നിയമം കടലാസിൽ പോരേ, എന്തിനു കയ്യിലെടുക്കുന്നു?

 

 

 

 

 

കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന വിജയ് പി നായരുടെ (ഇയാളുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നതായി വായിച്ചറിഞ്ഞു.) സൈബർ ദുരുപയോഗവും അതിനെതിരെ ശ്രീമതി ഭാഗ്യലക്ഷ്മിയുടെയും, കൂട്ടുകാരുടെയും ശക്തമായ പ്രതികരണവും എത്രയും    അത്ഭുതത്തോടെയായിരുന്നു   ഞാൻ ഉൾപ്പെടുന്ന ജനങ്ങൾ വീക്ഷിച്ചത്. എത്രയോ പേരാണ് ആ സംഭവത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും  അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്  അതും നവമാധ്യമങ്ങളിൽ കൂടി തന്നെ.   നിയമം കടലാസ്സിൽ എഴുതി വച്ചിട്ട്  അത് നടപ്പിലാക്കാൻ അമാന്തം വരുത്തുന്ന നിയമപാലകരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന  പ്രവർത്തിയായിരുന്നു ഈ മൂന്നംഗ സംഘം നടത്തിയത് എന്നതുകൊണ്ടുതന്നെയാണ് ഈ വാർത്ത ഇത്രയും ശ്രദ്ധ ആർജ്ജിച്ചത്. ഇവർ ചെയ്ത പ്രവൃത്തി നിയമത്തിനു അംഗീകരിയ്ക്കാവുന്നതല്ല. നിയമം കയ്യിൽ എടുക്കരുത്.  വികാരാധീനരാകുമ്പോൾ മനുഷ്യർ അവിവേകം പ്രവർത്തിക്കുന്നു.     നിയമം ജനം കയ്യിലെടുത്തപ്പോൾ  നിയമപാലകർ ഉണർന്നു.

ആകാരഭംഗി ആസ്വദിക്കാനും ഏതു രീതിയിലും ചിത്രീകരിക്കാനും പുരുഷനു അവകാശപ്പെട്ടതാണ് സ്ത്രീ എന്ന് ചിന്തിക്കുന്ന ചില മനുഷ്യരുടെ ഇത്തരം പൂവാലത്തരങ്ങൾ ഇന്നു മാത്രമല്ല പണ്ടു  കാലം മുതലേ നിലവിലുണ്ട്. കാലാനുസൃതമായി അതിന്റെ തലങ്ങൾക്ക് മാറ്റം സംഭവിച്ചു എന്നു  മാത്രം.

അമ്പലനടയിലും ആൽത്തറയിലും, തോട്ടുപാലങ്ങളിലും ഇരുന്നു  വഴിയെപ്പോകുന്ന സ്ത്രീകളെകുറിച്ചും അവരുടെ  അവയവ ഭംഗിയെക്കുറിച്ചും ‘കമന്റ്’ അടിച്ചിരുന്ന പൂവാലന്മാർ ഒരുകാലഘട്ടത്തിൽ ഉണ്ടായിരുന്നു. ഈ കമന്റ് അടിക്കാരെ ഭയന്നു അവർക്കു മുന്നിലൂടെ നടത്തത്തിന്റെ വേഗതകൂട്ടുവാനും, ദാവണിതുമ്പുകൊണ്ട് മുഖം മറക്കുവാനും മാത്രമേ അന്നത്തെ സ്ത്രീകൾ ശക്തരായിരുന്നുള്ളൂ. എന്നാൽ പിന്നീടെന്നോ സ്ത്രീകളുടെ കാലിൽ കിടക്കുന്ന ചെരുപ്പിന്റെ അടിവശം പൂവാലന്മാരുടെ കവിളിൽ പതിക്കാൻ  തുടങ്ങിയപ്പോൾ ഇത്തരം പൂവാലന്മാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കണ്ടുതുടങ്ങി. അപ്പോൾ നേർക്കുനേരെയുള്ള കണക്കുതീർക്കലാണ് പൂവാലന്മാർക്കുള്ള ഫലപ്രദമായ ഒറ്റമൂലി എന്നത് അതിൽ നിന്നുതന്നെ ഉറപ്പുവരുത്തിയിരുന്നു.

