നിവീയുടെ കവിത

ഒരിടത്ത്
നേർത്ത പനി മണക്കുന്ന
ഒരു അവധിയുടെ മേലേബർത്തിൽ
നമ്മൾ ഉണ്ടായിരുന്നു.

ആ ട്രെയിനത്ത്
പെട്ടെന്ന് പ്രിയപ്പെട്ട യുവതീ
നിന്റെ ചെവിയെന്നെ
തോണിക്കാരിയാക്കി.

ട്രെയിനത്ത്
തോണിയിലിരുന്നപ്പോൾ
തെന്നിപ്പോയ പാളം
കഴുത്തിലേക്ക് വീണു.

എതിരെയിരുന്ന
കമ്പിളിയിലെ വയസ്സൻ
പ്രപഞ്ചസത്യം പുകച്ചു.

കുതിർന്ന ഇടവഴിയെ
മഴവണ്ടിയേ എന്നും
പാളംപണികളുടെ
അരമണിക്കൂറുകളെ
ഏകാഗ്രമായ ഉമ്മേ എന്നും
നമ്മളന്ന് തെറ്റിവിളിച്ചു.

ഒരിടത്ത്
ഒരു ട്രെയിൻകാലത്ത്
ആളുകൾ ഇറങ്ങിപ്പോകെ
നമ്മൾ മേലേബർത്തിലിരുന്ന്
അവരോട് ചിരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here