നിവേദ്യം

bf5f7bf5082cd208b19c387c811e2ff8

വാർത്തിങ്കൾ മങ്ങി പൊലിഞ്ഞൊരീ രാത്രിയിൽ
കാർമുകിൽ വർണ്ണാ നീ എങ്ങുപോയി! 
പകരുവാനായിട്ടുണ്ടേറെയെനിക്കിന്നു
കായാമ്പൂ വർണ്ണാ നിൻ കർണ്ണങ്ങളിൽ

കള്ളച്ചിരിയുമായി വെറുതെയിരുന്ന് നീ
എൻ മനോഗദ്ഗദം കേൾക്കരുതേ 
ഗോപിക ഞാൻ നിന്റെ ഓടകുഴൽ നാദ
ശ്രവണത്തിൽ ഓടിയടുക്കുന്നവൾ

ഇന്നലെ മന്മഥ ശയ്യയൊരുക്കിയെൻ
കാന്തനെൻ ചാരത്ത് വന്ന നേരം
മനതാരിൽ ഞാൻ കണ്ട ദിവ്യമാം രൂപം
മധുസൂദനാ നിന്റെയായിരുന്നു

വാത്സല്യമോടവൻ എന്നെ അണച്ചപ്പോൾ
കാതിൽ ചൊരിഞ്ഞൊരോ കിന്നാരങ്ങൾ
നിർവൃതിയെന്നിൽ നിറച്ചുഎൻ നിശ്വാസ
ചൂടിൽ അവനും വശംവദനായി

മാറിലെ കാഞ്ചനഹാരമമർന്നപ്പോൾ 
ശ്രീവത്സ കാന്തിയെ ഞാനറിഞ്ഞു
മാടിയൊതുക്കിയവനെൻ കുനുകൂന്തൽ
നിൻ കരസ്പർശം പോൽ ഞാൻ നിനച്ചു

 തമ്മിലടക്കം പറഞ്ഞു ചിരിച്ചപ്പോൾ 
 കൈവളക്കൂട്ടങ്ങൾ ഓർത്തു നിന്നെ
 കൊഞ്ചിതുടങ്ങിയെൻ പാദസരങ്ങളും
 പങ്കജാക്ഷ നിന്നിലലിയും പോലെ

കാമാർത്തനവനുടെ കള്ളനോട്ടങ്ങൾ നിൻ
കൺപീലി എന്നെ ഉഴിയുംപോലെ
ശ്രവിച്ചത് കണ്ണാ നിൻ ഹൃദയത്തുടിപ്പുകൾ
അവനെന്നെ ചുറ്റി പടർന്ന നേരം

ചുംബിച്ചടുപ്പിച്ച നേരത്തും ഞാൻ - നിന്റെ
അമൃതാധരങ്ങളെ ഓർത്തുപോയി
നിൻകര സ്പര്ശനമേൽക്കുന്നപോലെ ഞാൻ
അവനുടെ ലാളന ആസ്വദിച്ചു

ആ ഉടയാട ഞാൻ സ്പർശിച്ചു കണ്ണാ നിൻ
പീത പട്ടാംബരമെന്ന പോലെ
യമുനാ പുളിനത്തിൻ സൈകതത്തിൽ എന്റെ
ആടകൾ ഓരോന്നായി ഊർന്നു വീണു.

യമുനാ പുളിനത്തിൽ കള്ളനെപോലെന്നും
നീയെത്തും പോലെ എനിക്ക് തോന്നി
അവനെന്നെ പുൽകുന്ന നേരത്തും ഞാൻ -
നിന്റെ ചിന്തയിൽ ആമഗ്നയായിരുന്നു.

ആടിത്തിമർത്തു ഞാൻ ആ രാധാ-മാധവം
എൻ പ്രാണനാഥാ നിന്നോടൊപ്പം
നിർവൃതി പൂണ്ട് ഞാൻ കണ്ണ് തുറന്നപ്പോൾ
കാർമുകിൽ വർണ്ണാ നീയെങ്ങുപോയി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. കവിത നന്നായിരിക്കുന്നു. നല്ല അർത്ഥമുള്ള വരികൾ.
    കവിയത്രിക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here