ഈ അടുത്ത കാലത്ത് സമൂഹത്തിൽ വന്ന ഒരു മാറ്റം ശ്രദ്ധേയമാണ്. ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അവളെ പാട്ടും നൃത്തവും അഭ്യസിപ്പിക്കണം എന്നതായിരുന്നു അഭിലാഷം. എന്നാൽ ഇപ്പോൾ അവർ ആഗ്രഹിക്കുന്നത് അവരുടെ മകൾ പാട്ടും നൃത്തവും അഭിരുചിക്കനുസരിച്ച്‌ അഭ്യസിക്കട്ടെ എന്തായാലും അവൾ ‘കരാട്ടെ’  പോലുള്ള ആയോധന വിദ്യ അഭ്യസിയ്ക്കണം എന്നതാണ്. എന്നിരുന്നാലേ അവർക്ക് സ്വയം സംരക്ഷിക്കപ്പെടാൻ (self defence) കഴിയൂ എന്നതാണ് പുതിയ ചിന്ത.  മാതാപിതാക്കളുടെ ഈ ചിന്തയെ പരിപോഷിപ്പിയ്ക്കുകയും, പലതരത്തിലുള്ള ആയോധനവിദ്യകൾ പാഠ്യവിഷയങ്ങൾക്കൊപ്പം കുട്ടികൾക്ക് നൽകുന്നതുമായ സ്‌കൂളുകളും  ഇന്നു  ധാരാളമുണ്ട്.  ഒരുപക്ഷെ ഇതിനുള്ള പ്രധാന കാരണം പെൺകുട്ടികൾക്ക് നേരെ ദിനംപ്രതി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന  പീഡനങ്ങളും അക്രമങ്ങളും തന്നെയാകാം. മറ്റൊന്ന് പീഡനങ്ങൾക്കും അക്രമങ്ങൾക്കും എതിരെ നടപടിക്കായി നിയമസഹായം തേടിയാൽ ഉണ്ടാകുന്ന   നിരാശകളെക്കാൾ പ്രതിരോധം അല്ലെങ്കിൽ ഉടനടി കണക്കുതീർക്കുക തന്നെയാണു  അഭികാമ്യം എന്ന് ജനങ്ങൾക്കും തോന്നിത്തുടങ്ങിയിരിയ്ക്കുന്നു.

