിനാണ്”
“സമ്മതം”
“കാത്തിരിക്കാം”
ശരീരം കൊണ്ടുള്ള ഒന്നാവൽ വെറും ശാരീരികമാണ്. അതുകൊണ്ട് മാനസികമായ ഒന്നാവാൽ ഉണ്ടാവും എന്നാണ് മിക്കവരുടെയും വിചാരം.
അങ്ങനെ ശാരീരികമായി ഒന്നായി വർഷങ്ങളോളം ദമ്പതികളായി ജീവിച്ചാലും മാനസികമായി ചിലപ്പോൾ ചിലർ നിൽക്കുന്നത് ലോകത്തിന്റെ രണ്ടറ്റത്താവും. എന്നാൽ മനസ്സുകൊണ്ടറിയുന്നവരുണ്ട്. അവർ ശരീരം കൊണ്ട് ഒരിക്കലും ഒന്നായിട്ടുണ്ടാകില്ല. ചിലപ്പോൾ അവർ ഈ ലോകത്തിന്റെ രണ്ടറ്റത്താവും. അവർ ദമ്പതികളാകണമെന്നുമില്ല. പക്ഷെ എല്ലാം അപ്പപ്പോൾ അറിയുന്നുണ്ടാകും. മനസ്സെന്ന പ്രഹേളിക. അവർ പരസ്പരം നിഴലുകളെ സൃഷ്ടിക്കുന്നില്ല, കാരണം അവർ ഒന്നാണ്. ഏറ്റവും ദൃഢമായ ബന്ധം. സ്വയം അറിയണമെന്ന് പോലുമില്ലാത്ത ബന്ധം. കാരണം അവർക്ക് അവരെ അറിയണമെങ്കിൽ അടുത്ത ആളെ ഒന്ന് നോക്കിയാൽ മതി.
അയാൾ നടന്നു.
തീർത്തും വിജനമായ റോഡ്.
രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു.
കോയമ്പത്തൂർ ഉണ്ടായിരുന്ന ജോലി അഭിമുഖം കഴിഞ്ഞപ്പോൾ തന്നെ നേരം ഇരുട്ടിയിരുന്നു.
പിന്നെ അവിടെ നിന്നും ബസ്സിൽ കയറി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോളേക്കും പന്ത്രണ്ടു മണി.
“നേരം വൈകും, എനിക്കുള്ള ഭക്ഷണം ചവറ്റുകുട്ടയിൽ ഇടരുത്”, വീട്ടിൽ വിളിച്ചു പറഞ്ഞു.
ഗുരുവായൂർ ബസ് വല്ലതും, ചിലപ്പോൾ വല്ല സർക്കാർ ബസ്സും കിട്ടുമായിരിക്കും അല്ലെങ്കിൽ വല്ല ജീപ്പോ മറ്റോ കിട്ടിയാലായി. അതോർത്തു ആഞ്ഞു നടന്നു. നിയോൺ വഴിവിളക്കുകൾ മഞ്ഞ വെളിച്ചം പരത്തുന്നു, അതിന് ചുറ്റും പറക്കുന്ന വണ്ടികളും മറ്റു ചെറുപ്രാണികളും.
ആരോ കൂടെയുണ്ടോ? അയാൾക്ക് തോന്നി.
തിരിഞ്ഞു നോക്കി. ഇല്ല. ആരും ഇല്ല. പിന്നെ നടത്തം അറിയാതെ തന്നെ വേഗമായി.
അപ്പോഴും പിറകിൽ ആരോ വേഗത്തിൽ നടക്കുന്ന പോലെ. ഒന്ന് നിന്നു. പിന്നിലെ ആളും നിന്നു എന്ന് തോന്നി.
തിരിഞ്ഞു നോക്കണോ?ഒരു സന്ദേഹം മനസ്സിന്.
വേണ്ട. വീണ്ടും വേഗതയേറിയ നടത്തം. ഒരു ബസ്സു പോലുമില്ല. ജീപ്പ് വല്ലതും? മനസ്സിൽ ആലോചിച്ചു, വിശപ്പിന്റെ വിളിയുമുണ്ട്, കയ്യിൽ കഷ്ടി വണ്ടിക്കൂലി.
ഇപ്പോൾ പിന്നിൽ നടക്കുന്നു എന്ന് തോന്നിയ ആളുടെ ഒരനക്കവും ഇല്ല. ഇതെന്തൊരു മായ; ആലോചിച്ചു. ഇനി വല്ല ഭൂതവും? ഏഹ് ഇന്നത്തെ കാലത്തും ഇങ്ങനെ ഒരു അന്ധവിശ്വാസം.
തല കുടഞ്ഞു കളഞ്ഞു ആ ചിന്തയെ. ഒരു വണ്ടി വരുന്നു.