സമൂഹത്തിലെ ഒരു വിഭാഗം ഞെരമ്പുരോഗികളെ സന്തോഷിപ്പിക്കുന്ന കർത്തവ്യം മഞ്ഞപത്രങ്ങൾ അല്ലെങ്കിൽ അന്തിപത്രങ്ങൾ ഏറ്റെടുത്തിരുന്നു. സ്ത്രീകളെ കുറിച്ചുള്ള മസാലചേർത്ത വാർത്തകൾ വിളമ്പി ഇവർ പണം  സമ്പാദിച്ചിരുന്നു. എന്നാൽ ഇത്തരം പത്രങ്ങൾ വാങ്ങി വായിച്ചിരുന്നതു  സമൂഹത്തിലെ മാന്യതയില്ലാത്ത ഒരു ന്യൂനപക്ഷം മാത്രമായിരുന്നു. മാന്യമായ സമൂഹം ഇത്തരം പ്രസിദ്ധീകരണങ്ങൾക്കോ, അതിൽ വരുന്ന മസാലയിട്ട വാർത്തകൾക്കോ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ പിന്നീട് നവമാധ്യമങ്ങളുടെ വരവോടെ ഇത്തരം ആഭാസങ്ങൾ സാമൂഹ്യമാധ്യമങ്ങളിലേക്ക് ചേക്കേറി . ആരെക്കുറിച്ചും എന്തും, ഏതു ഭാഷയിലും വ്യക്തിത്വം വെളിപ്പെടുത്തിയും അല്ലാതെയും മസാലചേർത്ത് എഴുതി ഈ വിഭാഗം സംതൃപ്തികൊണ്ടു. കുറേപേർ ഇതു വായിച്ച് “ലൈക്ക”’ടിക്കുന്നതിൽ ആനന്ദിച്ചു.            എന്നാൽ പ്രശ്‍നം അവിടെയായിരുന്നില്ല അച്ചടിപത്രങ്ങളിൽ വന്നിരുന്ന വാർത്ത വളരെ കുറച്ചുപേരിൽ മാത്രം ഒതുങ്ങിനിന്നു. അതേസമയം സമൂഹമാധ്യമങ്ങളിൽ കൂടി എഴുതിപിടിപ്പിക്കുന്ന വാർത്തകൾ കാട്ടുതീപ്പോലെ സമൂഹത്തിൽ വ്യാപിയ്ക്കുന്നു. ആര്, എന്ത്, എങ്ങിനെ എന്നൊന്നും വിലയിരുത്താതെ ഞൊടിയിടയിൽ നിയന്ത്രണാതീതമായി ഇതിന്  വ്യാപനമുണ്ടാകുന്നു എന്നത് പല വ്യക്തിജീവിതങ്ങളെയും വളരെ മോശമായിത്തന്നെ ബാധിച്ചുകൊണ്ടിരിക്കുന്നത് ലജ്ജാവഹം തന്നെ.

കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഡോ വിജയ് പി നായരുടെ സൈബർ കുറ്റത്തിന് ഇത്രയും പ്രാധാന്യം ലഭിച്ചതു  ഒരുപക്ഷെ  സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ അവഹേളിക്കുന്നവിധം അവരെക്കുറിച്ച് പറഞ്ഞതുകൊണ്ടാകാം. വാസ്തവത്തിൽ അയാൾ പറയുന്നത് ഫെമിനിസ്റ്റുകൾ എല്ലാവരും തന്നെ കൂട്ടിക്കൊടുപ്പുകാരും, വേശ്യകളുമാണെന്നാണ്. ഇയാളെപ്പോലുള്ളവർ ഓർക്കേണ്ടത് ഇത്തരം  ഫെമിനിസ്റ്റുകൾ ഇവിടെ ഉണ്ടാകാനുള്ള പ്രധാന കാരണം ഇതുപോലുള്ള മനുഷ്യരുടെ സ്ത്രീകളോടുള്ള സമീപനം തന്നെയാണ് എന്നതാണ്.   ഫെമിനിസ്റ്റുകളെ എന്ന് പറഞ്ഞു, പേരുപറയാതെ വിരൽചൂണ്ടുന്ന സമീപനമാണ് സമൂഹത്തിലെ ചില സ്ത്രീകളോട് ഇയാൾ ചെയ്തിരിക്കുന്നതെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.  പരോക്ഷമായി തന്നെ അപമാനിച്ച വ്യക്തിയെ ധൈര്യപൂർവം അവർ കൈകാര്യം ചെയ്തു.  ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ശ്രീമതി ഭാഗ്യലക്ഷ്മിയ്ക്കും മറ്റു ചില പ്രശസ്ത വനിതകൾക്കും എതിരെയുള്ള  വിജയ് നായരുടെ വൃത്തികെട്ട സൈബർ സമീപനത്തിനെതിരെ മാസങ്ങൾക്കു മുൻപ് അവർ  പരാതി നൽകിയിരുന്നു മാസങ്ങളോളം കാത്തിരുന്നിട്ടും പരാധിയ്ക്കെതിരെ നടപടികൾ എടുത്തില്ല എന്ന് മാത്രമല്ല പ്രതി തന്റെ വിനോദം തുടർന്നുകൊണ്ട് ഇരുന്നു എന്ന അവസ്ഥയിലുമാണ് അവർ അതിനെതീരെ സ്വയം നടപടികൾ സ്വീകരിച്ചതും നിയമം കയ്യിലെടുത്തതും.  അതുകൊണ്ടു തന്നെയാകാം ചലച്ചിത്രസംഘടനയായ ഫെഫ്ക്ക ഈ സംഭവത്തെ ‘ആഭ്യന്തര വകുപ്പിന്റെ കവിളിലേറ്റ പ്രഹരമാണിതെന്ന് കൂട്ടിച്ചേർത്തത്.