ചെറിയ ടിപ്പർ ലോറിയാണ്.
ചന്തയിലേക്കുള്ള പച്ചക്കറി ചുമടുകൾ താഴെ നിരന്നു..പതുക്കെ അടുത്ത് ചെന്ന് ചോദിച്ചു.
“ഗുരുവായൂർ പോകുന്നുണ്ടോ?”
സാധാരണ ലോറികൾക്ക് അവിടെയും കാണും ലോഡിറക്കാൻ.
“ഉണ്ട്, അതിന്?”പരുക്കൻ ചോദ്യം.
“ഒരു ലിഫ്റ്റ് തരാമോ?”
“ബസ് നേരം വൈകി.” അടിമുടി നോക്കി.
“പ്രശ്നക്കാരനൊന്നും അല്ലല്ലോ അല്ലെ കാലം മോശമാണ്.”
“നിന്റെയോ എന്റെയോ കാലം മോശമായാലും മതി.”
“അയ്യോ അല്ല, കുറച്ചു ദൂരമല്ലേ ഉള്ളൂ.”
“എത്ര രൂപ.”
“പൈസയൊന്നും വേണ്ട. കയറിക്കോ.”
ലോറി ഗുരുവായൂർ എത്തും വരെ അയാൾ വീട്ടുവിശേഷം പറഞ്ഞു കൊണ്ടിരുന്നു…മൂളിക്കേട്ടു.
ഗുരുവായൂർ ജംഗ്ഷനിലെ വലിയ മഴമരത്തിനു കീഴിൽ ഇറക്കി.
അര മണിക്കൂർ നടക്കാനുണ്ട്. ഓട്ടോ ഒന്നും ഈ സമയം നോക്കണ്ട നടക്കുക തന്നെ.
നടക്കാൻ തുടങ്ങിയതും വീണ്ടും പഴയ ആ തോന്നൽ… ആരോ പിന്തുടരുന്നു. തിരിഞ്ഞു നോക്കാം, ഇപ്പോഴാണെങ്കിൽ വെളിച്ചമുണ്ട്, കുറച്ചു കഴിഞ്ഞാൽ അതുമില്ല.
പിന്തിരിഞ്ഞു നോക്കി, ആരും ഇല്ല പിന്നെയും നടന്നു തുടങ്ങിയപ്പോൾ വീണ്ടും അതെ കാലടി ശബ്ദം. ചെറുതായി ഭയം പടരുന്നുണ്ടോ ശരീരത്തിൽ; ഒരു ചെറു സംശയം നടത്തത്തിന്റെ വേഗം കൂട്ടി.
പുറകിലെ ആളും അത് തന്നെ ചെയ്തു.
വളവു തിരിയുമ്പോൾ ഒളിച്ചു നിൽക്കാം, അയാൾ ആദ്യം പൊയ്ക്കോട്ടേ, മനസ്സിലെ തീരുമാനങ്ങൾ.
അങ്ങനെ തന്നെ ചെയ്തു. വളവു തിരിഞ്ഞതും കലുങ്കിന് പിന്നിൽ ഒളിച്ചു. എന്നിട്ട് എത്തി നോക്കി.
ആരെയും കാണുന്നില്ല. എങ്ങിനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി ഈശ്വര ഭഗവാനെ. ഏതു വിധേനെയോ, ഉമ്മറവെളിച്ചം…. സമാധാനത്തിന്റെ ഉമ്മറവെളിച്ചം; തിരിഞ്ഞു നോക്കി.
ആരും ഇല്ല.
പകരം ആരോ പറയുന്നത് പോലെ,”ഞാൻ നിന്റെ നിഴലാണ് സുഹൃത്തേ….”
“എന്തിനാണ് ഭയം?.”
“എനിക്ക് നിങ്ങളെ അല്ലാതെ വേറെ ആരെയും പിന്തുടരാനാവില്ല.”
ആകെ ഇളിഭ്യനായ പോലെ. ശെരിയാണ് എപ്പോഴും നാമോരോരുത്തരും പിന്തുടരുന്ന നമ്മുടെ സ്വന്തം നിഴൽ. അവർക്ക് വേറെ ആരെയും പിന്തുടരാനാവില്ല, നമ്മെ മാത്രം…
അതറിയണം ഏവരും. പരമാർത്ഥം… നമ്മുടെ നിഴലിന് പിന്തുടരാൻ നാം മാത്രം, അതിനെ കണ്ടു ഭയന്നിട്ട് കാര്യമില്ല, നാമെങ്ങിനെയോ അതുപോലെയിരിക്കും നമ്മുടെ നിഴലും, നമുക്കിഷ്ടമില്ലാത്ത പലതും ഉണ്ടാവും ആ നിഴലിൽ, പക്ഷെ അതിനെ ആട്ടിയോടിക്കാനാവില്ല. കാരണം നിഴലിന്റെ ഇല്ലായ്മ എന്നാൽ നമ്മുടെ അസ്തിത്വമില്ലായ്മ എന്നാണ്.
അവർ കൂടെയുണ്ടാവണം,അവരുള്ളിടത്തോളം നാം സുരക്ഷിതരാണ്.നമുക്ക് ജീവനുണ്ട്, അസ്തിത്വമുണ്ട്. അവരുടെ അഭാവം മരണമാണ്. അതിനാൽ നിഴൽ യുദ്ധങ്ങൾ നാശങ്ങളാണ്. വഴക്കിടാനും പിണങ്ങാനും പോകരുത്.
സ്നേഹത്തോടെ കൈപിടിച്ച് കൊണ്ട് കൂടെ നടക്കണം.
നല്ല വെള് വെളെ വെളുത്ത ഒരു കുട്ടി. നല്ല മഞ്ഞ പാട്ടുപാവാടയിട്ട ഒരു കൊച്ചു പെൺകുട്ടി, കാതിൽ മരതക കമ്മലുകൾ; ചുരുണ്ട അളകങ്ങൾ ചെവി മൂടി താഴെ ചുമലുകളിൽ ചുംബിക്കുന്നു. ഉറ്റു നോക്കുന്നുണ്ട്. ഒരു ചെറു മന്ദഹാസം ചുണ്ടിൽ തത്തി കളിക്കുന്നുണ്ടോ എന്ന് മാത്ര സംശയമുളവാക്കുന്നു. എന്താണ് പറയാൻ ശ്രമിക്കുന്നത്, മനസ്സിലാക്കാൻ ശ്രമിച്ചു, മനസിലാകുന്നില്ല. ഒരു വാക്കുമുരിയാടുന്നുമില്ല.പിന്തുടരാൻ ആവശ്യപ്പെടുന്ന പോലെ; എങ്ങോട്ട്, എവിടേക്ക്,അറിയുന്നില്ല.
എങ്കിലും നടന്നു,ആ പെൺകിടാവ് പോകുന്ന വഴി മാത്രം മുൻപിലും പിറകിലും ഒരു പോലെ വെളിച്ചം പരന്നൊഴുകുന്നു ബാക്കി എല്ലാം ഇരുട്ടിന്റെ മറവിൽ. യാതൊരു ബുദ്ധിമുട്ടുമില്ലാതെ ലാഘവത്തിൽ കയറുന്നു കുന്ന്; കല്ലും മണ്ണും ഒന്നും ആ കുഞ്ഞു കാൽപാദങ്ങളെ വേദനിപ്പിക്കുന്നില്ലായെന്ന് മനസ്സിലായി. പിറകെ ചെന്ന് ഒന്ന് തൊടാനായി കൈയാഞ്ഞപ്പോൾ ചിത്രം മാഞ്ഞു പോയി; ഞെട്ടി എണീറ്റ്. ആരാണവൾ? നമ്മുടെ തൊടിയിലൂടെ നടന്നു നീങ്ങിയ ആ ചെറു പെൺകൊടി.
എന്തൊരു സ്വപ്നം! യാഥാർഥ്യം പോലെ തോന്നിച്ച സ്വപ്നം. അലാറം ക്ലോക്കിൽ സമയം നോക്കി,പുലർച്ചെ ഒന്നരമണി.
അന്ന് രാവിലെ തന്നെ അമ്മയുടെ ഫോൺ.
“വാഴ നനയ്ക്കാൻ പോയ വേലു പേടിച്ചു തിരിച്ചു പൊന്നു”
“എന്താ കാര്യം?”
“പുലർച്ചെ മൂന്നു മണിക്ക് വാഴ നനയ്ക്കാൻ ടോർച്ചും കൊണ്ട് പോയതാണ്.”
“അപ്പോൾ മഞ്ഞപ്പട്ടുപാവാടയിട്ട ചുരുണ്ട മുടിയുള്ള ആറോ ഏഴോ വയസ്സ് തോന്നിക്കുന്ന ഒരു ചെറിയ പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നു.”
“ടോർച്ചടിച്ചിട്ടും, ആരാണെന്ന് വിളിച്ചു ചോദിച്ചിട്ടും, തിരിഞ്ഞു നോക്കിയില്ല.”
“അതുകൊണ്ട് പേടിച്ചു തിരിച്ചു വന്നു.”
“അമ്മെ, ഇനി വേലുവിനോട് വാഴത്തോട്ടത്തിൽ പുലർച്ചെ പോകണ്ട എന്ന് പറയൂ.”