എന്നാൽ ഇത്തരം തമാശകൾ ഒരു സാധാരണ പെൺകുട്ടിക്കോ, വീട്ടമ്മക്കോ നേരെയാണെങ്കിൽ അവർ ഇതുപോലെ ശക്തമായി പ്രതികരിയ്ക്കാൻ മുന്നോട്ട് വരാൻ ധൈര്യം കാണിക്കയില്ല.  ഈ സംഭവം ഏതു സ്ത്രീക്കും ഒരു പ്രേരണ തന്നെയാകണം. കാരണം സ്ത്രീകളെ  ഇരകളാക്കി ആനന്ദം കണ്ടെത്തുന്ന ഇത്തരം സമൂഹദ്രോഹികൾ സൈബർ മോഷണങ്ങൾ നടത്തി പാവപ്പെട്ട സ്ത്രീകളുടെ സ്വകാര്യതയിൽ കയ്യേറ്റം നടത്തുന്നു. ഇതേ ചൊല്ലി അവരെ ഭീഷണിപ്പെടുത്തുന്നു. ഇത് പലപ്പോഴും പെൺകുട്ടികളുടെയും, സ്ത്രീകളുടെയും ആത്മഹത്യക്കുപോലും വഴിയൊരുക്കുന്നു. ഇത്തരം കുറ്റങ്ങൾക്കെതിരെ നിയമസഹായം തേടിപ്പോകുന്ന പലർക്കും നിയമപാലകരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടായതായിട്ടാണ് നമ്മൾ വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്.  അതുകൊണ്ട് ശക്തമായി പ്രതികരിക്കാൻ സ്ത്രീകൾ മുന്നോട്ട് വരണം.  അമ്മപെങ്ങന്മാരെ ഓർക്കാതെ സ്ത്രീകളെ അധിക്ഷേപിയ്ക്കുന്ന ഇക്കൂട്ടർക്കെതിരെ നഖശിഖാന്തം പ്രതികരിക്കണം.  അതിനായി നിയമത്തിന്റെ ഒത്താശയും സ്ത്രീകൾക്ക് അനിവാര്യമാണ്.

ഏതൊരു വ്യക്തിയെയും സമൂഹമാധ്യമത്തിലൂടെ അസഭ്യം പറയുന്നതും അവരുടെ വ്യക്തിത്വത്തെ നാണംകെടുത്തുന്നതും സൈബർ കുറ്റമാണെന്നറിഞ്ഞിട്ടും, തെറ്റ് ശരികളെ വിലയിരുത്താതെ രണ്ടഭിപ്രായം നിരത്താൻ സമൂഹം പതിവുപോലെ തയ്യാറായി എന്നതാണ് അതിശയമായി തോന്നുന്നത്. അപ്പോൾ കുറ്റക്കാരനോട് ഇത്തരത്തിൽ പ്രതികരിച്ചത് ഒരു സാധാരണ സ്ത്രീയാണെങ്കിൽ അവൾക്കെതിരെ സമൂഹം വിരൽ ചുണ്ടിയേനെ. കുറ്റകൃത്യങ്ങൾക്ക് വേണ്ടസമയത്ത് വേണ്ടതുപോലെ നടപടികൾ എടുക്കുന്നില്ല എന്നത് മാത്രമല്ല സംഭവത്തെ വിലയിരുത്തി ഒറ്റകെട്ടായി പ്രതികരിക്കുന്നതിനുപകരം എല്ലാറ്റിനും ഒരു എതിരഭിപ്രായം എന്ന പ്രവണതയും ഇവിടെ കുറ്റകൃത്യങ്ങൾ കൂടുന്നതിന് കാരണമാകുന്നു.