“ഒരു ആറുമണി കഴിഞ്ഞു നേരം വെളുത്തിട്ട് പോയാൽ മതി.”
“വല്ല ഭൂതവും,മാരണവുമൊക്കെ ആണാവോ?”,അമ്മയുടെ ആത്മഗതം.
‘അമ്മ പേടിക്കണ്ട കേട്ടോ”
“ഓ എനിക്കെന്തു പേടി ഈ പ്രായത്തിൽ.”
അല്ലെങ്കിലും അമ്മയ്ക്ക് പേടിയൊന്നുമില്ല.
“ഞാനായിരുന്നെങ്കിൽ എന്തായാലും ഓടിപ്പോയി കൈ പിടിച്ചേനെ; ഒരു ചെറിയ കുട്ടിയല്ലേ.”
അമ്മയോട് തൻറെ സ്വപ്നം പങ്ക് വച്ചില്ല.എങ്കിലും ഒരു ഗാഢചിന്തയ്ക്ക് വഴി വച്ചു അത്. ആരായിരുന്നു അത്. തന്നോട് നിഴലായി പിന്തുടരാൻ പറഞ്ഞ ആ കുട്ടി.
ഉണ്ണിക്കണ്ണൻ വേഷം മാറിവന്നതാണോ? മഞ്ഞപ്പട്ട് അങ്ങനെയൊരു സംശയം ഉളവാക്കി മനസ്സിൽ.
അതോ തൊടിയുടെ കീഴിലുള്ള ഭഗവതി കാവിൽ നിന്നും ഒരു സവാരിക്കിറങ്ങിയതാണോ?
ശാന്തിക്കാരൻ വരുന്നതിന് മുൻപ് പാടത്തിന് നടുവിലുള്ള കുളത്തിലൊരു നീരാട്ടിന്. സമയം ഇവിടെ ഒന്നര, അപ്പോൾ നാട്ടിൽ മൂന്നു മണി; സംശയത്തിന് ആക്കം കൂട്ടുന്ന സാദൃശ്യങ്ങൾ.
ഇന്നത്തെ ചിന്തകൾ ഇന്നലെകളിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. കാരണം ഇന്നത്തെ ചിന്തകൾ എന്റേതാണ്. അവ കറ തീർന്ന കുറ തീർന്ന ചിന്തകളാണ്. കണ്ടെത്തലിന്റെ തുടക്കം ഞാൻ കാണുന്നു. അതെ ജീവിതം എന്നാൽ സ്വയം കണ്ടെത്തലാണ്. അതിന് കഴിയുന്നവനാണ് വിജയി .ഇതാ കണ്ടെത്തലിന്റെ ആരംഭം. ചോദ്യങ്ങളെല്ലാം മനസ്സിനോടാണ്. ഉത്തരങ്ങളൊഴിഞ്ഞു കിടക്കുന്നതും അവിടെത്തന്നെ. മനസ്സിന് ഒരു ലാഘവത്വം വന്നു ചേർന്നിരിക്കുന്നു. അതുകൊണ്ട് ഉത്തരങ്ങൾ വേഗം മനസ്സിലേക്ക് വന്നുചേരും. എന്നാൽ ഏകാന്തത അലട്ടുന്നുമുണ്ട്. ഒരു കൂട്ട് മനസ്സ് തേടുന്നുണ്ട്. എല്ലാം പറഞ്ഞു മനസ്സൊഴിക്കാൻ ; അത് നല്ലതിനോ ചീത്തയ്ക്കോ എന്ന് ചോദ്യം?
ചോദിച്ചു കഴിഞ്ഞു. ഉത്തരം മനസ്സ് കണ്ടെത്തിക്കൊള്ളും, ഇതാണ് ഞാൻ, സ്വീകരിച്ചാലും ഇല്ലെങ്കിലും ഞാൻ ഇങ്ങനെത്തന്നെ. ബന്ധങ്ങളുടെ വേലിക്കെട്ടുകൾക്കപ്പുറം നീയും ഞാനും ആരാണെന്ന് ചിന്തിക്കൂ. മനസ്സും ശരീരവും ശരീരമാകുന്ന ബാഹ്യതയിൽ നിന്നും മുക്തി നേടാനുള്ള ആഗ്രഹം.മുന്നോട്ടും പിന്നോട്ടും ഒരു പോലെ വേഗത്തിൽ സഞ്ചരിക്കാനുള്ള മനസ്സിന്റെ വെമ്പൽ……
നിഴലുകൾ സൃഷ്ടിക്കാതെ നിന്നിലെ എന്നെയും എന്നിലെ നിന്നെയും കണ്ടുമുട്ടുന്നിടം ശുഭം…