സ്ത്രീ പീഡനങ്ങൾക്കും, സ്ത്രീകൾക്കെതിരെയുള്ള ക്രൂരതകൾക്കും നടപടിയെടുക്കുവാനും, സ്ത്രീയെ സംരക്ഷിക്കുവാനും ഇവിടെ നിയമസംഹിതകൾ അനേകമാണ്. ഇവയെല്ലാം വളരെ വൃത്തിയായി വെള്ള കടലാസിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയെല്ലാം എത്രമാത്രം കൃത്യമായി പ്രയോഗികമാക്കുന്നു എന്നത് അവ്യക്തമാണ്. രാഷ്രീയപാർട്ടികൾക്കു മുന്നിൽ നിയമപാലകർ നോക്കുകുത്തികളാകുന്നു എന്ന സ്ഥിതിവിശേഷം ഇവിടെ തലയിണക്കടിയിൽ കത്തിവച്ച് ഉറങ്ങേണ്ട ഒരു അവസ്ഥ സ്ത്രീകൾക്ക് ഉണ്ടാക്കിയിരിക്കുന്നു. സമൂഹം എത്രമാത്രം പുരോഗമിച്ചിട്ടും ഇവിടെ സ്ത്രീകൾ സുരക്ഷിതരല്ലാത്തതിന്റെ പ്രധാന കാരണം ഈ നോക്കുകുത്തികൾ തന്നെയാണ്. എഴുതി തിട്ടപ്പെടുത്തി വച്ചിരിയ്ക്കുന്ന നിയമസംഹിതകളെ സ്ത്രീസംരക്ഷണത്തിനുവേണ്ടി വെളിച്ചം കാണാൻ രാഷ്ട്രീയപാർട്ടികൾ അനുവദിക്കാറില്ല. മറിച്ച് അവർ ചെയ്യുന്ന നെറികേടുകളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ആയുധമായി പലപ്പോഴും നിയമങ്ങളെ കയ്യിലെടുക്കുന്നു. ഇത് കേരളത്തിന്റെ എന്ന് മാത്രമല്ല ഭാരതത്തിന്റെ ശാപമാണ്.

ഇന്നു  ജനങ്ങൾ ജീവിക്കുന്നത് തന്നെ സോഷ്യൽ മീഡിയയിൽ ആണെന്നു പറയാം. നവമാധ്യമങ്ങളെ സമൂഹത്തിന്റെ വളർച്ചക്കും കൂട്ടായ്മക്കും വേണ്ടി ഉപയോഗിക്കുമ്പോൾ ചിലർ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും, വ്യക്തി മത രാഷ്ട്രീയ വൈരാഗ്യങ്ങൾക്കും പകപോക്കലുകൾക്കുമായി  അവയെ  ഉപയോഗിക്കുന്നു. ഇത്തരം ക്രൂരവിനോദങ്ങൾക്ക് വിരാമമിടാൻ, സോഷ്യൽ മീഡിയകളുടെ ആശ്രിതത്വവും കൂടിവരുന്ന ഈ കാലഘട്ടത്തിൽ സൈബർ കുറ്റങ്ങൾക്കുള്ള നടപടികൾ വളരെ ശക്തമാക്കുകയും, നടപടികൾ ത്വരിതപ്പെടുത്തുകയും തന്നെയാണ്  ഭരണകർത്താക്കൾക്ക് ചെയ്യാൻ കഴിയുന്ന നടപടി.

തങ്ങൾക്കെതിരെ  സാമൂഹ്യമാധ്യമങ്ങളിലൂടെ അസഭ്യങ്ങൾ എഴുതിയപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ ധീരത കാണിച്ച സ്ത്രീകൾക്കെതിരെ മോഷണ കുറ്റം ചുമത്തി കേസെടുക്കുന്നു എന്ന വാർത്ത  കൗതുകരം തന്നെ. അവർ വിജയ് നായരുടെ ലാപ്ടോപ്പും, ഫോണും മോഷ്ടിച്ചതല്ല മറിച്ച് അത് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് നിയമത്തെ സഹായിക്കലായിരുന്നു.  ഇവിടെയാണ് നിയമത്തിന്റെ ചില വ്യാഖാനങ്ങൾ. വിജയ് നായരുടെ മുതൽ പ്രക്ഷോപകാരികൾ എടുത്തുകൊണ്ടുപോയി  എന്നതാണ് മോഷണക്കുറ്റത്തിന് വകുപ്പിൽ പെടുത്തിയത്. അവിടെ നിയമത്തിനുമുന്നിൽ ഉദ്ദേശശുദ്ധിയ്ക്ക് പ്രസക്തിയില്ലാതായി.  നിയമപാലകരുടെ അഭീഷ്ടത്തിനനുസരിച്ച് ഉപയോഗപ്പെടുത്താം എന്നതാണ് നമ്മുടെ  നിയമസംഹിതകളുടെ ജാലവിദ്യ.

പലപ്പോഴും കുറ്റങ്ങൾ ചെയ്യുന്നത് നീതിപാലകരുടെ വളർത്തുനായ്ക്കൾ തന്നെയാണെന്നുള്ളതും ഭാരതം കുറ്റകൃത്യങ്ങളുടെ മേച്ചില്പുറങ്ങളാക്കുന്നു.  നിയമങ്ങൾ വെറും കടലാസിൽ എഴുതി തിട്ടപ്പെടുത്തിവക്കുകയും, പരാതികൾ പൊടിപിടിച്ച ഫയലുകളായി മാറുകയും, കാലതാമസത്താൽ   നീതി നിഷേധിക്കപ്പെടുകയും, നിയമപാലകർ നോക്കുകുത്തികളാകുകയും  ചെയ്യുന്ന ഭാരതത്തിലെ ഒരവസ്ഥ നിയമത്തെ കയ്യിലെടുക്കാൻ പലപ്പോഴും ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്നതിനുള്ള ഒരു സൂചനയാകാം ഈ ഒരു സംഭവം.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാൽ സർക്കാർ നോക്കി നിൽക്കില്ല എന്ന മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെയും, മുഖ്യമന്ത്രിയുടെയും പ്രസ്താവന,  കേരളത്തിലെ സ്ത്രീകൾക്ക് ആശക്ക് വക നൽകുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

3 COMMENTS

  1. നമ്മുടെ സമൂഹത്തിന്റെ സുസ്ഥിര നിലനില്പിനായി സമൂഹത്തിലെ അംഗങ്ങളായ നമ്മുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം എന്നിവയ്ക്കുമേല്‍ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം. ഇത് സമൂഹത്തിനു തങ്ങളുടെ പെരുമാറ്റം മറ്റുള്ളവർ അംഗീകരിക്കുന്നതിനായി അനുഷ്ഠിക്കേണ്ടതോ പാലിക്കേണ്ടതോ ആയ ക്രിയാപരവും പെരുമാറ്റപരവും ആയ നിയന്ത്രണവ്യവസ്ഥയാണ്. ഇത് ആര് കയ്യിലെടുത്താലും തെറ്റാണ്.

    പോലീസ് നിഷ്ക്രിയമായപ്പോൾ ശ്രീമതി ഭാഗ്യലക്ഷ്‌മിക്കും കൂട്ടർക്കും ബഹു. വനിതാ കമ്മീഷനെയോ കോടതിയെയോ സമീപിക്കുകയാണ് വേണ്ടിയിരുന്നത്.

    ലേഖനത്തിനു അഭിനന്ദനം.

  2. Whether the cause we fight for is justified or not, we cannot afford to be anti-socials.  This applies both to the oppressor and the oppressed. A certain order in society is essential for its own growth  and nobody should be allowed to take law in their own hands to break that order. Congrats to the writer for her well presented article
      

  3. Thanks a lot for your valid comment for Mr. Venu Nambiar and Mr. Girish Nair

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here